പുറപ്പാട് 7:1-13
പുറപ്പാട് 7:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ മോശെയോട് അരുളിച്ചെയ്തത്: നോക്കൂ, ഞാൻ നിന്നെ ഫറവോനു ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും. ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ പറയേണം; നിന്റെ സഹോദരനായ അഹരോൻ യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാൻ ഫറവോനോടു പറയേണം. എന്നാൽ ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കും; മിസ്രയീംദേശത്ത് എന്റെ അടയാളങ്ങളും അദ്ഭുതങ്ങളും വർധിപ്പിക്കും. ഫറവോൻ നിങ്ങളുടെ വാക്കു കേൾക്കയില്ല; ഞാൻ മിസ്രയീമിന്മേൽ എന്റെ കൈവച്ച് വലിയ ശിക്ഷാവിധികളാൽ എന്റെ ഗണങ്ങളെ, എന്റെ ജനമായ യിസ്രായേൽമക്കളെതന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിക്കും. അങ്ങനെ ഞാൻ എന്റെ കൈ മിസ്രയീമിന്മേൽ നീട്ടി, യിസ്രായേൽമക്കളെ അവരുടെ ഇടയിൽനിന്നു പുറപ്പെടുവിക്കുമ്പോൾ ഞാൻ യഹോവ എന്നു മിസ്രയീമ്യർ അറിയും. മോശെയും അഹരോനും യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അവർ അങ്ങനെതന്നെ ചെയ്തു. അവർ ഫറവോനോടു സംസാരിച്ച കാലത്തു മോശെക്ക് എൺപതു വയസ്സും അഹരോന് എൺപത്തിമൂന്നു വയസ്സും ആയിരുന്നു. യഹോവ മോശെയോടും അഹരോനോടും: ഫറവോൻ നിങ്ങളോട് ഒരു അദ്ഭുതം കാണിപ്പിൻ എന്നു പറഞ്ഞാൽ നീ അഹരോനോട്: നിന്റെ വടി എടുത്തു ഫറവോന്റെ മുമ്പാകെ നിലത്തിടുക എന്നു പറയേണം; അത് ഒരു സർപ്പമായിത്തീരും എന്നു കല്പിച്ചു. അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അഹരോൻ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അതു സർപ്പമായിത്തീർന്നു. അപ്പോൾ ഫറവോൻ വിദ്വാന്മാരെയും ക്ഷുദ്രക്കാരെയും വിളിപ്പിച്ചു; മിസ്രയീമ്യമന്ത്രവാദികളായ ഇവരും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു. അവർ ഓരോരുത്തൻ താന്താന്റെ വടി നിലത്തിട്ടു; അവയും സർപ്പങ്ങളായിത്തീർന്നു; എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു. ഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
പുറപ്പാട് 7:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഞാൻ നിന്നെ ഫറവോയ്ക്ക് ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു; നിന്റെ സഹോദരനായ അഹരോൻ നിനക്കു പ്രവാചകനുമായിരിക്കും. ഞാൻ കല്പിച്ചതെല്ലാം നീ അഹരോനോടു പറയണം; ഇസ്രായേൽജനത്തെ വിട്ടയയ്ക്കാൻ അഹരോൻ ഫറവോയോടു പറയും. ഈജിപ്തിൽ ഞാൻ വളരെ അദ്ഭുതങ്ങളും അടയാളങ്ങളും കാണിക്കും. എന്നാലും ഞാൻ ഫറവോയുടെ ഹൃദയം കഠിനമാക്കും. ഫറവോ നിങ്ങളെ കൂട്ടാക്കുകയില്ല; ഞാൻ ഈജിപ്തിനെ കഠിനമായി ശിക്ഷിച്ച് എന്റെ ജനമായ ഇസ്രായേലിനെ കൂട്ടത്തോടെ മോചിപ്പിക്കും. ഞാൻ എന്റെ കരം ഈജിപ്തിനെതിരെ ഉയർത്തി അവരുടെ ഇടയിൽനിന്ന് എന്റെ ജനമായ ഇസ്രായേലിനെ മോചിപ്പിക്കുമ്പോൾ ഞാനാണു സർവേശ്വരൻ എന്ന് ഈജിപ്തുകാർ അറിയും.” സർവേശ്വരൻ കല്പിച്ചതുപോലെ മോശയും അഹരോനും പ്രവർത്തിച്ചു. ഫറവോയോടു സംസാരിക്കുന്ന കാലത്തു മോശയ്ക്ക് എൺപതും അഹരോന് എൺപത്തിമൂന്നും വയസ്സായിരുന്നു. സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഒരു അടയാളം കാണിക്കുക എന്നു ഫറവോ നിങ്ങളോടാവശ്യപ്പെട്ടാൽ കൈയിലുള്ള വടി ഫറവോയുടെ മുമ്പിലിടാൻ അഹരോനോടു പറയണം; അതു സർപ്പമായിത്തീരും.” മോശയും അഹരോനും ഫറവോയുടെ സന്നിധിയിലെത്തി അവിടുന്നു കല്പിച്ചതുപോലെ ചെയ്തു; ഫറവോയുടെയും ഉദ്യോഗസ്ഥന്മാരുടെയും മുമ്പിൽ അഹരോൻ വടി നിലത്തിട്ടപ്പോൾ അതു സർപ്പമായിത്തീർന്നു. അപ്പോൾ ഫറവോ ഈജിപ്തിലെ വിദ്വാന്മാരെയും മന്ത്രവാദികളെയും വരുത്തി; അവരും ജാലവിദ്യയാൽ അതുപോലെ പ്രവർത്തിച്ചു. അവരും തങ്ങളുടെ വടി നിലത്തിട്ടു; അവയും സർപ്പമായി മാറി. എന്നാൽ അഹരോന്റെ വടി മറ്റു വടികളെയെല്ലാം വിഴുങ്ങിക്കളഞ്ഞു. സർവേശ്വരൻ അരുളിച്ചെയ്തതുപോലെ ഫറവോയുടെ ഹൃദയം കഠിനമായി. അയാൾ അവരെ ശ്രദ്ധിച്ചുമില്ല.
പുറപ്പാട് 7:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ മോശെയോട് അരുളിച്ചെയ്തത്: “നോക്കു, ഞാൻ നിന്നെ ഫറവോന് ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും. ഞാൻ നിന്നോട് കല്പിക്കുന്നതൊക്കെയും നീ പറയേണം; നിന്റെ സഹോദരനായ അഹരോൻ യിസ്രായേൽ മക്കളെ തന്റെ ദേശത്തുനിന്ന് വിട്ടയക്കുവാൻ ഫറവോനോട് പറയേണം. എന്നാൽ ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കും; മിസ്രയീമിൽ ഞാൻ വളരെ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. ഫറവോൻ നിങ്ങളുടെ വാക്ക് കേൾക്കുകയില്ല; ഞാൻ മിസ്രയീമിന്മേൽ എന്റെ കൈവച്ച് വലിയ ശിക്ഷാവിധികളാൽ എന്റെ ഗണങ്ങളെ, എന്റെ ജനമായ യിസ്രായേൽ മക്കളെ തന്നെ, മിസ്രയീമിൽ നിന്ന് പുറപ്പെടുവിക്കും. അങ്ങനെ ഞാൻ എന്റെ കൈ മിസ്രയീമിന്മേൽ നീട്ടി, യിസ്രായേൽ മക്കളെ അവരുടെ ഇടയിൽനിന്ന് പുറപ്പെടുവിക്കുമ്പോൾ ഞാൻ യഹോവ എന്നു മിസ്രയീമ്യർ അറിയും.” മോശെയും അഹരോനും യഹോവ അവരോട് കല്പിച്ചതുപോലെ ചെയ്തു. അവർ അങ്ങനെ തന്നെ ചെയ്തു. അവർ ഫറവോനോട് സംസാരിച്ച കാലത്ത് മോശെയ്ക്ക് എൺപത് വയസ്സും അഹരോന് എൺപത്തിമൂന്ന് വയസ്സും ആയിരുന്നു. യഹോവ മോശെയോടും അഹരോനോടും: “ഫറവോൻ നിങ്ങളോട് ഒരു അത്ഭുതം കാണിക്കുവീൻ” എന്നു പറഞ്ഞാൽ നീ അഹരോനോട്: ‘നിന്റെ വടി എടുത്ത് ഫറവോന്റെ മുമ്പാകെ നിലത്തിടുക’ എന്നു പറയേണം; അത് ഒരു സർപ്പമായിത്തീരും” എന്നു കല്പിച്ചു. അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു യഹോവ അവരോട് കല്പിച്ചത് പോലെ ചെയ്തു. അഹരോൻ തന്റെ വടി ഫറവോൻ്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അത് സർപ്പമായിത്തീർന്നു. അപ്പോൾ ഫറവോൻ വിദ്വാന്മാരെയും മന്ത്രവാദികളെയും വിളിപ്പിച്ചു; മിസ്രയീമിലെ മന്ത്രവാദികളായ ഇവരും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു. അവർ ഓരോരുത്തൻ അവനവന്റെ വടി നിലത്തിട്ടു; അവയും സർപ്പങ്ങളായിത്തീർന്നു; എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു. ഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
പുറപ്പാട് 7:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ മോശെയോടു അരുളിച്ചെയ്തതു: നോക്കു, ഞാൻ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും. ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ പറയേണം; നിന്റെ സഹോദരനായ അഹരോൻ യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാൻ ഫറവോനോടു പറയേണം. എന്നാൽ ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കും; മിസ്രയീംദേശത്തു എന്റെ അടയാളങ്ങളും അത്ഭുതങ്ങളും പെരുക്കും. ഫറവോൻ നിങ്ങളുടെ വാക്കു കേൾക്കയില്ല; ഞാൻ മിസ്രയീമിന്മേൽ എന്റെ കൈവെച്ചു വലിയ ശിക്ഷാവിധികളാൽ എന്റെ ഗണങ്ങളെ, എന്റെ ജനമായ യിസ്രായേൽമക്കളെ തന്നേ, മിസ്രയിംദേശത്തുനിന്നു പുറപ്പെടുവിക്കും. അങ്ങനെ ഞാൻ എന്റെ കൈ മിസ്രയീമിന്മേൽ നീട്ടി, യിസ്രായേൽമക്കളെ അവരുടെ ഇടയിൽനിന്നു പുറപ്പെടുവിക്കുമ്പോൾ ഞാൻ യഹോവ എന്നു മിസ്രയീമ്യർ അറിയും. മോശെയും അഹരോനും യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അവർ അങ്ങനെ തന്നേ ചെയ്തു. അവർ ഫറവോനോടു സംസാരിച്ച കാലത്തു മോശെക്കു എൺപതു വയസ്സും അഹരോന്നു എൺപത്തുമൂന്നു വയസ്സും ആയിരുന്നു. യഹോവ മോശെയോടും അഹരോനോടും: ഫറവോൻ നിങ്ങളോടു ഒരു അത്ഭുതം കാണിപ്പിൻ എന്നു പറഞ്ഞാൽ നീ അഹരോനോടു: നിന്റെ വടി എടുത്തു ഫറവോന്റെ മുമ്പാകെ നിലത്തിടുക എന്നു പറയേണം; അതു ഒരു സർപ്പമായ്തീരും എന്നു കല്പിച്ചു. അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതു പോലെ ചെയ്തു. അഹരോൻ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അതു സർപ്പമായ്തീർന്നു. അപ്പോൾ ഫറവോൻ വിദ്വാന്മാരെയും ക്ഷുദ്രക്കാരെയും വിളിപ്പിച്ചു; മിസ്രയീമ്യമന്ത്രവാദികളായ ഇവരും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു. അവർ ഓരോരുത്തൻ താന്താന്റെ വടി നിലത്തിട്ടു; അവയും സർപ്പങ്ങളായ്തീർന്നു; എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു. ഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
പുറപ്പാട് 7:1-13 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു: “ഇതാ, ഞാൻ നിന്നെ ഫറവോനു ദൈവമാക്കിയിരിക്കുന്നു. നിന്റെ സഹോദരനായ അഹരോൻ നിനക്കു പ്രവാചകൻ ആയിരിക്കും. ഞാൻ നിന്നോടു കൽപ്പിക്കുന്നതെല്ലാം നീ സംസാരിക്കണം; ഇസ്രായേൽമക്കളെ അവന്റെ ദേശത്തുനിന്നു വിട്ടയയ്ക്കണമെന്നു ഫറവോനോട് നിന്റെ സഹോദരനായ അഹരോൻ പറയണം. എന്നാൽ ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കും: ഈജിപ്റ്റിൽ ഞാൻ എന്റെ ചിഹ്നങ്ങളും അത്ഭുതങ്ങളും വർധിപ്പിക്കും. എന്നാൽ ഫറവോൻ നിന്റെ വാക്കു കേൾക്കുകയില്ല. ഞാൻ ഈജിപ്റ്റിന്മേൽ കൈവെച്ച് മഹാശിക്ഷാവിധികളോടെ എന്റെ ഗണങ്ങളെ, എന്റെ ജനമായ ഇസ്രായേൽമക്കളെ, ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിക്കും. ഈജിപ്റ്റിനെതിരേ കൈനീട്ടി ഇസ്രായേൽമക്കളെ അവരുടെ മധ്യേനിന്നു വിടുവിക്കുമ്പോൾ, ഞാൻ യഹോവ ആകുന്നു എന്ന് ഈജിപ്റ്റുകാർ അറിയും.” മോശയും അഹരോനും യഹോവ തങ്ങളോടു കൽപ്പിച്ചിരുന്നതുപോലെ പ്രവർത്തിച്ചു. അവർ ഫറവോനോടു സംസാരിക്കുന്ന കാലത്ത് മോശയ്ക്ക് എൺപതും അഹരോന് എൺപത്തിമൂന്നും വയസ്സായിരുന്നു. യഹോവ മോശയോടും അഹരോനോടും, “ ‘നിങ്ങൾ ഒരു അത്ഭുതം കാണിക്കുക’ എന്നു ഫറവോൻ നിങ്ങളോടു പറയുമ്പോൾ, ‘നിന്റെ വടിയെടുത്ത് ഫറവോന്റെയും അയാളുടെ ഉദ്യോഗസ്ഥന്മാരുടെയും മുമ്പാകെ നിലത്തിടുക’ എന്ന് അഹരോനോടു പറയണം, അതൊരു പാമ്പായിത്തീരും” എന്ന് അരുളിച്ചെയ്തു. അങ്ങനെ മോശയും അഹരോനും ഫറവോന്റെ അടുക്കൽ എത്തി, യഹോവ കൽപ്പിച്ചതുപോലെ പ്രവർത്തിച്ചു. അഹരോൻ തന്റെ വടി ഫറവോന്റെയും അയാളുടെ ഉദ്യോഗസ്ഥരുടെയും മുമ്പാകെ നിലത്തിട്ടു, അതൊരു പാമ്പായിത്തീർന്നു. ഫറവോൻ ജ്ഞാനികളെയും ആഭിചാരകന്മാരെയും വരുത്തി, ഈജിപ്റ്റിലെ മാന്ത്രികന്മാരും തങ്ങളുടെ മന്ത്രവിദ്യയാൽ അതേ പ്രവൃത്തി ചെയ്തു. ഓരോരുത്തനും അവനവന്റെ വടി നിലത്തിടുകയും അതു പാമ്പായിത്തീരുകയും ചെയ്തു. എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു. എങ്കിലും അയാൾ അവരുടെ വാക്കു കേട്ടില്ല. യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനമായി.