പുറപ്പാട് 3:14-22

പുറപ്പാട് 3:14-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അതിനു ദൈവം മോശെയോട്: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു. ദൈവം പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ: നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇത് എന്നേക്കും എന്റെ നാമവും തലമുറതലമുറയായി എന്റെ ജ്ഞാപകവും ആകുന്നു. നീ ചെന്നു യിസ്രായേൽമൂപ്പന്മാരെ കൂട്ടി അവരോട്: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി കല്പിച്ചത്: ഞാൻ നിങ്ങളെയും മിസ്രയീമിൽ അവർ നിങ്ങളോട് ചെയ്യുന്നതിനെയും സന്ദർശിക്കുന്നു. മിസ്രയീമിലെ കഷ്ടതയിൽനിന്ന് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്ക്, പാലും തേനും ഒഴുകുന്ന ദേശത്തേക്ക് നിങ്ങളെ കൊണ്ടുപോകുവാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു എന്നു പറക. എന്നാൽ അവർ നിന്റെ വാക്കു കേൾക്കും. അപ്പോൾ നീയും യിസ്രായേൽമൂപ്പന്മാരും മിസ്രയീംരാജാവിന്റെ അടുക്കൽ ചെന്ന് അവനോട്: എബ്രായരുടെ ദൈവമായ യഹോവ ഞങ്ങൾക്കു വെളിപ്പെട്ടുവന്നിരിക്കുന്നു. ആകയാൽ ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ ചെന്നു ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗം കഴിക്കട്ടെ എന്നു പറവിൻ. എന്നാൽ മിസ്രയീംരാജാവ് ഭുജബലംകൊണ്ടല്ലാതെ നിങ്ങളെ പോകുവാൻ സമ്മതിക്കയില്ല എന്നു ഞാൻ അറിയുന്നു. അതുകൊണ്ടു ഞാൻ എന്റെ കൈ നീട്ടി മിസ്രയീമിന്റെ നടുവിൽ ചെയ്‍വാനിരിക്കുന്ന അദ്ഭുതങ്ങളെക്കൊണ്ടൊക്കെയും അതിനെ ദണ്ഡിപ്പിക്കും; അതിന്റെശേഷം അവൻ നിങ്ങളെ വിട്ടയയ്ക്കും. ഞാൻ മിസ്രയീമ്യർക്ക് ഈ ജനത്തോടു കൃപ തോന്നുമാറാക്കും; നിങ്ങൾ പോരുമ്പോൾ വെറുംകൈയായി പോരേണ്ടിവരികയില്ല. ഓരോ സ്ത്രീ താന്താന്റെ അയൽക്കാരത്തിയോടും വീട്ടിൽ അതിഥിയായി പാർക്കുന്നവളോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ധരിപ്പിക്കയും മിസ്രയീമ്യരെ കൊള്ളയിടുകയും വേണം.

പുറപ്പാട് 3:14-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവം അരുളിച്ചെയ്തു: “ഞാൻ ആകുന്നവൻ ഞാൻ തന്നെ. ഞാനാകുന്നവൻ തന്നെ, എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നു ഇസ്രായേൽജനത്തോടു പറയുക.” ദൈവം മോശയോടു വീണ്ടും പറഞ്ഞു: “അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ സർവേശ്വരൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്ന് ഇസ്രായേൽജനത്തോടു പറയണം. ഇതാണ് എന്റെ ശാശ്വതനാമം; തലമുറതലമുറയായി ഞാൻ ഈ പേരിൽ അറിയപ്പെടും. നീ പോയി ഇസ്രായേൽപ്രമാണികളെ വിളിച്ചുകൂട്ടി പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ സർവേശ്വരൻ പ്രത്യക്ഷപ്പെട്ട് എന്നോട് അരുളിച്ചെയ്തു: ‘ഞാൻ നിങ്ങളെ പൂർണമായി മനസ്സിലാക്കുകയും ഈജിപ്തുകാർ നിങ്ങളോടു ചെയ്യുന്നതു കാണുകയും ചെയ്തിരിക്കുന്നു. ഈജിപ്തിലെ ദുരിതങ്ങളിൽനിന്നു നിങ്ങളെ മോചിപ്പിച്ച് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവർ പാർക്കുന്ന, പാലും തേനും ഒഴുകുന്ന ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു.’ “നീ പറയുന്നത് അവർ ശ്രദ്ധിക്കും; ഇസ്രായേൽപ്രമാണികളോടൊപ്പം നീ ഈജിപ്തിലെ രാജാവിന്റെ അടുക്കൽ ചെന്നു പറയുക: ‘എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷപ്പെട്ടു; ഞങ്ങളുടെ ദൈവമായ സർവേശ്വരൻ യാഗം കഴിക്കുന്നതിനു മരുഭൂമിയിൽ മൂന്നു ദിവസത്തെ വഴി ദൂരമുള്ള ഒരു സ്ഥലത്തു പോകാൻ ഞങ്ങളെ അനുവദിച്ചാലും.’ ഭുജബലം കൊണ്ടല്ലാതെ ഈജിപ്തിലെ രാജാവ് നിങ്ങളെ വിടുകയില്ല എന്നെനിക്കറിയാം. എന്റെ ശക്തിയാൽ ഞാൻ ഈജിപ്തിൽ അദ്ഭുതങ്ങൾ പ്രവർത്തിച്ച് അവരെ ശിക്ഷിക്കും; പിന്നീട് അവൻ നിങ്ങളെ വിട്ടയയ്‍ക്കും. ഈജിപ്തുകാരുടെ ദൃഷ്‍ടിയിൽ ഈ ജനതയോടു ഞാൻ അനുഭാവം ഉളവാക്കും. അതിനാൽ നിങ്ങൾ വെറുംകൈയോടെ പോകേണ്ടി വരികയില്ല. ഓരോ സ്‍ത്രീയും തന്റെ അയൽക്കാരിയോടും വീട്ടിൽ അതിഥികളായി പാർക്കുന്നവരോടും വെള്ളിയാഭരണങ്ങളും സ്വർണാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി പുത്രീപുത്രന്മാരെ അണിയിക്കണം. അങ്ങനെ ഈജിപ്തുകാരുടെ സമ്പത്തു നിങ്ങൾ കൊള്ളയടിക്കണം.”

പുറപ്പാട് 3:14-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അതിന് ദൈവം മോശെയോട്: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽ മക്കളോട് പറയേണം” എന്നു കല്പിച്ചു. ദൈവം പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ: “നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയേണം: അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇത് എന്നേക്കും എന്‍റെ നാമവും, തലമുറതലമുറയായി ഞാൻ ഈ പേരിൽ ഓർമ്മിക്കപ്പെടുകയും ചെയ്യും.” നീ ചെന്നു യിസ്രായേൽമൂപ്പന്മാരെ കൂട്ടി അവരോട്: “അബ്രാഹാമിന്‍റെയും യിസ്സഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്ക് പ്രത്യക്ഷനായി കല്പിച്ചത്: “ഞാൻ നിങ്ങളെ സന്ദർശിക്കുകയും മിസ്രയീമിൽ അവർ നിങ്ങളോട് ചെയ്യുന്നത് കാണുകയും ചെയ്തിരിക്കുന്നു. മിസ്രയീമിലെ കഷ്ടതയിൽനിന്ന് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്ക് പാലും തേനും ഒഴുകുന്ന ദേശത്തേക്ക് നിങ്ങളെ കൊണ്ടുപോകുവാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു” എന്നു പറയുക. എന്നാൽ യിസ്രായേൽമൂപ്പന്മാർ നിന്‍റെ വാക്ക് കേൾക്കും. അപ്പോൾ നീയും യിസ്രായേൽ മൂപ്പന്മാരും