യെഹെസ്കേൽ 40:1-6

യെഹെസ്കേൽ 40:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തഞ്ചാം ആണ്ടിന്റെ ആരംഭത്തിങ്കൽ പത്താം തീയതി, നഗരം പിടിക്കപ്പെട്ടതിന്റെ പതിന്നാലാം ആണ്ടിൽ, അന്നേ തീയതി തന്നെ യഹോവയുടെ കൈ എന്റെമേൽ വന്ന് എന്നെ അവിടേക്കു കൊണ്ടുപോയി. ദിവ്യദർശനങ്ങളിൽ അവൻ എന്നെ യിസ്രായേൽദേശത്തു കൊണ്ടുചെന്ന് ഏറ്റവും ഉയർന്ന ഒരു പർവതത്തിന്മേൽ നിറുത്തി; അതിന്മേൽ തെക്കുമാറി ഒരു നഗരത്തിന്റെ രൂപംപോലെ ഒന്നു കാൺമാനുണ്ടായിരുന്നു. അവൻ എന്നെ അവിടെ കൊണ്ടുചെന്നു; അവിടെ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ കാഴ്ചയ്ക്കു താമ്രംപോലെ ആയിരുന്നു; അവന്റെ കൈയിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു; അവൻ പടിവാതിൽക്കൽ നിന്നു. ആ പുരുഷൻ എന്നോട്: മനുഷ്യപുത്രാ, നീ കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേട്ടു ഞാൻ നിന്നെ കാണിപ്പാൻ പോകുന്ന എല്ലാറ്റിലും ശ്രദ്ധവയ്ക്ക; ഞാൻ അവ നിനക്കു കാണിച്ചുതരുവാനായിട്ടാകുന്നു നിന്നെ ഇവിടെ കൊണ്ടുവന്നത്; നീ കാണുന്നതൊക്കെയും യിസ്രായേൽഗൃഹത്തോട് അറിയിക്ക എന്നു കല്പിച്ചു. എന്നാൽ ആലയത്തിനു പുറമേ ചുറ്റും ഒരു മതിൽ ഉണ്ടായിരുന്നു; ആ പുരുഷന്റെ കൈയിൽ ആറു മുഴം നീളമുള്ള ഒരു അളവുദണ്ഡ് ഉണ്ടായിരുന്നു; മുഴമോ ഒരു മുഴവും നാലു വിരലും അത്രേ; അവൻ മതിൽ അളന്നു; വീതി ഒരു ദണ്ഡ്, ഉയരം ഒരു ദണ്ഡ്; പിന്നെ അവൻ കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിങ്കൽ ചെന്ന് അതിന്റെ പതനങ്ങളിൽ കയറി ഗോപുരത്തിന്റെ ഉമ്മരപ്പടി അളന്നു; അതിന്റെ വീതി ഒരു ദണ്ഡ്; മറ്റേ ഉമ്മരപ്പടിയുടെ വീതിയും ഒരു ദണ്ഡ്

യെഹെസ്കേൽ 40:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തിയഞ്ചാം വർഷം ഒന്നാം മാസം പത്താം ദിവസം യെരൂശലേംനഗരം പിടിക്കപ്പെട്ടതിന്റെ പതിനാലാം വർഷം അതേ മാസം അതേ ദിവസംതന്നെ സർവേശ്വരന്റെ ശക്തി എന്റെമേൽ വന്നു. എനിക്കുണ്ടായ ദിവ്യദർശനത്തിൽ അവിടുന്ന് എന്നെ കൊണ്ടുപോയി ഇസ്രായേൽദേശത്തുള്ള വളരെ ഉയർന്ന ഒരു പർവതത്തിൽ നിർത്തി. അവിടെ എന്റെ മുമ്പിൽ ഒരു നഗരത്തിന്റെ രൂപത്തിൽ ഏതോ ഒന്നു ഞാൻ കണ്ടു. അവിടുന്ന് എന്നെ അവിടേക്ക് കൊണ്ടുപോയി. അതാ, വെള്ളോടുപോലെ ശോഭിക്കുന്ന ഒരു മനുഷ്യൻ പടിവാതില്‌ക്കൽ നില്‌ക്കുന്നു. അയാളുടെ കൈയിൽ ഒരു ചണച്ചരടും അളവുകോലും ഉണ്ടായിരുന്നു. ആ മനുഷ്യൻ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, നീ സൂക്ഷിച്ചു നോക്കുക; ശ്രദ്ധിച്ചു കേൾക്കുക; ഞാൻ കാട്ടിത്തരുന്നതിലെല്ലാം മനസ്സുറപ്പിക്കുക. അവ കാണിച്ചു തരാനാണ് നിന്നെ ഞാനിവിടെ കൊണ്ടുവന്നത്. നീ കാണുന്നതെല്ലാം ഇസ്രായേൽജനത്തോടു പറയുക. ദേവാലയത്തിനു ചുറ്റും മതിലുണ്ടായിരുന്നു. അയാളുടെ കൈയിലുണ്ടായിരുന്ന ദണ്ഡിന് ആറു മുഴം നീളം ഉണ്ടായിരുന്നു. അയാൾ മതിലിന്റെ കനവും ഉയരവും അളന്നു. കനവും ഉയരവും ഒരു ദണ്ഡ് വീതമായിരുന്നു. പിന്നീട് അയാൾ കിഴക്കോട്ടുള്ള പടിവാതില്‌ക്കൽ ചെന്ന് അതിന്റെ ചവിട്ടുപടികളിൽ കൂടി കയറി ഉമ്മരപ്പടി അളന്നു. അതിനും ഒരു ദണ്ഡ് ഉയരമുണ്ടായിരുന്നു.

യെഹെസ്കേൽ 40:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഞങ്ങളുടെ ബാബിലോന്യ പ്രവാസത്തിന്‍റെ ഇരുപത്തഞ്ചാം ആണ്ടിന്‍റെ ആരംഭത്തിൽ പത്താം തീയതി, നഗരം പിടിക്കപ്പെട്ടതിൻ്റെ പതിനാലാം ആണ്ടിൽ, അതേ ദിവസം തന്നെ, യഹോവയുടെ കൈ എന്‍റെ മേൽ വന്ന് എന്നെ അവിടേക്കു കൊണ്ടുപോയി. ദിവ്യദർശനങ്ങളിൽ അവിടുന്ന് എന്നെ യിസ്രായേൽദേശത്തു കൊണ്ടുചെന്ന് ഏറ്റവും ഉയർന്ന ഒരു പർവ്വതത്തിന്മേൽ നിർത്തി; അതിന്മേൽ തെക്കുഭാഗത്ത് ഒരു നഗരത്തിന്‍റെ രൂപംപോലെ ഒന്ന് കാണുവാനുണ്ടായിരുന്നു. അവിടുന്ന് എന്നെ അവിടെ കൊണ്ടുചെന്നു; അവിടെ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ കാഴ്ചക്ക് താമ്രംപോലെ ആയിരുന്നു; അവന്‍റെ കയ്യിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു; അവൻ പടിവാതില്ക്കൽ നിന്നു. ആ പുരുഷൻ എന്നോട്: “മനുഷ്യപുത്രാ, നീ കണ്ണുകൊണ്ട് നോക്കി, ചെവികൊണ്ട് കേട്ടു, ഞാൻ നിന്നെ കാണിക്കുവാൻ പോകുന്നതെല്ലാം ശ്രദ്ധിച്ചുകൊള്ളുക; അവ നിനക്കു കാണിച്ചുതരുവാനായിട്ടാകുന്നു ഞാൻ നിന്നെ ഇവിടെ കൊണ്ടുവന്നത്; നീ കാണുന്നത് സകലവും യിസ്രായേൽ ഗൃഹത്തോട് അറിയിക്കുക” എന്നു കല്പിച്ചു. എന്നാൽ ആലയത്തിന് പുറമെ ചുറ്റും ഒരു മതിൽ ഉണ്ടായിരുന്നു; ആ പുരുഷന്‍റെ കയ്യിൽ ആറു മുഴം നീളമുള്ള ഒരു അളവുദണ്ഡ് ഉണ്ടായിരുന്നു; ഓരോ മുഴവും, ഒരു മുഴത്തോട് നാലു വിരലിൻ്റെ വീതിയും കൂടിയതായിരുന്നു; അവൻ മതിൽ അളന്നു; വീതി ഒരു ദണ്ഡ്, ഉയരം ഒരു ദണ്ഡ്; പിന്നെ അവൻ കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽ ചെന്നു, അതിന്‍റെ പടികളിൽ കയറി ഗോപുരത്തിൻ്റെ ഉമ്മരപ്പടി അളന്നു; അതിന്‍റെ വീതി ഒരു ദണ്ഡ്; മറ്റെ ഉമ്മരപ്പടിയുടെ വീതിയും ഒരു ദണ്ഡ്

