പുറപ്പാട് 30:1-10
പുറപ്പാട് 30:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ധൂപം കാട്ടുവാൻ ഒരു ധൂപപീഠവും ഉണ്ടാക്കേണം; ഖദിരമരംകൊണ്ട് അത് ഉണ്ടാക്കേണം. അത് ഒരു മുഴം നീളവും ഒരു മുഴം വീതിയുമായി സമചതുരവും രണ്ടുമുഴം ഉയരവും ആയിരിക്കേണം. അതിന്റെ കൊമ്പുകൾ അതിൽനിന്നുതന്നെ ആയിരിക്കേണം. അതിന്റെ മേൽപ്പലകയും ചുറ്റും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും ഇങ്ങനെ അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം. അതിനു ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കേണം. ചുമക്കേണ്ടതിനു തണ്ടു ചെലുത്തുവാൻ അതിന്റെ വക്കിനു കീഴെ ഇരുപുറത്തും ഈരണ്ടു പൊൻവളയവും ഉണ്ടാക്കേണം. അതിന്റെ രണ്ടു പാർശ്വത്തിലും അവയെ ഉണ്ടാക്കേണം. തണ്ടുകൾ ഖദിരമരംകൊണ്ടുണ്ടാക്കി പൊന്നു പൊതിയേണം. സാക്ഷ്യപെട്ടകത്തിന്റെ മുമ്പിലും ഞാൻ നിനക്കു വെളിപ്പെടുവാനുള്ള ഇടമായി സാക്ഷ്യത്തിന്മീതെയുള്ള കൃപാസനത്തിന്റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലയ്ക്കു മുമ്പാകെ അതു വയ്ക്കേണം. അഹരോൻ അതിന്മേൽ സുഗന്ധധൂപം കാട്ടേണം; അവൻ ദിനംപ്രതി കാലത്ത് ദീപം തുടയ്ക്കുമ്പോൾ അങ്ങനെ ധൂപം കാട്ടേണം. അഹരോൻ വൈകുന്നേരം ദീപം കൊളുത്തുമ്പോഴും അങ്ങനെ സുഗന്ധധൂപം കാട്ടേണം. അതു തലമുറതലമുറയായി യഹോവയുടെ മുമ്പാകെ നിരന്തരധൂപം ആയിരിക്കേണം. നിങ്ങൾ അതിന്മേൽ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അർപ്പിക്കരുത്; അതിന്മേൽ പാനീയയാഗം ഒഴിക്കയുമരുത്. സംവത്സരത്തിൽ ഒരിക്കൽ അഹരോൻ അതിന്റെ കൊമ്പുകൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; പ്രായശ്ചിത്തത്തിനുള്ള പാപയാഗത്തിന്റെ രക്തംകൊണ്ട് അവൻ തലമുറതലമുറയായി വർഷാന്തരപ്രായശ്ചിത്തം കഴിക്കേണം; ഇത് യഹോവയ്ക്ക് അതിവിശുദ്ധം.
പുറപ്പാട് 30:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ധൂപാർപ്പണത്തിനു കരുവേലകംകൊണ്ട് ഒരു ധൂപപീഠം ഉണ്ടാക്കണം. അത് ഒരു മുഴം സമചതുരമായിരിക്കണം. രണ്ടു മുഴം ആയിരിക്കണം അതിന്റെ ഉയരം. കൊമ്പുകൾ അതോടു ചേർന്ന് ഒന്നായിരിക്കണം; അതിന്റെ മേൽഭാഗവും വശങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിയണം; അതിന് സ്വർണംകൊണ്ടു ചുറ്റും വക്കു പിടിപ്പിക്കണം. അതു ചുമക്കാനുള്ള തണ്ടുകൾ ഇടുന്നതിനു വക്കിനു താഴെ രണ്ടു വശത്തുമായി രണ്ടു സ്വർണവളയങ്ങൾ ഉറപ്പിക്കണം. കരുവേലകംകൊണ്ടു നിർമ്മിച്ച തണ്ടുകളും സ്വർണം പൊതിയണം. ഞാൻ നിങ്ങളെ സന്ദർശിക്കുന്ന ഇടമായ ഉടമ്പടിപ്പെട്ടകത്തിനു മീതെയുള്ള മൂടിയുടെയും അതോടു ചേർന്നുള്ള തിരശ്ശീലയുടെയും മുമ്പിൽ അതു വയ്‍ക്കണം. ധൂപപീഠത്തിന്മേൽ അഹരോൻ സുഗന്ധദ്രവ്യം അർപ്പിക്കണം. പ്രഭാതത്തിൽ വിളക്കുകൾ ഒരുക്കുമ്പോഴും വൈകിട്ടു വിളക്കു കൊളുത്തുമ്പോഴും അഹരോൻ ധൂപം അർപ്പിക്കണം. ഇത് നിങ്ങളുടെ സകല തലമുറകളും നിത്യവും അനുഷ്ഠിക്കേണ്ടതാണ്. നിങ്ങൾ അതിന്മേൽ അശുദ്ധദ്രവ്യങ്ങൾ പുകയ്‍ക്കരുത്. ദഹനയാഗമോ ധാന്യയാഗമോ പാനീയയാഗമോ അതിന്മേൽ അർപ്പിക്കരുത്. പാപപരിഹാരത്തിനായി അർപ്പിച്ച മൃഗത്തിന്റെ രക്തം യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, വർഷത്തിലൊരിക്കൽ അഹരോൻ യാഗപീഠം ശുദ്ധീകരിക്കണം; ഇത് നിങ്ങളുടെ സകല തലമുറകളും വർഷത്തിലൊരിക്കൽ അനുഷ്ഠിക്കണം; ഇത് സർവേശ്വരന് അതിവിശുദ്ധമാണ്.
