EXODUS 5:1-9

EXODUS 5:1-9 MALCLBSI

മോശയും അഹരോനും ഫറവോയുടെ അടുക്കൽ ചെന്നു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ ഇപ്രകാരം കല്പിക്കുന്നു: മരുഭൂമിയിൽ എനിക്ക് ഒരു ഉത്സവം ആഘോഷിക്കുന്നതിന് എന്റെ ജനത്തെ വിട്ടയയ്‍ക്കുക.” ഫറവോ ചോദിച്ചു: “ആരാണീ സർവേശ്വരൻ? അവന്റെ വാക്കുകേട്ട് ഞാൻ ഇസ്രായേൽജനത്തെ വിട്ടയയ്‍ക്കണമോ? സർവേശ്വരനെ ഞാൻ അറിയുകയില്ല. ഇസ്രായേൽജനത്തെ ഞാൻ വിട്ടയയ്‍ക്കുകയുമില്ല.” അപ്പോൾ അവർ പറഞ്ഞു: “എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷപ്പെട്ടു. മൂന്നു ദിവസത്തെ വഴി ദൂരം പോയി മരുഭൂമിയിൽ ഞങ്ങളുടെ ദൈവമായ സർവേശ്വരനു യാഗമർപ്പിക്കാൻ ഞങ്ങളെ വിട്ടയയ്‍ക്കണമെന്ന് അപേക്ഷിക്കുന്നു; അല്ലെങ്കിൽ മഹാമാരികൊണ്ടോ വാളുകൊണ്ടോ അവിടുന്നു ഞങ്ങളെ നശിപ്പിക്കും.” എന്നാൽ ഈജിപ്തിലെ രാജാവ് പറഞ്ഞു: “മോശേ, അഹരോനേ! നിങ്ങൾ ജനങ്ങളുടെ ജോലിക്കു മുടക്കം വരുത്തുന്നതെന്തിന്? നിങ്ങൾ നിങ്ങളുടെ പണി നോക്കുക.” ദേശത്ത് ജനങ്ങൾ പെരുകിയിരിക്കുകയാണ്; നിങ്ങൾ അവരുടെ വേല കൂടി മുടക്കുകയാണോ?” അന്നുതന്നെ ഫറവോ ജനങ്ങളുടെമേൽ നിയമിക്കപ്പെട്ടിരിക്കുന്ന മർദകരായ മേൽനോട്ടക്കാരെയും അധികാരികളെയും വിളിച്ചു കല്പിച്ചു: ഇഷ്‍ടിക ഉണ്ടാക്കാൻ നിങ്ങൾ ഇനിമേൽ വയ്‍ക്കോൽ കൊടുക്കണ്ട; അവർതന്നെ പോയി അതു ശേഖരിക്കട്ടെ. എന്നാൽ ഇഷ്‍ടികയുടെ എണ്ണം കുറയാൻ സമ്മതിക്കരുത്. അവർ മടിയന്മാരാണ്. അതുകൊണ്ടാണു പോയി ദൈവത്തിനു യാഗമർപ്പിക്കട്ടെ എന്നു മുറവിളി കൂട്ടുന്നത്. അവരുടെ ജോലിഭാരം കൂട്ടുക. കപടവാക്കുകൾ ശ്രദ്ധിക്കാൻ ഇടകിട്ടാത്തവിധം അവർ ജോലിയിൽ മുഴുകട്ടെ.”

EXODUS 5 വായിക്കുക

EXODUS 5:1-9 - നുള്ള വീഡിയോ