GENESIS 24:12-20

GENESIS 24:12-20 MALCLBSI

അയാൾ പ്രാർഥിച്ചു: “എന്റെ യജമാനനായ അബ്രഹാമിന്റെ ദൈവമായ സർവേശ്വരാ, എന്റെ യജമാനനോടു കൃപ തോന്നി എന്റെ ഉദ്യമം ഇന്നുതന്നെ സഫലമാക്കണമേ. പട്ടണത്തിലെ പെൺകുട്ടികൾ വെള്ളം കോരാൻ വരുന്ന നീരുറവയുടെ അടുക്കൽ ഞാൻ നില്‌ക്കുകയാണല്ലോ, ‘എനിക്കു വെള്ളം കുടിക്കാൻ കുടം താഴ്ത്തിപ്പിടിച്ചു തരുമോ’ എന്ന് അവരിൽ ആരോടെങ്കിലും ചോദിക്കുമ്പോൾ, ‘കുടിച്ചാലും, നിങ്ങളുടെ ഒട്ടകങ്ങൾക്കുകൂടി ഞാൻ വെള്ളം കോരിത്തരാം,’ എന്നു പറയുന്ന പെൺകുട്ടിതന്നെ ആയിരിക്കട്ടെ അവിടുത്തെ ദാസനായ ഇസ്ഹാക്കിനു നിശ്ചയിക്കപ്പെട്ട വധു. അങ്ങനെ സംഭവിച്ചാൽ എന്റെ യജമാനനായ അബ്രഹാമിനോട് അവിടുന്നു സുസ്ഥിരമായ സ്നേഹം കാട്ടിയിരിക്കുന്നതായി ഞാൻ മനസ്സിലാക്കും.” അയാൾ പ്രാർഥിച്ചുതീരുന്നതിനു മുമ്പായി റിബേക്കാ തോളിൽ കുടവുമായി അവിടെ എത്തി. അവൾ അബ്രഹാമിന്റെ സഹോദരൻ നാഹോരിനു മിൽക്കായിൽ ജനിച്ച ബെഥൂവേലിന്റെ പുത്രി ആയിരുന്നു. ആ കന്യക അതീവ സുന്ദരി ആയിരുന്നു. അവൾ ആ നീരുറവയിൽനിന്നു വെള്ളം നിറച്ച കുടവുമായി വന്നു. അബ്രഹാമിന്റെ ദാസൻ ഓടിച്ചെന്ന് അവളോടു, “കുടിക്കാൻ അല്പം വെള്ളം തന്നാലും” എന്നു പറഞ്ഞു. “പ്രഭോ, അങ്ങു കുടിച്ചാലും” എന്നു പറഞ്ഞ് ഉടനെ അവൾ കുടം താഴ്ത്തിക്കൊടുത്തു. അയാൾക്കു കുടിക്കാൻ കൊടുത്തശേഷം അവൾ പറഞ്ഞു: “അങ്ങയുടെ ഒട്ടകങ്ങൾക്കും വേണ്ടുവോളം വെള്ളം ഞാൻ കോരിക്കൊടുക്കാം.” കുടത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചശേഷം വീണ്ടും വെള്ളം കോരാൻ അവൾ നീരുറവിനരികിലേക്ക് ഓടിപ്പോയി, ഒട്ടകങ്ങൾക്കെല്ലാം വെള്ളം കോരിക്കൊടുത്തു.

GENESIS 24 വായിക്കുക

GENESIS 24:12-20 - നുള്ള വീഡിയോ