പുറപ്പാട് 33:7-23

പുറപ്പാട് 33:7-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മോശെ കൂടാരം എടുത്ത് പാളയത്തിനു പുറത്ത് പാളയത്തിൽനിന്നു ദൂരത്ത് അടിച്ചു; അതിനു സമാഗമനകൂടാരം എന്നു പേർ ഇട്ടു. യഹോവയെ അന്വേഷിക്കുന്നവനെല്ലാം പുറപ്പെട്ടു പാളയത്തിനു പുറത്തുള്ള സമാഗമനകൂടാരത്തിലേക്കു ചെന്നു. മോശെ കൂടാരത്തിലേക്കു പോകുമ്പോൾ ജനമൊക്കെയും എഴുന്നേറ്റ് ഓരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽ നിന്നു, മോശെ കൂടാരത്തിനകത്തു കടക്കുവോളം അവനെ നോക്കിക്കൊണ്ടിരുന്നു. മോശെ കൂടാരത്തിൽ കടക്കുമ്പോൾ മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നില്ക്കയും യഹോവ മോശെയോടു സംസാരിക്കയും ചെയ്തു. ജനം എല്ലാം കൂടാരവാതിൽക്കൽ മേഘസ്തംഭം നില്ക്കുന്നതു കണ്ടു. ജനം എല്ലാം എഴുന്നേറ്റ് ഓരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽവച്ചു നമസ്കരിച്ചു. ഒരുത്തൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതുപോലെ യഹോവ മോശെയോട് അഭിമുഖമായി സംസാരിച്ചു. പിന്നെ അവൻ പാളയത്തിലേക്കു മടങ്ങിവന്നു; അവന്റെ ശുശ്രൂഷക്കാരനായ നൂന്റെ പുത്രനായ യോശുവ എന്ന ബാല്യക്കാരനോ കൂടാരത്തെ വിട്ടുപിരിയാതിരുന്നു. മോശെ യഹോവയോടു പറഞ്ഞത് എന്തെന്നാൽ: ഈ ജനത്തെ കൂട്ടിക്കൊണ്ടു പോക എന്നു നീ എന്നോടു കല്പിച്ചുവല്ലോ; എങ്കിലും ആരെ എന്നോടുകൂടെ അയയ്ക്കുമെന്ന് അറിയിച്ചുതന്നില്ല; എന്നാൽ: ഞാൻ നിന്നെ അടുത്ത് അറിഞ്ഞിരിക്കുന്നു; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു എന്നു നീ അരുളിച്ചെയ്തിട്ടുണ്ടല്ലോ. ആകയാൽ എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ വഴി എന്നെ അറിയിക്കേണമേ; നിനക്ക് എന്നോടു കൃപയുണ്ടാകുവാൻ തക്കവണ്ണം ഞാൻ നിന്നെ അറിയുമാറാകട്ടെ; ഈ ജാതി നിന്റെ ജനം എന്ന് ഓർക്കേണമേ. അതിന് അവൻ: എന്റെ സാന്നിധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നല്കും എന്ന് അരുളിച്ചെയ്തു. അവൻ അവനോട്: തിരുസാന്നിധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ. എന്നോടും നിന്റെ ജനത്തോടും കൃപ ഉണ്ടെന്നുള്ളത് ഏതിനാൽ അറിയും? നീ ഞങ്ങളോടുകൂടെ പോരുന്നതിനാലല്ലയോ? അങ്ങനെ ഞാനും നിന്റെ ജനവും ഭൂതലത്തിലുള്ള സകല ജാതികളിലുംവച്ച് വിശേഷതയുള്ളവരായിരിക്കും എന്നു പറഞ്ഞു. യഹോവ മോശെയോട്: നീ പറഞ്ഞ ഈ വാക്കുപോലെ ഞാൻ ചെയ്യും; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു; ഞാൻ നിന്നെ അടുത്ത് അറിഞ്ഞുമിരിക്കുന്നു എന്ന് അരുളിച്ചെയ്തു. അപ്പോൾ അവൻ: നിന്റെ തേജസ്സ് എനിക്കു കാണിച്ചു തരേണമേ എന്നപേക്ഷിച്ചു. അതിന് അവൻ: ഞാൻ എന്റെ മഹിമയൊക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും; കൃപ ചെയ്‍വാൻ എനിക്കു മനസ്സുള്ളവനോടു ഞാൻ കൃപ ചെയ്യും; കരുണ കാണിപ്പാൻ എനിക്കു മനസ്സുള്ളവന് ഞാൻ കരുണ കാണിക്കും എന്നരുളിച്ചെയ്തു. നിനക്ക് എന്റെ മുഖം കാൺമാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു. ഇതാ, എന്റെ അടുക്കൽ ഒരു സ്ഥലമുണ്ട്; അവിടെ ആ പാറമേൽ നീ നില്ക്കേണം. എന്റെ തേജസ്സ് കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളർപ്പിൽ ആക്കി ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ടു നിന്നെ മറയ്ക്കും. പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു.

