സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇതാ ഞാൻ കാർമേഘത്തിൽ നിന്റെ അടുക്കൽ വരുന്നു; ഞാൻ നിന്നോടു സംസാരിക്കുന്നതു ജനം കേൾക്കട്ടെ. അങ്ങനെ അവർ എന്നും നിന്നെ വിശ്വസിക്കാൻ ഇടയാകും.” പിന്നീട് മോശ ജനത്തിന്റെ വാക്ക് സർവേശ്വരനെ അറിയിച്ചു. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ജനങ്ങളുടെ അടുത്തു ചെന്ന് അവരെ ഇന്നും നാളെയും ശുദ്ധീകരിക്കണം. അവർ വസ്ത്രം അലക്കി വെടിപ്പാക്കി മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ; അന്നു സീനായ്മലയിൽ ജനം കാൺകെ ഞാൻ ഇറങ്ങി വരും. മലയ്‍ക്കു ചുറ്റും അതിർത്തി കല്പിച്ചുകൊണ്ട് അവരോടു പറയണം: നിങ്ങൾ മലയിൽ കയറുകയോ അതിരിനുള്ളിൽ പ്രവേശിക്കുകയോ അരുത്. മലയെ സ്പർശിക്കുന്നവൻ കൊല്ലപ്പെടണം. ആരും അവനെ തൊടരുത്; കല്ലെറിഞ്ഞോ അമ്പെയ്തോ അവനെ കൊല്ലണം; അവനെ സ്പർശിക്കുന്നവൻ മനുഷ്യനോ മൃഗമോ ആകട്ടെ ജീവിച്ചിരിക്കരുത്. നീണ്ട കാഹളധ്വനി കേൾക്കുമ്പോൾ ജനം മലയുടെ സമീപം വരട്ടെ.” മോശ മലയിൽനിന്ന് ഇറങ്ങിച്ചെന്ന് ജനങ്ങളെ ശുദ്ധീകരിച്ചു; അവർ വസ്ത്രം അലക്കി വെടിപ്പാക്കി. അദ്ദേഹം ജനങ്ങളോടു പറഞ്ഞു: “മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കുക. അതിനിടയിൽ സ്‍ത്രീസമ്പർക്കം അരുത്.” മൂന്നാം ദിവസം പ്രഭാതത്തിൽ വലിയ ഇടിയും മിന്നലും ഉണ്ടായി; വലിയ കാർമേഘം മലമുകളിൽ പ്രത്യക്ഷപ്പെട്ടു; പാളയത്തിലെ ജനം നടുങ്ങത്തക്കവിധം കാഹളം ഉച്ചത്തിൽ മുഴങ്ങി. ദൈവത്തെ ദർശിക്കാൻ മോശ ജനത്തെ പാളയത്തിനു പുറത്തു കൊണ്ടുവന്ന് മലയുടെ അടിവശത്തു നിർത്തി. സർവേശ്വരൻ അഗ്നിയിലൂടെ ഇറങ്ങി വന്നതിനാൽ സീനായ്മല പുകകൊണ്ടു മൂടി; ചൂളയിൽ നിന്നെന്നപോലെ പുക പൊങ്ങി; മല ശക്തമായി കുലുങ്ങി; കാഹളധ്വനി അടിക്കടി ഉച്ചത്തിലായിക്കൊണ്ടിരുന്നു. അപ്പോൾ മോശ ദൈവത്തോടു സംസാരിച്ചു. അവിടുന്ന് ഇടിമുഴക്കത്തിലൂടെ ഉത്തരമരുളി. സർവേശ്വരൻ സീനായ്മലമുകളിൽ ഇറങ്ങി; മോശയെ കൊടുമുടിയിലേക്കു വിളിച്ചു. അദ്ദേഹം അവിടേക്കു ചെന്നു. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നീ ഇറങ്ങിച്ചെന്നു മുന്നറിയിപ്പ് നല്‌കുക. അല്ലെങ്കിൽ എന്നെ കാണാൻ ജനം അതിർത്തി ലംഘിച്ച് അനേകർ മരിക്കാൻ ഇടയാകും. സർവേശ്വരനെ സമീപിക്കാൻ ശ്രമിക്കുന്ന പുരോഹിതന്മാരും ശിക്ഷിക്കപ്പെടാതിരിക്കണമെങ്കിൽ സ്വയം ശുദ്ധീകരിക്കണം. മോശ സർവേശ്വരനോടു പറഞ്ഞു: “സീനായ്മലയ്‍ക്ക് ചുറ്റും അതിരു കല്പിച്ച് അതിനെ വിശുദ്ധീകരിക്കണമെന്ന് അവിടുന്നുതന്നെ ജനങ്ങളോടു കല്പിച്ചതുകൊണ്ട് ജനങ്ങൾക്ക് കയറിവരാൻ സാധ്യമല്ല.” സർവേശ്വരൻ മോശയോടു പറഞ്ഞു: “നീ ഇറങ്ങിച്ചെന്ന് അഹരോനെ കൂട്ടിക്കൊണ്ടു വരിക; പുരോഹിതന്മാരും ജനവും അതിർത്തി ലംഘിച്ച് എന്നെ സമീപിക്കരുത്; അതിരുകടന്നാൽ അവർ ശിക്ഷിക്കപ്പെടും. മോശ ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്ന് സർവേശ്വരന്റെ വാക്ക് അവരെ അറിയിച്ചു.
EXODUS 19 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EXODUS 19:9-25
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