പുറപ്പാട് 20:1-23
പുറപ്പാട് 20:1-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു: അടിമവീടായമിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്. ഒരു വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വർഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുത്. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുത്. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകയ്ക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ച് എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറവരെ ദയ കാണിക്കയും ചെയ്യുന്നു. നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല. ശബ്ബത്തുനാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക. ആറു ദിവസം അധ്വാനിച്ച് നിന്റെ വേലയൊക്കെയും ചെയ്ക. ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്. ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക. കൊല ചെയ്യരുത്. വ്യഭിചാരം ചെയ്യരുത്. മോഷ്ടിക്കരുത്. കൂട്ടുകാരന്റെ നേരേ കള്ളസ്സാക്ഷ്യം പറയരുത്. കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുത്; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്. ജനമൊക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പർവതം പുകയുന്നതും കണ്ടു; ജനം അതു കണ്ടപ്പോൾ വിറച്ചുകൊണ്ടു ദൂരത്തുനിന്നു. അവർ മോശെയോട്: നീ ഞങ്ങളോടു സംസാരിക്ക; ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിനു ദൈവം ഞങ്ങളോടു സംസാരിക്കരുതേ എന്നു പറഞ്ഞു. മോശെ ജനത്തോട്: ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിനും നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ അവങ്കലുള്ള ഭയം നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ടതിനും അത്രേ ദൈവം വന്നിരിക്കുന്നത് എന്നു പറഞ്ഞു. അങ്ങനെ ജനം ദൂരത്തു നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന് അടുത്തുചെന്നു. അപ്പോൾ യഹോവ മോശെയോടു കല്പിച്ചത്: നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയേണം: ഞാൻ സ്വർഗത്തിൽനിന്നു നിങ്ങളോടു സംസാരിച്ചതു നിങ്ങൾ കണ്ടിരിക്കുന്നുവല്ലോ. എന്റെ സന്നിധിയിൽ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങൾ ഉണ്ടാക്കരുത്.
പുറപ്പാട് 20:1-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം ഇപ്രകാരം അരുളിച്ചെയ്തു: “അടിമഗൃഹമായ ഈജിപ്തിൽനിന്നു നിങ്ങളെ മോചിപ്പിച്ചു കൊണ്ടുവന്ന ഞാനാണ് നിങ്ങളുടെ ദൈവമായ സർവേശ്വരൻ” “ഞാനല്ലാതെ അന്യദേവന്മാർ നിങ്ങൾക്കുണ്ടാകരുത്;” “സ്വർഗത്തിലോ ഭൂമിയിലോ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയോ രൂപമോ നിങ്ങൾക്കുവേണ്ടി ഉണ്ടാക്കരുത്. നിങ്ങൾ ഒരു വിഗ്രഹത്തെയും വന്ദിക്കുകയോ ആരാധിക്കുകയോ അരുത്. നിങ്ങളുടെ ദൈവമായ ഞാൻ അതു സഹിക്കയില്ല, എന്നെ ദ്വേഷിക്കുന്നവരെ ഞാൻ ശിക്ഷിക്കും. അവരുടെ മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ ശിക്ഷ അനുഭവിക്കും. എന്നാൽ എന്നെ സ്നേഹിക്കുകയും എന്റെ കല്പനകൾ പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറവരെയും എന്റെ സുസ്ഥിരസ്നേഹം ഞാൻ കാണിക്കും.” നിന്റെ ദൈവമായ സർവേശ്വരന്റെ നാമം വ്യർഥമായി ഉപയോഗിക്കരുത്. അങ്ങനെ ചെയ്യുന്ന ആരെയും ഞാൻ വെറുതെ വിടുകയില്ല.” “ശബത്തുദിവസം വിശുദ്ധമായി ആചരിക്കാൻ ശ്രദ്ധിക്കുക. ആറു ദിവസംകൊണ്ടു നിങ്ങളുടെ ജോലിയെല്ലാം ചെയ്യുക. എന്നാൽ ഏഴാം ദിവസം നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ ശബത്താകുന്നു. അന്ന് നീയും നിന്റെ പുത്രന്മാരും പുത്രിമാരും ദാസീദാസന്മാരും മൃഗങ്ങളും നിങ്ങളുടെ ദേശത്തു പാർക്കുന്ന പരദേശിയും ഒരു ജോലിയിലും ഏർപ്പെടരുത്. സർവേശ്വരൻ ആറു ദിവസംകൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും സൃഷ്ടിച്ചു; ഏഴാം ദിവസം വിശ്രമിച്ചു. അതുകൊണ്ട് അവിടുന്നു ശബത്തുദിനത്തെ അനുഗ്രഹിച്ചു വേർതിരിച്ചു.” “നിന്റെ ദൈവമായ സർവേശ്വരൻ നിനക്കു നല്കുന്ന ദേശത്തു ദീർഘായുസ്സോടിരിക്കാൻ നിന്റെ മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക.” “കൊല ചെയ്യരുത്.” “വ്യഭിചാരം ചെയ്യരുത്” “മോഷ്ടിക്കരുത്” “നിന്റെ അയൽക്കാരന് എതിരായി കള്ളസ്സാക്ഷ്യം പറയരുത്” “നിന്റെ അയൽക്കാരന്റെ ഭവനത്തെയോ, അവന്റെ ഭാര്യയെയോ, ദാസീദാസന്മാരെയോ, അവന്റെ കാളയെയോ കഴുതയെയോ അവന്റെ യാതൊന്നിനെയും മോഹിക്കരുത്.” ഇടിമുഴക്കവും കാഹളധ്വനിയും കേൾക്കുകയും, മിന്നലും പുകയുന്ന പർവതവും കാണുകയും ചെയ്തപ്പോൾ ജനം ഭയന്നു വിറച്ച് അകലെ നിന്നു. അവർ മോശയോടു പറഞ്ഞു: “അങ്ങ് ഞങ്ങളോടു സംസാരിച്ചാൽ മതി. ഞങ്ങൾ കേട്ടുകൊള്ളാം. ഞങ്ങൾ മരിക്കാതിരിക്കേണ്ടതിനു ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ.” മോശ മറുപടി പറഞ്ഞു: “ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കാനും നിങ്ങൾ പാപം ചെയ്യാതിരിക്കത്തക്കവിധം ദൈവഭയം നിങ്ങളിൽ നിലനിർത്താനുമാണ് അവിടുന്നു വന്നിരിക്കുന്നത്.” ദൈവം എഴുന്നള്ളിയിരുന്ന കനത്ത കാർമേഘത്തിന്റെ അടുത്തേക്ക് മോശ നീങ്ങിയപ്പോൾ ജനം ദൂരെ മാറിനിന്നു. സർവേശ്വരൻ മോശയോടരുളിച്ചെയ്തു: “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ഞാൻ സ്വർഗത്തിൽനിന്നു സംസാരിക്കുന്നതു നിങ്ങൾതന്നെ കണ്ടല്ലോ. എനിക്കുപുറമെ നിങ്ങൾക്കായി വെള്ളികൊണ്ടോ സ്വർണംകൊണ്ടോ ഒരു ദേവനെയും ഉണ്ടാക്കരുത്.
പുറപ്പാട് 20:1-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു: “അടിമകളായി പാര്ത്തിരുന്ന മിസ്രയീം ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത്. ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളിൽ സ്വർഗ്ഗത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിൽ വെള്ളത്തിലോ ഉള്ള യാതൊന്നിൻ്റെയും പ്രതിമയും അരുത്. അവയെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; അനീതി കാണിക്കുന്ന പിതാക്കന്മാരുടെ ശിക്ഷ മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേൽ നിലനിൽക്കുകയും എന്നെ സ്നേഹിച്ച് എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറവരെ ദയ കാണിക്കുകയും ചെയ്യുന്നു. നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല. ശബ്ബത്ത് നാളിനെ ശുദ്ധീകരിക്കുവാൻ ഓർക്കുക. ആറുദിവസം അദ്ധ്വാനിച്ച് നിന്റെ വേല ഒക്കെയും ചെയ്യുക. ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്റെ മകനും മകളും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്. ആറു ദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ട് യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക. കൊല ചെയ്യരുത്. വ്യഭിചാരം ചെയ്യരുത്. മോഷ്ടിക്കരുത്. കൂട്ടുകാരന്റെ നേരെ കള്ളസാക്ഷ്യം പറയരുത്. കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുത്; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.” ജനം എല്ലാം ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും കേൾക്കുകയും പർവ്വതം പുകയുന്നത് കാണുകയും ചെയ്തു; അത് കണ്ടപ്പോൾ അവർ ഭയന്നു വിറച്ചുകൊണ്ട് ദൂരത്ത് നിന്നു. അവർ മോശെയോട്: “നീ ഞങ്ങളോടു സംസാരിക്കുക; ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന് ദൈവം ഞങ്ങളോടു സംസാരിക്കരുതേ” എന്നു പറഞ്ഞു. മോശെ ജനത്തോട്: “ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിനും നിങ്ങൾ പാപം ചെയ്യാതിരിക്കുവാൻ അവനിലുള്ള ഭയം നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ടതിനും അത്രേ ദൈവം വന്നിരിക്കുന്നത്” എന്നു പറഞ്ഞു. അങ്ങനെ ജനം ദൂരത്ത് നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന്റെ അടുത്തുചെന്നു. അപ്പോൾ യഹോവ മോശെയോട് കല്പിച്ചത്: “നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയേണം: ഞാൻ സ്വർഗ്ഗത്തിൽനിന്ന് നിങ്ങളോട് സംസാരിച്ചത് നിങ്ങൾ കണ്ടുവല്ലോ. എന്റെ സന്നിധിയിൽ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങൾ ഉണ്ടാക്കരുത്.
പുറപ്പാട് 20:1-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു: അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയ കാണിക്കയും ചെയ്യുന്നു. നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല. ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക. ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു. ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക. കൊല ചെയ്യരുതു. വ്യഭിചാരം ചെയ്യരുതു. മോഷ്ടിക്കരുതു. കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു. കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു. ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പർവ്വതം പുകയുന്നതും കണ്ടു; ജനം അതു കണ്ടപ്പോൾ വിറെച്ചുകൊണ്ടു ദൂരത്തു നിന്നു. അവർ മോശെയോടു: നീ ഞങ്ങളോടു സംസാരിക്ക; ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന്നു ദൈവം ഞങ്ങളോടു സംസാരിക്കരുതേ എന്നു പറഞ്ഞു. മോശെ ജനത്തോടു: ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നും നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ അവങ്കലുള്ള ഭയം നിങ്ങൾക്കു ഉണ്ടായിരിക്കേണ്ടതിന്നും അത്രേ ദൈവം വന്നിരിക്കുന്നതു എന്നു പറഞ്ഞു. അങ്ങനെ ജനം ദൂരത്തു നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന്നു അടുത്തുചെന്നു. അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: ഞാൻ സ്വർഗ്ഗത്തിൽനിന്നു നിങ്ങളോടു സംസാരിച്ചതു നിങ്ങൾ കണ്ടിരിക്കുന്നുവല്ലോ. എന്റെ സന്നിധിയിൽ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങൾ ഉണ്ടാക്കരുതു.
