യെഹെസ്കേൽ 34:1-16
യെഹെസ്കേൽ 34:1-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: മനുഷ്യപുത്രാ, യിസ്രായേലിന്റെ ഇടയന്മാരെക്കുറിച്ചു പ്രവചിക്ക; നീ പ്രവചിച്ച് അവരോട്, ഇടയന്മാരോടു തന്നെ, പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ മേയിക്കുന്ന യിസ്രായേലിന്റെ ഇടയന്മാർക്ക് അയ്യോ കഷ്ടം! ആടുകളെ അല്ലയോ ഇടയന്മാർ മേയിക്കേണ്ടത്? നിങ്ങൾ മേദസ്സു തിന്നുകയും ആട്ടുരോമം ഉടുക്കയും തടിച്ചിരിക്കുന്നവയെ അറുക്കയും ചെയ്യുന്നു; ആടുകളെ നിങ്ങൾ മേയിക്കുന്നില്ലതാനും. നിങ്ങൾ ബലഹീനമായതിനെ ശക്തീകരിക്കയോ ദീനം പിടിച്ചതിനെ ചികിത്സിക്കയോ ഒടിഞ്ഞതിനെ മുറിവുകെട്ടുകയോ ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കയോ ചെയ്യാതെ കഠിനതയോടും ക്രൂരതയോടുംകൂടെ അവയെ ഭരിച്ചിരിക്കുന്നു. ഇടയൻ ഇല്ലായ്കകൊണ്ട് അവ ചിതറിപ്പോയി; ചിതറിപ്പോയിട്ട് അവ കാട്ടിലെ സകല മൃഗങ്ങൾക്കും ഇരയായിത്തീർന്നു. എന്റെ ആടുകൾ എല്ലാ മലകളിലും ഉയരമുള്ള എല്ലാ കുന്നിന്മേലും ഉഴന്നുനടന്നു; ഭൂതലത്തിലൊക്കെയും എന്റെ ആടുകൾ ചിതറിപ്പോയി; ആരും അവയെ തിരകയോ അന്വേഷിക്കയോ ചെയ്തിട്ടില്ല. അതുകൊണ്ട് ഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ; എന്നാണ, ഇടയനില്ലായ്കകൊണ്ടത്രേ എന്റെ ആടുകൾ കവർച്ചയായിപ്പോകയും എന്റെ ആടുകൾ കാട്ടിലെ സകല മൃഗത്തിനും ഇരയായിത്തീരുകയും ചെയ്തത് എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്; എന്റെ ഇടയന്മാർ എന്റെ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നെ മേയിക്കയും ആടുകളെ മേയിക്കാതെയിരിക്കയും ചെയ്കകൊണ്ട്, ഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു; ഞാൻ എന്റെ ആടുകളെ അവരുടെ കൈയിൽനിന്നു ചോദിച്ചു, ആടുകളെ മേയിക്കുന്ന വേലയിൽനിന്ന് അവരെ നീക്കിക്കളയും; ഇടയന്മാർ ഇനി തങ്ങളെത്തന്നെ മേയിക്കയില്ല; എന്റെ ആടുകൾ അവർക്ക് ഇരയാകാതെയിരിക്കേണ്ടതിനു ഞാൻ അവയെ അവരുടെ വായിൽനിന്നു വിടുവിക്കും. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻതന്നെ എന്റെ ആടുകളെ തിരഞ്ഞുനോക്കും. ഒരു ഇടയൻ ചിതറിപ്പോയിരിക്കുന്ന തന്റെ ആടുകളുടെ ഇടയിൽ ഇരിക്കുന്ന നാളിൽ തന്റെ ആട്ടിൻകൂട്ടത്തെ അന്വേഷിക്കുന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിച്ചു, അവ കാറും കറുപ്പുമുള്ള ദിവസത്തിൽ ചിതറിപ്പോയ സകല