യെഹെസ്കേൽ 37:4-14 - Compare All Versions

യെഹെസ്കേൽ 37:4-14 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവൻ എന്നോടു കല്പിച്ചത്: നീ ഈ അസ്ഥികളെക്കുറിച്ചു പ്രവചിച്ച് അവയോടു പറയേണ്ടത്: ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേൾപ്പിൻ! യഹോവയായ കർത്താവ് ഈ അസ്ഥികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജീവിക്കേണ്ടതിനു ഞാൻ നിങ്ങളിൽ ശ്വാസം വരുത്തും. ഞാൻ നിങ്ങളുടെമേൽ ഞരമ്പുവച്ചു മാംസം പിടിപ്പിച്ചു നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞു നിങ്ങൾ ജീവിക്കേണ്ടതിനു നിങ്ങളിൽ ശ്വാസം വരുത്തും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു. പിന്നെ ഞാൻ നോക്കി: അവയുടെമേൽ ഞരമ്പും മാംസവും വന്നതും അവയുടെമേൽ ത്വക്കു പൊതിഞ്ഞതും കണ്ടു; എന്നാൽ ശ്വാസം അവയിൽ ഇല്ലാതെയിരുന്നു. അപ്പോൾ അവൻ എന്നോടു കല്പിച്ചത്: കാറ്റിനോടു പ്രവചിക്ക; മനുഷ്യപുത്രാ, നീ പ്രവചിച്ചു കാറ്റിനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നീ നാലു കാറ്റുകളിൽനിന്നും വന്ന് ഈ നിഹതന്മാർ ജീവിക്കേണ്ടതിന് അവരുടെമേൽ ഊതുക. അവൻ എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചപ്പോൾ ശ്വാസം അവരിൽ വന്നു; അവർ ജീവിച്ച് ഏറ്റവും വലിയ സൈന്യമായി നിവിർന്നുനിന്നു. പിന്നെ അവൻ എന്നോട് അരുളിച്ചെയ്തത്: മനുഷ്യപുത്രാ, ഈ അസ്ഥികൾ യിസ്രായേൽഗൃഹമൊക്കെയും ആകുന്നു; ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശയ്ക്കു ഭംഗം വന്നു, ഞങ്ങൾ തീരെ മുടിഞ്ഞിരിക്കുന്നു എന്ന് അവർ പറയുന്നു. അതുകൊണ്ടു നീ പ്രവചിച്ച് അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റി യിസ്രായേൽദേശത്തേക്കു കൊണ്ടുപോകും. അങ്ങനെ എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. നിങ്ങൾ ജീവിക്കേണ്ടതിനു ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ ആക്കും; ഞാൻ നിങ്ങളെ സ്വദേശത്തു പാർപ്പിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തു നിവർത്തിച്ചുമിരിക്കുന്നു എന്നു നിങ്ങൾ അറിയും എന്നു യഹോവയുടെ അരുളപ്പാട്.

