പുറപ്പാട് 5:1-9
പുറപ്പാട് 5:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന്റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോട്: മരുഭൂമിയിൽ എനിക്ക് ഉത്സവം കഴിക്കേണ്ടതിന് എന്റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു. അതിനു ഫറവോൻ: യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്ക് കേൾക്കേണ്ടതിന് അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയയ്ക്കയും ഇല്ല എന്നു പറഞ്ഞു. അതിന് അവർ: എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷനായി വന്നിരിക്കുന്നു; അവൻ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിനു ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ പോയി, ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗം കഴിക്കട്ടെ എന്നു പറഞ്ഞു. മിസ്രയീംരാജാവ് അവരോട്: മോശേ, അഹരോനേ, നിങ്ങൾ ജനങ്ങളെ വേല മിനക്കെടുത്തുന്നത് എന്ത്? നിങ്ങളുടെ ഊഴിയവേലയ്ക്കു പോകുവിൻ എന്നു പറഞ്ഞു. ദേശത്തു ജനം ഇപ്പോൾ വളരെ ആകുന്നു; നിങ്ങൾ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു എന്നും ഫറവോൻ പറഞ്ഞു. അന്നു ഫറവോൻ ജനത്തിന്റെ ഊഴിയവിചാരകന്മാരോടും പ്രമാണികളോടും കല്പിച്ചത് എന്തെന്നാൽ: ഇഷ്ടക ഉണ്ടാക്കുവാൻ ജനത്തിനു മുമ്പിലത്തെപ്പോലെ ഇനി വയ്ക്കോൽ കൊടുക്കരുത്; അവർ തന്നെ പോയി വയ്ക്കോൽ ശേഖരിക്കട്ടെ. എങ്കിലും ഇഷ്ടകയുടെ കണക്കു മുമ്പിലത്തെപ്പോലെതന്നെ അവരുടെമേൽ ചുമത്തേണം; ഒട്ടും കുറയ്ക്കരുത്. അവർ മടിയന്മാർ; അതുകൊണ്ടാകുന്നു: ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിനു യാഗം കഴിക്കട്ടെ എന്നു നിലവിളിക്കുന്നത്. അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവർ അതിൽ കഷ്ടപ്പെടട്ടെ; അവർ വ്യാജവാക്കുകൾ കേൾക്കരുത്.
പുറപ്പാട് 5:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മോശയും അഹരോനും ഫറവോയുടെ അടുക്കൽ ചെന്നു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ ഇപ്രകാരം കല്പിക്കുന്നു: മരുഭൂമിയിൽ എനിക്ക് ഒരു ഉത്സവം ആഘോഷിക്കുന്നതിന് എന്റെ ജനത്തെ വിട്ടയയ്‍ക്കുക.” ഫറവോ ചോദിച്ചു: “ആരാണീ സർവേശ്വരൻ? അവന്റെ വാക്കുകേട്ട് ഞാൻ ഇസ്രായേൽജനത്തെ വിട്ടയയ്‍ക്കണമോ? സർവേശ്വരനെ ഞാൻ അറിയുകയില്ല. ഇസ്രായേൽജനത്തെ ഞാൻ വിട്ടയയ്‍ക്കുകയുമില്ല.” അപ്പോൾ അവർ പറഞ്ഞു: “എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷപ്പെട്ടു. മൂന്നു ദിവസത്തെ വഴി ദൂരം പോയി മരുഭൂമിയിൽ ഞങ്ങളുടെ ദൈവമായ സർവേശ്വരനു യാഗമർപ്പിക്കാൻ ഞങ്ങളെ വിട്ടയയ്‍ക്കണമെന്ന് അപേക്ഷിക്കുന്നു; അല്ലെങ്കിൽ മഹാമാരികൊണ്ടോ വാളുകൊണ്ടോ അവിടുന്നു ഞങ്ങളെ നശിപ്പിക്കും.” എന്നാൽ ഈജിപ്തിലെ രാജാവ് പറഞ്ഞു: “മോശേ, അഹരോനേ! നിങ്ങൾ ജനങ്ങളുടെ ജോലിക്കു മുടക്കം വരുത്തുന്നതെന്തിന്? നിങ്ങൾ നിങ്ങളുടെ പണി നോക്കുക.” ദേശത്ത് ജനങ്ങൾ പെരുകിയിരിക്കുകയാണ്; നിങ്ങൾ അവരുടെ വേല കൂടി മുടക്കുകയാണോ?” അന്നുതന്നെ ഫറവോ ജനങ്ങളുടെമേൽ നിയമിക്കപ്പെട്ടിരിക്കുന്ന മർദകരായ മേൽനോട്ടക്കാരെയും അധികാരികളെയും വിളിച്ചു കല്പിച്ചു: ഇഷ്‍ടിക ഉണ്ടാക്കാൻ നിങ്ങൾ ഇനിമേൽ വയ്‍ക്കോൽ കൊടുക്കണ്ട; അവർതന്നെ പോയി അതു ശേഖരിക്കട്ടെ. എന്നാൽ ഇഷ്‍ടികയുടെ എണ്ണം കുറയാൻ സമ്മതിക്കരുത്. അവർ മടിയന്മാരാണ്. അതുകൊണ്ടാണു പോയി ദൈവത്തിനു യാഗമർപ്പിക്കട്ടെ എന്നു മുറവിളി കൂട്ടുന്നത്. അവരുടെ ജോലിഭാരം കൂട്ടുക. കപടവാക്കുകൾ ശ്രദ്ധിക്കാൻ ഇടകിട്ടാത്തവിധം അവർ ജോലിയിൽ മുഴുകട്ടെ.”