പുറപ്പാട് 20:1-23 സമകാലിക മലയാളവിവർത്തനം (MCV)
ദൈവം ഈ വചനങ്ങൾ എല്ലാം അരുളിച്ചെയ്തു: “അടിമനാടായ ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറത്തുകൊണ്ടുവന്ന യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു. “ഞാൻ അല്ലാതെ അന്യദേവന്മാർ നിങ്ങൾക്കുണ്ടാകരുത്. നിങ്ങൾക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മീതേ ആകാശത്തിലോ താഴേ ഭൂമിയിലോ കീഴേ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയും അരുത്. അവയെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുത്. കാരണം, നിങ്ങളുടെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ളവനാകുന്നു. എന്നെ വെറുക്കുന്ന മാതാപിതാക്കളുടെ പാപത്തിന് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കും. എന്നാൽ എന്നെ സ്നേഹിച്ച് എന്റെ കൽപ്പനകൾ പ്രമാണിക്കുന്നവരോട് ആയിരം തലമുറവരെ ഞാൻ കരുണകാണിക്കും. നിങ്ങളുടെ ദൈവമായ യഹോവയുടെ നാമം വൃഥാ ഉപയോഗിക്കരുത്. അവിടത്തെ നാമം വ്യർഥമായി ഉപയോഗിക്കുന്നവരെ യഹോവ ശിക്ഷിക്കാതിരിക്കുകയില്ല. ശബ്ബത്തുദിവസത്തെ വിശുദ്ധിയോടെ ആചരിക്കാൻ ഓർക്കുക. ആറുദിവസം അധ്വാനിച്ച് നിങ്ങളുടെ ജോലികളെല്ലാം ചെയ്യുക; എന്നാൽ ഏഴാംദിവസം നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു. അന്ന് നിങ്ങളോ നിങ്ങളുടെ പുത്രനോ പുത്രിയോ ദാസനോ ദാസിയോ മൃഗങ്ങളോ നിങ്ങളുടെ പട്ടണങ്ങളിൽ താമസിക്കുന്ന പ്രവാസിയോ ജോലിയൊന്നും ചെയ്യാൻ പാടില്ല; എന്തുകൊണ്ടെന്നാൽ, ആറുദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ചിട്ട് ഏഴാംദിവസം വിശ്രമിച്ചു. ആകയാൽ യഹോവ ശബ്ബത്ത് ദിവസത്തെ അനുഗ്രഹിച്ച് അതിനെ വിശുദ്ധീകരിച്ചു. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്തു നിങ്ങൾക്കു ദീർഘായുസ്സുണ്ടാകേണ്ടതിനു നിങ്ങളുടെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം. കൊലപാതകം ചെയ്യരുത്. വ്യഭിചാരം ചെയ്യരുത്. മോഷ്ടിക്കരുത്. അയൽവാസിക്കു വിരോധമായി കള്ളസാക്ഷി പറയരുത്. അയൽവാസിയുടെ ഭവനത്തെ മോഹിക്കരുത്. അയൽവാസിയുടെ ഭാര്യ, പരിചാരകൻ, പരിചാരിക, കാള, കഴുത ഇങ്ങനെ നിന്റെ അയൽവാസിക്കുള്ള യാതൊന്നും മോഹിക്കരുത്.” ഇടിയും മിന്നലും കാണുകയും കാഹളം കേൾക്കുകയും പർവതം പുകയുന്നതു കാണുകയും ചെയ്തപ്പോൾ ജനമെല്ലാം ഭയന്നുവിറച്ചു; അവർ ദൂരെ മാറിനിന്നു. അവർ മോശയോട്, “അങ്ങുതന്നെ ഞങ്ങളോടു സംസാരിക്കുക, ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന് ദൈവം ഞങ്ങളോടു സംസാരിക്കരുതേ” എന്നപേക്ഷിച്ചു. മോശ ജനത്തോട്, “ഭയപ്പെടരുത്: നിങ്ങളിൽ ദൈവഭയം ഉളവാകുന്നതുമൂലം പാപത്തിൽനിന്ന് അകന്നു ജീവിക്കുന്നതിനും ഇങ്ങനെ നിങ്ങളെ പരീക്ഷിക്കുന്നതിനുമാണ് ദൈവം വന്നിരിക്കുന്നത്” എന്നു പറഞ്ഞു. ജനം അകലെ നിന്നു, മോശയോ ദൈവം സന്നിഹിതനായ കനത്ത ഇരുട്ടിനെ സമീപിച്ചു. ഇതിനെത്തുടർന്ന് യഹോവ മോശയോട് അരുളിച്ചെയ്തു, “നീ ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘ഞാൻ സ്വർഗത്തിൽനിന്ന് നിങ്ങളോടു സംസാരിക്കുന്നതു നിങ്ങൾതന്നെ കണ്ടിരിക്കുന്നു! ഞാൻ ഒഴികെ മറ്റൊരുദൈവവും നിങ്ങൾക്കുണ്ടായിരിക്കരുത്. വെള്ളികൊണ്ടോ സ്വർണംകൊണ്ടോ നിങ്ങൾക്കായി ദേവതകളെ നിർമിക്കരുത്.