പങ്ക് വെക്കു
യെഹെസ്കേൽ 37 MALOVBSI

യെഹെസ്കേൽ 37:4-14 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അവിടുന്ന് വീണ്ടും എന്നോട് അരുളിച്ചെയ്തു: “ഈ അസ്ഥികളോടു പ്രവചിക്കുക; ഉണങ്ങിയ അസ്ഥികളേ, സർവേശ്വരൻ അരുളിച്ചെയ്യുന്നതു കേൾക്കുവിൻ. ഈ അസ്ഥികളോടു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. ഇതാ നിങ്ങളുടെ ഉള്ളിൽ ഞാൻ പ്രാണനെ നിവേശിപ്പിക്കും; നിങ്ങൾ ജീവിക്കും. ഞാൻ നിങ്ങളുടെമേൽ ഞരമ്പുകളും മാംസവും വച്ചു പിടിപ്പിച്ചു ചർമംകൊണ്ടു പൊതിയും. നിങ്ങളിൽ പ്രാണൻ നിവേശിപ്പിക്കും; നിങ്ങൾ ജീവൻ പ്രാപിക്കും, അപ്പോൾ ഞാനാണു സർവേശ്വരനെന്നു നിങ്ങൾ അറിയും.” എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു. ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ശബ്ദം ഉണ്ടായി. ഒരു കിരുകിര ശബ്ദം; വേർപെട്ടുപോയ അസ്ഥികൾ കൂടിച്ചേർന്നു. ഞാൻ നോക്കിക്കൊണ്ടിരിക്കെ ആ അസ്ഥികളിൽ ഞരമ്പും മാംസവും വന്നു. ചർമം അതിനെ പൊതിഞ്ഞു. എന്നാൽ അവയിൽ പ്രാണൻ ഇല്ലായിരുന്നു. അപ്പോൾ അവിടുന്ന് എന്നോടു കല്പിച്ചു: ‘മനുഷ്യപുത്രാ ജീവശ്വാസത്തോടു പ്രവചിക്കുക. സർവേശ്വരൻ അരുളിച്ചെയ്യുന്നു: ജീവശ്വാസമേ, നീ നാലുദിക്കുകളിൽനിന്നും വന്ന് ഈ നിഹതന്മാരുടെമേൽ ഊതുക; അവർ ജീവൻ പ്രാപിക്കട്ടെ’ അവിടുന്ന് എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചപ്പോൾ ജീവശ്വാസം അവരിൽ പ്രവേശിച്ചു. അവർ ജീവൻ പ്രാപിച്ച് ഒരു മഹാസൈന്യമായി അണിനിരന്നു നിന്നു. പിന്നീട് അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഈ അസ്ഥികൾ ഇസ്രായേൽജനം മുഴുവനുമാണ്. ഇതാ, അവർ പറയുന്നു: ഞങ്ങളുടെ അസ്ഥികൾ ഉണങ്ങിപ്പോയിരിക്കുന്നു. ഞങ്ങളുടെ പ്രത്യാശ നശിച്ചു, ഞങ്ങളെ ഉന്മൂലനം ചെയ്തിരിക്കുന്നു. അതുകൊണ്ട് നീ പ്രവചിക്കുക; സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാൻ കല്ലറകൾ തുറന്ന് ഇന്നുതന്നെ നിങ്ങളെ എഴുന്നേല്പിച്ച് ഇസ്രായേൽദേശത്തേക്കു കൊണ്ടുപോകും. കല്ലറകൾ തുറന്ന് ഞാൻ നിങ്ങളെ എഴുന്നേല്പിക്കുമ്പോൾ, എന്റെ ജനമേ, ഞാനാണു സർവേശ്വരനെന്നു നിങ്ങൾ അറിയും. ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ പ്രവേശിപ്പിക്കും; നിങ്ങൾ ജീവിക്കും. നിങ്ങളുടെ സ്വന്തം ദേശത്ത് ഞാൻ നിങ്ങളെ നിവസിപ്പിക്കും. സർവേശ്വരനായ ഞാനാണ് ഇതു പറഞ്ഞതെന്നും ഞാൻ ഇതു നിവർത്തിച്ചിരിക്കുന്നു എന്നും അപ്പോൾ നിങ്ങൾ അറിയും. ഇത് സർവേശ്വരന്റെ വചനം.”