പുറപ്പാട് 5:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിന്‍റെശേഷം മോശെയും അഹരോനും ഫറവോനോട്: “മരുഭൂമിയിൽ എനിക്ക് ഉത്സവം നടത്തേണ്ടതിന് എന്‍റെ ജനത്തെ വിട്ടയയ്ക്കേണം എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ കല്പിക്കുന്നു” എന്നു പറഞ്ഞു. അതിന് ഫറവോൻ: “യിസ്രായേലിനെ വിട്ടയയ്ക്കുവാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്ക് കേൾക്കേണ്ടതിന് അവൻ ആർ? ഞാൻ യഹോവയെ അറിയുകയില്ല; ഞാൻ യിസ്രായേലിനെ വിട്ടയയ്ക്കയുമില്ല” എന്നു പറഞ്ഞു. അതിന് അവർ: “എബ്രായരുടെ ദൈവം ഞങ്ങൾക്ക് പ്രത്യക്ഷപ്പെട്ടു; അവൻ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന് ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ പോയി, ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കട്ടെ” എന്നു പറഞ്ഞു. മിസ്രയീമിലെ രാജാവ് അവരോട്: “മോശേ, അഹരോനേ, നിങ്ങൾ ജനങ്ങളുടെ വേല മിനക്കെടുത്തുന്നത് എന്തിനാണ്? നിങ്ങൾ നിങ്ങളുടെ വേലയ്ക്ക് പോകുവിൻ” എന്നു പറഞ്ഞു. “ദേശത്ത് ജനം ഇപ്പോൾ വളരെ ആകുന്നു; നിങ്ങൾ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു” എന്നും ഫറവോൻ പറഞ്ഞു. അന്നു ഫറവോൻ ജനത്തിന്റെ ഊഴിയവിചാരകന്മാരോടും പ്രമാണികളോടും ഇപ്രകാരം കല്പിച്ചു: “ഇഷ്ടിക ഉണ്ടാക്കുവാൻ ജനത്തിന് മുമ്പിലത്തെപ്പോലെ ഇനി വൈക്കോൽ കൊടുക്കരുത്; അവർ തന്നെ പോയി വൈക്കോൽ ശേഖരിക്കട്ടെ. എങ്കിലും ഇഷ്ടികയുടെ കണക്ക് മുമ്പിലത്തെപ്പോലെ തന്നെ ആയിരിക്കേണം; ഒട്ടും കുറയ്ക്കരുത്. അവർ മടിയന്മാർ; അതുകൊണ്ടാകുന്നു: ‘ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിന് യാഗം കഴിക്കട്ടെ’ എന്നു നിലവിളിക്കുന്നത്. അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവർ അതിൽ കഷ്ടപ്പെടട്ടെ; അവർ വ്യാജവാക്കുകൾ കേൾക്കരുത്.