യെഹെസ്കേൽ 40:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തഞ്ചാം ആണ്ടിന്റെ ആരംഭത്തിങ്കൽ പത്താം തിയ്യതി, നഗരം പിടിക്കപ്പെട്ടതിന്റെ പതിനാലാം ആണ്ടിൽ, അന്നേ തിയ്യതി തന്നേ, യഹോവയുടെ കൈ എന്റെ മേൽ വന്നു എന്നെ അവിടേക്കു കൊണ്ടുപോയി. ദിവ്യദർശനങ്ങളിൽ അവൻ എന്നെ യിസ്രായേൽദേശത്തു കൊണ്ടുചെന്നു ഏറ്റവും ഉയർന്ന ഒരു പർവ്വതത്തിന്മേൽ നിർത്തി; അതിന്മേൽ തെക്കുമാറി ഒരു നഗരത്തിന്റെ രൂപംപോലെ ഒന്നു കാണ്മാനുണ്ടായിരുന്നു. അവൻ എന്നെ അവിടെ കൊണ്ടുചെന്നു; അവിടെ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ കാഴ്ചെക്കു താമ്രംപോലെ ആയിരുന്നു; അവന്റെ കയ്യിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു; അവൻ പടിവാതില്ക്കൽനിന്നു. ആ പുരുഷൻ എന്നോടു: മനുഷ്യപുത്രാ, നീ കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേട്ടു ഞാൻ നിന്നെ കാണിപ്പാൻ പോകുന്ന എല്ലാറ്റിലും ശ്രദ്ധവെക്കുക; ഞാൻ അവ നിനക്കു കാണിച്ചുതരുവാനായിട്ടാകുന്നു നിന്നെ ഇവിടെ കൊണ്ടുവന്നതു; നീ കാണുന്നതൊക്കെയും യിസ്രായേൽഗൃഹത്തോടു അറിയിക്ക എന്നു കല്പിച്ചു. എന്നാൽ ആലയത്തിന്നു പുറമെ ചുറ്റും ഒരു മതിൽ ഉണ്ടായിരുന്നു; ആ പുരുഷന്റെ കയ്യിൽ ആറു മുഴം നീളമുള്ള ഒരു അളവുദണ്ഡു ഉണ്ടായിരുന്നു; മുഴമോ ഒരു മുഴവും നാലു വിരലും അത്രേ; അവൻ മതിൽ അളന്നു; വീതി ഒരു ദണ്ഡു, ഉയരം ഒരു ദണ്ഡു; പിന്നെ അവൻ കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിങ്കൽ ചെന്നു അതിന്റെ പതനങ്ങളിൽ കയറി ഗോപുരത്തിന്റെ ഉമ്മരപ്പടി അളന്നു; അതിന്റെ വീതി ഒരു ദണ്ഡു; മറ്റെ ഉമ്മരപ്പടിയുടെ വീതിയും ഒരു ദണ്ഡു

യെഹെസ്കേൽ 40:1-6 സമകാലിക മലയാളവിവർത്തനം (MCV)

ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തിയഞ്ചാംവർഷം, വർഷത്തിന്റെ ആരംഭമാസത്തിൽ പത്താംതീയതി, നഗരത്തിന്റെ പതനത്തിനുശേഷം പതിന്നാലാംവർഷത്തിൽ അതേതീയതിതന്നെ യഹോവയുടെ കൈ എന്റെമേൽവന്ന് എന്നെ അവിടേക്കു കൊണ്ടുപോയി. ദൈവികദർശനങ്ങളിൽ അവിടന്ന് എന്നെ ഇസ്രായേൽദേശത്തേക്കു കൊണ്ടുപോയി വളരെ ഉയരമുള്ള ഒരു പർവതത്തിന്മേൽ നിർത്തി. അതിന്റെ തെക്കുവശത്ത് ഒരു പട്ടണംപോലെ തോന്നിക്കുന്ന കുറെ കെട്ടിടങ്ങൾ ഉണ്ടായിരുന്നു. അവിടന്ന് എന്നെ ആ സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെ ഞാൻ ഒരു പുരുഷനെ കണ്ടു, അദ്ദേഹത്തിന്റെ രൂപം വെങ്കലംപോലെ ആയിരുന്നു. അദ്ദേഹം പ്രവേശനകവാടത്തിന്റെ അരികിൽ നിന്നു, കൈയിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു. ആ പുരുഷൻ എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, നിന്റെ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേൾക്കുകയും ചെയ്യുക. ഞാൻ നിന്നെ കാണിക്കാൻ പോകുന്നതെല്ലാം ശ്രദ്ധിക്കുക; അതിനായിട്ടാകുന്നു നിന്നെ ഇവിടെ കൊണ്ടുവന്നത്. നീ കാണുന്നതെല്ലാം ഇസ്രായേൽജനത്തെ അറിയിക്കയും ചെയ്യുക.” ദൈവാലയം സ്ഥിതിചെയ്യുന്ന പ്രദേശംമുഴുവനും ചുറ്റിയിരിക്കുന്ന ഒരു മതിൽ ഞാൻ കണ്ടു. ആ പുരുഷന്റെ കൈയിലുണ്ടായിരുന്ന അളവുദണ്ഡിന്റെ നീളം ആറുമുഴമായിരുന്നു. അതിൽ ഓരോ മുഴത്തിനും ഒരു മുഴത്തെക്കാൾ നാലു വിരൽപ്പാടു കൂടുതലായിരുന്നു. അദ്ദേഹം മതിൽ അളന്നു. അതിന് ഒരുദണ്ഡു കനവും ഒരുദണ്ഡ് ഉയരവും ഉണ്ടായിരുന്നു. അതിനുശേഷം അദ്ദേഹം കിഴക്കോട്ടുള്ള കവാടത്തിൽച്ചെന്നു. അദ്ദേഹം അതിന്റെ പടികൾ കയറി കവാടത്തിന്റെ പ്രവേശനദ്വാരം അളന്നു. അതിന്റെ ആഴം ഒരു ദണ്ഡായിരുന്നു.