EXODUS 33:7-23

EXODUS 33:7-23 MALCLBSI

ഇസ്രായേൽജനങ്ങളുടെ പ്രയാണത്തിൽ പാളയമടിക്കുമ്പോഴെല്ലാം മോശ പാളയത്തിനുപുറത്ത് കുറച്ചകലെ ഒരു കൂടാരം ഉറപ്പിക്കുക പതിവായിരുന്നു; തിരുസാന്നിധ്യകൂടാരം എന്ന് അതിനെ വിളിച്ചുപോന്നു. സർവേശ്വരനെ ആരാധിക്കുന്നവർ പാളയത്തിനു പുറത്തുള്ള ഈ കൂടാരത്തിലേക്കു പോകും. മോശ ആ കൂടാരത്തിലേക്കു പോകുമ്പോഴെല്ലാം ജനം തങ്ങളുടെ കൂടാരവാതില്‌ക്കൽ വന്ന് അദ്ദേഹം അതിനുള്ളിൽ പ്രവേശിക്കുന്നതുവരെ നോക്കി നില്‌ക്കും. മോശ ഉള്ളിൽ കടന്നാലുടൻ മേഘസ്തംഭം താണുവന്ന് കൂടാരവാതില്‌ക്കൽ നില്‌ക്കും; അപ്പോൾ സർവേശ്വരൻ മോശയോടു സംസാരിക്കും. മേഘസ്തംഭം കാണുമ്പോൾ ജനം എഴുന്നേറ്റ് തങ്ങളുടെ കൂടാരവാതിൽക്കൽ സാഷ്ടാംഗം നമസ്കരിക്കും. സ്നേഹിതനോടെന്നപോലെ സർവേശ്വരൻ മോശയോടു അഭിമുഖം സംസാരിക്കും; മോശ കൂടാരത്തിലേക്കു മടങ്ങിക്കഴിഞ്ഞാലും അദ്ദേഹത്തിന്റെ ശുശ്രൂഷകനും നൂനിന്റെ പുത്രനുമായ യോശുവ എന്ന യുവാവ് കൂടാരം വിട്ടു പോകുമായിരുന്നില്ല. മോശ സർവേശ്വരനോടു ചോദിച്ചു: ” ഈ ജനത്തെ നയിക്കുക എന്ന് അങ്ങ് എന്നോടു പറയുന്നു; എന്നാൽ എന്റെകൂടെ ആരെയാണ് അയയ്‍ക്കുന്നതെന്ന് അവിടുന്ന് എന്നോടു പറയുന്നുമില്ല; ‘നിന്നെ ഞാൻ നന്നായി അറിയുന്നു; നിന്നിൽ ഞാൻ സംപ്രീതൻ’ എന്ന് അവിടുന്നു പറഞ്ഞു. അങ്ങ് എന്നിൽ സംപ്രീതനാണെങ്കിൽ അവിടുത്തെ വഴികൾ എനിക്കു വെളിപ്പെടുത്തിയാലും; ഞാൻ അങ്ങയെ അറിഞ്ഞ് അങ്ങയുടെ കൃപയ്‍ക്കു പാത്രമാകട്ടെ. ഈ ജനതയെ സ്വന്തജനമായി അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ഓർമിക്കണമേ.” സർവേശ്വരൻ അരുളിച്ചെയ്തു: “എന്റെ സാന്നിധ്യം നിന്നോടൊപ്പം ഉണ്ടായിരിക്കും; ഞാൻ നിനക്ക് സ്വസ്ഥത നല്‌കും.” മോശ പറഞ്ഞു: “അവിടുന്നു ഞങ്ങളോടൊപ്പം വരുന്നില്ലെങ്കിൽ ഇവിടെനിന്നു ഞങ്ങളെ പറഞ്ഞയയ്‍ക്കരുതേ. അവിടുന്നു ഞങ്ങളോടൊപ്പം ഇല്ലെങ്കിൽ എന്നിലും അവിടുത്തെ ജനത്തിലും അവിടുന്നു സംപ്രീതനാണെന്ന് എങ്ങനെ അറിയും? അവിടുത്തെ സാന്നിധ്യം ഞങ്ങളുടെ കൂടെയുള്ളതുകൊണ്ടല്ലേ ഞാനും അങ്ങയുടെ ഈ ജനവും ഭൂമിയിലുള്ള മറ്റു ജനതകളിൽനിന്നു വ്യത്യസ്തരാകുന്നത്.” സർവേശ്വരൻ മോശയോടു പറഞ്ഞു: “നിന്റെ ഈ അപേക്ഷയും ഞാൻ സ്വീകരിച്ചിരിക്കുന്നു; ഞാൻ നിന്നെ നന്നായി അറിയുന്നു; ഞാൻ നിന്നിൽ സംപ്രീതനുമാണ്”. മോശ പറഞ്ഞു: “അവിടുത്തെ മഹത്ത്വം എനിക്കു കാട്ടിത്തന്നാലും” സർവേശ്വരൻ അരുളിച്ചെയ്തു: “എന്റെ തേജസ്സ് നിന്റെ മുമ്പിലൂടെ കടന്നുപോകും. സർവേശ്വരൻ എന്ന എന്റെ നാമം നിന്റെ മുമ്പിൽ പ്രഘോഷിക്കും; കൃപ കാണിക്കേണ്ടവനോടു ഞാൻ കൃപ കാണിക്കും; കരുണ കാണിക്കേണ്ടവനോടു ഞാൻ കരുണ കാണിക്കും. എന്റെ മുഖം കാണാൻ നിനക്കു കഴിയുകയില്ല; കാരണം എന്നെ കാണുന്ന ഒരുവനും പിന്നെ ജീവിച്ചിരിക്കുകയില്ല.” സർവേശ്വരൻ അരുളിച്ചെയ്തു: “എന്റെ അടുത്തുള്ള ഈ പാറയിൽ കയറി നില്‌ക്കുക; എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ ആ പാറയുടെ വിള്ളലിൽ നിർത്തും; കടന്നു കഴിയുന്നതുവരെ എന്റെ കൈകൊണ്ടു നിന്നെ മറയ്‍ക്കും. ഞാൻ കൈ മാറ്റുമ്പോൾ നീ എന്റെ പിൻഭാഗം കാണും; എന്നാൽ എന്റെ മുഖം നീ കാണുകയില്ല.”

EXODUS 33 വായിക്കുക

EXODUS 33:7-23 - നുള്ള വീഡിയോ