പുറപ്പാട് 5:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടു: മരുഭൂമിയിൽ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു. അതിന്നു ഫറവോൻ: യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല എന്നു പറഞ്ഞു. അതിന്നു അവർ: എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷനായ്‌വന്നിരിക്കുന്നു; അവൻ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ പോയി, ഞങ്ങളുടെ ദൈവമായ യഹോവെക്കു യാഗം കഴിക്കട്ടെ എന്നു പറഞ്ഞു. മിസ്രയീംരാജാവു അവരോടു: മോശേ, അഹരോനേ, നിങ്ങൾ ജനങ്ങളെ വേല മിനക്കെടുത്തുന്നതു എന്തു? നിങ്ങളുടെ ഊഴിയവേലെക്കു പോകുവിൻ എന്നു പറഞ്ഞു. ദേശത്തു ജനം ഇപ്പോൾ വളരെ ആകുന്നു; നിങ്ങൾ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു എന്നും ഫറവോൻ പറഞ്ഞു. അന്നു ഫറവോൻ ജനത്തിന്റെ ഊഴിയവിചാരകന്മാരോടും പ്രമാണികളോടും കല്പിച്ചതു എന്തെന്നാൽ: ഇഷ്ടിക ഉണ്ടാക്കുവാൻ ജനത്തിന്നു മുമ്പിലത്തെപ്പോലെ ഇനി വൈക്കോൽ കൊടുക്കരുതു; അവർ തന്നേ പോയി വൈക്കോൽ ശേഖരിക്കട്ടെ. എങ്കിലും ഇഷ്ടികയുടെ കണക്കു മുമ്പിലത്തെപ്പോലെ തന്നേ അവരുടെ മേൽ ചുമത്തേണം; ഒട്ടും കുറെക്കരുതു. അവർ മടിയന്മാർ; അതുകൊണ്ടാകുന്നു: ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിന്നു യാഗം കഴിക്കട്ടെ എന്നു നിലവിളിക്കുന്നതു. അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവർ അതിൽ കഷ്ടപ്പെടട്ടെ
പുറപ്പാട് 5:1-9 സമകാലിക മലയാളവിവർത്തനം (MCV)
അതിനുശേഷം മോശയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്ന്, “എന്റെ ജനം മരുഭൂമിയിൽ എനിക്കൊരു ഉത്സവം ആചരിക്കേണ്ടതിന് അവരെ വിട്ടയയ്ക്കുക എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു. അതിനു ഫറവോൻ, “ഞാൻ യഹോവയെ അനുസരിക്കേണ്ടതിനും ഇസ്രായേലിനെ വിട്ടയയ്ക്കേണ്ടതിനും അവൻ ആര്? യഹോവയെ ഞാൻ അറിയുന്നില്ല, ഇസ്രായേലിനെ ഞാൻ വിട്ടയയ്ക്കുകയുമില്ല” എന്നു പറഞ്ഞു. അപ്പോൾ അവർ, “എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷനായിരിക്കുന്നു. ഇപ്പോൾ മരുഭൂമിയിൽ മൂന്നുദിവസത്തെ ദൂരം യാത്രചെയ്തു ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗം കഴിക്കാൻ ഞങ്ങളെ അനുവദിക്കണം; അല്ലെങ്കിൽ അവിടന്നു മഹാമാരിയാലോ വാളിനാലോ ഞങ്ങളെ പീഡിപ്പിച്ചേക്കാം” എന്നു പറഞ്ഞു. എന്നാൽ ഈജിപ്റ്റുരാജാവ്, “മോശയേ, അഹരോനേ, നിങ്ങൾ ജനങ്ങളെ അവരുടെ വേലയിൽ തടസ്സപ്പെടുത്തുന്നത് എന്തിന്? നിങ്ങളുടെ ജോലിയിലേക്കു മടങ്ങിപ്പോകുക!” എന്നു കൽപ്പിച്ചു. ഫറവോൻ വീണ്ടും പറഞ്ഞു: “ഇതാ, ഈ ദേശത്തു ജനങ്ങൾ അസംഖ്യമായിരിക്കുന്നു, പണിയെടുക്കുന്നതിൽനിന്ന് നിങ്ങൾ അവരെ തടസ്സപ്പെടുത്തുകയാണ്.” ഫറവോൻ അന്നുതന്നെ ജനത്തിന്റെമേൽ ആക്കിവെച്ചിരിക്കുന്ന അടിമകളുടെ മേൽനോട്ടക്കാർക്കും അവർക്കുമീതേയുള്ള അധികാരികൾക്കും ഇപ്രകാരം കൽപ്പനകൊടുത്തു: “നിങ്ങൾ ഇനിമുതൽ ജനങ്ങൾക്ക് ഇഷ്ടികയുണ്ടാക്കാൻ വൈക്കോൽ കൊടുക്കരുത്; അവർതന്നെ പോയി ആവശ്യമുള്ള വൈക്കോൽ ശേഖരിക്കട്ടെ. എന്നാൽ നേരത്തേ ഉണ്ടായിരുന്നത്രയും ഇഷ്ടിക ഉണ്ടാക്കാൻ അവരോട് ആവശ്യപ്പെടണം; എണ്ണം കുറയ്ക്കരുത്. അവർ അലസന്മാരാണ്, അതുകൊണ്ടാകുന്നു ‘ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിനു യാഗം കഴിക്കട്ടെ’ എന്ന് അവർ മുറവിളി കൂട്ടുന്നത്. അവർക്കു ജോലി കുറെക്കൂടി കഠിനമാക്കിക്കൊടുക്കണം, അങ്ങനെ അവർ വ്യാജവാക്കുകളിൽ ശ്രദ്ധിക്കാതെ പണിയെടുത്തുകൊണ്ടേയിരിക്കട്ടെ.”