എസ്രാ 8:15-21

എസ്രാ 8:15-21 MCV

അഹവായിലേക്കൊഴുകുന്ന നദിക്കരികെ ഞാൻ അവരെ വിളിച്ചുകൂട്ടി; ഞങ്ങൾ അവിടെ മൂന്നുദിവസം താമസിച്ചു. ജനത്തിന്റെയും പുരോഹിതന്മാരുടെയും ഇടയിൽ ഞാൻ പരിശോധിച്ചപ്പോൾ ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല. അതിനാൽ ഞാൻ നേതാക്കന്മാരായ എലീയേസർ, അരീയേൽ, ശെമയ്യാവ്, എൽനാഥാൻ, യാരീബ്, എൽനാഥാൻ, നാഥാൻ, സെഖര്യാവ്, മെശുല്ലാം എന്നിവരെയും ജ്ഞാനികളായ യൊയാരീബ്, എൽനാഥാൻ എന്നിവരെയും വിളിച്ച്, കാസിഫ്യാ എന്ന സ്ഥലത്തെ നേതാവായ ഇദ്ദോവിന്റെ അടുക്കൽ അയച്ചു; നമ്മുടെ ദൈവത്തിന്റെ ആലയത്തിനു ശുശ്രൂഷകന്മാരെ അയയ്ക്കേണ്ടതിന് ഇദ്ദോവിനോടും കാസിഫ്യായിലെ ദൈവാലയദാസന്മാരായ അദ്ദേഹത്തിന്റെ സഹോദരന്മാരോടും എന്തു പറയണമെന്നും അവരെ ഉപദേശിച്ചു. ഞങ്ങളുടെ ദൈവത്തിന്റെ കൃപയുടെ കൈ ഞങ്ങൾക്ക് അനുകൂലമായിരുന്നതിനാൽ, ഇസ്രായേലിന്റെ മകനായ ലേവിയുടെ മകനായ മഹ്ലിയുടെ പിൻഗാമികളിലുള്ള വിവേകമതിയായ ശേരെബ്യാവ്, അദ്ദേഹത്തിന്റെ പുത്രന്മാർ, സഹോദരന്മാർ എന്നിവർ ചേർന്ന് പതിനെട്ടു പേരെയും മെരാരിയുടെ പിൻഗാമികളിൽ ഹശബ്യാവ്, അദ്ദേഹത്തോടൊപ്പം യെശയ്യാവ്, അദ്ദേഹത്തിന്റെ സഹോദരന്മാർ, അനന്തരവർ, എന്നിവർ ചേർന്ന് ഇരുപതുപേരെയും അവർ കൂട്ടിക്കൊണ്ടുവന്നു, ലേവ്യരെ സഹായിക്കുന്നതിനായി ദാവീദും അദ്ദേഹത്തിന്റെ പ്രഭുക്കന്മാരും ഏർപ്പെടുത്തിയ ദൈവാലയദാസന്മാരിൽ 220 പേരെയും അവർ കൊണ്ടുവന്നു. ഇവരുടെയെല്ലാം പേരുവിവരം രേഖപ്പെടുത്തുകയും ചെയ്തു. ദൈവമുമ്പാകെ ഞങ്ങളെത്തന്നെ വിനയപ്പെടുത്തേണ്ടതിനും, സകലസമ്പാദ്യങ്ങളുമായുള്ള ഈ യാത്രയിൽ ഞങ്ങളുടെയും ഞങ്ങളുടെ കുട്ടികളുടെയും സുരക്ഷിതത്വത്തിനുവേണ്ടി യാചിക്കേണ്ടതിനും അഹവാനദിക്കരികെ ഞാൻ ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.