ഉൽപത്തി 15:1-11
ഉൽപത്തി 15:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന്റെശേഷം അബ്രാമിനു ദർശനത്തിൽ യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു. അതിന് അബ്രാം: കർത്താവായ യഹോവേ, നീ എനിക്ക് എന്തു തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ അവകാശി ദമ്മേശെക്കുകാരനായ ഈ എല്യേസർ അത്രേ എന്നു പറഞ്ഞു. നീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടിൽ ജനിച്ച ദാസൻ എന്റെ അവകാശിയാകുന്നു എന്നും അബ്രാം പറഞ്ഞു. അവൻ നിന്റെ അവകാശിയാകയില്ല; നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുന്നവൻതന്നെ നിന്റെ അവകാശിയാകും എന്ന് അവനു യഹോവയുടെ അരുളപ്പാടുണ്ടായി. പിന്നെ അവൻ അവനെ പുറത്തു കൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു. അവൻ യഹോവയിൽ വിശ്വസിച്ചു; അത് അവൻ അവനു നീതിയായി കണക്കിട്ടു. പിന്നെ അവനോട്: ഈ ദേശത്തെ നിനക്ക് അവകാശമായി തരുവാൻ കൽദയപട്ടണമായ ഊരിൽനിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു എന്ന് അരുളിച്ചെയ്തു. കർത്താവായ യഹോവേ, ഞാൻ അതിനെ അവകാശമാക്കുമെന്നുള്ളത് എനിക്ക് എന്തൊന്നിനാൽ അറിയാം എന്ന് അവൻ ചോദിച്ചു. അവൻ അവനോട്: നീ മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നു വയസ്സുള്ള ഒരു കോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആട്ടുകൊറ്റനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക എന്നു കല്പിച്ചു. ഇവയെയൊക്കെയും അവൻ കൊണ്ടുവന്ന് ഒത്ത നടുവേ പിളർന്നു ഭാഗങ്ങളെ നേർക്കുനേരേ വച്ചു; പക്ഷികളെയോ അവൻ പിളർന്നില്ല. ഉടലുകളിന്മേൽ റാഞ്ചൻപക്ഷികൾ ഇറങ്ങി വന്നപ്പോൾ അബ്രാം അവയെ ആട്ടിക്കളഞ്ഞു.
ഉൽപത്തി 15:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരു ദർശനത്തിൽ സർവേശ്വരൻ അബ്രാമിനോട് അരുളിച്ചെയ്തു: “അബ്രാമേ, ഭയപ്പെടേണ്ടാ, ഞാൻ നിന്റെ പരിച ആകുന്നു. ഞാൻ നിനക്കു വലിയ പ്രതിഫലം നല്‌കും.” അബ്രാം പറഞ്ഞു: “സർവേശ്വരനായ ദൈവമേ, എന്തു പ്രതിഫലമാണ് അവിടുന്ന് എനിക്കു നല്‌കുക? എനിക്ക് ഒരു സന്തതി ഇല്ലല്ലോ. ദമാസ്കസുകാരനായ എലിയേസരാണല്ലോ ഇപ്പോൾ എന്റെ അനന്തരാവകാശി. അവിടുന്ന് എനിക്കൊരു സന്തതിയെ നല്‌കാത്തതിനാൽ എന്റെ വീട്ടിൽ പിറന്ന ഒരു ദാസനായിരിക്കും എന്റെ അവകാശി.” അബ്രാമിന് സർവേശ്വരന്റെ അരുളപ്പാടുണ്ടായി: “അവനല്ല, നിന്റെ പുത്രൻതന്നെ നിന്റെ അനന്തരാവകാശി ആയിരിക്കും.” അവിടുന്ന് അബ്രാമിനെ പുറത്തുകൊണ്ടുപോയി അരുളിച്ചെയ്തു: “നീ ആകാശത്തിലേക്കു നോക്കുക; ആ കാണുന്ന നക്ഷത്രങ്ങളെ എണ്ണാൻ നിനക്കു കഴിയുമോ? നിന്റെ സന്തതികളും അത്ര അധികമായിരിക്കും.” അബ്രാം സർവേശ്വരനിൽ വിശ്വസിച്ചു. അതിനാൽ അവിടുന്ന് അദ്ദേഹത്തെ നീതിമാനായി കണക്കാക്കി. അവിടുന്ന് അബ്രാമിനോടു പറഞ്ഞു: “സർവേശ്വരനായ ഞാനാണ് ഈ ദേശം നിനക്ക് അവകാശമായി നല്‌കാൻ കല്ദായരുടെ പട്ടണമായ ഊരിൽനിന്നു നിന്നെ കൂട്ടിക്കൊണ്ടു വന്നത്.” അബ്രാം ചോദിച്ചു: “സർവേശ്വരനായ ദൈവമേ, ഈ സ്ഥലം എൻറേതാകും എന്നു ഞാൻ എങ്ങനെ അറിയും?” അവിടുന്നു മറുപടി പറഞ്ഞു: “മൂന്നു വയസ്സുവീതം പ്രായമുള്ള ഒരു പശുക്കിടാവിനെയും ഒരു പെൺകോലാടിനെയും ഒരു മുട്ടാടിനെയും അവയോടൊപ്പം ഒരു മാടപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക.” അബ്രാം അവയെ കൊണ്ടുവന്നു, മൃഗങ്ങളെ രണ്ടായി പിളർന്നു. ഇരുപകുതിയും നേർക്കുനേരെ വച്ചു. എന്നാൽ പക്ഷികളെ അദ്ദേഹം പിളർന്നില്ല. മാംസം റാഞ്ചാൻ കഴുകന്മാർ പറന്നടുത്തപ്പോൾ അബ്രാം അവയെ ആട്ടിയോടിച്ചു.