പുറപ്പാട് 30:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ധൂപം കാട്ടുവാൻ ഒരു ധൂപപീഠം ഖദിരമരംകൊണ്ട് ഉണ്ടാക്കേണം. അത് ഒരു മുഴം നീളവും ഒരു മുഴം വീതിയുമായി സമചതുരവും രണ്ടു മുഴം ഉയരവും ആയിരിക്കേണം. അതിന്റെ കൊമ്പുകൾ അതിൽനിന്ന് തന്നെ ആയിരിക്കേണം. അതിന്റെ മേല്പലകയും വശങ്ങളും കൊമ്പുകളും അത് മുഴുവനും തങ്കംകൊണ്ട് പൊതിയേണം. അതിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കേണം. ചുമക്കേണ്ടതിന് തണ്ട് ഇടുവാൻ അതിന്‍റെ വക്കിന് കീഴെ ഇരുപുറത്തും രണ്ടു പൊൻവളയവും ഉണ്ടാക്കേണം. അതിന്റെ രണ്ടു വശത്ത് അവയെ ഉണ്ടാക്കേണം. തണ്ടുകൾ ഖദിരമരംകൊണ്ട് ഉണ്ടാക്കി പൊന്ന് പൊതിയേണം. സാക്ഷ്യപെട്ടകത്തിൻ്റെ മുമ്പിലും ഞാൻ നിനക്കു വെളിപ്പെടുവാനുള്ള ഇടമായ സാക്ഷ്യത്തിന്മീതെയുള്ള കൃപാസനത്തിൻ്റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലയ്ക്ക് മുമ്പാകെ അത് വയ്ക്കേണം. അഹരോൻ അതിന്മേൽ സുഗന്ധധൂപം കാട്ടണം; അവൻ ദിനംപ്രതി കാലത്ത് ദീപം തുടയ്ക്കുമ്പോൾ അങ്ങനെ ധൂപം കാട്ടണം. അഹരോൻ വൈകുന്നേരം ദീപം കൊളുത്തുമ്പോഴും അങ്ങനെ സുഗന്ധധൂപം കാട്ടണം. അത് തലമുറതലമുറയായി യഹോവയുടെ മുമ്പാകെ നിരന്തരധൂപം ആയിരിക്കേണം. നിങ്ങൾ അതിന്മേൽ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അർപ്പിക്കരുത്; അതിന്മേൽ പാനീയയാഗം ഒഴിക്കയുമരുത്. വർഷത്തിൽ ഒരിക്കൽ അഹരോൻ അതിന്‍റെ കൊമ്പുകൾക്ക് വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; പ്രായശ്ചിത്തത്തിനുള്ള പാപയാഗത്തിന്റെ രക്തംകൊണ്ട് അവൻ തലമുറതലമുറയായി വർഷാന്തരപ്രായശ്ചിത്തം കഴിക്കേണം; ഇത് യഹോവയ്ക്ക് അതിവിശുദ്ധം.
