ഉൽപ്പത്തി 15:1-11

ഉൽപ്പത്തി 15:1-11 MCV

കുറച്ച് നാളുകൾക്കുശേഷം ഒരു ദർശനത്തിൽ അബ്രാമിനു യഹോവയുടെ അരുളപ്പാടുണ്ടായി: “അബ്രാമേ, ഭയപ്പെടരുത്, ഞാൻ നിന്റെ പരിച, നിന്റെ അതിമഹത്തായ പ്രതിഫലം.” അതിന് അബ്രാം, “കർത്താവായ യഹോവേ, അങ്ങ് എനിക്കെന്തു നൽകും? ഞാൻ മക്കളില്ലാത്തവനാണ്; എന്റെ സ്വത്തിന് അവകാശി ദമസ്കോസുകാരനായ എലീയേസറാണ്. അവിടന്ന് എനിക്കു മക്കളെ തന്നിട്ടില്ല; അതുകൊണ്ട് എന്റെ വീട്ടിലുള്ള ഒരു ദാസൻ എന്റെ അനന്തരാവകാശി ആയിത്തീരും.” അപ്പോൾ അദ്ദേഹത്തോട് യഹോവ അരുളിച്ചെയ്തു: “ഇവൻ നിന്റെ അനന്തരാവകാശി ആകുകയില്ല; പിന്നെയോ, നിന്നിൽനിന്നു ജനിക്കുന്നവൻതന്നെ നിന്റെ അനന്തരാവകാശി ആയിത്തീരും.” യഹോവ അവനെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി: “നീ ആകാശത്തേക്കു നോക്കുക, നിനക്കു നക്ഷത്രങ്ങളെ എണ്ണാൻ കഴിയുമെങ്കിൽ എണ്ണുക” എന്നു കൽപ്പിച്ചു. പിന്നെ അവിടന്ന് അവനോട്, “നിന്റെ സന്തതി ഇങ്ങനെ അസംഖ്യമാകും” എന്ന് അരുളിച്ചെയ്തു. അബ്രാം യഹോവയിൽ വിശ്വസിച്ചു, അതുനിമിത്തം യഹോവ അദ്ദേഹത്തെ നീതിമാനായി കണക്കാക്കി. അവിടന്ന് അബ്രാമിനോട് പിന്നെയും അരുളിച്ചെയ്തത്: “ഈ ദേശം നിനക്ക് അവകാശമായി നൽകേണ്ടതിനു കൽദയരുടെ പട്ടണമായ ഊരിൽനിന്ന് നിന്നെ കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു.” അതിന് അബ്രാം, “കർത്താവായ യഹോവേ, അതു ഞാൻ അവകാശമാക്കുമെന്ന് എനിക്കെങ്ങനെ അറിയാൻ കഴിയും?” എന്നു ചോദിച്ചു. യഹോവ അബ്രാമിനോട്: “നീ മൂന്നുവയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു പെണ്ണാടിനെയും മൂന്നുവയസ്സുള്ള ഒരു ആട്ടുകൊറ്റനെയും അവയോടൊപ്പം ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും എന്റെ അടുക്കൽ കൊണ്ടുവരിക” എന്ന് അരുളിച്ചെയ്തു. അബ്രാം ഇവയെ എല്ലാറ്റിനെയും യഹോവയുടെ അടുക്കൽ കൊണ്ടുവന്ന് നടുവേ പിളർന്ന് ഭാഗങ്ങൾ നേർക്കുനേരേ വെച്ചു. എന്നാൽ പക്ഷികളെ അദ്ദേഹം രണ്ടായി പിളർന്നില്ല. അപ്പോൾ ആ ഉടലുകൾ തിന്നുന്നതിനായി ഇരപിടിയൻപക്ഷികൾ ഇറങ്ങിവന്നു; അബ്രാം അവയെ ആട്ടിക്കളഞ്ഞു.

ഉൽപ്പത്തി 15:1-11 - നുള്ള വീഡിയോ