പുറപ്പാട് 33:7-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേൽജനങ്ങളുടെ പ്രയാണത്തിൽ പാളയമടിക്കുമ്പോഴെല്ലാം മോശ പാളയത്തിനുപുറത്ത് കുറച്ചകലെ ഒരു കൂടാരം ഉറപ്പിക്കുക പതിവായിരുന്നു; തിരുസാന്നിധ്യകൂടാരം എന്ന് അതിനെ വിളിച്ചുപോന്നു. സർവേശ്വരനെ ആരാധിക്കുന്നവർ പാളയത്തിനു പുറത്തുള്ള ഈ കൂടാരത്തിലേക്കു പോകും. മോശ ആ കൂടാരത്തിലേക്കു പോകുമ്പോഴെല്ലാം ജനം തങ്ങളുടെ കൂടാരവാതില്‌ക്കൽ വന്ന് അദ്ദേഹം അതിനുള്ളിൽ പ്രവേശിക്കുന്നതുവരെ നോക്കി നില്‌ക്കും. മോശ ഉള്ളിൽ കടന്നാലുടൻ മേഘസ്തംഭം താണുവന്ന് കൂടാരവാതില്‌ക്കൽ നില്‌ക്കും; അപ്പോൾ സർവേശ്വരൻ മോശയോടു സംസാരിക്കും. മേഘസ്തംഭം കാണുമ്പോൾ ജനം എഴുന്നേറ്റ് തങ്ങളുടെ കൂടാരവാതിൽക്കൽ സാഷ്ടാംഗം നമസ്കരിക്കും. സ്നേഹിതനോടെന്നപോലെ സർവേശ്വരൻ മോശയോടു അഭിമുഖം സംസാരിക്കും; മോശ കൂടാരത്തിലേക്കു മടങ്ങിക്കഴിഞ്ഞാലും അദ്ദേഹത്തിന്റെ ശുശ്രൂഷകനും നൂനിന്റെ പുത്രനുമായ യോശുവ എന്ന യുവാവ് കൂടാരം വിട്ടു പോകുമായിരുന്നില്ല. മോശ സർവേശ്വരനോടു ചോദിച്ചു: ” ഈ ജനത്തെ നയിക്കുക എന്ന് അങ്ങ് എന്നോടു പറയുന്നു; എന്നാൽ എന്റെകൂടെ ആരെയാണ് അയയ്‍ക്കുന്നതെന്ന് അവിടുന്ന് എന്നോടു പറയുന്നുമില്ല; ‘നിന്നെ ഞാൻ നന്നായി അറിയുന്നു; നിന്നിൽ ഞാൻ സംപ്രീതൻ’ എന്ന് അവിടുന്നു പറഞ്ഞു. അങ്ങ് എന്നിൽ സംപ്രീതനാണെങ്കിൽ അവിടുത്തെ വഴികൾ എനിക്കു വെളിപ്പെടുത്തിയാലും; ഞാൻ അങ്ങയെ അറിഞ്ഞ് അങ്ങയുടെ കൃപയ്‍ക്കു പാത്രമാകട്ടെ. ഈ ജനതയെ സ്വന്തജനമായി അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ഓർമിക്കണമേ.” സർവേശ്വരൻ അരുളിച്ചെയ്തു: “എന്റെ സാന്നിധ്യം നിന്നോടൊപ്പം ഉണ്ടായിരിക്കും; ഞാൻ നിനക്ക് സ്വസ്ഥത നല്‌കും.” മോശ പറഞ്ഞു: “അവിടുന്നു ഞങ്ങളോടൊപ്പം വരുന്നില്ലെങ്കിൽ ഇവിടെനിന്നു ഞങ്ങളെ പറഞ്ഞയയ്‍ക്കരുതേ. അവിടുന്നു ഞങ്ങളോടൊപ്പം ഇല്ലെങ്കിൽ എന്നിലും അവിടുത്തെ ജനത്തിലും അവിടുന്നു സംപ്രീതനാണെന്ന് എങ്ങനെ അറിയും? അവിടുത്തെ സാന്നിധ്യം ഞങ്ങളുടെ കൂടെയുള്ളതുകൊണ്ടല്ലേ ഞാനും അങ്ങയുടെ ഈ ജനവും ഭൂമിയിലുള്ള മറ്റു ജനതകളിൽനിന്നു വ്യത്യസ്തരാകുന്നത്.” സർവേശ്വരൻ മോശയോടു പറഞ്ഞു: “നിന്റെ ഈ അപേക്ഷയും ഞാൻ സ്വീകരിച്ചിരിക്കുന്നു; ഞാൻ നിന്നെ നന്നായി അറിയുന്നു; ഞാൻ നിന്നിൽ സംപ്രീതനുമാണ്”. മോശ പറഞ്ഞു: “അവിടുത്തെ മഹത്ത്വം എനിക്കു കാട്ടിത്തന്നാലും” സർവേശ്വരൻ അരുളിച്ചെയ്തു: “എന്റെ തേജസ്സ് നിന്റെ മുമ്പിലൂടെ കടന്നുപോകും. സർവേശ്വരൻ എന്ന എന്റെ നാമം നിന്റെ മുമ്പിൽ പ്രഘോഷിക്കും; കൃപ കാണിക്കേണ്ടവനോടു ഞാൻ കൃപ കാണിക്കും; കരുണ കാണിക്കേണ്ടവനോടു ഞാൻ കരുണ കാണിക്കും. എന്റെ മുഖം കാണാൻ നിനക്കു കഴിയുകയില്ല; കാരണം എന്നെ കാണുന്ന ഒരുവനും പിന്നെ ജീവിച്ചിരിക്കുകയില്ല.” സർവേശ്വരൻ അരുളിച്ചെയ്തു: “എന്റെ അടുത്തുള്ള ഈ പാറയിൽ കയറി നില്‌ക്കുക; എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ ആ പാറയുടെ വിള്ളലിൽ നിർത്തും; കടന്നു കഴിയുന്നതുവരെ എന്റെ കൈകൊണ്ടു നിന്നെ മറയ്‍ക്കും. ഞാൻ കൈ മാറ്റുമ്പോൾ നീ എന്റെ പിൻഭാഗം കാണും; എന്നാൽ എന്റെ മുഖം നീ കാണുകയില്ല.”