പുറപ്പാട് 30:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ധൂപം കാട്ടുവാൻ ഒരു ധൂപപീഠവും ഉണ്ടാക്കേണം; ഖദിരമരംകൊണ്ടു അതു ഉണ്ടാക്കേണം. അതു ഒരു മുഴം നീളവും ഒരു മുഴം വീതിയുമായി സമചതുരവും രണ്ടു മുഴം ഉയരവും ആയിരിക്കേണം. അതിന്റെ കൊമ്പുകൾ അതിൽനിന്നു തന്നേ ആയിരിക്കേണം. അതിന്റെ മേല്പലകയും ചുറ്റും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും ഇങ്ങനെ അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം. അതിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം. ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാൻ അതിന്റെ വക്കിന്നു കീഴെ ഇരുപുറത്തും ഈരണ്ടു പൊൻവളയവും ഉണ്ടാക്കേണം. അതിന്റെ രണ്ടു പാർശ്വത്തിലും അവയെ ഉണ്ടാക്കേണം. തണ്ടുകൾ ഖദിരമരംകൊണ്ടു ഉണ്ടാക്കി പൊന്നു പൊതിയേണം. സാക്ഷ്യപെട്ടകത്തിന്റെ മുമ്പിലും ഞാൻ നിനക്കു വെളിപ്പെടുവാനുള്ള ഇടമായി സാക്ഷ്യത്തിന്മീതെയുള്ള കൃപാസനത്തിന്റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലെക്കു മുമ്പാകെ അതു വെക്കേണം. അഹരോൻ അതിന്മേൽ സുഗന്ധധൂപം കാട്ടേണം; അവൻ ദിനംപ്രതി കാലത്തു ദീപം തുടെക്കുമ്പോൾ അങ്ങനെ ധൂപം കാട്ടേണം. അഹരോൻ വൈകുന്നേരം ദീപം കൊളുത്തുമ്പോഴും അങ്ങനെ സുഗന്ധധൂപം കാട്ടേണം. അതു തലമുറതലമുറയായി യഹോവയുടെ മുമ്പാകെ നിരന്തരധൂപം ആയിരിക്കേണം. നിങ്ങൾ അതിന്മേൽ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അർപ്പിക്കരുതു; അതിന്മേൽ പാനീയയാഗം ഒഴിക്കയുമരുതു. സംവത്സരത്തിൽ ഒരിക്കൽ അഹരോൻ അതിന്റെ കൊമ്പുകൾക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; പ്രായശ്ചിത്തത്തിന്നുള്ള പാപയാഗത്തിന്റെ രക്തംകൊണ്ടു അവൻ തലമുറതലമുറയായി വർഷാന്തരപ്രായശ്ചിത്തം കഴിക്കേണം; ഇതു യഹോവെക്കു അതിവിശുദ്ധം.
പുറപ്പാട് 30:1-10 സമകാലിക മലയാളവിവർത്തനം (MCV)
“സുഗന്ധധൂപം കാട്ടുന്നതിന്, ഖദിരമരംകൊണ്ട് ഒരു ധൂപപീഠം ഉണ്ടാക്കണം. അതു സമചതുരത്തിൽ, ഒരുമുഴം നീളവും ഒരുമുഴം വീതിയുമുള്ളതും, രണ്ടുമുഴം ഉയരമുള്ളതും ആയിരിക്കണം. അതിന്റെ കൊമ്പുകൾ ധൂപപീഠത്തിൽനിന്ന് ഒറ്റഖണ്ഡമായിരിക്കണം. അതിന്റെ മേൽഭാഗവും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിയണം. അതിനുചുറ്റും തങ്കംകൊണ്ട് ഒരു വക്കും ഉണ്ടാക്കണം. ധൂപപീഠം ചുമക്കേണ്ടതിനുള്ള തണ്ട് ഉറപ്പിക്കാൻ അതിന്റെ വക്കിനുതാഴേ രണ്ടുവശങ്ങളിലും ഈരണ്ടു തങ്കവളയങ്ങളും ഉറപ്പിക്കണം. ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി, അതു തങ്കംകൊണ്ടു പൊതിയണം. ഞാൻ നിന്നെ സന്ദർശിക്കുന്ന ഇടമായ—പേടകത്തിന്റെ പലകയുടെ മുകളിലുള്ള പാപനിവാരണസ്ഥാനത്തിന്റെ മുൻഭാഗത്ത്—ഉടമ്പടിയുടെ പേടകത്തെ മറയ്ക്കുന്ന തിരശ്ശീലയ്ക്കുമുമ്പിൽ ധൂപപീഠം വെക്കണം. “അഹരോൻ എല്ലാ ദിവസവും പ്രഭാതത്തിൽ വിളക്ക് ഒരുക്കുമ്പോൾ ധൂപപീഠത്തിന്മേൽ സുഗന്ധധൂപം കാട്ടണം. അഹരോൻ വൈകുന്നേരം വിളക്ക് കൊളുത്തുമ്പോഴും സുഗന്ധധൂപം കാട്ടണം, ഇതു തലമുറതലമുറയായി യഹോവയുടെമുമ്പിൽ പതിവായി അർപ്പിക്കുന്ന ധൂപം ആയിരിക്കണം. ധൂപപീഠത്തിന്മേൽ നിങ്ങൾ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അർപ്പിക്കരുത്; അതിന്മേൽ പാനീയയാഗം ഒഴിക്കുകയുമരുത്. വർഷത്തിലൊരിക്കൽ അഹരോൻ അതിന്റെ കൊമ്പുകൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; പ്രായശ്ചിത്തത്തിനുള്ള പാപശുദ്ധീകരണയാഗരക്തംകൊണ്ട് അവൻ വാർഷികപ്രായശ്ചിത്തം കഴിക്കണം. ഇതു തലമുറതലമുറയായി അനുഷ്ഠിക്കണം. ഇതു യഹോവയ്ക്ക് അതിവിശുദ്ധം.”