പുറപ്പാട് 19:9-25

പുറപ്പാട് 19:9-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ മോശെയോട്: ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ജനം കേൾക്കേണ്ടതിനും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിനും ഞാൻ ഇതാ, മേഘതമസ്സിൽ നിന്റെ അടുക്കൽ വരുന്നു എന്ന് അരുളിച്ചെയ്തു. ജനത്തിന്റെ വാക്ക് മോശെ യഹോവയോടു ബോധിപ്പിച്ചു. യഹോവ പിന്നെയും മോശെയോടു കല്പിച്ചത്: നീ ജനത്തിന്റെ അടുക്കൽ ചെന്ന് ഇന്നും നാളെയും അവരെ ശുദ്ധീകരിക്ക; അവർ വസ്ത്രം അലക്കി, മൂന്നാംദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ; മൂന്നാം ദിവസം യഹോവ സകല ജനവും കാൺകെ സീനായിപർവതത്തിൽ ഇറങ്ങും. ജനം പർവതത്തിൽ കയറാതെയും അതിന്റെ അടിവാരം തൊടാതെയും ഇരിപ്പാൻ സൂക്ഷിക്കേണം എന്നു പറഞ്ഞു നീ അവർക്കായി ചുറ്റും അതിർ തിരിക്കേണം; പർവതം തൊടുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കേണം. കൈ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയേണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുത്. കാഹളം ദീർഘമായി ധ്വനിക്കുമ്പോൾ അവർ പർവതത്തിന് അടുത്തുവരട്ടെ. മോശെ പർവതത്തിൽനിന്നു ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്നു ജനത്തെ ശുദ്ധീകരിച്ചു; അവർ വസ്ത്രം അലക്കുകയും ചെയ്തു. അവൻ ജനത്തോട്: മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിപ്പിൻ; നിങ്ങളുടെ ഭാര്യമാരുടെ അടുക്കൽ ചെല്ലരുത് എന്നു പറഞ്ഞു. മൂന്നാം ദിവസം നേരം വെളുത്തപ്പോൾ ഇടിമുഴക്കവും മിന്നലും പർവതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനമൊക്കെയും നടുങ്ങി. ദൈവത്തെ എതിരേല്പാൻ മോശെ ജനത്തെ പാളയത്തിൽനിന്നു പുറപ്പെടുവിച്ചു; അവർ പർവതത്തിന്റെ അടിവാരത്തു നിന്നു. യഹോവ തീയിൽ സീനായിപർവതത്തിൽ ഇറങ്ങുകയാൽ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പർവതമൊക്കെയും ഏറ്റവും കുലുങ്ങി. കാഹളധ്വനി ദീർഘമായി ഉറച്ചുറച്ചുവന്നപ്പോൾ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തിൽ അവനോട് ഉത്തരം അരുളി. യഹോവ സീനായിപർവതത്തിൽ പർവതത്തിന്റെ കൊടുമുടിയിൽ ഇറങ്ങി; യഹോവ മോശെയെ പർവതത്തിന്റെ കൊടുമുടിയിലേക്കു വിളിച്ചു; മോശെ കയറിച്ചെന്നു. യഹോവ മോശെയോട് കല്പിച്ചതെന്തെന്നാൽ: ജനം നോക്കേണ്ടതിനു യഹോവയുടെ അടുക്കൽ കടന്നുവന്നിട്ട് അവരിൽ പലരും നശിച്ചുപോകാതിരിപ്പാൻ നീ ഇറങ്ങിച്ചെന്ന് അവരോട് അമർച്ചയായി കല്പിക്ക. യഹോവയോട് അടുക്കുന്ന പുരോഹിതന്മാരും യഹോവ അവർക്കു ഹാനി വരുത്താതിരിക്കേണ്ടതിനു തങ്ങളെ ശുദ്ധീകരിക്കട്ടെ. മോശെ യഹോവയോട്: ജനത്തിനു സീനായിപർവതത്തിൽ കയറുവാൻ പാടില്ല; പർവതത്തിന് അതിർ തിരിച്ച് അതിനെ ശുദ്ധമാക്കുക എന്നു ഞങ്ങളോട് അമർച്ചയായി കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു. യഹോവ അവനോട്: ഇറങ്ങിപ്പോക; നീ അഹരോനുമായി കയറിവരിക; എന്നാൽ പുരോഹിതന്മാരും ജനവും യഹോവ അവർക്കു നാശം വരുത്താതിരിക്കേണ്ടതിന് അവന്റെ അടുക്കൽ കയറുവാൻ അതിർ കടക്കരുത്. അങ്ങനെ മോശെ ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്ന് അവരോടു പറഞ്ഞു.

പുറപ്പാട് 19:9-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇതാ ഞാൻ കാർമേഘത്തിൽ നിന്റെ അടുക്കൽ വരുന്നു; ഞാൻ നിന്നോടു സംസാരിക്കുന്നതു ജനം കേൾക്കട്ടെ. അങ്ങനെ അവർ എന്നും നിന്നെ വിശ്വസിക്കാൻ ഇടയാകും.” പിന്നീട് മോശ ജനത്തിന്റെ വാക്ക് സർവേശ്വരനെ അറിയിച്ചു. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ജനങ്ങളുടെ അടുത്തു ചെന്ന് അവരെ ഇന്നും നാളെയും ശുദ്ധീകരിക്കണം. അവർ വസ്ത്രം അലക്കി വെടിപ്പാക്കി മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ; അന്നു സീനായ്മലയിൽ ജനം കാൺകെ ഞാൻ ഇറങ്ങി വരും. മലയ്‍ക്കു ചുറ്റും അതിർത്തി കല്പിച്ചുകൊണ്ട് അവരോടു പറയണം: നിങ്ങൾ മലയിൽ കയറുകയോ അതിരിനുള്ളിൽ പ്രവേശിക്കുകയോ അരുത്. മലയെ സ്പർശിക്കുന്നവൻ കൊല്ലപ്പെടണം. ആരും അവനെ തൊടരുത്; കല്ലെറിഞ്ഞോ അമ്പെയ്തോ അവനെ കൊല്ലണം; അവനെ സ്പർശിക്കുന്നവൻ മനുഷ്യനോ മൃഗമോ ആകട്ടെ ജീവിച്ചിരിക്കരുത്. നീണ്ട കാഹളധ്വനി കേൾക്കുമ്പോൾ ജനം മലയുടെ സമീപം വരട്ടെ.” മോശ മലയിൽനിന്ന് ഇറങ്ങിച്ചെന്ന് ജനങ്ങളെ ശുദ്ധീകരിച്ചു; അവർ വസ്ത്രം അലക്കി വെടിപ്പാക്കി. അദ്ദേഹം ജനങ്ങളോടു പറഞ്ഞു: “മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കുക. അതിനിടയിൽ സ്‍ത്രീസമ്പർക്കം അരുത്.” മൂന്നാം ദിവസം പ്രഭാതത്തിൽ വലിയ ഇടിയും മിന്നലും ഉണ്ടായി; വലിയ കാർമേഘം മലമുകളിൽ പ്രത്യക്ഷപ്പെട്ടു; പാളയത്തിലെ ജനം നടുങ്ങത്തക്കവിധം കാഹളം ഉച്ചത്തിൽ മുഴങ്ങി. ദൈവത്തെ ദർശിക്കാൻ മോശ ജനത്തെ പാളയത്തിനു പുറത്തു കൊണ്ടുവന്ന് മലയുടെ അടിവശത്തു നിർത്തി. സർവേശ്വരൻ അഗ്നിയിലൂടെ ഇറങ്ങി വന്നതിനാൽ സീനായ്മല പുകകൊണ്ടു മൂടി; ചൂളയിൽ നിന്നെന്നപോലെ പുക പൊങ്ങി; മല ശക്തമായി കുലുങ്ങി; കാഹളധ്വനി അടിക്കടി ഉച്ചത്തിലായിക്കൊണ്ടിരുന്നു. അപ്പോൾ മോശ ദൈവത്തോടു സംസാരിച്ചു. അവിടുന്ന് ഇടിമുഴക്കത്തിലൂടെ ഉത്തരമരുളി. സർവേശ്വരൻ സീനായ്മലമുകളിൽ ഇറങ്ങി; മോശയെ കൊടുമുടിയിലേക്കു വിളിച്ചു. അദ്ദേഹം അവിടേക്കു ചെന്നു. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നീ ഇറങ്ങിച്ചെന്നു മുന്നറിയിപ്പ് നല്‌കുക. അല്ലെങ്കിൽ എന്നെ കാണാൻ ജനം അതിർത്തി ലംഘിച്ച് അനേകർ മരിക്കാൻ ഇടയാകും. സർവേശ്വരനെ സമീപിക്കാൻ ശ്രമിക്കുന്ന പുരോഹിതന്മാരും ശിക്ഷിക്കപ്പെടാതിരിക്കണമെങ്കിൽ സ്വയം ശുദ്ധീകരിക്കണം. മോശ സർവേശ്വരനോടു പറഞ്ഞു: “സീനായ്മലയ്‍ക്ക് ചുറ്റും അതിരു കല്പിച്ച് അതിനെ വിശുദ്ധീകരിക്കണമെന്ന് അവിടുന്നുതന്നെ ജനങ്ങളോടു കല്പിച്ചതുകൊണ്ട് ജനങ്ങൾക്ക് കയറിവരാൻ സാധ്യമല്ല.” സർവേശ്വരൻ മോശയോടു പറഞ്ഞു: “നീ ഇറങ്ങിച്ചെന്ന് അഹരോനെ കൂട്ടിക്കൊണ്ടു വരിക; പുരോഹിതന്മാരും ജനവും അതിർത്തി ലംഘിച്ച് എന്നെ സമീപിക്കരുത്; അതിരുകടന്നാൽ അവർ ശിക്ഷിക്കപ്പെടും. മോശ ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്ന് സർവേശ്വരന്റെ വാക്ക് അവരെ അറിയിച്ചു.

പുറപ്പാട് 19:9-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവ മോശെയോട്: “ഞാൻ നിന്നോട് സംസാരിക്കുമ്പോൾ ജനം കേൾക്കേണ്ടതിനും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിനും ഞാൻ ഇതാ, മേഘതമസ്സിൽ നിന്‍റെ അടുക്കൽ വരുന്നു” എന്നു അരുളിച്ചെയ്തു, ജനത്തിന്‍റെ വാക്ക് മോശെ യഹോവയോട് അറിയിച്ചു. യഹോവ പിന്നെയും മോശെയോട് കല്പിച്ചത്: “നീ ജനത്തിന്‍റെ അടുക്കൽ ചെന്നു ഇന്നും നാളെയും അവരെ ശുദ്ധീകരിക്കുക; അവർ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ; മൂന്നാംദിവസം യഹോവ സകലജനവും കാൺകെ സീനായി പർവ്വതത്തിൽ ഇറങ്ങും. ജനം പർവ്വതത്തിൽ കയറാതെയും അതിന്‍റെ അതിരിൽ തൊടാതെയും സൂക്ഷിക്കേണം എന്നു പറഞ്ഞ് നീ അവർക്കായി ചുറ്റും അതിര്‍ തിരിക്കേണം; പർവ്വതം തൊടുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കേണം. ആരും അവനെ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയേണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുത്. കാഹളം ദീർഘമായി ധ്വനിക്കുമ്പോൾ അവർ പർവ്വതത്തിന് അടുത്തുവരട്ടെ.” മോശെ പർവ്വതത്തിൽനിന്ന് ജനത്തിന്‍റെ അടുക്കൽ ഇറങ്ങിച്ചെന്ന് ജനത്തെ ശുദ്ധീകരിച്ചു; അവർ വസ്ത്രം അലക്കുകയും ചെയ്തു. അവൻ ജനത്തോട്: “മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കുവിൻ; നിങ്ങളുടെ ഭാര്യമാരുടെ അടുക്കൽ ചെല്ലരുത്” എന്നു പറഞ്ഞു. മൂന്നാംദിവസം നേരം വെളുത്തപ്പോൾ ഇടിമുഴക്കവും മിന്നലും പർവ്വതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം എല്ലാവരും നടുങ്ങി. ദൈവത്തെ എതിരേല്ക്കുവാൻ മോശെ ജനത്തെ പാളയത്തിൽനിന്ന് പുറപ്പെടുവിച്ചു; അവർ പർവ്വതത്തിന്‍റെ അടിവാരത്തു നിന്നു. യഹോവ തീയിൽ സീനായി പർവ്വതത്തിൽ ഇറങ്ങുകയാൽ അത് മുഴുവനും പുകകൊണ്ട് മൂടി; അതിന്‍റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പർവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി. കാഹളധ്വനി ദീർഘമായി ഉറച്ചുറച്ചു വന്നപ്പോൾ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തിൽ അവനോട് ഉത്തരം അരുളി. യഹോവ സീനായി പർവ്വതത്തിൽ പർവ്വതത്തിന്‍റെ കൊടുമുടിയിൽ ഇറങ്ങി; യഹോവ മോശെയെ പർവ്വതത്തിന്‍റെ കൊടുമുടിയിലേക്ക് വിളിച്ചു; മോശെ കയറിച്ചെന്നു. യഹോവ മോശെയോട് കല്പിച്ചത്: “യഹോവയെ കാണേണ്ടതിന് ജനം യഹോവയുടെ അടുക്കൽ കടന്നുവന്നിട്ട് അവരിൽ പലരും നശിച്ചുപോകാതിരിക്കുവാൻ നീ ഇറങ്ങിച്ചെന്ന് അവർക്ക് മുന്നറിയിപ്പ് നൽകുക. യഹോവയുടെ അടുത്ത് വരുന്ന പുരോഹിതന്മാരും യഹോവ അവർക്ക് ഹാനി വരുത്താതിരിക്കേണ്ടതിന് തങ്ങളെ ശുദ്ധീകരിക്കട്ടെ.” മോശെ യഹോവയോട്: “ജനത്തിന് സീനായി പർവ്വതത്തിൽ കയറുവാൻ പാടില്ല; പർവ്വതത്തിന് അതിര്‍ തിരിച്ച് അതിനെ ശുദ്ധമാക്കുക എന്നു ഞങ്ങളോട് കർശനമായി കല്പിച്ചിട്ടുണ്ടല്ലോ” എന്നു പറഞ്ഞു. യഹോവ അവനോട്: “ഇറങ്ങിപ്പോകുക; നീ അഹരോനുമായി കയറിവരിക; എന്നാൽ പുരോഹിതന്മാരും ജനവും യഹോവ അവർക്ക് നാശം വരുത്താതിരിക്കേണ്ടതിന് അവന്‍റെ അടുക്കൽ കയറുവാൻ അതിര്‍ കടക്കരുത്.“ അങ്ങനെ മോശെ ജനത്തിന്‍റെ അടുക്കൽ ഇറങ്ങിച്ചെന്ന് അവരോടു പറഞ്ഞു.

പുറപ്പാട് 19:9-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ മോശെയോടു: ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ജനം കേൾക്കേണ്ടതിന്നും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിന്നും ഞാൻ ഇതാ, മേഘതമസ്സിൽ നിന്റെ അടുക്കൽ വരുന്നു എന്നു അരുളിച്ചെയ്തു, ജനത്തിന്റെ വാക്കു മോശെ യഹോവയോടു ബോധിപ്പിച്ചു. യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ ജനത്തിന്റെ അടുക്കൽ ചെന്നു ഇന്നും നാളെയും അവരെ ശുദ്ധീകരിക്ക; അവർ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിക്കട്ടെ; മൂന്നാം ദിവസം യഹോവ സകല ജനവും കാൺകെ സീനായിപർവ്വത്തിൽ ഇറങ്ങും. ജനം പർവ്വതത്തിൽ കയറാതെയും അതിന്റെ അടിവാരം തൊടാതെയും ഇരിപ്പാൻ സൂക്ഷിക്കേണം എന്നു പറഞ്ഞു നീ അവർക്കായി ചുറ്റും അതിർ തിരിക്കേണം; പർവ്വതം തൊടുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കേണം. കൈ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയേണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുതു. കാഹളം ദീർഘമായി ധ്വനിക്കുമ്പോൾ അവർ പർവ്വതത്തിന്നു അടുത്തുവരട്ടെ. മോശെ പർവ്വതത്തിൽനിന്നു ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്നു ജനത്തെ ശുദ്ധീകരിച്ചു; അവർ വസ്ത്രം അലക്കുകയും ചെയ്തു. അവൻ ജനത്തോടു: മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിപ്പിൻ; നിങ്ങളുടെ ഭാര്യമാരുടെ അടുക്കൽ ചെല്ലരുതു എന്നു പറഞ്ഞു. മൂന്നാം ദിവസം നേരം വെളുത്തപ്പോൾ ഇടിമുഴക്കവും മിന്നലും പർവ്വതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം ഒക്കെയും നടുങ്ങി. ദൈവത്തെ എതിരേല്പാൻ മോശെ ജനത്തെ പാളയത്തിൽനിന്നു പുറപ്പെടുവിച്ചു; അവർ പർവ്വതത്തിന്റെ അടിവാരത്തു നിന്നു. യഹോവ തീയിൽ സീനായി പർവ്വതത്തിൽ ഇറങ്ങുകയാൽ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പർവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി. കാഹളധ്വനി ദീർഘമായി ഉറച്ചുറച്ചു വന്നപ്പോൾ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തിൽ അവനോടു ഉത്തരം അരുളി. യഹോവ സീനായി പർവ്വതത്തിൽ പർവ്വതത്തിന്റെ കൊടുമുടിയിൽ ഇറങ്ങി; യഹോവ മോശെയെ പർവ്വതത്തിന്റെ കൊടുമുടിയിലേക്കു വിളിച്ചു; മോശെ കയറിച്ചെന്നു. യഹോവ മോശെയോടു കല്പിച്ചതെന്തെന്നാൽ: ജനം നോക്കേണ്ടതിന്നു യഹോവയുടെ അടുക്കൽ കടന്നുവന്നിട്ടു അവരിൽ പലരും നശിച്ചുപോകാതിരിപ്പാൻ നീ ഇറങ്ങിച്ചെന്നു അവരോടു അമർച്ചയായി കല്പിക്ക. യഹോവയോടു അടുക്കുന്ന പുരോഹിതന്മാരും യഹോവ അവർക്കു ഹാനി വരുത്താതിരിക്കേണ്ടതിന്നു തങ്ങളെ ശുദ്ധീകരിക്കട്ടെ. മോശെ യഹോവയോടു: ജനത്തിന്നു സീനായിപർവ്വത്തിൽ കയറുവാൻ പാടില്ല; പർവ്വതത്തിന്നു അതിർ തിരിച്ചു അതിനെ ശുദ്ധമാക്കുക എന്നു ഞങ്ങളോടു അമർച്ചയായി കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു. യഹോവ അവനോടു: ഇറങ്ങിപ്പോക; നീ അഹരോനുമായി കയറിവരിക; എന്നാൽ പുരോഹിതന്മാരും ജനവും യഹോവ അവർക്കു നാശം വരുത്താതിരിക്കേണ്ടതിന്നു അവന്റെ അടുക്കൽ കയറുവാൻ അതിർ കടക്കരുതു. അങ്ങനെ മോശെ ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്നു അവരോടു പറഞ്ഞു.

പുറപ്പാട് 19:9-25 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ മോശയോട് അരുളിച്ചെയ്തു, “ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ജനംകേട്ട് നിന്നിൽ എപ്പോഴും വിശ്വസിക്കേണ്ടതിനു ഞാൻ ഇതാ മേഘതമസ്സിൽ നിന്റെ അടുക്കൽ വരുന്നു.” അപ്പോൾ മോശ ജനം പറഞ്ഞതു യഹോവയോട് അറിയിച്ചു. യഹോവ മോശയോട് അരുളിച്ചെയ്തു, “ജനത്തിന്റെ അടുക്കൽച്ചെന്ന് അവരെ ഇന്നും നാളെയും വിശുദ്ധീകരിക്കുക. അവർ തങ്ങളുടെ വസ്ത്രങ്ങൾ അലക്കി, മൂന്നാംദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ, അന്ന് യഹോവ സകലജനവും കാണുംവിധം സീനായിമലയിൽ ഇറങ്ങിവരും. മലയുടെ ചുറ്റും ജനത്തിന് അതിരുതിരിച്ചിട്ട് അവരോടു പറയണം, ‘പർവതത്തിലേക്കു പോകുകയോ അതിന്റെ അടിവാരത്തിൽ തൊടുകയോ ചെയ്യാതിരിക്കാൻ സൂക്ഷിക്കുക. ആരെങ്കിലും പർവതത്തെ തൊട്ടാൽ അവൻ കൊല്ലപ്പെടും. ആരും ആ മനുഷ്യനെ സ്പർശിക്കരുത്. അയാളെ നിശ്ചയമായും കല്ലെറിഞ്ഞോ അമ്പെയ്തോ കൊല്ലണം: മനുഷ്യനായാലും മൃഗമായാലും ജീവനോടിരിക്കരുത്.’ കോലാട്ടിൻകൊമ്പിനാൽ തീർത്ത കാഹളം ദീർഘമായി ഊതുമ്പോൾമാത്രം അവർക്ക് പർവതത്തിനടുത്തേക്കു പോകാം.” മോശ പർവതത്തിൽനിന്ന് ഇറങ്ങിയതിനുശേഷം ജനത്തിന്റെ അടുക്കൽ ചെന്ന് അവരെ വിശുദ്ധീകരിച്ചു. അവർ തങ്ങളുടെ വസ്ത്രം അലക്കി. പിന്നെ, അദ്ദേഹം അവരോട്, “മൂന്നാംദിവസത്തേക്ക് ഒരുങ്ങിക്കൊള്ളുക. ആരും ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്.” മൂന്നാംദിവസം പ്രഭാതത്തിൽ പർവതത്തിനുമീതേ, കനത്ത മേഘത്തോടൊപ്പം ഇടിയും മിന്നലും തുടർന്ന് അത്യുച്ചത്തിലുള്ള കാഹളനാദവും ഉണ്ടായി. പാളയത്തിൽ ഉണ്ടായിരുന്നവർ എല്ലാവരും പേടിച്ചുവിറച്ചു. ഇതിനുശേഷം ദൈവത്തെ എതിരേൽക്കാൻ മോശ ജനത്തെ പാളയത്തിനു പുറത്തുകൊണ്ടുവന്നു. അവർ പർവതത്തിന്റെ അടിവാരത്തു നിന്നു. യഹോവ സീനായിപർവതത്തിൽ, തീയിൽ, ഇറങ്ങിവന്നതുകൊണ്ട് മല പുകകൊണ്ടു മൂടി. ചൂളയിൽനിന്ന് പൊങ്ങുന്നതുപോലെ പുക ഉയർന്നുപൊങ്ങി. പർവതം വല്ലാതെ വിറച്ചു. കാഹളത്തിന്റെ മുഴക്കം ഒന്നിനൊന്നു വർധിച്ചുകൊണ്ടിരുന്നു. അപ്പോൾ മോശ സംസാരിക്കുകയും ദൈവം ഉച്ചത്തിൽ അദ്ദേഹത്തിന് ഉത്തരം നൽകുകയും ചെയ്തു. യഹോവ സീനായിമലയുടെ മുകളിൽ ഇറങ്ങിവന്ന് മോശയെ പർവതാഗ്രത്തിലേക്കു വിളിച്ചു; മോശ കയറിച്ചെന്നു. യഹോവ അദ്ദേഹത്തോട്, “നീ ഇറങ്ങിച്ചെന്ന്, ‘ജനം യഹോവയെ കാണാൻ തള്ളിക്കയറി, അനേകർ നശിക്കാൻ ഇടയാകരുത്,’ എന്ന് അവർക്കു മുന്നറിയിപ്പു കൊടുക്കണം. യഹോവയെ സമീപിക്കുന്ന പുരോഹിതന്മാരും തങ്ങളെത്തന്നെ വിശുദ്ധീകരിക്കണം. അല്ലാത്തപക്ഷം യഹോവ അവർക്കു ജീവഹാനി വരുത്തും” എന്ന് അരുളിച്ചെയ്തു. മോശ യഹോവയോട്, “ ‘പർവതത്തിനുചുറ്റും അതിരുതിരിച്ച് അതിനെ വിശുദ്ധീകരിച്ചു വേർതിരിക്കുക,’ എന്ന് അവിടന്നുതന്നെ ഞങ്ങൾക്കു മുന്നറിയിപ്പു തന്നതുകൊണ്ട് ജനത്തിനു സീനായിമലയിൽ പ്രവേശിക്കാൻ സാധ്യമല്ല” എന്ന് ഉത്തരം പറഞ്ഞു. “ഇറങ്ങിച്ചെന്ന് അഹരോനെ കൂട്ടിക്കൊണ്ടുവരിക. പുരോഹിതന്മാരും ജനങ്ങളും യഹോവയുടെ അടുത്തേക്ക് അതിരുലംഘിച്ചു കടന്നുവരരുത്, വന്നാൽ യഹോവ അവർക്കു ഹാനി വരുത്തും,” അവിടന്നു മറുപടി നൽകി. മോശ ഇറങ്ങിച്ചെന്ന് ജനത്തോടു സംസാരിച്ചു.