ഉൽപത്തി 15:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിന്‍റെശേഷം അബ്രാമിന് ദർശനത്തിൽ യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: “അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു.” അതിന് അബ്രാം: “കർത്താവായ യഹോവേ, അങ്ങ് എനിക്ക് എന്ത് തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്‍റെ വീടിന്‍റെ അവകാശി ദമ്മേശെക്കുകാരനായ എല്യേസെർ അത്രേ” എന്നു പറഞ്ഞു. “നോക്കൂ, അങ്ങ് എനിക്ക് സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടിൽ ജനിച്ച ദാസൻ എന്റെ അവകാശിയാകുന്നു” എന്നും അബ്രാം പറഞ്ഞു. അപ്പോൾ, യഹോവയുടെ അരുളപ്പാടു അവനു ഉണ്ടായതെന്തെന്നാൽ: “അവൻ നിന്റെ അവകാശിയാകയില്ല; നിന്‍റെ ഉദരത്തില്‍നിന്ന് പുറപ്പെടുന്നവൻ തന്നെ നിന്‍റെ അവകാശിയാകും.” പിന്നെ അവിടുന്ന് അബ്രാമിനെ പുറത്തു കൊണ്ടുചെന്നു: “നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക” എന്നു കല്പിച്ചു. “നിന്റെ സന്തതി ഇങ്ങനെ ആകും” എന്നും അവിടുന്ന് അവനോട് കല്പിച്ചു. അവൻ യഹോവയിൽ വിശ്വസിച്ചു; അത് അവിടുന്ന് അബ്രാമിന് നീതിയായി കണക്കിട്ടു. പിന്നെ അവനോട്: “ഈ ദേശത്തെ നിനക്കു അവകാശമായി തരുവാൻ കൽദയരുടെ പട്ടണമായ ഊരിൽനിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു” എന്നു അരുളിച്ചെയ്തു. “കർത്താവായ യഹോവേ, ഞാൻ അതിനെ അവകാശമാക്കുമെന്നുള്ളത് എനിക്ക് എങ്ങനെ അറിയാം?“ എന്നു അവൻ ചോദിച്ചു. അവിടുന്ന് അവനോട്: “മൂന്നുവയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു പെൺകോലാടിനെയും മൂന്നുവയസ്സുള്ള ഒരു ആണാടിനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക” എന്നു കല്പിച്ചു. ഇവയെയൊക്കെയും അവൻ കൊണ്ടുവന്ന് ഒത്തനടുവെ രണ്ടായിപിളർന്ന് ഭാഗങ്ങളെ നേർക്കു നേരേ വച്ചു; പക്ഷികളെയോ അവൻ രണ്ടായി പിളർന്നില്ല. ഉടലുകളിന്മേൽ കഴുകന്മാർ ഇറങ്ങി വന്നപ്പോൾ അബ്രാം അവയെ ഓടിച്ചുകളഞ്ഞു.
ഉൽപത്തി 15:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്റെ ശേഷം അബ്രാമിന്നു ദർശനത്തിൽ യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു. അതിന്നു അബ്രാം: കർത്താവായ യഹോവേ, നീ എനിക്കു എന്തു തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ അവകാശി ദമ്മേശെക്കുകാരനായ ഈ എല്യേസെർ അത്രേ എന്നു പറഞ്ഞു. നീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടിൽ ജനിച്ച ദാസൻ എന്റെ അവകാശിയാകുന്നു എന്നും അബ്രാം പറഞ്ഞു. അവൻ നിന്റെ അവകാശിയാകയില്ല; നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുന്നവൻ തന്നേ നിന്റെ അവകാശിയാകും എന്നു അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി. പിന്നെ അവൻ അവനെ പുറത്തു കൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു. അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു. പിന്നെ അവനോടു: ഈ ദേശത്തെ നിനക്കു അവകാശമായി തരുവാൻ കൽദയപട്ടണമായ ഊരിൽനിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു എന്നു അരുളിച്ചെയ്തു. കർത്താവായ യഹോവേ, ഞാൻ അതിനെ അവകാശമാക്കുമെന്നുള്ളതു എനിക്കു എന്തൊന്നിനാൽ അറിയാം എന്നു അവൻ ചോദിച്ചു. അവൻ അവനോടു: നീ മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു കോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആട്ടുകൊറ്റനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക എന്നു കല്പിച്ചു. ഇവയെയൊക്കെയും അവൻ കൊണ്ടുവന്നു ഒത്തനടുവെപിളർന്നു ഭാഗങ്ങളെ നേർക്കുനേരെ വെച്ചു; പക്ഷികളെയോ അവൻ പിളർന്നില്ല. ഉടലുകളിന്മേൽ റാഞ്ചൻപക്ഷികൾ ഇറങ്ങി വന്നപ്പോൾ അബ്രാം അവയെ ആട്ടിക്കളഞ്ഞു.
