പുറ. 3:14-22

പുറ. 3:14-22 IRVMAL

അതിന് ദൈവം മോശെയോട്: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽ മക്കളോട് പറയേണം” എന്നു കല്പിച്ചു. ദൈവം പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ: “നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയേണം: അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇത് എന്നേക്കും എന്‍റെ നാമവും, തലമുറതലമുറയായി ഞാൻ ഈ പേരിൽ ഓർമ്മിക്കപ്പെടുകയും ചെയ്യും.” നീ ചെന്നു യിസ്രായേൽമൂപ്പന്മാരെ കൂട്ടി അവരോട്: “അബ്രാഹാമിന്‍റെയും യിസ്സഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്ക് പ്രത്യക്ഷനായി കല്പിച്ചത്: “ഞാൻ നിങ്ങളെ സന്ദർശിക്കുകയും മിസ്രയീമിൽ അവർ നിങ്ങളോട് ചെയ്യുന്നത് കാണുകയും ചെയ്തിരിക്കുന്നു. മിസ്രയീമിലെ കഷ്ടതയിൽനിന്ന് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്ക് പാലും തേനും ഒഴുകുന്ന ദേശത്തേക്ക് നിങ്ങളെ കൊണ്ടുപോകുവാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു” എന്നു പറയുക. എന്നാൽ യിസ്രായേൽമൂപ്പന്മാർ നിന്‍റെ വാക്ക് കേൾക്കും. അപ്പോൾ നീയും യിസ്രായേൽ മൂപ്പന്മാരും മിസ്രയീമിലെ രാജാവിന്‍റെ അടുക്കൽ ചെന്നു അവനോട്: “എബ്രായരുടെ ദൈവമായ യഹോവ ഞങ്ങൾക്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ആകയാൽ ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ ചെന്നു ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കട്ടെ എന്നു പറയുവിൻ. എന്നാൽ മിസ്രയീമിലെ രാജാവ് ഭുജബലംകൊണ്ടല്ലാതെ നിങ്ങളെ പോകുവാൻ സമ്മതിക്കുകയില്ല എന്നു ഞാൻ അറിയുന്നു. അതുകൊണ്ട് ഞാൻ എന്‍റെ കൈ നീട്ടി മിസ്രയീമിന്‍റെ നടുവിൽ ചെയ്യുവാനിരിക്കുന്ന അത്ഭുതങ്ങൾ കൊണ്ടു അവരെ ശിക്ഷിക്കും; അതിന്‍റെശേഷം മിസ്രയീമിലെ രാജാവ് നിങ്ങളെ വിട്ടയയ്ക്കും. ഞാൻ മിസ്രയീമ്യർക്ക് ഈ ജനത്തോട് ദയ തോന്നുമാറാക്കും; നിങ്ങൾ പോരുമ്പോൾ വെറുങ്കയ്യായി പോകേണ്ടിവരുകയില്ല. ഓരോ സ്ത്രീയും തന്‍റെ അയൽക്കാരത്തിയോടും വീട്ടിൽ അതിഥിയായി പാർക്കുന്നവളോടും, വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ധരിപ്പിക്കുകയും മിസ്രയീമ്യരെ കൊള്ളയിടുകയും വേണം.”

പുറ. 3:14-22 - നുള്ള വീഡിയോ