പുറപ്പാട് 33:7-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

മോശെ കൂടാരം എടുത്ത് പാളയത്തിന് പുറത്ത് പാളയത്തിൽനിന്ന് ദൂരത്ത് അടിച്ചു; അതിന് സമാഗമനകൂടാരം എന്നു പേർ ഇട്ടു. യഹോവയെ അന്വേഷിക്കുന്നവനെല്ലാം പാളയത്തിന് പുറത്തുള്ള സമാഗമനകൂടാരത്തിലേക്ക് ചെന്നു. മോശെ കൂടാരത്തിലേക്ക് പോകുമ്പോൾ ജനം ഒക്കെയും എഴുന്നേറ്റ് ഒരോരുത്തൻ സ്വന്തം കൂടാരവാതില്ക്കൽനിന്നു. മോശെ കൂടാരത്തിൽ പ്രവേശിക്കുന്നതുവരെ അവനെ നോക്കിക്കൊണ്ടിരുന്നു. മോശെ കൂടാരത്തിൽ പ്രവേശിക്കുമ്പോൾ മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നില്‍ക്കുകയും യഹോവ മോശെയോട് സംസാരിക്കുകയും ചെയ്തു. കൂടാരവാതിൽക്കൽ മേഘസ്തംഭം നില്ക്കുന്നത് കാണുമ്പോൾ ജനങ്ങൾ എല്ലാവരും എഴുന്നേറ്റ് ഓരോരുത്തൻ അവനവന്‍റെ കൂടാരവാതിൽക്കൽനിന്ന് നമസ്കരിച്ചു. ഒരുവന്‍ തന്‍റെ സ്നേഹിതനോട് സംസാരിക്കുന്നതുപോലെ യഹോവ മോശെയോട് അഭിമുഖമായി സംസാരിച്ചു. പിന്നെ അവൻ പാളയത്തിലേക്ക് മടങ്ങിവന്നു; അവന്‍റെ ശുശ്രൂഷക്കാരനായ നൂന്‍റെ പുത്രനായ യോശുവ എന്ന യൗവനക്കാരൻ സമാഗമനകൂടാരം വിട്ടുപിരിയാതിരുന്നു. മോശെ യഹോവയോട്: “ഈ ജനത്തെ കൂട്ടിക്കൊണ്ട് പോകുക എന്നു അങ്ങ് എന്നോട് കല്പിച്ചുവല്ലോ; എങ്കിലും ആരെ എന്നോടുകൂടി അയയ്ക്കുമെന്ന് അറിയിച്ചുതന്നില്ല; എന്നാൽ: ഞാൻ നിന്നെ നന്നായി അറിഞ്ഞിരിക്കുന്നു; എനിക്ക് നിന്നോട് കൃപ തോന്നിയിരിക്കുന്നു എന്നു അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ. ആകയാൽ എന്നോട് കൃപയുണ്ടെങ്കിൽ അങ്ങേയുടെ വഴി എന്നെ അറിയിക്കേണമേ; അങ്ങേയ്ക്ക് എന്നോട് കൃപയുണ്ടാകുവാൻ തക്കവണ്ണം ഞാൻ അങ്ങയെ അറിയുമാറാകട്ടെ; ഈ ജാതി അങ്ങേയുടെ ജനം എന്നു ഓർക്കേണമേ.” അതിന് യഹോവ “എന്‍റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നൽകും” എന്നു അരുളിച്ചെയ്തു. യഹോവയോട് അവൻ: “തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്ന് പുറപ്പെടുവിക്കരുതേ. എന്നോടും അങ്ങേയുടെ ജനത്തോടും കൃപ ഉണ്ടെന്ന് ഞാൻ എപ്രകാരം അറിയും? അങ്ങ് ഞങ്ങളോടുകൂടെ പോരുന്നതിനാൽ ഞാനും അങ്ങേയുടെ ജനവും ഭൂതലത്തിലുള്ള സകലജാതികളിലുംവച്ച് വിശേഷതയുള്ളവരായിരിക്കും” എന്നു പറഞ്ഞു. യഹോവ മോശെയോട്: “നീ പറഞ്ഞ ഈ വാക്കുപോലെ ഞാൻ ചെയ്യും; എനിക്ക് നിന്നോട് കൃപ തോന്നിയിരിക്കുന്നു; ഞാൻ നിന്നെ അറിഞ്ഞിരിക്കുന്നു” എന്നു അരുളിച്ചെയ്തു. അപ്പോൾ അവൻ: “അങ്ങേയുടെ തേജസ്സ് എനിക്ക് കാണിച്ചു തരേണമേ” എന്നപേക്ഷിച്ചു. അതിന് യഹോവ: “ഞാൻ എന്‍റെ മഹിമ ഒക്കെയും നിന്‍റെ മുമ്പിൽ പ്രദർശിപ്പിക്കും. യഹോവയുടെ നാമത്തെ നിന്‍റെ മുമ്പിൽ ഘോഷിക്കുകയും ചെയ്യും; കൃപ ചെയ്യുവാൻ എനിക്ക് മനസ്സുള്ളവനോട് ഞാൻ കൃപ ചെയ്യും; കരുണ കാണിക്കുവാൻ എനിക്ക് മനസ്സുള്ളവന് ഞാൻ കരുണ കാണിക്കും” എന്നരുളിച്ചെയ്തു. “നിനക്കു എന്‍റെ മുഖം കാണുവാൻ കഴിയുകയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടുകൂടി ഇരിക്കയില്ല” എന്നും അവൻ കല്പിച്ചു. “ഇതാ, എന്‍റെ അടുക്കൽ ഒരു സ്ഥലം ഉണ്ട്; അവിടെ ആ പാറമേൽ നീ നില്ക്കേണം. എന്‍റെ തേജസ്സ് കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളർപ്പിൽ ആക്കും. ഞാൻ കടന്നുപോകുവോളം എന്‍റെ കൈകൊണ്ട് നിന്നെ മറയ്ക്കും. പിന്നെ എന്‍റെ കൈ നീക്കും; നീ എന്‍റെ പിൻഭാഗം കാണും; എന്‍റെ മുഖം കാണുവാൻ സാധ്യമാവുകയില്ല” എന്നും യഹോവ അരുളിച്ചെയ്തു.

പുറപ്പാട് 33:7-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മോശെ കൂടാരം എടുത്തു പാളയത്തിന്നു പുറത്തു പാളയത്തിൽനിന്നു ദൂരത്തു അടിച്ചു; അതിന്നു സമാഗമനകൂടാരം എന്നു പേർ ഇട്ടു. യഹോവയെ അന്വേഷിക്കുന്നവനെല്ലാം പുറപ്പെട്ടു പാളയത്തിന്നു പുറത്തുള്ള സമാഗമനകൂടാരത്തിലേക്കു ചെന്നു. മോശെ കൂടാരത്തിലേക്കു പോകുമ്പോൾ ജനം ഒക്കെയും എഴുന്നേറ്റു ഒരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽ നിന്നു, മോശെ കൂടാരത്തിന്നകത്തു കടക്കുവേളം അവനെ നോക്കിക്കൊണ്ടിരുന്നു. മോശെ കൂടാരത്തിൽ കടക്കുമ്പോൾ മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നിൽക്കയും യഹോവ മോശെയോടു സംസാരിക്കയും ചെയ്തു. ജനം എല്ലാം കൂടാരവാതിൽക്കൽ മേഘസ്തംഭം നില്ക്കുന്നതു കണ്ടു. ജനം എല്ലാം എഴുന്നേറ്റു ഓരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽവെച്ചു നമസ്കരിച്ചു. ഒരുത്തൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതുപോലെ യഹോവ മോശെയോടു അഭിമുഖമായി സംസാരിച്ചു. പിന്നെ അവൻ പാളയത്തിലേക്കു മടങ്ങിവന്നു; അവന്റെ ശുശ്രൂഷക്കാരനായ നൂന്റെ പുത്രനായ യോശുവ എന്ന ബാല്യക്കാരനോ കൂടാരത്തെ വിട്ടുപിരിയാതിരുന്നു. മോശെ യഹോവയോടു പറഞ്ഞതു എന്തെന്നാൽ: ഈ ജനത്തെ കൂട്ടിക്കൊണ്ടു പോക എന്നു നീ എന്നോടു കല്പിച്ചുവല്ലോ; എങ്കിലും ആരെ എന്നോടുകൂടെ അയക്കുമെന്നു അറിയിച്ചുതന്നില്ല; എന്നാൽ: ഞാൻ നിന്നെ അടുത്തു അറിഞ്ഞിരിക്കുന്നു; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു എന്നു നീ അരുളിച്ചെയ്തിട്ടുണ്ടല്ലോ. ആകയാൽ എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ വഴി എന്നെ അറിയിക്കേണമേ; നിനക്കു എന്നോടു കൃപയുണ്ടാകുവാന്തക്കവണ്ണം ഞാൻ നിന്നെ അറിയുമാറാകട്ടെ; ഈ ജാതി നിന്റെ ജനം എന്നു ഓർക്കേണമേ. അതിന്നു അവൻ: എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നല്കും എന്നു അരുളിച്ചെയ്തു. അവൻ അവനോടു: തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ. എന്നോടും നിന്റെ ജനത്തോടും കൃപ ഉണ്ടെന്നുള്ളതു ഏതിനാൽ അറിയും? നീ ഞങ്ങളോടുകൂടെ പോരുന്നതിനാലല്ലയോ? അങ്ങനെ ഞാനും നിന്റെ ജനവും ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു വിശേഷതയുള്ളവരായിരിക്കും എന്നു പറഞ്ഞു. യഹോവ മോശെയോടു: നീ പറഞ്ഞ ഈ വാക്കുപോലെ ഞാൻ ചെയ്യും; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു; ഞാൻ നിന്നെ അടുത്തു അറിഞ്ഞുമിരിക്കുന്നു എന്നു അരുളിച്ചെയ്തു. അപ്പോൾ അവൻ: നിന്റെ തേജസ്സു എനിക്കു കാണിച്ചു തരേണമേ എന്നപേക്ഷിച്ചു. അതിന്നു അവൻ: ഞാൻ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും; കൃപ ചെയ്‌വാൻ എനിക്കു മനസ്സുള്ളവനോടു ഞാൻ കൃപ ചെയ്യും; കരുണ കാണിപ്പാൻ എനിക്കു മനസ്സുള്ളവന്നു ഞാൻ കരുണ കാണിക്കും എന്നരുളിച്ചെയ്തു. നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു. ഇതാ, എന്റെ അടുക്കൽ ഒരു സ്ഥലം ഉണ്ടു; അവിടെ ആ പാറമേൽ നീ നിൽക്കേണം. എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളർപ്പിൽ ആക്കി ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ടു നിന്നെ മറെക്കും. പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു.

പുറപ്പാട് 33:7-23 സമകാലിക മലയാളവിവർത്തനം (MCV)

പാളയത്തിനു വെളിയിൽ അകലെയായി മോശ ഒരു കൂടാരമടിച്ചിരുന്നു. അതിനു “സമാഗമകൂടാരം” എന്നു പേരിട്ടു. യഹോവയെ അന്വേഷിക്കുന്നവരെല്ലാം പാളയത്തിനുപുറത്തു സമാഗമകൂടാരത്തിലേക്കു പോയിരുന്നു. മോശ കൂടാരത്തിലേക്കു പോകുമ്പോഴെല്ലാം, സകലജനവും എഴുന്നേറ്റ് ഓരോരുത്തനും സ്വന്തം കൂടാരവാതിൽക്കൽ നിന്നുകൊണ്ട്, മോശ കൂടാരത്തിൽ പ്രവേശിക്കുന്നതുവരെ, അദ്ദേഹത്തെ നോക്കിക്കൊണ്ടിരുന്നു. മോശ കൂടാരത്തിൽ പ്രവേശിക്കുമ്പോൾ, മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നിൽക്കുകയും യഹോവ മോശയോടു സംസാരിക്കുകയും ചെയ്യും. മേഘസ്തംഭം കൂടാരവാതിൽക്കൽ നിൽക്കുന്നതു കാണുമ്പോഴെല്ലാം ജനം എഴുന്നേറ്റ് അവരവരുടെ കൂടാരവാതിൽക്കൽ നിന്നുകൊണ്ട് യഹോവയെ നമസ്കരിച്ചു. ഒരു മനുഷ്യൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതുപോലെ യഹോവ മോശയോട് അഭിമുഖമായി സംസാരിച്ചു. അതിനുശേഷം മോശ പാളയത്തിലേക്കു മടങ്ങിപ്പോകും. എന്നാൽ അവന്റെ ശുശ്രൂഷക്കാരനും നൂന്റെ പുത്രനുമായ യോശുവ എന്ന യുവാവു കൂടാരത്തെ വിട്ടുപിരിഞ്ഞില്ല. മോശ യഹോവയോട് ഇപ്രകാരം സംസാരിച്ചു: “ഈ ജനത്തെ നയിക്കുക എന്ന് അങ്ങ് എന്നോടു കൽപ്പിച്ചു: എന്നാൽ, ആരെയാണ് എന്നോടുകൂടെ അയയ്ക്കുന്നത് എന്ന് അങ്ങ് എന്നെ അറിയിച്ചിട്ടില്ല. ‘ഞാൻ നിന്റെ പേരിനാൽത്തന്നെ നിന്നെ അറിഞ്ഞിരിക്കുന്നു; എനിക്കു നിന്നോടു കൃപതോന്നിയിരിക്കുന്നു,’ എന്ന് അങ്ങ് അരുളിച്ചെയ്തിട്ടുമുണ്ട്. അതുകൊണ്ട്, എന്നോടു പ്രസാദമുണ്ടെങ്കിൽ അങ്ങയുടെ വഴി എന്നെ അറിയിക്കണമേ; തുടർന്നും എന്നോടു കൃപയുണ്ടാകണം. ഈ ജനത അങ്ങയുടെ ജനമാകുന്നു എന്നും ഓർക്കണമേ.” യഹോവ മറുപടി നൽകി: “എന്റെ സാന്നിധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥതനൽകും.” അപ്പോൾ മോശ യഹോവയോട് ഇപ്രകാരം സംസാരിച്ചു: “അങ്ങയുടെ സാന്നിധ്യം ഞങ്ങളോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ. അങ്ങു ഞങ്ങളോടുകൂടെ പോരുന്നില്ല എങ്കിൽ, എന്നോടും ഈ ജനത്തോടും അങ്ങേക്കു കൃപയുണ്ടെന്നു ഞങ്ങൾ അറിയുന്നതെങ്ങനെ? എന്നെയും അങ്ങയുടെ ഈ ജനത്തെയും ഭൂമുഖത്തു മറ്റു ജനങ്ങളിൽനിന്നു വ്യത്യസ്തരാക്കുന്നത് എന്താണ്?” യഹോവ മോശയോടു കൽപ്പിച്ചു: “എനിക്കു നിന്നോടു കൃപതോന്നിയിരിക്കുന്നു: ഞാൻ നിന്റെ പേരിനാൽത്തന്നെ നിന്നെ അറിഞ്ഞുമിരിക്കുന്നു; അതുകൊണ്ടു നീ അപേക്ഷിച്ച ഈ കാര്യവും ഞാൻ ചെയ്യും.” അപ്പോൾ മോശ, “അങ്ങയുടെ തേജസ്സ് എന്നെ കാണിക്കണമേ” എന്നപേക്ഷിച്ചു. യഹോവ അരുളിച്ചെയ്തു: “ഞാൻ എന്റെ നന്മമുഴുവനും നിനക്കു ദൃശ്യമാക്കും, യഹോവ എന്ന എന്റെ നാമം ഞാൻ നിന്റെ മുമ്പിൽ ഘോഷിക്കും; കൃപ ചെയ്യാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കൃപ ചെയ്യും. കരുണകാണിക്കാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കരുണകാണിക്കും. എന്നാൽ, നിനക്ക് എന്റെ മുഖം കാണാൻ കഴിയുകയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കുകയില്ല.” യഹോവ വീണ്ടും അരുളിച്ചെയ്തു: “എന്റെ സമീപത്തുള്ള ഒരു സ്ഥലം ഉണ്ട്; ആ പാറമേൽ നീ നിൽക്കണം. എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ ആ പാറയുടെ പിളർപ്പിൽ ആക്കി, ഞാൻ കടന്നുപോകുന്നതുവരെ എന്റെ കൈകൊണ്ടു നിന്നെ മറയ്ക്കും. പിന്നീടു ഞാൻ എന്റെ കൈ മാറ്റും; അപ്പോൾ നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖം കാണപ്പെടാവുന്നതല്ല.”