സ്ഥലങ്ങളിലുംനിന്ന് അവയെ വിടുവിക്കും. ഞാൻ അവയെ ജാതികളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ച് ദേശങ്ങളിൽനിന്നു ശേഖരിച്ചു സ്വദേശത്തു കൊണ്ടുവന്നു യിസ്രായേൽമലകളിലും നദീതീരങ്ങളിലും ദേശത്തിലെ സകല വാസസ്ഥലങ്ങളിലും മേയിക്കും. നല്ല മേച്ചൽപ്പുറത്തു ഞാൻ അവയെ മേയിക്കും; യിസ്രായേലിന്റെ ഉയർന്ന മലകൾ അവയ്ക്കു കിടപ്പിടം ആയിരിക്കും; അവിടെ അവ നല്ല കിടപ്പിടത്തു കിടക്കുകയും യിസ്രായേൽമലകളിലെ പുഷ്‍ടിയുള്ള മേച്ചൽപ്പുറത്തു മേയുകയും ചെയ്യും. ഞാൻ തന്നെ എന്റെ ആടുകളെ മേയിക്കയും കിടത്തുകയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. കാണാതെ പോയതിനെ ഞാൻ അന്വേഷിക്കയും ഓടിച്ചുകളഞ്ഞതിനെ തിരിച്ചു വരുത്തുകയും ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദീനം പിടിച്ചതിനെ ശക്തീകരിക്കയും ചെയ്യും; എന്നാൽ കൊഴുത്തതിനെയും ഉരത്തതിനെയും ഞാൻ നശിപ്പിക്കും; ഞാൻ ന്യായത്തോടെ അവയെ മേയിക്കും.
യെഹെസ്കേൽ 34:1-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, ഇസ്രായേലിലെ ഇടയന്മാർക്ക് എതിരെ പ്രവചിക്കുക: സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ആടുകളെ പോറ്റാതെ തങ്ങളെത്തന്നെ പോറ്റുന്ന ഇടയന്മാരേ, നിങ്ങൾക്ക് ഹാ ദുരിതം! ഇടയന്മാർ ആടുകളെയല്ലേ പോറ്റേണ്ടത്? നിങ്ങൾ അവയുടെ പാൽ കുടിക്കുന്നു; അവയുടെ രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുന്നു; കൊഴുത്തു തടിച്ചവയെ കശാപ്പു ചെയ്യുകയും ചെയ്യുന്നു; എന്നാൽ ആടുകളെ നിങ്ങൾ പോറ്റുന്നില്ല. ബലഹീനമായവയെ നിങ്ങൾ സംരക്ഷിച്ചില്ല. രോഗം ബാധിച്ചവയെ ചികിത്സിച്ചില്ല. മുറിവേറ്റവയെ വച്ചു കെട്ടിയില്ല; വഴി തെറ്റിപ്പോയവയെ തിരിച്ചുകൊണ്ടുവന്നില്ല, കാണാതെപോയവയെ അന്വേഷിച്ചുമില്ല. മറിച്ചു നിങ്ങൾ ക്രൂരമായി അവയോടു പെരുമാറി. ഇടയനില്ലായ്കയാൽ അവ ചിതറിപ്പോയി; അങ്ങനെ വന്യമൃഗങ്ങൾക്ക് അവ ഇരയായിത്തീർന്നു. എന്റെ ആടുകൾ പർവതങ്ങളിലും ഉയർന്ന മലകളിലും അലഞ്ഞു നടന്നു. ഭൂമിയിൽ എല്ലായിടത്തേക്കും ചിതറിപ്പോയ അവയെ തെരയാനോ കണ്ടെത്താനോ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇടയന്മാരേ, സർവേശ്വരന്റെ വാക്കു ശ്രദ്ധിക്കുവിൻ; സർവേശ്വരനായ കർത്താവ് സത്യം ചെയ്തു പറയുന്നു. ഇടയനില്ലായ്കയാൽ എന്റെ ആടുകൾ വന്യമൃഗങ്ങൾക്ക് ഇരയായിത്തീർന്നു. ഇടയന്മാർ എന്റെ ആടുകളെ അന്വേഷിക്കയോ, തീറ്റിപ്പോറ്റുകയോ ചെയ്യാതെ തങ്ങളെത്തന്നെ പോറ്റി. അതുകൊണ്ട് ഇടയന്മാരേ, സർവേശ്വരന്റെ അരുളപ്പാടു കേൾക്കുവിൻ. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നോക്കൂ, ഞാൻ ഈ ഇടയന്മാർക്ക് എതിരാണ്. എന്റെ ആടുകളെ ഞാൻ അവരോട് ആവശ്യപ്പെടും. അവരുടെ ആടുമേയ്‍ക്കൽ ഞാൻ അവസാനിപ്പിക്കും. ഇനിമേൽ ഇടന്മാർ തങ്ങളെത്തന്നെ പോഷിപ്പിക്കുകയില്ല. എന്റെ ആടുകൾ അവരുടെ ഭക്ഷണമാകാൻ ഇടയാകാത്തവിധം അവരുടെ വായിൽനിന്നു ഞാൻ അവയെ രക്ഷിക്കും.” സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ തന്നെ എന്റെ ആടുകളെ തെരഞ്ഞു കണ്ടെത്തും. ചിതറിപ്പോയ ആടിനെ ഒരു ഇടയൻ എന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും. കാർമേഘവും കൂരിരുട്ടും നിറഞ്ഞദിവസം ചിതറിപ്പോയ ഇടങ്ങളിൽനിന്നെല്ലാം അവയെ ഞാൻ രക്ഷിക്കും. വിവിധദേശങ്ങളിൽനിന്നു ഞാൻ അവയെ കൊണ്ടുവരും. ജനതകളുടെ ഇടയിൽനിന്ന് അവയെ കൂട്ടിവരുത്തി അവയുടെ സ്വന്തം നാട്ടിലേക്കു തിരിച്ചുകൊണ്ടുവരും. ഇസ്രായേൽപർവതങ്ങളിലെ നീരുറവുകൾക്കരികിലും നാട്ടിൽ കുടിപാർപ്പുള്ള എല്ലാ പ്രദേശങ്ങളിലും ഞാൻ അവയെ മേയിക്കും. നല്ല മേച്ചിൽപ്പുറങ്ങളിൽത്തന്നെ ഞാൻ അവയെ മേയിക്കും. ഇസ്രായേലിലെ ഉയർന്ന മലകളായിരിക്കും അവയുടെ മേച്ചിൽ സ്ഥലങ്ങൾ. അവിടെ അവ വിശ്രമിക്കും. ഇസ്രായേൽമലകളിലെ നല്ല പച്ചപ്പുൽപ്പുറങ്ങളിൽ അവ മേയും. ഞാൻ തന്നെ എന്റെ ആടുകളെ മേയിക്കും. ഞാൻ അവയ്‍ക്കു വിശ്രമം നല്‌കും എന്ന് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. കാണാതെ പോയതിനെ ഞാൻ അന്വേഷിക്കും; കൂട്ടം വിട്ടുപോയതിനെ ഞാൻ തിരിച്ചുകൊണ്ടുവരും. ക്ഷതം ഏറ്റതിനെ ഞാൻ വച്ചുകെട്ടും. ബലഹീനമായവയെ ഞാൻ ബലപ്പെടുത്തും. കൊഴുത്തു തടിച്ചവയെ ഞാൻ കാത്തുസൂക്ഷിക്കും. നീതിപൂർവം ഞാൻ അവയെ മേയിക്കും.
യെഹെസ്കേൽ 34:1-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ: “മനുഷ്യപുത്രാ, യിസ്രായേലിന്റെ ഇടയന്മാരെക്കുറിച്ചു പ്രവചിക്കുക; നീ പ്രവചിച്ച് അവരോട്, ഇടയന്മാരോടു തന്നെ, പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരവരെത്തന്നെ മേയിക്കുന്ന യിസ്രായേലിന്റെ ഇടയന്മാർക്ക് അയ്യോ കഷ്ടം! ആടുകളെ അല്ലയോ ഇടയന്മാർ മേയിക്കേണ്ടത്? നിങ്ങൾ മേദസ്സ് തിന്നുകയും ആട്ടുരോമം ധരിക്കുകയും തടിച്ചിരിക്കുന്നവയെ അറുക്കുകയും ചെയ്യുന്നു; ആടുകളെ നിങ്ങൾ മേയിക്കുന്നില്ലതാനും. നിങ്ങൾ ബലഹീനമായതിനെ ശക്തീകരിക്കുകയോ രോഗം ബാധിച്ചതിനെ ചികിത്സിക്കുകയോ ഒടിഞ്ഞതിനെ മുറിവുകെട്ടുകയോ ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കുകയോ ചെയ്യാതെ, കഠിനതയോടും ക്രൂരതയോടും കൂടെ അവയെ ഭരിച്ചിരിക്കുന്നു. ഇടയൻ ഇല്ലാതിരിക്കുകയാൽ അവ ചിതറിപ്പോയി; ചിതറിപ്പോയിട്ട് അവ കാട്ടിലെ സകലമൃഗങ്ങൾക്കും ഇരയായിത്തീർന്നു. എന്റെ ആടുകൾ എല്ലാമലകളിലും ഉയരമുള്ള എല്ലാ കുന്നിന്മേലും അലഞ്ഞുനടന്നു; ഭൂതലത്തിൽ എല്ലായിടവും എന്‍റെ ആടുകൾ ചിതറിപ്പോയി; ആരും അവയെ തിരയുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. “അതുകൊണ്ട് ഇടയന്മാരേ, യഹോവയുടെ വചനം കേൾക്കുവിൻ; എന്നാണ, ഇടയനില്ലാഞ്ഞതിനാലാകുന്നു എന്‍റെ ആടുകൾ കവർച്ചയായിപ്പോകുകയും, കാട്ടിലെ സകലമൃഗത്തിനും ഇരയായിത്തീരുകയും ചെയ്തത്” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; എന്റെ ഇടയന്മാർ എന്റെ ആടുകളെ അന്വേഷിക്കാതെ അവരവരെത്തന്നെ മേയിക്കുകയും ആടുകളെ മേയിക്കാതെയിരിക്കുകയും ചെയ്യുകകൊണ്ട്, ഇടയന്മാരേ, യഹോവയുടെ വചനം കേൾക്കുവിൻ: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു; ഞാൻ എന്റെ ആടുകളെ അവരുടെ കൈയിൽനിന്നു ചോദിച്ച്, ആടുകളെ മേയിക്കുന്ന വേലയിൽനിന്ന് അവരെ നീക്കിക്കളയും; ഇടയന്മാർ ഇനി തങ്ങളെത്തന്നെ മേയിക്കുകയില്ല; എന്‍റെ ആടുകൾ അവർക്ക് ഇരയാകാതെയിരിക്കേണ്ടതിന് ഞാൻ അവയെ അവരുടെ വായിൽനിന്നു വിടുവിക്കും.” യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ തന്നെ എന്റെ ആടുകളെ അന്വേഷിച്ചുകണ്ടെത്തും. ഒരു ഇടയൻ ചിതറിപ്പോയിരിക്കുന്ന തന്റെ ആടുകളുടെ ഇടയിൽ ഇരിക്കുന്ന നാളിൽ, തന്റെ ആട്ടിൻകൂട്ടത്തെ അന്വേഷിക്കുന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിച്ച്, കാർമേഘവും അന്ധകാരവുമുള്ള ദിവസത്തിൽ, അവ ചിതറിപ്പോയ സകലസ്ഥലങ്ങളിലുംനിന്ന് അവയെ വിടുവിക്കും. ഞാൻ അവയെ ജനതകളുടെ ഇടയിൽനിന്ന് പുറപ്പെടുവിച്ച്, ദേശങ്ങളിൽ നിന്നു ശേഖരിച്ച്, സ്വദേശത്ത് കൊണ്ടുവന്ന്, യിസ്രായേൽമലകളിലും നദീതീരങ്ങളിലും ദേശത്തിലെ സകലവാസസ്ഥലങ്ങളിലും മേയിക്കും. നല്ല മേച്ചിൽപുറത്തു ഞാൻ അവയെ മേയിക്കും; യിസ്രായേലിന്റെ ഉയർന്ന മലകളിൽ അവ കിടക്കും; അവിടെ അവ നല്ല തൊഴുത്തുകളിൽ കിടക്കുകയും യിസ്രായേൽമലകളിലെ പുഷ്ടിയുള്ള മേച്ചിൽപുറത്തു മേയുകയും ചെയ്യും. ഞാൻ തന്നെ എന്റെ ആടുകളെ മേയിക്കുകയും കിടത്തുകയും ചെയ്യും” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. “കാണാതെപോയതിനെ ഞാൻ അന്വേഷിക്കുകയും, ഓടിച്ചുകളഞ്ഞതിനെ തിരിച്ചുവരുത്തുകയും, ഒടിഞ്ഞതിനെ മുറിവുകെട്ടുകയും, രോഗം ബാധിച്ചതിനെ ശക്തീകരിക്കുകയും ചെയ്യും; എന്നാൽ കൊഴുത്തതിനെയും കരുത്തുള്ളതിനെയും ഞാൻ നശിപ്പിക്കും; ഞാൻ ന്യായത്തോടെ അവയെ മേയിക്കും.
യെഹെസ്കേൽ 34:1-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: മനുഷ്യപുത്രാ, യിസ്രായേലിന്റെ ഇടയന്മാരെക്കുറിച്ചു പ്രവചിക്ക; നീ പ്രവചിച്ചു അവരോടു, ഇടയന്മാരോടു തന്നേ, പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നേ മേയിക്കുന്ന യിസ്രായേലിന്റെ ഇടയന്മാർക്കു അയ്യോ കഷ്ടം! ആടുകളെ അല്ലയോ ഇടയന്മാർ മേയിക്കേണ്ടതു? നിങ്ങൾ മേദസ്സു തിന്നുകയും ആട്ടുരോമം ഉടുക്കയും തടിച്ചിരിക്കുന്നവയെ അറുക്കയും ചെയ്യുന്നു; ആടുകളെ നിങ്ങൾ മേയിക്കുന്നില്ലതാനും. നിങ്ങൾ ബലഹീനമായതിനെ ശക്തീകരിക്കയോ ദീനം പിടിച്ചതിനെ ചികിത്സിക്കയോ ഒടിഞ്ഞതിനെ മുറിവുകെട്ടുകയോ ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കയോ ചെയ്യാതെ കഠിനതയോടും ക്രൂരതയോടും കൂടെ അവയെ ഭരിച്ചിരിക്കുന്നു. ഇടയൻ ഇല്ലായ്കകൊണ്ടു അവ ചിതറിപ്പോയി; ചിതറിപ്പോയിട്ടു അവ കാട്ടിലെ സകലമൃഗങ്ങൾക്കും ഇരയായിത്തീർന്നു. എന്റെ ആടുകൾ എല്ലാമലകളിലും ഉയരമുള്ള എല്ലാകുന്നിന്മേലും ഉഴന്നുനടന്നു; ഭൂതലത്തിൽ ഒക്കെയും എന്റെ ആടുകൾ ചിതറിപ്പോയി; ആരും അവയെ തിരകയോ അന്വേഷിക്കയോ ചെയ്തിട്ടില്ല. അതുകൊണ്ടു ഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ; എന്നാണ ഇടയനില്ലായ്കകൊണ്ടത്രേ എന്റെ ആടുകൾ കവർച്ചയായിപ്പോകയും എന്റെ ആടുകൾ കാട്ടിലെ സകലമൃഗത്തിന്നും ഇരയായിത്തീരുകയും ചെയ്തതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; എന്റെ ഇടയന്മാർ എന്റെ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നേ മേയിക്കയും ആടുകളെ മേയിക്കാതെയിരിക്കയും ചെയ്കകൊണ്ടു, ഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു; ഞാൻ എന്റെ ആടുകളെ അവരുടെ കയ്യിൽനിന്നു ചോദിച്ചു, ആടുകളെ മേയിക്കുന്ന വേലയിൽനിന്നു അവരെ നീക്കിക്കളയും; ഇടയന്മാർ ഇനി തങ്ങളെത്തന്നേ മേയിക്കയില്ല; എന്റെ ആടുകൾ അവർക്കു ഇരയാകാതെയിരിക്കേണ്ടതിന്നു ഞാൻ അവയെ അവരുടെ വായിൽനിന്നു വിടുവിക്കും. യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും. ഒരു ഇടയൻ ചിതറിപ്പോയിരിക്കുന്ന തന്റെ ആടുകളുടെ ഇടയിൽ ഇരിക്കുന്ന നാളിൽ തന്റെ ആട്ടിൻ കൂട്ടത്തെ അന്വേഷിക്കുന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിച്ചു, അവ കാറും കറുപ്പുമുള്ള ദിവസത്തിൽ ചിതറിപ്പോയ സകലസ്ഥലങ്ങളിലുംനിന്നു അവയെ വിടുവിക്കും. ഞാൻ അവയെ ജാതികളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ചു ദേശങ്ങളിൽ നിന്നു ശേഖരിച്ചു സ്വദേശത്തു കൊണ്ടുവന്നു യിസ്രായേൽമലകളിലും നദീതീരങ്ങളിലും ദേശത്തിലെ സകലവാസസ്ഥലങ്ങളിലും മേയിക്കും. നല്ല മേച്ചൽപുറത്തു ഞാൻ അവയെ മേയിക്കും; യിസ്രായേലിന്റെ ഉയർന്ന മലകൾ അവെക്കു കിടപ്പിടം ആയിരിക്കും; അവിടെ അവ നല്ല കിടപ്പിടത്തു കിടക്കുകയും യിസ്രായേൽമലകളിലെ പുഷ്ടിയുള്ള മേച്ചൽപുറത്തു മേയുകയും ചെയ്യും. ഞാൻ തന്നേ എന്റെ ആടുകളെ മേയിക്കയും കിടത്തുകയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. കാണാതെപോയതിനെ ഞാൻ അന്വേഷിക്കയും ഓടിച്ചുകളഞ്ഞതിനെ തിരിച്ചു വരുത്തുകയും ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദീനം പിടിച്ചതിനെ ശക്തീകരിക്കയും ചെയ്യും; എന്നാൽ കൊഴുത്തതിനെയും ഉരത്തതിനെയും ഞാൻ നശിപ്പിക്കും; ഞാൻ ന്യായത്തോടെ അവയെ മേയിക്കും.
യെഹെസ്കേൽ 34:1-16 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, ഇസ്രായേലിലെ ഇടയന്മാരെക്കുറിച്ചു നീ പ്രവചിക്കുക. അവരോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ മേയിക്കുന്ന ഇസ്രായേലിലെ ഇടയന്മാർക്ക് അയ്യോ കഷ്ടം! ഇടയന്മാർ ആടുകളെ പരിപാലിക്കേണ്ടതല്ലേ? നിങ്ങൾ തൈര് കുടിക്കുകയും ആട്ടിൻരോമംകൊണ്ടു വസ്ത്രം ധരിക്കുകയും തടിച്ചമൃഗങ്ങളെ കൊല്ലുകയും ചെയ്യുന്നു; എന്നാൽ നിങ്ങൾ ആട്ടിൻപറ്റത്തെ പരിപാലിക്കുന്നില്ല. നിങ്ങൾ ബലഹീനമായതിനെ ശക്തിപ്പെടുത്തുകയോ രോഗം ബാധിച്ചതിനു സൗഖ്യം വരുത്തുകയോ മുറിവേറ്റതിനു മുറിവു കെട്ടുകയോ ചെയ്തിട്ടില്ല. നിങ്ങൾ വഴിതെറ്റിയതിനെ തിരികെ വരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. നിങ്ങൾ കഠിനതയോടും ക്രൂരതയോടുംകൂടെ അവയെ ഭരിച്ചിരിക്കുന്നു. അങ്ങനെ ഇടയനില്ലായ്കയാൽ അവ ചിതറിപ്പോയി; ചിതറിപ്പോയിട്ട് അവ കാട്ടുമൃഗങ്ങൾക്ക് ഇരയായിത്തീർന്നു. എന്റെ ആടുകൾ എല്ലാ പർവതങ്ങളിലും ഓരോ മലകളിലും