പുറപ്പാട് 35:1-9
പുറപ്പാട് 35:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം മോശെ യിസ്രായേൽമക്കളുടെ സംഘത്തെയൊക്കെയും കൂട്ടി അവരോടു പറഞ്ഞത്: നിങ്ങൾ ചെയ്വാൻ യഹോവ കല്പിച്ച വചനങ്ങൾ ആവിത്: ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങൾക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കേണം. ശബ്ബത്തുനാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുത്. മോശെ പിന്നെയും യിസ്രായേൽമക്കളുടെ സർവസഭയോടും പറഞ്ഞത്: യഹോവ കല്പിച്ചത് എന്തെന്നാൽ: നിങ്ങളുടെ ഇടയിൽനിന്ന് യഹോവയ്ക്ക് ഒരു വഴിപാട് എടുപ്പിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവയ്ക്കു വഴിപാടു കൊണ്ടുവരേണം. പൊന്ന്, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം, വിളക്കിന് എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനും സുഗന്ധവർഗം, ഗോമേദകക്കല്ല്, ഏഫോദിനും പതക്കത്തിനും പതിക്കേണ്ടുന്ന കല്ല് എന്നിവ തന്നെ.
പുറപ്പാട് 35:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മോശ ഇസ്രായേൽജനത്തെ വിളിച്ചുകൂട്ടി പറഞ്ഞു: “നിങ്ങൾ അനുഷ്ഠിക്കണമെന്നു സർവേശ്വരൻ കല്പിച്ചിട്ടുള്ള കാര്യങ്ങൾ ഇവയാണ്: ആറു ദിവസം ജോലി ചെയ്യുക. ഏഴാം ദിവസം എനിക്കുവേണ്ടി വേർതിരിച്ചിട്ടുള്ള പാവനമായ ശബത്തുദിനം ആയിരിക്കണം. അന്നു ജോലി ചെയ്യുന്നവനെ കൊന്നുകളയണം; ശബത്തുദിവസം നിങ്ങളുടെ പാർപ്പിടങ്ങളിൽ തീ കത്തിക്കരുത്. മോശ ഇസ്രായേൽജനത്തോടു പറഞ്ഞു: “ഇതാണ് സർവേശ്വരൻ നിങ്ങളോടു കല്പിച്ചിരിക്കുന്നത്.” നിങ്ങൾ സർവേശ്വരനു വഴിപാടർപ്പിക്കുവിൻ. ഉദാരമനസ്സുള്ളവർ സ്വർണം, വെള്ളി, ഓട്, നീല, ധൂമ്രം, കടുംചുവപ്പു വർണങ്ങളിലുള്ള നൂലുകൾ, നേരിയ ലിനൻനൂൽ, കോലാട്ടിൻരോമം, ചുവപ്പിച്ച ആട്ടിൻതോൽ, മേനിയുള്ള കോലാട്ടിൻതോൽ, കരുവേലകത്തടി, വിളക്കെണ്ണ, അഭിഷേകതൈലത്തിനും ധൂപക്കൂട്ടിനും വേണ്ട സുഗന്ധദ്രവ്യങ്ങൾ, ഏഫോദിലും മാർച്ചട്ടയിലും പതിക്കാൻ ഗോമേദകം തുടങ്ങിയ രത്നങ്ങൾ എന്നിവയും അർപ്പിക്കണം.
പുറപ്പാട് 35:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിനുശേഷം മോശെ യിസ്രായേൽ മക്കളുടെ സംഘത്തെ വിളിച്ചുകൂട്ടി അവരോട് പറഞ്ഞത്: “നിങ്ങൾ പ്രമാണിക്കുവാൻ യഹോവ കല്പിച്ച വചനങ്ങൾ ഇവയാണ്: ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങൾക്ക് വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കേണം. ശബ്ബത്ത് നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുത്.” മോശെ പിന്നെയും യിസ്രായേൽ മക്കളുടെ സർവ്വസഭയോടും പറഞ്ഞത്: “യഹോവ ഇപ്രകാരം കല്പിച്ചു: നിങ്ങളുടെ ഇടയിൽനിന്ന് യഹോവയ്ക്ക് ഒരു വഴിപാട് എടുക്കുവിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവയ്ക്ക് വഴിപാട് കൊണ്ടുവരേണം. പൊന്ന്, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം, വിളക്കിന് എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനും സുഗന്ധവർഗ്ഗം, ഗോമേദകക്കല്ല്, ഏഫോദിനും പതക്കത്തിനും പതിക്കേണ്ട കല്ല് എന്നിവ തന്നെ.