മിസ്രയീമിലെ രാജാവിന്‍റെ അടുക്കൽ ചെന്നു അവനോട്: “എബ്രായരുടെ ദൈവമായ യഹോവ ഞങ്ങൾക്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ആകയാൽ ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ ചെന്നു ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കട്ടെ എന്നു പറയുവിൻ. എന്നാൽ മിസ്രയീമിലെ രാജാവ് ഭുജബലംകൊണ്ടല്ലാതെ നിങ്ങളെ പോകുവാൻ സമ്മതിക്കുകയില്ല എന്നു ഞാൻ അറിയുന്നു. അതുകൊണ്ട് ഞാൻ എന്‍റെ കൈ നീട്ടി മിസ്രയീമിന്‍റെ നടുവിൽ ചെയ്യുവാനിരിക്കുന്ന അത്ഭുതങ്ങൾ കൊണ്ടു അവരെ ശിക്ഷിക്കും; അതിന്‍റെശേഷം മിസ്രയീമിലെ രാജാവ് നിങ്ങളെ വിട്ടയയ്ക്കും. ഞാൻ മിസ്രയീമ്യർക്ക് ഈ ജനത്തോട് ദയ തോന്നുമാറാക്കും; നിങ്ങൾ പോരുമ്പോൾ വെറുങ്കയ്യായി പോകേണ്ടിവരുകയില്ല. ഓരോ സ്ത്രീയും തന്‍റെ അയൽക്കാരത്തിയോടും വീട്ടിൽ അതിഥിയായി പാർക്കുന്നവളോടും, വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ധരിപ്പിക്കുകയും മിസ്രയീമ്യരെ കൊള്ളയിടുകയും വേണം.”

പുറപ്പാട് 3:14-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു. ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറതലമുറയായി എന്റെ ജ്ഞാപകവും ആകുന്നു. നീ ചെന്നു യിസ്രായേൽമൂപ്പന്മാരെ കൂട്ടി അവരോടു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി കല്പിച്ചതു: ഞാൻ നിങ്ങളെയും മിസ്രയീമിൽ അവർ നിങ്ങളോടു ചെയ്യുന്നതിനെയും സന്ദർശിക്കുന്നു. മിസ്രയീമിലെ കഷ്ടതയിൽനിന്നു കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകുവാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു എന്നു പറക. എന്നാൽ അവർ നിന്റെ വാക്കു കേൾക്കും. അപ്പോൾ നീയും യിസ്രായേൽമൂപ്പന്മാരും മിസ്രയീംരാജാവിന്റെ അടുക്കൽ ചെന്നു അവനോടു: എബ്രായരുടെ ദൈവമായ യഹോവ ഞങ്ങൾക്കു വെളിപ്പെട്ടുവന്നിരിക്കുന്നു. ആകയാൽ ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ ചെന്നു ഞങ്ങളുടെ ദൈവമായ യഹോവെക്കു യാഗം കഴിക്കട്ടെ എന്നു പറവിൻ. എന്നാൽ മിസ്രയീംരാജാവു ഭുജബലംകൊണ്ടല്ലാതെ നിങ്ങളെ പോകുവാൻ സമ്മതിക്കയില്ല എന്നു ഞാൻ അറിയുന്നു. അതുകൊണ്ടു ഞാൻ എന്റെ കൈ നീട്ടി മിസ്രയീമിന്റെ നടുവിൽ ചെയ്‌വാനിരിക്കുന്ന അത്ഭുതങ്ങളെക്കൊണ്ടൊക്കെയും അതിനെ ദണ്ഡിപ്പിക്കും; അതിന്റെ ശേഷം അവൻ നിങ്ങളെ വിട്ടയക്കും. ഞാൻ മിസ്രയീമ്യർക്കു ഈ ജനത്തോടു കൃപ തോന്നുമാറാക്കും; നിങ്ങൾ പോരുമ്പോൾ വെറുങ്കയ്യായി പോരേണ്ടിവരികയില്ല. ഓരോ സ്ത്രീ താന്താന്റെ അയൽക്കാരത്തിയോടും വീട്ടിൽ അതിഥിയായി പാർക്കുന്നവളോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ധരിപ്പിക്കയും മിസ്രയീമ്യരെ കൊള്ളയിടുകയും വേണം.

