സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഞാൻ നിന്നെ ഫറവോയ്‍ക്ക് ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു; നിന്റെ സഹോദരനായ അഹരോൻ നിനക്കു പ്രവാചകനുമായിരിക്കും. ഞാൻ കല്പിച്ചതെല്ലാം നീ അഹരോനോടു പറയണം; ഇസ്രായേൽജനത്തെ വിട്ടയയ്‍ക്കാൻ അഹരോൻ ഫറവോയോടു പറയും. ഈജിപ്തിൽ ഞാൻ വളരെ അദ്ഭുതങ്ങളും അടയാളങ്ങളും കാണിക്കും. എന്നാലും ഞാൻ ഫറവോയുടെ ഹൃദയം കഠിനമാക്കും. ഫറവോ നിങ്ങളെ കൂട്ടാക്കുകയില്ല; ഞാൻ ഈജിപ്തിനെ കഠിനമായി ശിക്ഷിച്ച് എന്റെ ജനമായ ഇസ്രായേലിനെ കൂട്ടത്തോടെ മോചിപ്പിക്കും. ഞാൻ എന്റെ കരം ഈജിപ്തിനെതിരെ ഉയർത്തി അവരുടെ ഇടയിൽനിന്ന് എന്റെ ജനമായ ഇസ്രായേലിനെ മോചിപ്പിക്കുമ്പോൾ ഞാനാണു സർവേശ്വരൻ എന്ന് ഈജിപ്തുകാർ അറിയും.” സർവേശ്വരൻ കല്പിച്ചതുപോലെ മോശയും അഹരോനും പ്രവർത്തിച്ചു. ഫറവോയോടു സംസാരിക്കുന്ന കാലത്തു മോശയ്‍ക്ക് എൺപതും അഹരോന് എൺപത്തിമൂന്നും വയസ്സായിരുന്നു. സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഒരു അടയാളം കാണിക്കുക എന്നു ഫറവോ നിങ്ങളോടാവശ്യപ്പെട്ടാൽ കൈയിലുള്ള വടി ഫറവോയുടെ മുമ്പിലിടാൻ അഹരോനോടു പറയണം; അതു സർപ്പമായിത്തീരും.” മോശയും അഹരോനും ഫറവോയുടെ സന്നിധിയിലെത്തി അവിടുന്നു കല്പിച്ചതുപോലെ ചെയ്തു; ഫറവോയുടെയും ഉദ്യോഗസ്ഥന്മാരുടെയും മുമ്പിൽ അഹരോൻ വടി നിലത്തിട്ടപ്പോൾ അതു സർപ്പമായിത്തീർന്നു. അപ്പോൾ ഫറവോ ഈജിപ്തിലെ വിദ്വാന്മാരെയും മന്ത്രവാദികളെയും വരുത്തി; അവരും ജാലവിദ്യയാൽ അതുപോലെ പ്രവർത്തിച്ചു. അവരും തങ്ങളുടെ വടി നിലത്തിട്ടു; അവയും സർപ്പമായി മാറി. എന്നാൽ അഹരോന്റെ വടി മറ്റു വടികളെയെല്ലാം വിഴുങ്ങിക്കളഞ്ഞു. സർവേശ്വരൻ അരുളിച്ചെയ്തതുപോലെ ഫറവോയുടെ ഹൃദയം കഠിനമായി. അയാൾ അവരെ ശ്രദ്ധിച്ചുമില്ല.
EXODUS 7 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EXODUS 7:1-13
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