എസ്രാ 8:15-21
എസ്രാ 8:15-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇവരെ ഞാൻ അഹവായിലേക്ക് ഒഴുകുന്ന ആറ്റിനരികെ കൂട്ടിവരുത്തി; അവിടെ ഞങ്ങൾ മൂന്നു ദിവസം പാളയമടിച്ചു പാർത്തു; ഞാൻ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചുനോക്കിയപ്പോൾ ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല. ആകയാൽ ഞാൻ എലീയേസെർ, അരീയേൽ, ശെമയ്യാവ്, എൽനാഥാൻ, യാരീബ്, എൽനാഥാൻ, നാഥാൻ, സെഖര്യാവ്, മെശുല്ലാം എന്നീ തലവന്മാരെയും യോയാരീബ്, എൽനാഥാൻ എന്ന ഉപാധ്യായന്മാരെയും വിളിപ്പിച്ചു, കാസിഫ്യാ എന്ന സ്ഥലത്തിലെ പ്രധാനിയായ ഇദ്ദോവിന്റെ അടുക്കൽ അയച്ചു; നമ്മുടെ ദൈവത്തിന്റെ ആലയത്തിനു ശുശ്രൂഷകന്മാരെ ഞങ്ങളുടെ അടുക്കൽ കൊണ്ടുവരേണ്ടതിന് അവർ കാസിഫ്യായിലെ ഇദ്ദോവോടും അവന്റെ സഹോദരന്മാരായ ദൈവാലയദാസന്മാരോടും പറയേണ്ടുന്ന വാക്കുകളെ അവർക്ക് ഉപദേശിച്ചുകൊടുത്തു. ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്ക് അനുകൂലമായിരുന്നതിനാൽ അവർ യിസ്രായേലിന്റെ മകനായ ലേവിയുടെ മകനായ മഹ്ലിയുടെ പുത്രന്മാരിൽ വിവേകമുള്ളൊരു പുരുഷൻ ശേരബ്യാവ്, അവന്റെ പുത്രന്മാർ, സഹോദരന്മാർ ഇങ്ങനെ പതിനെട്ടു പേരെയും മെരാരിപുത്രന്മാരിൽ, ഹശബ്യാവ്, അവനോടുകൂടെ യെശയ്യാവ്, അവന്റെ പുത്രന്മാർ, സഹോദരന്മാർ ഇങ്ങനെ ഇരുപതു പേരെയും ദാവീദും പ്രഭുക്കന്മാരും ലേവ്യർക്കു ശുശ്രൂഷക്കാരായി കൊടുത്ത ദൈവാലയദാസന്മാരിൽ ഇരുനൂറ്റി ഇരുപത് പേരെയും ഞങ്ങളുടെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നു; അവരുടെ പേരൊക്കെയും കുറിച്ചുവച്ചിരുന്നു. അനന്തരം ഞങ്ങൾ ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങളെത്തന്നെ താഴ്ത്തേണ്ടതിനും ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ഞങ്ങളുടെ സകല സമ്പത്തിനുംവേണ്ടി ശുഭയാത്ര അവനോടു യാചിക്കേണ്ടതിനും ഞാൻ അവിടെ അഹവാ ആറ്റിന്റെ അരികെവച്ച് ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.
എസ്രാ 8:15-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അഹവായിലേക്ക് ഒഴുകുന്ന നദിയുടെ തീരത്ത് ഞാൻ ഇവരെ ഒരുമിച്ചു കൂട്ടി. അവിടെ ഞങ്ങൾ പാളയമടിച്ചു മൂന്നു ദിവസം പാർത്തു. ഞാൻ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചു. എന്നാൽ ലേവിയുടെ വംശജരിൽ ആരെയും അവിടെ കണ്ടില്ല. അതുകൊണ്ട് എലീയേസെർ, അരീയേൽ, ശെമയ്യാ, എൽനാഥാൻ, യാരീബ്, എൽനാഥാൻ, നാഥാൻ, സെഖര്യാ, മെശുല്ലാം എന്നീ പ്രമുഖരെയും യോയാരീബ്, എൽനാഥാൻ എന്നീ സൂക്ഷ്മബുദ്ധികളെയും ഞാൻ വിളിപ്പിച്ചു. അവരെ കാസിഫ്യാ എന്ന സ്ഥലത്തെ പ്രമുഖനായ ഇദ്ദോയുടെ അടുക്കൽ അയച്ചു. നമ്മുടെ ദൈവത്തിന്റെ ആലയത്തിനു ശുശ്രൂഷകരെ അയച്ചുതരണമെന്നു കാസിഫ്യായിലെ ഇദ്ദോയോടും അയാളുടെ സഹോദരരായ ദേവാലയ ശുശ്രൂഷകരോടും അപേക്ഷിക്കാനായിരുന്നു അവരെ അയച്ചത്. ദൈവകൃപ ഞങ്ങൾക്കുണ്ടായിരുന്നതിനാൽ ഇസ്രായേലിന്റെ പൗത്രനും ലേവിയുടെ പുത്രനുമായ മഹ്ലിയുടെ കുലത്തിൽപ്പെട്ടവനും വിവേകിയുമായ ശേരബ്യായെയും അയാളുടെ പുത്രന്മാരും ചാർച്ചക്കാരുമായ പതിനെട്ടു പേരെയും അവർ കൊണ്ടുവന്നു. കൂടാതെ ഹശബ്യായെയും അയാളുടെ കൂടെ മെരാരികുടുംബത്തിൽപ്പെട്ട യെശയ്യായും അയാളുടെ പുത്രന്മാരും ചാർച്ചക്കാരുമടക്കം ഇരുപതു പേരെയും കൊണ്ടുവന്നു. അതിനു പുറമേ ദാവീദും അദ്ദേഹത്തിന്റെ സേവകന്മാരും ലേവ്യരെ സഹായിക്കാൻ വേർതിരിച്ചിരുന്ന ദേവാലയ ശുശ്രൂഷകരിൽ ഇരുനൂറ്റി ഇരുപതു പേരെയുംകൂടി കൊണ്ടുവന്നു. അവരുടെയെല്ലാം പേരു രേഖപ്പെടുത്തി. ദൈവസന്നിധിയിൽ ഞങ്ങളെത്തന്നെ വിനയപ്പെടുത്താനും കുഞ്ഞുകുട്ടികളോടും വസ്തുവകകളോടും കൂടിയുള്ള ഞങ്ങളുടെ യാത്ര സുരക്ഷിതമായിത്തീരാനും ദൈവത്തോട് അപേക്ഷിക്കാനുമായി അഹവാ നദീതീരത്തുവച്ച് ഞാൻ ഒരു ഉപവാസം പ്രഖ്യാപിച്ചു.
എസ്രാ 8:15-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഇവരെ ഞാൻ അഹവായിലേക്ക് ഒഴുകുന്ന ആറ്റിനരികെ കൂട്ടിവരുത്തി; അവിടെ ഞങ്ങൾ മൂന്നു ദിവസം പാളയമടിച്ച് പാർത്തു; ഞാൻ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചപ്പോൾ, ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല. അപ്പോൾ ഞാൻ എലീയേസെർ, അരീയേൽ, ശെമയ്യാവ്, എൽനാഥാൻ, യാരീബ്, എൽനാഥാൻ, നാഥാൻ, സെഖര്യാവ്, മെശുല്ലാം എന്നീ നായകന്മാരെയും ജ്ഞാനികളായ യോയാരീബ്, എൽനാഥാൻ എന്നിവരെയും വിളിപ്പിച്ചു. അവരെ കാസിഫ്യാ എന്ന സ്ഥലത്തെ പ്രധാനിയായ, ഇദ്ദോവിന്റെ അടുക്കൽ അയച്ചു. നമ്മുടെ ദൈവത്തിന്‍റെ ആലയത്തിനുവേണ്ടി ശുശ്രൂഷകന്മാരെ കൊണ്ടുവരേണ്ടതിന് അവർ കാസിഫ്യയിലെ ഇദ്ദോവോടും, അവന്റെ സഹോദരന്മാരായ ദൈവാലയദാസന്മാരോടും പറയേണ്ട വാക്കുകൾ അവർക്ക് ഉപദേശിച്ചുകൊടുത്തു. ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്ക് അനുകൂലമായിരുന്നതിനാൽ അവർ യിസ്രായേലിന്‍റെ മകൻ ലേവിയുടെ മകൻ മഹ്ലിയുടെ പുത്രന്മാരിൽ വിവേകശാലിയായ ശേരബ്യാവും, അവന്‍റെ പുത്രന്മാർ, സഹോദരന്മാർ ഇങ്ങനെ പതിനെട്ടുപേരെയും, മെരാരിയുടെ പുത്രന്മാരിൽ, ഹശബ്യാവും, അവനോടുകൂടെ യെശയ്യാവ്, അവന്റെ പുത്രന്മാർ, സഹോദരന്മാർ ഇങ്ങനെ ഇരുപതുപേരെയും, ദാവീദും പ്രഭുക്കന്മാരും ലേവ്യർക്ക് ശുശ്രൂഷക്കാരായി കൊടുത്ത ദൈവാലയദാസന്മാരിൽ ഇരുനൂറ്റിയിരുപത് (220) പേരെയും ഞങ്ങളുടെ അടുക്കൽ കൂട്ടി കൊണ്ടുവന്നു. അവരുടെ എല്ലാം പേരു വിവരം രേഖപ്പെടുത്തിയിരുന്നു. അനന്തരം ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങളെത്തന്നെ വിനയപ്പെടുത്തേണ്ടതിനും, ഞങ്ങളും ഞങ്ങളുടെ കുഞ്ഞുകുട്ടികളും സകലസമ്പത്തും സുരക്ഷിതമാകുവാനും ദൈവത്തോട് ശുഭയാത്ര യാചിക്കേണ്ടതിനും വേണ്ടി, ഞാൻ അഹവാ ആറ്റരികത്തു വച്ചു ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.
എസ്രാ 8:15-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇവരെ ഞാൻ അഹവായിലേക്കു ഒഴുകുന്ന ആറ്റിന്നരികെ കൂട്ടിവരുത്തി; അവിടെ ഞങ്ങൾ മൂന്നു ദിവസം പാളയമടിച്ചു പാർത്തു; ഞാൻ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചുനോക്കിയപ്പോൾ ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല. ആകയാൽ ഞാൻ എലീയേസെർ, അരീയേൽ, ശെമയ്യാവു, എൽനാഥാൻ, യാരീബ്, എൽനാഥാൻ, നാഥാൻ, സെഖര്യാവു, മെശുല്ലാം എന്നീ തലവന്മാരെയും യോയാരീബ്, എൽനാഥാൻ എന്ന ഉപാദ്ധ്യായന്മാരെയും വിളിപ്പിച്ചു, കാസിഫ്യാ എന്ന സ്ഥലത്തിലെ പ്രധാനിയായ ഇദ്ദോവിന്റെ അടുക്കൽ അയച്ചു; നമ്മുടെ ദൈവത്തിന്റെ ആലയത്തിന്നു ശുശ്രൂഷകന്മാരെ ഞങ്ങളുടെ അടുക്കൽ കൊണ്ടുവരേണ്ടതിന്നു അവർ കാസിഫ്യയിലെ ഇദ്ദോവോടും അവന്റെ സഹോദരന്മാരായ ദൈവാലയദാസന്മാരോടും പറയേണ്ടുന്ന വാക്കുകളെ അവർക്കു ഉപദേശിച്ചുകൊടുത്തു. ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്കു അനുകൂലമായിരുന്നതിനാൽ അവർ യിസ്രായേലിന്റെ മകനായ ലേവിയുടെ മകനായ മഹ്ലിയുടെ പുത്രന്മാരിൽ വിവേകമുള്ളോരു പുരുഷൻ ശേരബ്യാവു, അവന്റെ പുത്രന്മാർ, സഹോദരന്മാർ ഇങ്ങനെ പതിനെട്ടുപേരെയും മെരാരിപുത്രന്മാരിൽ, ഹശബ്യാവു അവനോടുകൂടെ യെശയ്യാവു, അവന്റെ പുത്രന്മാർ, സഹോദരന്മാർ ഇങ്ങനെ ഇരുപതുപേരെയും ദാവീദും പ്രഭുക്കന്മാരും ലേവ്യർക്കു ശുശ്രൂഷക്കാരായി കൊടുത്ത ദൈവാലയദാസന്മാരിൽ ഇരുനൂറ്റിരുപതുപേരേയും ഞങ്ങളുടെ അടുക്കൽ കൂട്ടി കൊണ്ടുവന്നു; അവരുടെ പേരൊക്കെയും കുറിച്ചുവെച്ചിരുന്നു. അനന്തരം ഞങ്ങൾ ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങളെത്തന്നേ താഴ്ത്തേണ്ടതിന്നും ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ഞങ്ങളുടെ സകലസമ്പത്തിന്നും വേണ്ടി ശുഭയാത്ര അവനോടു യാചിക്കേണ്ടതിന്നും ഞാൻ അവിടെ അഹവാആറ്റിന്റെ അരികെവെച്ചു ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.