ഉൽപത്തി 15:1-11 സമകാലിക മലയാളവിവർത്തനം (MCV)
കുറച്ച് നാളുകൾക്കുശേഷം ഒരു ദർശനത്തിൽ അബ്രാമിനു യഹോവയുടെ അരുളപ്പാടുണ്ടായി: “അബ്രാമേ, ഭയപ്പെടരുത്, ഞാൻ നിന്റെ പരിച, നിന്റെ അതിമഹത്തായ പ്രതിഫലം.” അതിന് അബ്രാം, “കർത്താവായ യഹോവേ, അങ്ങ് എനിക്കെന്തു നൽകും? ഞാൻ മക്കളില്ലാത്തവനാണ്; എന്റെ സ്വത്തിന് അവകാശി ദമസ്കോസുകാരനായ എലീയേസറാണ്. അവിടന്ന് എനിക്കു മക്കളെ തന്നിട്ടില്ല; അതുകൊണ്ട് എന്റെ വീട്ടിലുള്ള ഒരു ദാസൻ എന്റെ അനന്തരാവകാശി ആയിത്തീരും.” അപ്പോൾ അദ്ദേഹത്തോട് യഹോവ അരുളിച്ചെയ്തു: “ഇവൻ നിന്റെ അനന്തരാവകാശി ആകുകയില്ല; പിന്നെയോ, നിന്നിൽനിന്നു ജനിക്കുന്നവൻതന്നെ നിന്റെ അനന്തരാവകാശി ആയിത്തീരും.” യഹോവ അവനെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി: “നീ ആകാശത്തേക്കു നോക്കുക, നിനക്കു നക്ഷത്രങ്ങളെ എണ്ണാൻ കഴിയുമെങ്കിൽ എണ്ണുക” എന്നു കൽപ്പിച്ചു. പിന്നെ അവിടന്ന് അവനോട്, “നിന്റെ സന്തതി ഇങ്ങനെ അസംഖ്യമാകും” എന്ന് അരുളിച്ചെയ്തു. അബ്രാം യഹോവയിൽ വിശ്വസിച്ചു, അതുനിമിത്തം യഹോവ അദ്ദേഹത്തെ നീതിമാനായി കണക്കാക്കി. അവിടന്ന് അബ്രാമിനോട് പിന്നെയും അരുളിച്ചെയ്തത്: “ഈ ദേശം നിനക്ക് അവകാശമായി നൽകേണ്ടതിനു കൽദയരുടെ പട്ടണമായ ഊരിൽനിന്ന് നിന്നെ കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു.” അതിന് അബ്രാം, “കർത്താവായ യഹോവേ, അതു ഞാൻ അവകാശമാക്കുമെന്ന് എനിക്കെങ്ങനെ അറിയാൻ കഴിയും?” എന്നു ചോദിച്ചു. യഹോവ അബ്രാമിനോട്: “നീ മൂന്നുവയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു പെണ്ണാടിനെയും മൂന്നുവയസ്സുള്ള ഒരു ആട്ടുകൊറ്റനെയും അവയോടൊപ്പം ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും എന്റെ അടുക്കൽ കൊണ്ടുവരിക” എന്ന് അരുളിച്ചെയ്തു. അബ്രാം ഇവയെ എല്ലാറ്റിനെയും യഹോവയുടെ അടുക്കൽ കൊണ്ടുവന്ന് നടുവേ പിളർന്ന് ഭാഗങ്ങൾ നേർക്കുനേരേ വെച്ചു. എന്നാൽ പക്ഷികളെ അദ്ദേഹം രണ്ടായി പിളർന്നില്ല. അപ്പോൾ ആ ഉടലുകൾ തിന്നുന്നതിനായി ഇരപിടിയൻപക്ഷികൾ ഇറങ്ങിവന്നു; അബ്രാം അവയെ ആട്ടിക്കളഞ്ഞു.