പുറ. 20:1-23

പുറ. 20:1-23 IRVMAL

ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു: “അടിമകളായി പാര്‍ത്തിരുന്ന മിസ്രയീം ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്‍റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത്. ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളിൽ സ്വർഗ്ഗത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിൽ വെള്ളത്തിലോ ഉള്ള യാതൊന്നിൻ്റെയും പ്രതിമയും അരുത്. അവയെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്. നിന്‍റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; അനീതി കാണിക്കുന്ന പിതാക്കന്മാരുടെ ശിക്ഷ മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേൽ നിലനിൽക്കുകയും എന്നെ സ്നേഹിച്ച് എന്‍റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറവരെ ദയ കാണിക്കുകയും ചെയ്യുന്നു. നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്‍റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല. ശബ്ബത്ത് നാളിനെ ശുദ്ധീകരിക്കുവാൻ ഓർക്കുക. ആറുദിവസം അദ്ധ്വാനിച്ച് നിന്‍റെ വേല ഒക്കെയും ചെയ്യുക. ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്‍റെ മകനും മകളും നിന്‍റെ വേലക്കാരനും വേലക്കാരത്തിയും നിന്‍റെ കന്നുകാലികളും നിന്‍റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്. ആറു ദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ട് യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു. നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക. കൊല ചെയ്യരുത്. വ്യഭിചാരം ചെയ്യരുത്. മോഷ്ടിക്കരുത്. കൂട്ടുകാരന്‍റെ നേരെ കള്ളസാക്ഷ്യം പറയരുത്. കൂട്ടുകാരന്‍റെ ഭവനത്തെ മോഹിക്കരുത്; കൂട്ടുകാരന്‍റെ ഭാര്യയെയും അവന്‍റെ ദാസനെയും ദാസിയെയും അവന്‍റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.” ജനം എല്ലാം ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും കേൾക്കുകയും പർവ്വതം പുകയുന്നത് കാണുകയും ചെയ്തു; അത് കണ്ടപ്പോൾ അവർ ഭയന്നു വിറച്ചുകൊണ്ട് ദൂരത്ത് നിന്നു. അവർ മോശെയോട്: “നീ ഞങ്ങളോടു സംസാരിക്കുക; ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന് ദൈവം ഞങ്ങളോടു സംസാരിക്കരുതേ” എന്നു പറഞ്ഞു. മോശെ ജനത്തോട്: “ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിനും നിങ്ങൾ പാപം ചെയ്യാതിരിക്കുവാൻ അവനിലുള്ള ഭയം നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ടതിനും അത്രേ ദൈവം വന്നിരിക്കുന്നത്” എന്നു പറഞ്ഞു. അങ്ങനെ ജനം ദൂരത്ത് നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന്‍റെ അടുത്തുചെന്നു. അപ്പോൾ യഹോവ മോശെയോട് കല്പിച്ചത്: “നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയേണം: ഞാൻ സ്വർഗ്ഗത്തിൽനിന്ന് നിങ്ങളോട് സംസാരിച്ചത് നിങ്ങൾ കണ്ടുവല്ലോ. എന്‍റെ സന്നിധിയിൽ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങൾ ഉണ്ടാക്കരുത്.

പുറ. 20:1-23 - നുള്ള വീഡിയോ