ഉഴന്നുനടന്നു; അവ ഭൂതലത്തിലെല്ലാം ചിതറിപ്പോയി; ആരും അവയെ അന്വേഷിക്കയോ ശ്രദ്ധിക്കുകയോ ചെയ്തില്ല. “ ‘അതുകൊണ്ട് ഇടയന്മാരേ, യഹോവയുടെ വചനം കേൾക്കുക: ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഇടയനില്ലായ്കയാലാണ് എന്റെ ആടുകൾ കവർച്ചയായിത്തീരുകയും കാട്ടുമൃഗങ്ങൾക്കിരയാകുകയും ചെയ്തത്. എന്റെ ഇടയന്മാർ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നെ മേയിച്ചതുകൊണ്ടാണ് അപ്രകാരം സംഭവിച്ചത്, എന്ന് കർത്താവായ യഹോവയുടെ അരുളപ്പാട്. അതിനാൽ ഇടയന്മാരേ, യഹോവയുടെ വചനം കേൾക്കുക. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു. ഞാൻ എന്റെ ആടുകളെപ്പറ്റി അവരോടു കണക്കുചോദിക്കും. ഇടയന്മാർ തങ്ങളെത്തന്നെ തീറ്റിപ്പോറ്റാതിരിക്കേണ്ടതിന് ഞാൻ അവരെ ഇടയവേലയിൽനിന്നു നീക്കിക്കളയും; ഞാൻ എന്റെ ആടുകളെ അവരുടെ വായിൽനിന്നു വിടുവിക്കും; അവ അവർക്ക് ഭക്ഷണമായിത്തീരുകയില്ല. “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻതന്നെ എന്റെ ആടുകളെ തെരയുകയും അന്വേഷിക്കുകയും ചെയ്യും. ഒരു ഇടയൻ ആടുകളോടൊപ്പമുള്ളപ്പോൾ ചിതറിപ്പോയവയെ അന്വേഷിക്കുന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിക്കും. മേഘവും ഇരുട്ടും ഉണ്ടായിരുന്ന നാളിൽ അവ ചിതറിപ്പോയ എല്ലാ സ്ഥലങ്ങളിൽനിന്നും ഞാൻ അവയെ വിടുവിക്കും. ഞാൻ അവരെ രാഷ്ട്രങ്ങളുടെ ഇടയിൽനിന്ന് പുറപ്പെടുവിക്കയും രാജ്യങ്ങളിൽനിന്നും കൂട്ടിച്ചേർക്കുകയും അവരെ സ്വന്തം ദേശത്തേക്കു കൊണ്ടുവരികയും ചെയ്യും, ഞാൻ അവരെ ഇസ്രായേൽ പർവതങ്ങളിലും മലഞ്ചരിവുകളിലും ദേശത്തെ സകലവാസസ്ഥലങ്ങളിലും മേയിക്കും. ഞാൻ നല്ല മേച്ചിൽപ്പുറത്ത് അവരെ മേയിക്കും; ഇസ്രായേലിലെ ഗിരിനിരകൾ അവരുടെ മേച്ചിൽസ്ഥലമാകും. അവിടെ ഇസ്രായേൽ പർവതസാനുക്കളിലെ നല്ല പുൽപ്പുറത്ത് അവ കിടന്നു വിശ്രമിക്കും. ഇസ്രായേൽ പർവതത്തിലെ ഉത്തമമായ മേച്ചിൽപ്പുറങ്ങളിൽ അവ മേയും. ഞാൻതന്നെ എന്റെ ആടുകളെ പരിപാലിച്ച് അവയെ കിടത്തുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. കാണാതെ പോയവയെ ഞാൻ അന്വേഷിക്കുകയും അലഞ്ഞു നടക്കുന്നവയെ തിരികെ വരുത്തുകയും ചെയ്യും. മുറിവേറ്റവയ്ക്ക് ഞാൻ മുറിവുകെട്ടുകയും ബലഹീനമായവയെ ശക്തിപ്പെടുത്തുകയും ചെയ്യും. എന്നാൽ കൊഴുത്തതിനെയും കരുത്തുറ്റതിനെയും ഞാൻ നശിപ്പിക്കും; ഞാൻ ന്യായത്തോടെ ആട്ടിൻപറ്റത്തെ മേയിക്കും.