എസ്രാ 8:15-21 സമകാലിക മലയാളവിവർത്തനം (MCV)
അഹവായിലേക്കൊഴുകുന്ന നദിക്കരികെ ഞാൻ അവരെ വിളിച്ചുകൂട്ടി; ഞങ്ങൾ അവിടെ മൂന്നുദിവസം താമസിച്ചു. ജനത്തിന്റെയും പുരോഹിതന്മാരുടെയും ഇടയിൽ ഞാൻ പരിശോധിച്ചപ്പോൾ ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല. അതിനാൽ ഞാൻ നേതാക്കന്മാരായ എലീയേസർ, അരീയേൽ, ശെമയ്യാവ്, എൽനാഥാൻ, യാരീബ്, എൽനാഥാൻ, നാഥാൻ, സെഖര്യാവ്, മെശുല്ലാം എന്നിവരെയും ജ്ഞാനികളായ യൊയാരീബ്, എൽനാഥാൻ എന്നിവരെയും വിളിച്ച്, കാസിഫ്യാ എന്ന സ്ഥലത്തെ നേതാവായ ഇദ്ദോവിന്റെ അടുക്കൽ അയച്ചു; നമ്മുടെ ദൈവത്തിന്റെ ആലയത്തിനു ശുശ്രൂഷകന്മാരെ അയയ്ക്കേണ്ടതിന് ഇദ്ദോവിനോടും കാസിഫ്യായിലെ ദൈവാലയദാസന്മാരായ അദ്ദേഹത്തിന്റെ സഹോദരന്മാരോടും എന്തു പറയണമെന്നും അവരെ ഉപദേശിച്ചു. ഞങ്ങളുടെ ദൈവത്തിന്റെ കൃപയുടെ കൈ ഞങ്ങൾക്ക് അനുകൂലമായിരുന്നതിനാൽ, ഇസ്രായേലിന്റെ മകനായ ലേവിയുടെ മകനായ മഹ്ലിയുടെ പിൻഗാമികളിലുള്ള വിവേകമതിയായ ശേരെബ്യാവ്, അദ്ദേഹത്തിന്റെ പുത്രന്മാർ, സഹോദരന്മാർ എന്നിവർ ചേർന്ന് പതിനെട്ടു പേരെയും മെരാരിയുടെ പിൻഗാമികളിൽ ഹശബ്യാവ്, അദ്ദേഹത്തോടൊപ്പം യെശയ്യാവ്, അദ്ദേഹത്തിന്റെ സഹോദരന്മാർ, അനന്തരവർ, എന്നിവർ ചേർന്ന് ഇരുപതുപേരെയും അവർ കൂട്ടിക്കൊണ്ടുവന്നു, ലേവ്യരെ സഹായിക്കുന്നതിനായി ദാവീദും അദ്ദേഹത്തിന്റെ പ്രഭുക്കന്മാരും ഏർപ്പെടുത്തിയ ദൈവാലയദാസന്മാരിൽ 220 പേരെയും അവർ കൊണ്ടുവന്നു. ഇവരുടെയെല്ലാം പേരുവിവരം രേഖപ്പെടുത്തുകയും ചെയ്തു. ദൈവമുമ്പാകെ ഞങ്ങളെത്തന്നെ വിനയപ്പെടുത്തേണ്ടതിനും, സകലസമ്പാദ്യങ്ങളുമായുള്ള ഈ യാത്രയിൽ ഞങ്ങളുടെയും ഞങ്ങളുടെ കുട്ടികളുടെയും സുരക്ഷിതത്വത്തിനുവേണ്ടി യാചിക്കേണ്ടതിനും അഹവാനദിക്കരികെ ഞാൻ ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.