പുറപ്പാട് 27:1-8

പുറപ്പാട് 27:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അഞ്ചു മുഴം നീളവും അഞ്ചു മുഴംവീതിയുമായി ഖദിരമരംകൊണ്ടു യാഗപീഠം ഉണ്ടാക്കേണം; യാഗപീഠം സമചതുരവും മൂന്നു മുഴം ഉയരവും ആയിരിക്കേണം. അതിന്റെ നാലു കോണിലും കൊമ്പ് ഉണ്ടാക്കേണം; കൊമ്പ് അതിൽനിന്നുതന്നെ ആയിരിക്കേണം; അതു താമ്രംകൊണ്ടു പൊതിയേണം. അതിലെ വെണ്ണീർ എടുക്കേണ്ടതിനു ചട്ടികളും അതിന്റെ ചട്ടുകങ്ങളും കിണ്ണങ്ങളും മുൾകൊളുത്തുകളും തീക്കലശങ്ങളും ഉണ്ടാക്കേണം; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ട് ഉണ്ടാക്കേണം. അതിനു താമ്രംകൊണ്ട് വലപ്പണിയായി ഒരു ജാലവും ഉണ്ടാക്കേണം; ജാലത്തിന്മേൽ നാലു കോണിലും നാലു താമ്രവളയം ഉണ്ടാക്കേണം. ജാലം യാഗപീഠത്തിന്റെ പകുതിയോളം എത്തുംവണ്ണം താഴെ യാഗപീഠത്തിന്റെ ചുറ്റുപടിക്ക് കീഴായി വയ്ക്കേണം. യാഗപീഠത്തിനു ഖദിരമരം കൊണ്ടു തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ടു പൊതിയേണം. തണ്ടുകൾ വളയങ്ങളിൽ ഇടേണം; യാഗപീഠം ചുമക്കുമ്പോൾ തണ്ടുകൾ അതിന്റെ രണ്ടു ഭാഗത്തും ഉണ്ടായിരിക്കേണം. പലകകൊണ്ടു പൊള്ളയായി അത് ഉണ്ടാക്കേണം; പർവതത്തിൽവച്ചു കാണിച്ചുതന്ന പ്രകാരംതന്നെ അത് ഉണ്ടാക്കേണം.

പുറപ്പാട് 27:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കരുവേലകംകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കണം; സമചതുരത്തിലുള്ള ഈ യാഗപീഠത്തിനു നീളവും വീതിയും അഞ്ചുമുഴവും ഉയരം മൂന്നു മുഴവും ആയിരിക്കണം. യാഗപീഠത്തിന്റെ നാലു മൂലയ്‍ക്കും അതിനോട് ഒന്നായി ചേർന്നിരിക്കുന്ന ഓരോ കൊമ്പും വേണം. കൊമ്പുകൾ ഓടുകൊണ്ടു പൊതിയണം. ചാരം എടുക്കാനുള്ള ചട്ടികൾ, ചട്ടുകങ്ങൾ, കിണ്ണങ്ങൾ, മുൾക്കരണ്ടികൾ, തീച്ചട്ടികൾ മുതലായവയും ഓടുകൾകൊണ്ടുള്ളവ ആയിരിക്കണം. ഓടുകൊണ്ടുള്ള അഴികൾ ഉപയോഗിച്ച് ഒരു അഴിക്കൂടുണ്ടാക്കി അതിന്റെ കോണുകളിൽ വളയങ്ങൾ പിടിപ്പിക്കണം. യാഗപീഠത്തിന്റെ വക്കിനു താഴെ ഏകദേശം പകുതി ഉയരത്തിൽ അഴിക്കൂട് ഉറപ്പിക്കണം. യാഗപീഠത്തിനു കരുവേലകത്തടികൊണ്ടു തണ്ടുകളുണ്ടാക്കി അവ ഓടുകൊണ്ടു പൊതിയണം. യാഗപീഠം ചുമന്നുകൊണ്ടു പോകാനുള്ള ഈ തണ്ടുകൾ, വശങ്ങളിലുള്ള വളയങ്ങളിലൂടെ കടത്തണം. പർവതത്തിൽവച്ചു കാണിച്ചുതന്ന മാതൃകയിൽ അകം പൊള്ളയായിരിക്കത്തക്കവിധം പലകകൾകൊണ്ടുവേണം യാഗപീഠം പണിയേണ്ടത്.

പുറപ്പാട് 27:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയുമായി ഖദിരമരംകൊണ്ട് യാഗപീഠം ഉണ്ടാക്കേണം; യാഗപീഠം സമചതുരവും മൂന്നു മുഴം ഉയരവും ഉള്ളതായിരിക്കേണം. അതിന്‍റെ നാലു കോണിലും കൊമ്പുണ്ടാക്കേണം; കൊമ്പ് അതിൽനിന്ന് തന്നെ ആയിരിക്കേണം; അത് താമ്രംകൊണ്ട് പൊതിയേണം. അതിലെ വെണ്ണീർ എടുക്കേണ്ടതിന് ചട്ടികളും അതിന്‍റെ ചട്ടുകങ്ങളും കിണ്ണങ്ങളും മുൾകൊളുത്തുകളും തീക്കലശങ്ങളും ഉണ്ടാക്കേണം; അതിന്‍റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ട് ഉണ്ടാക്കേണം. അതിന് താമ്രംകൊണ്ട് വലപ്പണിയായി ഒരു ജാലവും ഉണ്ടാക്കേണം; ജാലത്തിന്മേൽ നാലു കോണിലും നാലു താമ്രവളയം ഉണ്ടാക്കേണം. ജാലം യാഗപീഠത്തിന്‍റെ പകുതിയോളം എത്തുന്ന വിധത്തിൽ താഴെ യാഗപീഠത്തിന്‍റെ ചുറ്റുപടിക്ക് കീഴായി വയ്ക്കേണം. യാഗപീഠത്തിന് ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ട് പൊതിയേണം. തണ്ടുകൾ വളയങ്ങളിൽ ഇടേണം; യാഗപീഠം ചുമക്കുമ്പോൾ തണ്ടുകൾ അതിന്‍റെ രണ്ടു ഭാഗത്തും ഉണ്ടായിരിക്കേണം. പലകകൊണ്ട് പൊള്ളയായി അത് ഉണ്ടാക്കേണം; പർവ്വതത്തിൽവച്ച് കാണിച്ചുതന്നപ്രകാരം തന്നെ അത് ഉണ്ടാക്കേണം.

പുറപ്പാട് 27:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയുമായി ഖദിരമരംകൊണ്ടു യാഗപീഠം ഉണ്ടാക്കേണം; യാഗപീഠം സമചതുരവും മൂന്നു മുഴം ഉയരവും ആയിരിക്കേണം. അതിന്റെ നാലു കോണിലും കൊമ്പുണ്ടാക്കേണം; കൊമ്പു അതിൽനിന്നു തന്നേ ആയിരിക്കേണം; അതു താമ്രംകൊണ്ടു പൊതിയേണം. അതിലെ വെണ്ണീർ എടുക്കേണ്ടതിന്നു ചട്ടികളും അതിന്റെ ചട്ടുകങ്ങളും കിണ്ണങ്ങളും മുൾകൊളുത്തുകളും തീക്കലശങ്ങളും ഉണ്ടാക്കേണം; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ടു ഉണ്ടാക്കേണം. അതിന്നു താമ്രംകൊണ്ടു വലപ്പണിയായി ഒരു ജാലവും ഉണ്ടാക്കേണം; ജാലത്തിന്മേൽ നാലു കോണിലും നാലു താമ്രവളയം ഉണ്ടാക്കേണം. ജാലം യാഗപീഠത്തിന്റെ പകുതിയോളം എത്തുംവണ്ണം താഴെ യാഗപീഠത്തിന്റെ ചുറ്റുപടിക്കു കീഴായി വെക്കേണം. യാഗപീഠത്തിന്നു ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ടു പൊതിയേണം. തണ്ടുകൾ വളയങ്ങളിൽ ഇടേണം; യാഗപീഠം ചുമക്കുമ്പോൾ തണ്ടുകൾ അതിന്റെ രണ്ടു ഭാഗത്തും ഉണ്ടായിരിക്കേണം. പലകകൊണ്ടു പൊള്ളയായി അതു ഉണ്ടാക്കേണം; പർവ്വതത്തിൽവെച്ചു കാണിച്ചുതന്നപ്രകാരം തന്നേ അതു ഉണ്ടാക്കേണം.

പുറപ്പാട് 27:1-8 സമകാലിക മലയാളവിവർത്തനം (MCV)

“ഖദിരമരംകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കണം. അത് അഞ്ചുമുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ള സമചതുരമായിരിക്കണം; ഉയരം മൂന്നുമുഴമായിരിക്കണം. അതിന്റെ നാലു കോണുകളിലും ഓരോ കൊമ്പ് ഉണ്ടായിരിക്കണം; കൊമ്പുകൾ യാഗപീഠത്തിൽനിന്ന് ഒറ്റഖണ്ഡമായി ഉണ്ടാക്കിയതായിരിക്കണം, അതു വെങ്കലംകൊണ്ടു പൊതിയണം. അതിന്റെ ഉപകരണങ്ങളൊക്കെയും—വെണ്ണീർ എടുക്കേണ്ട കലങ്ങൾ, ചട്ടുകങ്ങൾ, തളികകൾ, മുൾക്കരണ്ടികൾ, വറചട്ടികൾ എന്നിവ—വെങ്കലംകൊണ്ടുണ്ടാക്കണം. യാഗപീഠത്തിനു വെങ്കലംകൊണ്ടു വലപ്പണിയായി ഒരു അരിപ്പയും അരിപ്പയ്ക്കുന്മേൽ നാലു കോണുകളിലുമായി നാലു വെങ്കലവളയവും ഉണ്ടാക്കണം. യാഗപീഠത്തിന്റെ പകുതിവരെ എത്തുന്നവിധത്തിൽ യാഗപീഠത്തിന്റെ ചുറ്റുപടിക്കുകീഴേ അരിപ്പ വെക്കണം. യാഗപീഠത്തിനു ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കണം. അവ വെങ്കലംകൊണ്ടു പൊതിയണം. വളയങ്ങളിൽ തണ്ടുകൾ ഉറപ്പിക്കണം. യാഗപീഠം വഹിച്ചുകൊണ്ടുപോകുന്നതിന് രണ്ടു ഭാഗത്തും തണ്ടുകൾ ഉണ്ടായിരിക്കും. യാഗപീഠം പലകകൾകൊണ്ട് അകം പൊള്ളയായി ഉണ്ടാക്കണം; പർവതത്തിൽ കാണിച്ചുതന്ന മാതൃകയനുസരിച്ചുതന്നെ അത് ഉണ്ടാക്കണം.