പുറപ്പാട് 35:10-21
പുറപ്പാട് 35:10-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങളിൽ ജ്ഞാനികളായ എല്ലാവരും വന്നു യഹോവ കല്പിച്ചിരിക്കുന്നതൊക്കെയും ഉണ്ടാക്കേണം. തിരുനിവാസം, അതിന്റെ മൂടുവിരി, പുറമൂടി, കൊളുത്തുകൾ, പലകകൾ, അന്താഴങ്ങൾ, തൂണുകൾ, ചുവടുകൾ, പെട്ടകം, അതിന്റെ തണ്ടുകൾ, കൃപാസനം, മറയുടെ തിരശ്ശീല, മേശ, അതിന്റെ തണ്ടുകൾ, ഉപകരണങ്ങളൊക്കെയും, കാഴ്ചയപ്പം, വെളിച്ചത്തിനു നിലവിളക്ക്, അതിന്റെ ഉപകരണങ്ങൾ, അതിന്റെ ദീപങ്ങൾ, വിളക്കിന് എണ്ണ, ധൂപപീഠം, അതിന്റെ തണ്ടുകൾ, അഭിഷേകതൈലം, സുഗന്ധധൂപവർഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശനവാതിലിന്റെ മറശ്ശീല, ഹോമയാഗപീഠം, അതിന്റെ താമ്രജാലം, തണ്ടുകൾ, അതിന്റെ ഉപകരണങ്ങളൊക്കെയും, തൊട്ടി, അതിന്റെ കാൽ, പ്രാകാരത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകൾ, ചുവടുകൾ, പ്രാകാരവാതിലിന്റെ മറ, തിരുനിവാസത്തിന്റെ കുറ്റികൾ, പ്രാകാരത്തിന്റെ കുറ്റികൾ, അവയുടെ കയറുകൾ, വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്വാൻ വിശേഷവസ്ത്രങ്ങൾ, പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷയ്ക്കായി അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവ തന്നെ. അപ്പോൾ യിസ്രായേൽമക്കളുടെ സർവസഭയും മോശെയുടെ മുമ്പിൽനിന്നു പുറപ്പെട്ടു. ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താൽപര്യവും തോന്നിയവൻ എല്ലാം സമാഗമനകൂടാരത്തിന്റെ പ്രവൃത്തിക്കും അതിന്റെ സകല ശുശ്രൂഷയ്ക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവയ്ക്ക് വഴിപാട് കൊണ്ടുവന്നു.
പുറപ്പാട് 35:10-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“നിങ്ങളിൽ ശില്പവൈദഗ്ദ്ധ്യമുള്ളവർ മുമ്പോട്ടു വന്നു സർവേശ്വരൻ കല്പിക്കുന്നതെല്ലാം ഉണ്ടാക്കണം. തിരുസാന്നിധ്യകൂടാരം, അതിന്റെ മൂടുവിരി, കൊളുത്തുകൾ, ചട്ടങ്ങൾ, അഴികൾ, തൂണുകൾ, തൂണുകളുടെ ചുവടുകൾ, പെട്ടകം, അതിന്റെ തണ്ടുകൾ, പെട്ടകത്തിന്റെ മൂടി, തിരശ്ശീല, മേശ, അതിന്റെ തണ്ടുകളും ഉപകരണങ്ങളും, കാഴ്ചയപ്പം, വിളക്കിന്റെ തണ്ടും ഉപകരണങ്ങളും, വിളക്കുകൾ, വിളക്കെണ്ണ, ധൂപപീഠം അതിന്റെ ഉപകരണങ്ങൾ, അഭിഷേകതൈലം, ധൂപക്കൂട്ട്, തിരുസാന്നിധ്യകൂടാരവാതിലിന്റെ തിരശ്ശീല, ഹോമയാഗപീഠം, അതിന്റെ ഓടുകൊണ്ടുള്ള അഴിക്കൂടും തണ്ടുകളും ഉപകരണങ്ങളും, തൊട്ടിയും അതിന്റെ പീഠവും, അങ്കണകവാടത്തിന്റെ തിരശ്ശീലകളും തൂണുകളും തൂണുകളുടെ ചുവടുകളും, പ്രവേശനകവാടത്തിന്റെ തിരശ്ശീല, കൂടാരത്തിനും അങ്കണത്തിനുംവേണ്ട കുറ്റികളും, അവയുടെ കയറുകൾ, വിശുദ്ധസ്ഥലത്തു പുരോഹിതന്മാർ ശുശ്രൂഷയ്‍ക്കു ധരിക്കുന്ന വസ്ത്രങ്ങൾ, അഹരോനും പുത്രന്മാർക്കും വേണ്ട പുരോഹിതവസ്ത്രങ്ങൾ എന്നിവ ഉണ്ടാക്കണം. പിന്നീട് ഇസ്രായേൽജനം മുഴുവൻ മോശയുടെ സന്നിധിയിൽനിന്നു പോയി. ആന്തരിക പ്രേരണയും ഉദാരമനസ്സും ഉണ്ടായിരുന്ന എല്ലാവരും തിരുസാന്നിധ്യകൂടാരത്തിനും അവിടത്തെ ശുശ്രൂഷയ്‍ക്കും ആവശ്യമായ ഉപകരണങ്ങളും വിശുദ്ധവസ്ത്രങ്ങളും സർവേശ്വരനു വഴിപാടായി കൊണ്ടുവന്നു.
പുറപ്പാട് 35:10-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിങ്ങളിൽ ജ്ഞാനികളായ എല്ലാവരും വന്ന് യഹോവ കല്പിച്ചിരിക്കുന്നത് എല്ലാം ഉണ്ടാക്കേണം. തിരുനിവാസം, അതിന്റെ മൂടുവിരി, പുറമൂടി, കൊളുത്തുകൾ, പലകകൾ, അന്താഴങ്ങൾ, തൂണുകൾ, ചുവടുകൾ, പെട്ടകം, അതിന്റെ തണ്ടുകൾ, കൃപാസനം, മറയുടെ തിരശ്ശീല, മേശ, അതിന്റെ തണ്ടുകൾ, ഉപകരണങ്ങൾ ഒക്കെയും, കാഴ്ചയപ്പം, വെളിച്ചത്തിന് നിലവിളക്ക്, അതിന്റെ ഉപകരണങ്ങൾ, അതിന്റെ ദീപങ്ങൾ, വിളക്കിന് എണ്ണ, ധൂപപീഠം, അതിന്റെ തണ്ടുകൾ, അഭിഷേകതൈലം, സുഗന്ധധൂപവർഗ്ഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശന വാതിലിന്റെ മറശ്ശീല, ഹോമയാഗപീഠം, അതിന്റെ താമ്രജാലം, തണ്ടുകൾ, അതിന്‍റെ ഉപകരണങ്ങളെല്ലാം, തൊട്ടി, അതിന്റെ കാൽ, പ്രാകാരത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകൾ, ചുവടുകൾ, പ്രാകാരവാതിലിൻ്റെ മറ, തിരുനിവാസത്തിന്റെ കുറ്റികൾ, പ്രാകാരത്തിന്റെ കുറ്റികൾ, അവയുടെ കയറുകൾ, വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്യുവാൻ വിശേഷവസ്ത്രങ്ങൾ, പുരോഹിതശുശ്രൂഷയ്ക്കായി അഹരോന്‍റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷയ്ക്കായി അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവ തന്നെ.” അപ്പോൾ യിസ്രായേൽ മക്കളുടെ സർവ്വസഭയും മോശെയുടെ അടുക്കൽനിന്ന് പുറപ്പെട്ടു. ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താത്പര്യവും തോന്നിയവർ എല്ലാം സമാഗമനകൂടാരത്തിന്‍റെ പ്രവൃത്തിയ്ക്കും അതിന്‍റെ സകലശുശ്രൂഷയ്ക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവയ്ക്ക് വഴിപാട് കൊണ്ടുവന്നു.
പുറപ്പാട് 35:10-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങളിൽ ജ്ഞാനികളായ എല്ലാവരും വന്നു യഹോവ കല്പിച്ചിരിക്കുന്നതു ഒക്കെയും ഉണ്ടാക്കേണം. തിരുനിവാസം, അതിന്റെ മൂടുവിരി, പുറമൂടി, കൊളുത്തുകൾ, പലകകൾ, അന്താഴങ്ങൾ, തൂണുകൾ, ചുവടുകൾ, പെട്ടകം, അതിന്റെ തണ്ടുകൾ, കൃപാസനം, മറയുടെ തിരശ്ശീല, മേശ, അതിന്റെ തണ്ടുകൾ, ഉപകരണങ്ങൾ ഒക്കെയും, കാഴ്ചയപ്പം, വെളിച്ചത്തിന്നു നിലവിളക്കു, അതിന്റെ ഉപകരണങ്ങൾ, അതിന്റെ ദീപങ്ങൾ, വിളക്കിന്നു എണ്ണ, ധൂപപീഠം, അതിന്റെ തണ്ടുകൾ, അഭിഷേകതൈലം, സുഗന്ധധൂപവർഗ്ഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശന വാതിലിന്റെ മറശ്ശീല, ഹോമയാഗപീഠം, അതിന്റെ താമ്രജാലം, തണ്ടുകൾ, അതിന്റെ ഉപകരണങ്ങൾ ഒക്കെയും, തൊട്ടി, അതിന്റെ കാൽ, പ്രാകാരത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകൾ, ചുവടുകൾ, പ്രാകാരവാതിലിന്റെ മറ, തിരുനിവാസത്തിന്റെ കുറ്റികൾ, പ്രാകാരത്തിന്റെ കുറ്റികൾ, അവയുടെ കയറുകൾ, വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്വാൻ വിശേഷവസ്ത്രങ്ങൾ, പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷെക്കായി അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവ തന്നേ. അപ്പോൾ യിസ്രായേൽമക്കളുടെ സർവ്വസഭയും മോശെയുടെ മുമ്പിൽ നിന്നു പുറപ്പെട്ടു. ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താല്പര്യവും തോന്നിയവൻ എല്ലാം സമാഗമനകൂടാരത്തിന്റെ പ്രവൃത്തിക്കും അതിന്റെ സകലശുശ്രൂഷെക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവെക്കു വഴിപാടു കൊണ്ടുവന്നു.
പുറപ്പാട് 35:10-21 സമകാലിക മലയാളവിവർത്തനം (MCV)
“നിങ്ങളിൽ വിദഗ്ദ്ധർ എല്ലാവരും വന്നു യഹോവ കൽപ്പിച്ചിരിക്കുന്നതെല്ലാം ഉണ്ടാക്കണം. “സമാഗമകൂടാരം; അതിന്റെ കൂടാരവും, മൂടുവിരി, കൊളുത്തുകൾ, പലകകൾ, സാക്ഷകൾ, തൂണുകൾ, ചുവടുകൾ, പേടകം, അതിന്റെ തണ്ടുകൾ, പാപനിവാരണസ്ഥാനം, പേടകം മറയ്ക്കുന്ന തിരശ്ശീല, മേശയും അതിന്റെ തണ്ടുകളും എല്ലാ ഉപകരണങ്ങളും കാഴ്ചയപ്പവും വെളിച്ചത്തിനു വിളക്കുതണ്ടും അതിന്റെ ഉപകരണങ്ങളും, അതിന്റെ വിളക്കുകൾ, വിളക്കിനുള്ള എണ്ണ, ധൂപപീഠം, അതിന്റെ തണ്ടുകൾ, അഭിഷേകതൈലം, സുഗന്ധധൂപവർഗം, സമാഗമകൂടാരത്തിലേക്കുള്ള പ്രവേശനവാതിലിന്റെ മറശ്ശീല, ഹോമയാഗപീഠം, അതിന്റെ വെങ്കലജാലം, തണ്ടുകൾ, അതിന്റെ എല്ലാ ഉപകരണങ്ങളും, വെങ്കലത്തൊട്ടി അതിന്റെ കാൽ, സമാഗമകൂടാരാങ്കണത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകൾ, ചുവടുകൾ, അങ്കണകവാടത്തിന്റെ മറശ്ശീല, സമാഗമകൂടാരത്തിന്റെ കുറ്റികൾ, അങ്കണത്തിന്റെ കുറ്റികൾ, അവയുടെ കയറുകൾ, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കു നെയ്തെടുത്ത വിശേഷവസ്ത്രങ്ങൾ—പൗരോഹിത്യശുശ്രൂഷയ്ക്കായി ഉപയോഗിക്കുന്ന പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവതന്നെ.” അപ്പോൾ ഇസ്രായേൽമക്കളുടെ സർവസംഘവും മോശയുടെമുമ്പിൽനിന്ന് പുറപ്പെട്ടു. സന്മനസ്സുള്ളവരും ഹൃദയത്തിൽ താത്പര്യം തോന്നിയവരും സമാഗമകൂടാരത്തിന്റെ വേലകൾക്കും, അതിന്റെ എല്ലാ ശുശ്രൂഷകൾക്കും വിശുദ്ധവസ്ത്രങ്ങൾക്കുംവേണ്ടി യഹോവയ്ക്കു വഴിപാടുകൊണ്ടുവന്നു.