പങ്ക് വെക്കു
യെഹെസ്കേൽ 37 MALCLBSI

യെഹെസ്കേൽ 37:4-14 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

അവിടുന്ന് എന്നോട് കല്പിച്ചത്: “നീ ഈ അസ്ഥികളെക്കുറിച്ചു പ്രവചിച്ച് അവയോടു പറയേണ്ടത്: “ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേൾക്കുവിൻ! യഹോവയായ കർത്താവ് ഈ അസ്ഥികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ജീവിക്കേണ്ടതിന് ഞാൻ നിങ്ങളിലേക്ക് ശ്വാസം അയയ്ക്കും. ഞാൻ നിങ്ങളുടെമേൽ ഞരമ്പുവച്ച് മാംസം പിടിപ്പിച്ച് നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞ് നിങ്ങൾ ജീവിക്കേണ്ടതിന് നിങ്ങളിലേക്ക് ശ്വാസം അയയ്ക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.” എന്നോട് കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു. പിന്നെ ഞാൻ നോക്കി: അവയുടെമേൽ ഞരമ്പും മാംസവും വന്നതും അവയുടെമേൽ ത്വക്കുപൊതിഞ്ഞതും കണ്ടു; എന്നാൽ ശ്വാസം അവയിൽ ഉണ്ടായിരുന്നില്ല. അപ്പോൾ അവിടുന്ന് എന്നോട് കല്പിച്ചത്: “ശ്വാസത്തോട് പ്രവചിക്കുക; മനുഷ്യപുത്രാ, നീ പ്രവചിച്ച് കാറ്റിനോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നീ നാലു കാറ്റുകളിൽനിന്നും വന്ന് ഈ നിഹതന്മാർ ജീവിക്കേണ്ടതിന് അവരുടെ മേൽ ഊതുക.” അവിടുന്ന് എന്നോട് കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചപ്പോൾ ശ്വാസം അവരിൽ വന്നു; അവർ ജീവിച്ച് ഏറ്റവും വലിയ സൈന്യമായി നിവിർന്നുനിന്നു. പിന്നെ അവിടുന്ന് എന്നോട് അരുളിച്ചെയ്തത്: “മനുഷ്യപുത്രാ, ഈ അസ്ഥികൾ യിസ്രായേൽഗൃഹം മുഴുവനും ആകുന്നു; ‘ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശക്കു ഭംഗം വന്ന്, ഞങ്ങൾ തീരെ മുടിഞ്ഞിരിക്കുന്നു’ എന്നു അവർ പറയുന്നു. അതുകൊണ്ട് നീ പ്രവചിച്ച് അവരോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്ന് നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റി യിസ്രായേൽദേശത്തേക്കു കൊണ്ടുപോകും. അങ്ങനെ എന്‍റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്ന് നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. നിങ്ങൾ ജീവിക്കേണ്ടതിന് ഞാൻ എന്‍റെ ശ്വാസത്തെ നിങ്ങളിൽ ആക്കും; ഞാൻ നിങ്ങളെ സ്വദേശത്ത് പാർപ്പിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തു നിവർത്തിച്ചുമിരിക്കുന്നു എന്നു നിങ്ങൾ അറിയും’ എന്നു യഹോവയുടെ അരുളപ്പാട്.”

പങ്ക് വെക്കു
യെഹെസ്കേൽ 37 IRVMAL

യെഹെസ്കേൽ 37:4-14 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അവൻ എന്നോടു കല്പിച്ചതു: നീ ഈ അസ്ഥികളെക്കുറിച്ചു പ്രവചിച്ചു അവയോടു പറയേണ്ടതു: ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേൾപ്പിൻ! യഹോവയായ കർത്താവു ഈ അസ്ഥികളോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജീവിക്കേണ്ടതിന്നു ഞാൻ നിങ്ങളിൽ ശ്വാസം വരുത്തും. ഞാൻ നിങ്ങളുടെമേൽ ഞരമ്പുവെച്ചു മാംസം പിടിപ്പിച്ചു നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞു നിങ്ങൾ ജീവിക്കേണ്ടതിന്നു നിങ്ങളിൽ ശ്വാസം വരുത്തും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു. പിന്നെ ഞാൻ നോക്കി: അവയുടെ മേൽ ഞരമ്പും മാംസവും വന്നതും അവയുടെമേൽ ത്വക്കുപൊതിഞ്ഞതും കണ്ടു; എന്നാൽ ശ്വാസം അവയിൽ ഇല്ലാതെയിരുന്നു. അപ്പോൾ അവൻ എന്നോടു കല്പിച്ചതു: കാറ്റിനോടു പ്രവചിക്ക; മനുഷ്യപുത്രാ, നീ പ്രവചിച്ചു കാറ്റിനോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നീ നാലു കാറ്റുകളിൽനിന്നും വന്നു ഈ നിഹതന്മാർ ജീവിക്കേണ്ടതിന്നു അവരുടെ മേൽ ഊതുക. അവൻ എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചപ്പോൾ ശ്വാസം അവരിൽ വന്നു; അവർ ജീവിച്ചു ഏറ്റവും വലിയ സൈന്യമായി നിവിർന്നുനിന്നു. പിന്നെ അവൻ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, ഈ അസ്ഥികൾ ഇസ്രായേൽഗൃഹമൊക്കെയും ആകുന്നു; ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശെക്കു ഭംഗം വന്നു, ഞങ്ങൾ തീരേ മുടിഞ്ഞിരിക്കുന്നു എന്നു അവർ പറയുന്നു. അതുകൊണ്ടു നീ പ്രവചിച്ചു അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റി യിസ്രായേൽദേശത്തേക്കു കൊണ്ടുപോകും. അങ്ങനെ എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. നിങ്ങൾ ജീവക്കേണ്ടതിന്നു ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ ആക്കും; ഞാൻ നിങ്ങളെ സ്വദേശത്തു പാർപ്പിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തു നിവർത്തിച്ചുമിരിക്കുന്നു എന്നു നിങ്ങൾ അറിയും എന്നു യഹോവയുടെ അരുളപ്പാടു.

