യെഹെസ്കേൽ 40:1-6

യെഹെസ്കേൽ 40:1-6 MCV

ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തിയഞ്ചാംവർഷം, വർഷത്തിന്റെ ആരംഭമാസത്തിൽ പത്താംതീയതി, നഗരത്തിന്റെ പതനത്തിനുശേഷം പതിന്നാലാംവർഷത്തിൽ അതേതീയതിതന്നെ യഹോവയുടെ കൈ എന്റെമേൽവന്ന് എന്നെ അവിടേക്കു കൊണ്ടുപോയി. ദൈവികദർശനങ്ങളിൽ അവിടന്ന് എന്നെ ഇസ്രായേൽദേശത്തേക്കു കൊണ്ടുപോയി വളരെ ഉയരമുള്ള ഒരു പർവതത്തിന്മേൽ നിർത്തി. അതിന്റെ തെക്കുവശത്ത് ഒരു പട്ടണംപോലെ തോന്നിക്കുന്ന കുറെ കെട്ടിടങ്ങൾ ഉണ്ടായിരുന്നു. അവിടന്ന് എന്നെ ആ സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെ ഞാൻ ഒരു പുരുഷനെ കണ്ടു, അദ്ദേഹത്തിന്റെ രൂപം വെങ്കലംപോലെ ആയിരുന്നു. അദ്ദേഹം പ്രവേശനകവാടത്തിന്റെ അരികിൽ നിന്നു, കൈയിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു. ആ പുരുഷൻ എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, നിന്റെ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേൾക്കുകയും ചെയ്യുക. ഞാൻ നിന്നെ കാണിക്കാൻ പോകുന്നതെല്ലാം ശ്രദ്ധിക്കുക; അതിനായിട്ടാകുന്നു നിന്നെ ഇവിടെ കൊണ്ടുവന്നത്. നീ കാണുന്നതെല്ലാം ഇസ്രായേൽജനത്തെ അറിയിക്കയും ചെയ്യുക.” ദൈവാലയം സ്ഥിതിചെയ്യുന്ന പ്രദേശംമുഴുവനും ചുറ്റിയിരിക്കുന്ന ഒരു മതിൽ ഞാൻ കണ്ടു. ആ പുരുഷന്റെ കൈയിലുണ്ടായിരുന്ന അളവുദണ്ഡിന്റെ നീളം ആറുമുഴമായിരുന്നു. അതിൽ ഓരോ മുഴത്തിനും ഒരു മുഴത്തെക്കാൾ നാലു വിരൽപ്പാടു കൂടുതലായിരുന്നു. അദ്ദേഹം മതിൽ അളന്നു. അതിന് ഒരുദണ്ഡു കനവും ഒരുദണ്ഡ് ഉയരവും ഉണ്ടായിരുന്നു. അതിനുശേഷം അദ്ദേഹം കിഴക്കോട്ടുള്ള കവാടത്തിൽച്ചെന്നു. അദ്ദേഹം അതിന്റെ പടികൾ കയറി കവാടത്തിന്റെ പ്രവേശനദ്വാരം അളന്നു. അതിന്റെ ആഴം ഒരു ദണ്ഡായിരുന്നു.