പുറപ്പാട് 35:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം മോശെ യിസ്രായേൽമക്കളുടെ സംഘത്തെ ഒക്കെയും കൂട്ടി അവരോടു പറഞ്ഞതു: നിങ്ങൾ ചെയ്വാൻ യഹോവ കല്പിച്ച വചനങ്ങൾ ആവിതു: ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങൾക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവൻ എല്ലാം മരണ ശിക്ഷ അനുഭവിക്കേണം. ശബ്ബത്ത് നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുതു. മോശെ പിന്നെയും യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറഞ്ഞതു: യഹോവ കല്പിച്ചതു എന്തെന്നാൽ: നിങ്ങളുടെ ഇടയിൽനിന്നു യഹോവെക്കു ഒരു വഴിപാടു എടുപ്പിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവെക്കു വഴിപാടു കൊണ്ടുവരേണം. പൊന്നു, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം, വിളക്കിന്നു എണ്ണ, അഭിഷേകതൈലത്തിന്നും പരിമളധൂപത്തിന്നും സുഗന്ധവർഗ്ഗം, ഗോമേദകക്കല്ലു, ഏഫോദിന്നു പതക്കത്തിന്നും പതിക്കേണ്ടുന്ന കല്ലു എന്നിവ തന്നേ.
പുറപ്പാട് 35:1-9 സമകാലിക മലയാളവിവർത്തനം (MCV)
മോശ, ഇസ്രായേൽജനത്തിന്റെ സംഘത്തെ മുഴുവനും കൂട്ടിവരുത്തി. അവരോട് ഇപ്രകാരം സംസാരിച്ചു: “നിങ്ങൾ ചെയ്യണമെന്നു യഹോവ കൽപ്പിച്ചിരിക്കുന്ന വചനങ്ങൾ ഇവയാണ്: ആറുദിവസം അധ്വാനിക്കണം; എന്നാൽ, ഏഴാംദിവസം നിങ്ങൾക്ക് വിശുദ്ധമായി യഹോവയ്ക്ക് സ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കണം. അന്നു വേലചെയ്യുന്നവൻ മരണശിക്ഷ അനുഭവിക്കണം. ശബ്ബത്ത് നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുത്.” മോശ ഇസ്രായേൽജനത്തിന്റെ സംഘത്തോടു പറഞ്ഞത്, “യഹോവ ഇപ്രകാരം കൽപ്പിച്ചു: നിങ്ങൾക്കുള്ളവയിൽനിന്ന് യഹോവയ്ക്കു കാഴ്ചദ്രവ്യം എടുക്കണം. സന്മനസ്സുള്ളവരെല്ലാം യഹോവയ്ക്കു വഴിപാടു കൊണ്ടുവരട്ടെ. “പൊന്ന്, വെള്ളി, വെങ്കലം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, നേർമയേറിയ ചണവസ്ത്രം, കോലാട്ടുരോമം, ആട്ടുകൊറ്റന്റെ ചെമപ്പിച്ച തുകൽ, തഹശുതുകൽ, ഖദിരമരം, വിളക്കിനുള്ള ഒലിവെണ്ണ, അഭിഷേകതൈലത്തിനും സുഗന്ധധൂപത്തിനും വേണ്ടുന്ന സുഗന്ധദ്രവ്യങ്ങൾ, ഏഫോദിലും നിർണയപ്പതക്കത്തിലും പതിക്കാനുള്ള ഗോമേദകക്കല്ല്, മറ്റു രത്നങ്ങൾ എന്നിവതന്നെ.