EXODUS 27

27
യാഗപീഠം
(പുറ. 38:1-7)
1കരുവേലകംകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കണം; സമചതുരത്തിലുള്ള ഈ യാഗപീഠത്തിനു നീളവും വീതിയും അഞ്ചുമുഴവും ഉയരം മൂന്നു മുഴവും ആയിരിക്കണം. 2യാഗപീഠത്തിന്റെ നാലു മൂലയ്‍ക്കും അതിനോട് ഒന്നായി ചേർന്നിരിക്കുന്ന ഓരോ കൊമ്പും വേണം. കൊമ്പുകൾ ഓടുകൊണ്ടു പൊതിയണം. 3ചാരം എടുക്കാനുള്ള ചട്ടികൾ, ചട്ടുകങ്ങൾ, കിണ്ണങ്ങൾ, മുൾക്കരണ്ടികൾ, തീച്ചട്ടികൾ മുതലായവയും ഓടുകൾകൊണ്ടുള്ളവ ആയിരിക്കണം. 4ഓടുകൊണ്ടുള്ള അഴികൾ ഉപയോഗിച്ച് ഒരു അഴിക്കൂടുണ്ടാക്കി അതിന്റെ കോണുകളിൽ വളയങ്ങൾ പിടിപ്പിക്കണം. 5യാഗപീഠത്തിന്റെ വക്കിനു താഴെ ഏകദേശം പകുതി ഉയരത്തിൽ അഴിക്കൂട് ഉറപ്പിക്കണം. 6യാഗപീഠത്തിനു കരുവേലകത്തടികൊണ്ടു തണ്ടുകളുണ്ടാക്കി അവ ഓടുകൊണ്ടു പൊതിയണം. 7യാഗപീഠം ചുമന്നുകൊണ്ടു പോകാനുള്ള ഈ തണ്ടുകൾ, വശങ്ങളിലുള്ള വളയങ്ങളിലൂടെ കടത്തണം. 8പർവതത്തിൽവച്ചു കാണിച്ചുതന്ന മാതൃകയിൽ അകം പൊള്ളയായിരിക്കത്തക്കവിധം പലകകൾകൊണ്ടുവേണം യാഗപീഠം പണിയേണ്ടത്.
തിരുസാന്നിധ്യകൂടാരത്തിന്റെ അങ്കണം
(പുറ. 38:9-20)
9തിരുസാന്നിധ്യകൂടാരത്തിന് ഒരു അങ്കണം നിർമ്മിക്കണം; 10തെക്കുവശത്ത് ലിനൻനൂലുകൊണ്ടു നിർമ്മിച്ച നൂറു മുഴം നീളമുള്ള തിരശ്ശീല തൂക്കണം. അതിന് ഓടുകൊണ്ടുള്ള ഇരുപതു തൂണുകൾ വേണം. ഓടുകൊണ്ടുള്ള ചുവടുകളിൽ അവ ഉറപ്പിച്ചിരിക്കണം; ഈ തൂണുകളുടെ കൊളുത്തുകളും പടികളും വെള്ളികൊണ്ടായിരിക്കണം. 11അതുപോലെതന്നെ വടക്കു വശത്തും, നൂറു മുഴം നീളമുള്ള ശീലയും ഇരുപതു ഓട്ടുതൂണുകളും അവയ്‍ക്കു ചുവടുകളും വെള്ളികൊണ്ടുള്ള കൊളുത്തുകളും പടികളും ഉണ്ടായിരിക്കണം. 12പടിഞ്ഞാറുവശത്തെ തിരശ്ശീലയ്‍ക്ക് അമ്പതു മുഴം നീളം ഉണ്ടായിരിക്കണം. അതു താങ്ങിനിർത്താൻ പത്തു തൂണുകളും അവയ്‍ക്ക് പത്തു ചുവടുകളും ഉണ്ടാക്കണം. 13കിഴക്കുവശത്തുള്ള ശീലയുടെ നീളവും അമ്പതു മുഴം ആയിരിക്കണം. 14-15പ്രവേശനകവാടത്തിന്റെ ഓരോ വശത്തും പതിനഞ്ചു മുഴം നീളമുള്ള തിരശ്ശീലയും അതിനു മൂന്നു തൂണുകളും ചുവടുകളും ഉണ്ടായിരിക്കണം. 16നീല, ധൂമ്രം, കടുംചുവപ്പ് നിറങ്ങളുള്ള നൂലുകളാൽ ചിത്രപ്പണികളോടുകൂടി നെയ്തെടുത്ത ശീലകൊണ്ട് അങ്കണകവാടത്തിന് മറ ഉണ്ടായിരിക്കണം. ഇരുപതു മുഴം നീളമുള്ള ഈ ശീലയ്‍ക്ക് നാലു തൂണുകളും അവയ്‍ക്കു നാലു ചുവടുകളും ഉണ്ടായിരിക്കണം. 17എല്ലാ തൂണുകളും വെള്ളിപ്പട്ടകൾകൊണ്ടു ബന്ധിപ്പിക്കണം; അവയുടെ കൊളുത്തുകൾ വെള്ളികൊണ്ടും ചുവടുകൾ ഓടുകൊണ്ടും നിർമ്മിക്കണം. 18അങ്കണത്തിനു നൂറു മുഴം നീളവും അമ്പതു മുഴം വീതിയും ഉണ്ടായിരിക്കണം. അതിനു ചുറ്റും അഞ്ചു മുഴം ഉയരത്തിൽ തിരശ്ശീലയും വേണം. ശീലകൾ പിരിച്ച പഞ്ഞിനൂലുകൊണ്ടുള്ളതും, അവയുടെ ചുവടുകൾ ഓടുകൊണ്ടുള്ളവയും ആയിരിക്കണം. 19കൂടാരത്തിലെ എല്ലാ ഉപകരണങ്ങളും കൂടാരത്തിന്റെയും അങ്കണത്തിന്റെയും കുറ്റികളും ഓടുകൊണ്ടുതന്നെ നിർമ്മിച്ചവയായിരിക്കണം.
കൂടാരത്തിലെ വിളക്ക്
20വിളക്ക് എപ്പോഴും കത്തിനില്‌ക്കാൻവേണ്ട ആട്ടിയെടുത്ത ശുദ്ധമായ ഒലിവെണ്ണ കൊണ്ടുവരാൻ ഇസ്രായേൽജനത്തോടു പറയുക. 21എന്റെ സാന്നിധ്യകൂടാരത്തിൽ തിരശ്ശീലയ്‍ക്കു പുറത്ത് ഉടമ്പടിപ്പെട്ടകത്തിന്റെ മുൻവശത്തെ വിളക്ക് അഹരോനും പുത്രന്മാരും സർവേശ്വരന്റെ മുമ്പാകെ സായംസന്ധ്യമുതൽ പ്രഭാതം വരെ തെളിച്ചുകൊണ്ടിരിക്കണം. ഇത് ഇസ്രായേൽജനങ്ങളും അവരുടെ പിൻതലമുറക്കാരും മുടക്കംകൂടാതെ അനുഷ്ഠിക്കേണ്ട ശാശ്വതനിയമമാകുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

EXODUS 27: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക