പുറപ്പാട് 22:21-27
പുറപ്പാട് 22:21-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പരദേശിയെ പീഡിപ്പിക്കരുത്, ഉപദ്രവിക്കയുമരുത്; നിങ്ങൾ മിസ്രയീംദേശത്തു പരദേശികൾ ആയിരുന്നുവല്ലോ. വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുത്. അവരെ വല്ലപ്രകാരത്തിലും ക്ലേശിപ്പിക്കയും അവർ എന്നോടു നിലവിളിക്കയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും; എന്റെ കോപവും ജ്വലിക്കും; ഞാൻ വാൾകൊണ്ടു നിങ്ങളെ കൊല്ലും; നിങ്ങളുടെ സ്ത്രീകൾ വിധവമാരും നിങ്ങളുടെ പൈതങ്ങൾ അനാഥരുമായിത്തീരും. എന്റെ ജനത്തിൽ നിന്റെ അടുക്കലുള്ള ഒരു ദരിദ്രനു പണം വായ്പ കൊടുത്താൽ പൊലികടക്കാരനെപ്പോലെ ഇരിക്കരുത്; അവനോടു പലിശ വാങ്ങുകയും അരുത്. നീ കൂട്ടുകാരന്റെ വസ്ത്രം പണയം വാങ്ങിയാൽ സൂര്യൻ അസ്തമിക്കും മുമ്പേ മടക്കിക്കൊടുക്കേണം. അതു മാത്രമല്ലോ അവന്റെ പുതപ്പ്; അതു മാത്രമല്ലോ അവന്റെ ശരീരം മൂടുന്ന വസ്ത്രം; അവൻ പിന്നെ എന്തോന്നു പുതച്ചു കിടക്കും? അവൻ എന്നോടു നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ കൃപയുള്ളവനല്ലോ.
പുറപ്പാട് 22:21-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“വിദേശിയോട് അപമര്യാദമായി പെരുമാറുകയോ, അയാളെ മർദിക്കുകയോ ചെയ്യരുത്; നിങ്ങളും ഈജിപ്തിൽ വിദേശികളായിരുന്നുവല്ലോ.” “വിധവയെയോ അനാഥനെയോ പീഡിപ്പിക്കരുത്; അങ്ങനെ ചെയ്താൽ അവർ എന്നോടു നിലവിളിക്കുകയും നിശ്ചയമായും ഞാൻ അവരുടെ നിലവിളി കേൾക്കുകയും ചെയ്യും.” “എന്റെ കോപം ജ്വലിച്ച് ഞാൻ നിങ്ങളെ വാളിനിരയാക്കും. നിങ്ങളുടെ ഭാര്യമാർ വിധവകളും മക്കൾ അനാഥരുമായിത്തീരും.” “എന്റെ ജനത്തിലെ ദരിദ്രന്മാരായ ആർക്കെങ്കിലും പണം കടം കൊടുക്കുമ്പോൾ നിങ്ങൾ പലിശയ്‍ക്കു പണം കടം കൊടുക്കുന്നവരെപ്പോലെ പെരുമാറരുത്. അവരിൽനിന്നു പലിശ ഈടാക്കുകയും അരുത്. അയൽക്കാരന്റെ മേലങ്കി പണയം വാങ്ങിയാൽ സൂര്യൻ അസ്തമിക്കുന്നതിനുമുമ്പ് അതു നീ തിരിച്ചുകൊടുക്കണം. അവനു പുതയ്‍ക്കാൻ വേറെ വസ്ത്രമില്ലല്ലോ. അതില്ലാതെ അവൻ എങ്ങനെ ഉറങ്ങും. അവൻ എന്നോടു നിലവിളിച്ചാൽ ഞാൻ കേൾക്കും; ഞാൻ കൃപാലുവായ ദൈവമാകുന്നു.”
പുറപ്പാട് 22:21-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പരദേശിയെ പീഡിപ്പിക്കരുത്, ഉപദ്രവിക്കയുമരുത്; നിങ്ങൾ മിസ്രയീമിൽ പരദേശികൾ ആയിരുന്നുവല്ലോ. “വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുത്. അവരെ ഏതെങ്കിലും വിധത്തിൽ ക്ലേശിപ്പിക്കുകയും അവർ എന്നോട് നിലവിളിക്കുകയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും; എന്‍റെ കോപം ജ്വലിച്ച് ഞാൻ വാൾകൊണ്ട് നിങ്ങളെ കൊല്ലും; നിങ്ങളുടെ സ്ത്രീകൾ വിധവമാരും നിങ്ങളുടെ പൈതങ്ങൾ അനാഥരുമായിത്തീരും. “എന്റെ ജനത്തിൽ നിന്റെ അടുക്കലുള്ള ഒരു ദരിദ്രന് പണം വായ്പ കൊടുത്താൽ കടക്കാരനെപ്പോലെ പെരുമാറരുത്; അവനോട് പലിശ വാങ്ങുകയും അരുത്. നീ കൂട്ടുകാരന്റെ വസ്ത്രം പണയം വാങ്ങിയാൽ സൂര്യൻ അസ്തമിക്കുംമുമ്പെ മടക്കിക്കൊടുക്കേണം. അതുമാത്രമാണല്ലോ അവന്‍റെ പുതപ്പ്; അതുമാത്രമാണല്ലോ അവന്‍റെ ശരീരം മൂടുന്ന വസ്ത്രം; അവൻ പിന്നെ എന്ത് പുതച്ച് കിടക്കും? അവൻ എന്നോട് നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ കൃപയുള്ളവനല്ലോ.
പുറപ്പാട് 22:21-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പരദേശിയെ പീഡിപ്പിക്കരുതു ഉപദ്രവിക്കയുമരുതു; നിങ്ങൾ മിസ്രയീംദേശത്തു പരദേശികൾ ആയിരുന്നുവല്ലോ. വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുതു. അവരെ വല്ലപ്രകാരത്തിലും ക്ലേശിപ്പിക്കയും അവർ എന്നോടു നിലവിളിക്കയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും; എന്റെ കോപവും ജ്വലിക്കും; ഞാൻ വാൾകൊണ്ടു നിങ്ങളെ കൊല്ലും; നിങ്ങളുടെ സ്ത്രീകൾ വിധവമാരും നിങ്ങളുടെ പൈതങ്ങൾ അനാഥരുമായി തീരും. എന്റെ ജനത്തിൽ നിന്റെ അടുക്കലുള്ള ഒരു ദരിദ്രന്നു പണം വായ്പ കൊടുത്താൽ പൊലികടക്കാരനെപ്പോലെ ഇരിക്കരുതു; അവനോടു പലിശ വാങ്ങുകയും അരുതു. നീ കൂട്ടുകാരന്റെ വസ്ത്രം പണയം വാങ്ങിയാൽ സൂര്യൻ അസ്തമിക്കുംമുമ്പെ മടക്കിക്കൊടുക്കേണം. അതുമാത്രമല്ലോ അവന്റെ പുതപ്പു; അതുമാത്രമല്ലോ അവന്റെ ശരീരം മൂടുന്ന വസ്ത്രം; അവൻ പിന്നെ എന്തൊന്നു പുതെച്ചു കിടക്കും? അവൻ എന്നോടു നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ കൃപയുള്ളവനല്ലോ.
പുറപ്പാട് 22:21-27 സമകാലിക മലയാളവിവർത്തനം (MCV)
“വിദേശിയോടു മോശമായി പെരുമാറുകയോ അവരെ പീഡിപ്പിക്കുകയോ അരുത്; ഈജിപ്റ്റിൽ നിങ്ങളും പ്രവാസികൾ ആയിരുന്നല്ലോ. “വിധവയെയോ അനാഥരെയോ പീഡിപ്പിക്കരുത്. നീ പീഡിപ്പിച്ചിട്ട് അവർ എന്നോടു നിലവിളിച്ചാൽ ഞാൻ നിശ്ചയമായും അവരുടെ നിലവിളി കേൾക്കും; എന്റെ ക്രോധം ജ്വലിച്ചിട്ട് ഞാൻ നിന്നെ വാളാൽ കൊന്നുകളയും; നിങ്ങളുടെ ഭാര്യമാർ വിധവകളും നിങ്ങളുടെ കുഞ്ഞുങ്ങൾ അനാഥരും ആയിത്തീരും. “നിങ്ങളുടെ ഇടയിലുള്ള എന്റെ ജനത്തിൽ ദരിദ്രനായ ഒരു മനുഷ്യനു പണം വായ്പ കൊടുക്കുന്നെങ്കിൽ പണവ്യാപാരിയെപ്പോലെ പെരുമാറരുത്; ആ വ്യക്തിയിൽനിന്ന് പലിശ ഈടാക്കരുത്. അയൽവാസിയുടെ പുറങ്കുപ്പായം പണയമായി വാങ്ങിയാൽ, സന്ധ്യയാകുമ്പോൾ അത് അയാൾക്കു തിരിച്ചുകൊടുക്കണം. ആ പുറങ്കുപ്പായംമാത്രമാണ് ആ മനുഷ്യന്റെ ശരീരത്തിനുള്ള ഏക ആവരണം. അയാൾക്കു പുതച്ചുകൊണ്ട് ഉറങ്ങാൻ മറ്റെന്താണുള്ളത്? ആ അയൽവാസി എന്നോടു നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ അനുകമ്പയുള്ളവനല്ലോ.