യെഹെസ്കേൽ 34
34
1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, യിസ്രായേലിന്റെ ഇടയന്മാരെക്കുറിച്ചു പ്രവചിക്ക; നീ പ്രവചിച്ച് അവരോട്, ഇടയന്മാരോടു തന്നെ, പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ മേയിക്കുന്ന യിസ്രായേലിന്റെ ഇടയന്മാർക്ക് അയ്യോ കഷ്ടം! ആടുകളെ അല്ലയോ ഇടയന്മാർ മേയിക്കേണ്ടത്? 3നിങ്ങൾ മേദസ്സു തിന്നുകയും ആട്ടുരോമം ഉടുക്കയും തടിച്ചിരിക്കുന്നവയെ അറുക്കയും ചെയ്യുന്നു; ആടുകളെ നിങ്ങൾ മേയിക്കുന്നില്ലതാനും. 4നിങ്ങൾ ബലഹീനമായതിനെ ശക്തീകരിക്കയോ ദീനം പിടിച്ചതിനെ ചികിത്സിക്കയോ ഒടിഞ്ഞതിനെ മുറിവുകെട്ടുകയോ ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കയോ ചെയ്യാതെ കഠിനതയോടും ക്രൂരതയോടുംകൂടെ അവയെ ഭരിച്ചിരിക്കുന്നു. 5ഇടയൻ ഇല്ലായ്കകൊണ്ട് അവ ചിതറിപ്പോയി; ചിതറിപ്പോയിട്ട് അവ കാട്ടിലെ സകല മൃഗങ്ങൾക്കും ഇരയായിത്തീർന്നു. 6എന്റെ ആടുകൾ എല്ലാ മലകളിലും ഉയരമുള്ള എല്ലാ കുന്നിന്മേലും ഉഴന്നുനടന്നു; ഭൂതലത്തിലൊക്കെയും എന്റെ ആടുകൾ ചിതറിപ്പോയി; ആരും അവയെ തിരകയോ അന്വേഷിക്കയോ ചെയ്തിട്ടില്ല. 7അതുകൊണ്ട് ഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ; 8എന്നാണ, ഇടയനില്ലായ്കകൊണ്ടത്രേ എന്റെ ആടുകൾ കവർച്ചയായിപ്പോകയും എന്റെ ആടുകൾ കാട്ടിലെ സകല മൃഗത്തിനും ഇരയായിത്തീരുകയും ചെയ്തത് എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്; എന്റെ ഇടയന്മാർ എന്റെ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നെ മേയിക്കയും ആടുകളെ മേയിക്കാതെയിരിക്കയും ചെയ്കകൊണ്ട്, 9ഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ: 10യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു; ഞാൻ എന്റെ ആടുകളെ അവരുടെ കൈയിൽനിന്നു ചോദിച്ചു, ആടുകളെ മേയിക്കുന്ന വേലയിൽനിന്ന് അവരെ നീക്കിക്കളയും; ഇടയന്മാർ ഇനി തങ്ങളെത്തന്നെ മേയിക്കയില്ല; എന്റെ ആടുകൾ അവർക്ക് ഇരയാകാതെയിരിക്കേണ്ടതിനു ഞാൻ അവയെ അവരുടെ വായിൽനിന്നു വിടുവിക്കും.
11യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻതന്നെ എന്റെ ആടുകളെ തിരഞ്ഞുനോക്കും. 12ഒരു ഇടയൻ ചിതറിപ്പോയിരിക്കുന്ന തന്റെ ആടുകളുടെ ഇടയിൽ ഇരിക്കുന്ന നാളിൽ തന്റെ ആട്ടിൻകൂട്ടത്തെ അന്വേഷിക്കുന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിച്ചു, അവ കാറും കറുപ്പുമുള്ള ദിവസത്തിൽ ചിതറിപ്പോയ സകല സ്ഥലങ്ങളിലുംനിന്ന് അവയെ വിടുവിക്കും. 13ഞാൻ അവയെ ജാതികളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ച് ദേശങ്ങളിൽനിന്നു ശേഖരിച്ചു സ്വദേശത്തു കൊണ്ടുവന്നു യിസ്രായേൽമലകളിലും നദീതീരങ്ങളിലും ദേശത്തിലെ സകല വാസസ്ഥലങ്ങളിലും മേയിക്കും. 14നല്ല മേച്ചൽപ്പുറത്തു ഞാൻ അവയെ മേയിക്കും; യിസ്രായേലിന്റെ ഉയർന്ന മലകൾ അവയ്ക്കു കിടപ്പിടം ആയിരിക്കും; അവിടെ അവ നല്ല കിടപ്പിടത്തു കിടക്കുകയും യിസ്രായേൽമലകളിലെ പുഷ്ടിയുള്ള മേച്ചൽപ്പുറത്തു മേയുകയും ചെയ്യും. 