പുറപ്പാട് 3:14-22 സമകാലിക മലയാളവിവർത്തനം (MCV)

ദൈവം മോശയോട്, “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു. ‘ഞാൻ ആകുന്നവൻ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു’ എന്നു നീ ഇസ്രായേൽമക്കളോടു പറയണം” എന്ന് അരുളിച്ചെയ്തു. ദൈവം പിന്നെയും മോശയോട് അരുളിച്ചെയ്തു: “നീ ഇസ്രായേല്യരോട് ഇങ്ങനെ പറയണം, ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ—അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും—എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു.’ “എന്റെ ശാശ്വതനാമം ഇതാണ്, തലമുറതലമുറയായി എന്നെ ഓർക്കേണ്ടത് ഈ നാമത്താൽത്തന്നെ. “നീ ചെന്ന് ഇസ്രായേല്യ ഗോത്രത്തലവന്മാരെ വിളിച്ചുകൂട്ടി അവരോട് ഇപ്രകാരം പറയണം: ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവംതന്നെ, എനിക്കു പ്രത്യക്ഷനായി എന്നോട്, ഞാൻ നിങ്ങളെ സന്ദർശിക്കുകയും ഈജിപ്റ്റുകാർ നിങ്ങളോടു ചെയ്തിട്ടുള്ളതു കാണുകയുംചെയ്തിരിക്കുന്നു എന്ന് അരുളിച്ചെയ്തു. ഈജിപ്റ്റിലെ നിങ്ങളുടെ ദുരിതങ്ങളിൽനിന്ന് നിങ്ങളെ രക്ഷിച്ച് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്ക്—പാലും തേനും ഒഴുകുന്ന ദേശത്തേക്കുതന്നെ, കൊണ്ടുവരുമെന്നു ഞാൻ വാഗ്ദാനംചെയ്തിരിക്കുന്നു.’ “ഇസ്രായേല്യ ഗോത്രത്തലവന്മാർ നിന്റെ വാക്കു കേൾക്കും. അങ്ങനെ നീയും ഇസ്രായേല്യ ഗോത്രത്തലവന്മാരും ഈജിപ്റ്റുരാജാവിന്റെ അടുക്കൽ ചെന്ന് അവനോട്, ‘എബ്രായരുടെ ദൈവമായ യഹോവ ഞങ്ങളെ സന്ദർശിച്ചു. മരുഭൂമിയിൽ മൂന്നുദിവസത്തെ ദൂരം യാത്രചെയ്തു ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗം അർപ്പിക്കാൻ ഞങ്ങളെ അനുവദിക്കണമേ’ എന്നു പറയുക. എന്നാൽ, ശക്തമായൊരു ഭുജത്തിന്റെ സമ്മർദത്താലല്ലാതെ, ഈജിപ്റ്റുരാജാവ് നിങ്ങളെ പോകാൻ അനുവദിക്കുകയില്ലെന്നു ഞാൻ അറിയുന്നു. ആകയാൽ ഞാൻ എന്റെ കൈ നീട്ടുകയും അവരുടെ ഇടയിൽ ചെയ്യാനിരിക്കുന്ന സകല അത്ഭുതങ്ങളാലും ഈജിപ്റ്റുകാരെ പ്രഹരിക്കുകയും ചെയ്യും. അതിനുശേഷം അവൻ നിങ്ങളെ വിട്ടയയ്ക്കും. “നിങ്ങൾ വിട്ടുപോരുമ്പോൾ വെറുംകൈയോടെ പോകാതിരിക്കേണ്ടതിനു ഞാൻ ഈജിപ്റ്റുകാരിൽ നിങ്ങളുടെനേർക്ക് അനുകൂലമനോഭാവം ഉളവാക്കും. ഓരോ സ്ത്രീയും തന്റെ അയൽക്കാരിയോടും തന്റെ ഭവനത്തിൽ വസിക്കുന്ന ഏതൊരു സ്ത്രീയോടും വെള്ളിയും സ്വർണവുംകൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ആവശ്യപ്പെടണം; അവ നിങ്ങൾ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അണിയിക്കണം. അങ്ങനെ നിങ്ങൾ ഈജിപ്റ്റുകാരെ കൊള്ളയടിക്കേണ്ടതാകുന്നു.”