യെഹെസ്കേൽ 37:4-14 MCV (സമകാലിക മലയാളവിവർത്തനം)

അപ്പോൾ അവിടന്ന് എന്നോടു കൽപ്പിച്ചു: “ഈ അസ്ഥികളോട് പ്രവചിച്ചു പറയുക: ‘ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേൾക്കുക! യഹോവയായ കർത്താവ് ഈ അസ്ഥികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ ഉള്ളിലേക്കു ശ്വാസം അയയ്ക്കും. നിങ്ങൾക്കു ജീവൻ തിരികെ ലഭിക്കും. ഞാൻ നിങ്ങളുടെമേൽ ഞരമ്പുവെച്ച്, മാംസം പിടിപ്പിച്ച്, ത്വക്കുകൊണ്ട് നിങ്ങളെ പൊതിയും. അതിനുശേഷം ഞാൻ നിങ്ങളിലേക്കു ശ്വാസം അയയ്ക്കും നിങ്ങൾ ജീവിക്കയും ചെയ്യും. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’ ” അങ്ങനെ എന്നോടു കൽപ്പിച്ചതുപോലെ ഞാൻ പ്രവചിച്ചു. ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ശബ്ദം കേട്ടു; ഒരു പ്രകമ്പനംതന്നെ. അപ്പോൾ അസ്ഥികൾ ഒരുമിച്ചുവന്നു, അസ്ഥികൾ ഒന്നോടൊന്നുചേർന്നു. ഞാൻ നോക്കിയപ്പോൾ ഞരമ്പും മാംസവും അവയുടെമേൽ വന്നുചേർന്നു. ത്വക്ക് അവയെ പൊതിഞ്ഞു, എന്നാൽ ശ്വാസം അവയിൽ ഉണ്ടായിരുന്നില്ല. അപ്പോൾ അവിടന്ന് എന്നോടു കൽപ്പിച്ചു: “കാറ്റിനോടു പ്രവചിക്കുക. മനുഷ്യപുത്രാ കാറ്റിനോടു പ്രവചിച്ച് അതിനോടു കൽപ്പിക്കുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നാലു കാറ്റുകളിൽനിന്നും വന്ന് ഈ നിഹതന്മാർ ജീവിക്കേണ്ടതിന് അവരിലേക്ക് ഊതുക.’ ” അങ്ങനെ അവിടന്ന് എന്നോടു കൽപ്പിച്ചതുപോലെ ഞാൻ പ്രവചിച്ചു. ശ്വാസം അവരിലേക്കു വന്നു. അവർ ജീവിച്ച് ഒരു വലിയ സൈന്യമായി സ്വന്തം കാലുകളിൽ നിവർന്നുനിന്നു. അനന്തരം അവിടന്ന് എന്നോടു കൽപ്പിച്ചു: “മനുഷ്യപുത്രാ, ഈ അസ്ഥികൾ ഇസ്രായേൽഗൃഹം മുഴുവനും അത്രേ. ‘ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി; ഞങ്ങളുടെ പ്രത്യാശ നഷ്ടപ്പെട്ടുപോയി; ഞങ്ങൾ നശിച്ചിരിക്കുന്നു,’ എന്ന് അവർ പറയുന്നു. അതിനാൽ നീ പ്രവചിച്ച് അവരോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴികൾ തുറന്ന് നിങ്ങളെ അവയിൽനിന്ന് കയറ്റാൻ പോകുന്നു. ഞാൻ നിങ്ങളെ ഇസ്രായേൽദേശത്തേക്കു മടക്കിക്കൊണ്ടുവരും. ഞാൻ നിങ്ങളുടെ ശവക്കുഴികൾ തുറന്ന് നിങ്ങളെ അവയിൽനിന്നു കയറ്റുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് എന്റെ ജനമായ നിങ്ങൾ അറിയും. ഞാൻ എന്റെ ആത്മാവിനെ നിങ്ങളിലേക്കയയ്ക്കും; നിങ്ങൾ ജീവിക്കും; ഞാൻ നിങ്ങളുടെ സ്വന്തം ദേശത്തു നിങ്ങളെ പാർപ്പിക്കും. യഹോവയായ ഞാൻ സംസാരിച്ചിരിക്കുന്നു, ഞാൻ അതു ചെയ്തുമിരിക്കുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും എന്ന് യഹോവയുടെ അരുളപ്പാട്.’ ”

പങ്ക് വെക്കു
യെഹെസ്കേൽ 37 MCV