15ഞാൻ തന്നെ എന്റെ ആടുകളെ മേയിക്കയും കിടത്തുകയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 16കാണാതെ പോയതിനെ ഞാൻ അന്വേഷിക്കയും ഓടിച്ചുകളഞ്ഞതിനെ തിരിച്ചു വരുത്തുകയും ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദീനം പിടിച്ചതിനെ ശക്തീകരിക്കയും ചെയ്യും; എന്നാൽ കൊഴുത്തതിനെയും ഉരത്തതിനെയും ഞാൻ നശിപ്പിക്കും; ഞാൻ ന്യായത്തോടെ അവയെ മേയിക്കും. 17നിങ്ങളോ, എന്റെ ആടുകളേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആടിനും ആടിനും മധ്യേയും ആട്ടുകൊറ്റന്മാർക്കും കോലാട്ടുകൊറ്റന്മാർക്കും മധ്യേയും ന്യായംവിധിക്കുന്നു. 18നിങ്ങൾ നല്ല മേച്ചൽ മേഞ്ഞിട്ട് മേച്ചലിന്റെ ശേഷിപ്പിനെ കാൽകൊണ്ടു ചവിട്ടിക്കളയുന്നതും തെളിഞ്ഞ വെള്ളം കുടിച്ചിട്ട് ശേഷിപ്പുള്ളതിനെ കാൽകൊണ്ടു കലക്കിക്കളയുന്നതും നിങ്ങൾക്കു പോരായോ? 19നിങ്ങൾ കാൽകൊണ്ടു ചവിട്ടിയത് എന്റെ ആടുകൾ തിന്നുകയും നിങ്ങൾ കാൽകൊണ്ടു കലക്കിയത് അവ കുടിക്കയും ചെയ്യേണമോ? 20അതുകൊണ്ടു യഹോവയായ കർത്താവ് അവയോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ തന്നെ തടിച്ച ആടുകൾക്കും മെലിഞ്ഞ ആടുകൾക്കും മധ്യേ ന്യായം വിധിക്കും. 21ദീനം പിടിച്ചവയെ നിങ്ങൾ പരക്കെ ചിതറിക്കുവോളം പാർശ്വംകൊണ്ടും തോൾകൊണ്ടും ഉന്തി അവയെയൊക്കെയും കൊമ്പുകൊണ്ട് ഇടിക്കുന്നതിനാൽ 22ഞാൻ എന്റെ ആട്ടിൻകൂട്ടത്തെ രക്ഷിക്കും; അവ ഇനി ഇരയായിത്തീരുകയില്ല; ഞാൻ ആടിനും ആടിനും മധ്യേ ന്യായം വിധിക്കും. 23അവയെ മേയിക്കേണ്ടതിനു ഞാൻ ഒരേ ഇടയനെ അവയ്ക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നെ; അവൻ അവയെ മേയിച്ച് അവയ്ക്ക് ഇടയനായിരിക്കും. 24അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു. 25ഞാൻ അവയോട് ഒരു സമാധാനനിയമം ചെയ്തു ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും; അങ്ങനെ അവ മരുഭൂമിയിൽ നിർഭയമായി വസിക്കയും കാടുകളിൽ ഉറങ്ങുകയും ചെയ്യും. 26ഞാൻ അവയെയും എന്റെ കുന്നിനും ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കി വയ്ക്കും; ഞാൻ തക്കസമയത്തു മഴ പെയ്യിക്കും; അത് അനുഗ്രഹകരമായ മഴ ആയിരിക്കും. 27വയലിലെ വൃക്ഷം ഫലം കായിക്കുകയും നിലം നന്നായി വിളകയും അവർ തങ്ങളുടെ ദേശത്തു നിർഭയമായി വസിക്കയും ഞാൻ അവരുടെ നുകക്കഴികളെ പൊട്ടിച്ച്, അവരെക്കൊണ്ടു പണി എടുപ്പിച്ചവരുടെ കൈയിൽനിന്ന് അവരെ വിടുവിക്കയും ചെയ്യുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും. 28അവർ ഇനി ജാതികൾക്കു കവർച്ച ആയിത്തീരുകയില്ല; കാട്ടുമൃഗം അവരെ കടിച്ചു കീറുകയില്ല; അവർ നിർഭയമായി വസിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല. 29ഞാൻ അവർക്കു കീർത്തിയുള്ളൊരു നടുതല വച്ചുണ്ടാക്കും; അവർ ഇനി ദേശത്തു പട്ടിണി കിടന്നു നശിക്കയില്ല; ജാതികളുടെ നിന്ദ ഇനി വഹിക്കയുമില്ല. 30ഇങ്ങനെ അവരുടെ ദൈവമായ യഹോവ എന്ന ഞാൻ അവരോടുകൂടെ ഉണ്ടെന്നും യിസ്രായേൽഗൃഹമായിരിക്കുന്ന അവർ എന്റെ ജനമാകുന്നു എന്നും അവർ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 31എന്നാൽ എന്റെ മേച്ചൽപ്പുറത്തെ ആടുകളായി എന്റെ ആടുകളായുള്ളോരേ, നിങ്ങൾ മനുഷ്യരത്രേ; ഞാനോ നിങ്ങളുടെ ദൈവം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെഹെസ്കേൽ 34: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.