പുറപ്പാട് 23:1-9
പുറപ്പാട് 23:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വ്യാജവർത്തമാനം പരത്തരുത്; കള്ളസ്സാക്ഷിയായിരിപ്പാൻ ദുഷ്ടനോടുകൂടെ ചേരരുത്. ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുത്; ന്യായം മറിച്ചുകളവാൻ ബഹുജനപക്ഷം ചേർന്നു വ്യവഹാരത്തിൽ സാക്ഷ്യം പറയരുത്. ദരിദ്രന്റെ വ്യവഹാരത്തിൽ അവനോടു പക്ഷം കാണിക്കരുത്. നിന്റെ ശത്രുവിന്റെ കാളയോ കഴുതയോ വഴി തെറ്റിയതായി കണ്ടാൽ അതിനെ അവന്റെ അടുക്കൽ തിരികെ കൊണ്ടുപോകേണം. നിന്നെ ദ്വേഷിക്കുന്നവന്റെ കഴുത ചുമടിൻകീഴെ കിടക്കുന്നതു കണ്ടാൽ അവനെ വിചാരിച്ച് അതിനെ അഴിച്ചുവിടുവാൻ മടിച്ചാലും അഴിച്ചുവിടുവാൻ അവനു സഹായം ചെയ്യേണം. നിങ്ങളുടെ ഇടയിലുള്ള ദരിദ്രന്റെ വ്യവഹാരത്തിൽ അവന്റെ ന്യായം മറിച്ചുകളയരുത്. കള്ളക്കാര്യം വിട്ട് അകന്നിരിക്ക; കുറ്റമില്ലാത്തവനെയും നീതിമാനെയും കൊല്ലരുത്; ഞാൻ ദുഷ്ടനെ നീതീകരിക്കയില്ലല്ലോ. സമ്മാനം കാഴ്ചയുള്ളവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളകയും ചെയ്യുന്നതുകൊണ്ടു നീ സമ്മാനം വാങ്ങരുത്. പരദേശിയെ ഉപദ്രവിക്കരുത്: നിങ്ങൾ മിസ്രയീംദേശത്തു പരദേശികളായിരുന്നതുകൊണ്ട് പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.
പുറപ്പാട് 23:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കരുത്; കള്ളസ്സാക്ഷ്യം നല്‌കി കുറ്റവാളിക്കു തുണ നില്‌ക്കരുത്. ഭൂരിപക്ഷത്തോടു ചേർന്നു തെറ്റു ചെയ്യരുത്; ന്യായം മറിച്ചുകളയാൻ അവരോടു ചേർന്നു വ്യവഹാരത്തിൽ സാക്ഷ്യം പറയരുത്. വ്യവഹാരത്തിൽ ദരിദ്രനോടു പ്രത്യേക പക്ഷപാതം കാട്ടരുത്. ശത്രുവിന്റെ കാളയോ കഴുതയോ കെട്ടഴിഞ്ഞ് അലയുന്നതു കണ്ടാൽ അതിനെ അവന്റെ അടുക്കൽ എത്തിക്കണം. നിന്നെ ദ്വേഷിക്കുന്നവന്റെ കഴുത ഭാരവുമായി വീണുകിടക്കുന്നതു കണ്ടാൽ, അതിനെ കടന്നു പോകരുത്; അതിനെ എഴുന്നേല്പിക്കാൻ തീർച്ചയായും അവനെ സഹായിക്കണം. വ്യവഹാരത്തിൽ ദരിദ്രന് നീതി നിഷേധിക്കരുത്. വ്യാജാരോപണങ്ങൾ ഉന്നയിക്കരുത്. നിഷ്കളങ്കനെയും നീതിമാനെയും കൊല്ലാൻ ഇടവരരുത്. ദുഷ്ടനെ ഞാൻ വെറുതെ വിടുകയില്ല. നീ കൈക്കൂലി വാങ്ങരുത്. അതു കാഴ്ചയുള്ളവന്റെ കണ്ണ് അന്ധമാക്കുകയും നീതിമാനു ന്യായം നിഷേധിക്കുകയും ചെയ്യുന്നു. പരദേശിയെ നിങ്ങൾ കഷ്ടപ്പെടുത്തരുത്. ഈജിപ്തിൽ പരദേശികളായിരുന്ന നിങ്ങൾക്ക് പരദേശിയുടെ വികാരങ്ങൾ അറിയാമല്ലോ.
പുറപ്പാട് 23:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിങ്ങൾ വ്യാജവർത്തമാനം പ്രചരിപ്പിക്കരുത്; കള്ളസ്സാക്ഷിയായിരിക്കുവാൻ ദുഷ്ടനോടുകൂടെ ചേരരുത്. ഭൂരിപക്ഷത്തോട് ചേർന്ന് ദോഷം ചെയ്യരുത്; ന്യായത്തിന് എതിരായി ഭൂരിപക്ഷത്തോട് ചേർന്ന് വ്യവഹാരത്തിൽ സാക്ഷ്യം പറയരുത്. ദരിദ്രന്റെ വ്യവഹാരത്തിൽ അവനോട് പക്ഷഭേദം കാണിക്കരുത്. നിന്റെ ശത്രുവിന്റെ കാളയോ കഴുതയോ വഴിതെറ്റിയതായി കണ്ടാൽ അതിനെ അവന്റെ അടുക്കൽ തിരികെ എത്തിക്കേണം. നിന്നെ ദ്വേഷിക്കുന്നവൻ്റെ കഴുത ചുമടുമായി വീണുകിടക്കുന്നത് കണ്ടാൽ അവനെ വിചാരിച്ച് അതിനെ അഴിച്ചുവിടുവാൻ മടിക്കരുത്. അതിനെ അഴിച്ചുവിടുവാൻ അവനെ സഹായിക്കേണം. ദരിദ്രന്‍റെ വ്യവഹാരത്തിൽ അവനു നീതി നിഷേധിക്കരുത്. തെറ്റായ കുറ്റാരോപണം വിട്ട് അകന്നിരിക്കുക; കുറ്റമില്ലാത്തവനെയും നീതിമാനെയും കൊല്ലരുത്; ഞാൻ ദുഷ്ടനെ നീതീകരിക്കുകയില്ലല്ലോ. കൈക്കൂലി കാഴ്ചയുള്ളവരെ കുരുടരാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളയുകയും ചെയ്യുന്നതുകൊണ്ടു നീ കൈക്കൂലി വാങ്ങരുത്. പരദേശിയെ ഉപദ്രവിക്കരുത്: നിങ്ങൾ മിസ്രയീമിൽ പരദേശികളായിരുന്നതുകൊണ്ട് പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.
പുറപ്പാട് 23:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വ്യാജവർത്തമാനം പരത്തരുതു; കള്ളസ്സാക്ഷിയായിരിപ്പാൻ ദുഷ്ടനോടുകൂടെ ചേരരുതു. ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുതു; ന്യായം മറിച്ചുകളവാൻ ബഹുജനപക്ഷം ചേർന്നു വ്യവഹാരത്തിൽ സാക്ഷ്യം പറയരുതു. ദരിദ്രന്റെ വ്യവഹാരത്തിൽ അവനോടു പക്ഷം കാണിക്കരുതു. നിന്റെ ശത്രുവിന്റെ കാളയോ കഴുതയോ വഴിതെറ്റിയതായി കണ്ടാൽ അതിനെ അവന്റെ അടുക്കൽ തിരികെ കൊണ്ടുപോകേണം. നിന്നെ ദ്വേഷിക്കുന്നവന്റെ കഴുത ചുമടിൻ കീഴെ കിടക്കുന്നതു കണ്ടാൽ അവനെ വിചാരിച്ചു അതിനെ അഴിച്ചുവിടുവാൻ മടിച്ചാലും അഴിച്ചുവിടുവാൻ അവന്നു സഹായം ചെയ്യേണം. നിങ്ങളുടെ ഇടയിലുള്ള ദരിദ്രന്റെ വ്യവഹാരത്തിൽ അവന്റെ ന്യായം മറിച്ചുകളയരുതു. കള്ളക്കാര്യം വിട്ടു അകന്നിരിക്ക; കുറ്റമില്ലാത്തവനെയും നീതിമാനെയും കൊല്ലരുതു; ഞാൻ ദുഷ്ടനെ നീതീകരിക്കയില്ലല്ലോ. സമ്മാനം കാഴ്ചയുള്ളവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളകയും ചെയ്യുന്നതുകൊണ്ടു നീ സമ്മാനം വാങ്ങരുതു. പരദേശിയെ ഉപദ്രവിക്കരുതു: നിങ്ങൾ മിസ്രയീംദേശത്തു പരദേശികളായിരുന്നതുകൊണ്ടു പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.
പുറപ്പാട് 23:1-9 സമകാലിക മലയാളവിവർത്തനം (MCV)
“വ്യാജവാർത്ത പ്രചരിപ്പിക്കരുത്. ദുഷ്ടരായവരെ സഹായിക്കാൻ കള്ളസ്സാക്ഷിയാകരുത്. “ദോഷം പ്രവർത്തിക്കാൻ ഭൂരിപക്ഷത്തോടു യോജിക്കരുത്. വ്യവഹാരത്തിൽ സാക്ഷ്യം പറയുമ്പോൾ ജനക്കൂട്ടത്തോടുചേർന്നു ന്യായം അട്ടിമറിക്കരുത്. ദരിദ്രന്റെ വ്യവഹാരത്തിൽ ആ വ്യക്തിയോടു പക്ഷഭേദം കാട്ടുകയും അരുത്. “നിന്റെ ശത്രുവിന്റെ കാളയോ കഴുതയോ അലഞ്ഞുതിരിയുന്നതായി കണ്ടാൽ നിശ്ചയമായും അതിനെ ആ മനുഷ്യന്റെ അടുക്കൽ തിരിച്ചെത്തിക്കണം. നിന്നെ വെറുക്കുന്ന ആരുടെയെങ്കിലും കഴുത അതിന്റെ ചുമടിനുകീഴിൽ വീണുകിടക്കുന്നതു കണ്ടാൽ അതിനെ ഉപേക്ഷിച്ചു പോകരുത്. അക്കാര്യത്തിൽ അവരെ നിശ്ചയമായും സഹായിക്കണം. “വ്യവഹാരത്തിൽ ദരിദ്രനു നീതി നിഷേധിക്കരുത്. വ്യാജാരോപണത്തിൽ നിനക്കു പങ്കുണ്ടാകരുത്. നിരപരാധിയും നീതിമാനും ആയ ഒരു മനുഷ്യനെയും കൊല്ലരുത്. കുറ്റവാളിയെ ഞാൻ ശിക്ഷിക്കാതെ വിടുകയില്ല. “കൈക്കൂലി വാങ്ങരുത്; കൈക്കൂലി കാഴ്ചയുള്ളവരെ അന്ധരാക്കുകയും നിഷ്കളങ്കരുടെ വചനം കോട്ടിക്കളയുകയും ചെയ്യുന്നു. “പ്രവാസികളെ പീഡിപ്പിക്കരുത്; ഈജിപ്റ്റിൽ പ്രവാസികളായിരുന്ന നിങ്ങൾക്ക് ഒരു വിദേശിയുടെ ജീവിതം എങ്ങനെയെന്ന് അറിയാമല്ലോ.