പുറപ്പാട് 17:8-14

പുറപ്പാട് 17:8-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

രെഫീദീമിൽവച്ച് അമാലേക് വന്ന് യിസ്രായേലിനോടു യുദ്ധം ചെയ്തു. അപ്പോൾ മോശെ യോശുവയോട്: നീ ആളുകളെ തിരഞ്ഞെടുത്തു പുറപ്പെട്ട് അമാലേക്കിനോടു യുദ്ധം ചെയ്ക; ഞാൻ നാളെ കുന്നിന്മുകളിൽ ദൈവത്തിന്റെ വടി കൈയിൽ പിടിച്ചുംകൊണ്ടു നില്ക്കും എന്നു പറഞ്ഞു. മോശെ തന്നോടു പറഞ്ഞതുപോലെ യോശുവ ചെയ്തു, അമാലേക്കിനോടു പൊരുതു; എന്നാൽ മോശെയും അഹരോനും ഹൂരും കുന്നിന്മുകളിൽ കയറി. മോശെ കൈ ഉയർത്തിയിരിക്കുമ്പോൾ യിസ്രായേൽ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോൾ അമാലേക് ജയിക്കും. എന്നാൽ മോശെയുടെ കൈക്കു ഭാരം തോന്നിയപ്പോൾ അവർ ഒരു കല്ല് എടുത്തുവച്ചു, അവൻ അതിന്മേൽ ഇരുന്നു; അഹരോനും ഹൂരും ഒരുത്തൻ ഇപ്പുറത്തും ഒരുത്തൻ അപ്പുറത്തും നിന്ന് അവന്റെ കൈ താങ്ങി; അങ്ങനെ അവന്റെ കൈ സൂര്യൻ അസ്തമിക്കുംവരെ ഉറച്ചുനിന്നു. യോശുവ അമാലേക്കിനെയും അവന്റെ ജനത്തെയും വാളിന്റെ വായ്ത്തലയാൽ തോല്പിച്ചു. യഹോവ മോശെയോട്: നീ ഇത് ഓർമയ്ക്കായിട്ട് ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്ക; ഞാൻ അമാലേക്കിന്റെ ഓർമ ആകാശത്തിന്റെ കീഴിൽനിന്ന് അശേഷം മായിച്ചുകളയും എന്നു കല്പിച്ചു.

പുറപ്പാട് 17:8-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അമാലേക്യർ വന്ന് രെഫീദീമിൽ വച്ച് ഇസ്രായേൽജനത്തെ ആക്രമിച്ചു. മോശ യോശുവയോടു പറഞ്ഞു: “നീ നാളെ തിരഞ്ഞെടുത്ത ഏതാനും ആളുകളുമായി ചെന്ന് അമാലേക്യരോടു യുദ്ധം ചെയ്യുക; ദിവ്യശക്തിയുള്ള വടി പിടിച്ചുകൊണ്ട് ഞാൻ കുന്നിന്റെ മുകളിൽ നില്‌ക്കും.” മോശ പറഞ്ഞതുപോലെ യോശുവ അമാലേക്യരോടു യുദ്ധം ചെയ്തു; മോശയും അഹരോനും ഹൂരും കുന്നിന്റെ മുകളിൽ കയറിനിന്നു. മോശയുടെ കൈ ഉയർത്തിപ്പിടിച്ചിരുന്നപ്പോൾ ഇസ്രായേല്യർ ജയിച്ചു. കൈ താഴ്ത്തിയപ്പോൾ അമാലേക്യർ ജയിച്ചു. കുറെ കഴിഞ്ഞപ്പോൾ മോശയുടെ കൈകൾ കുഴഞ്ഞു; അപ്പോൾ അഹരോനും ഹൂരും ചേർന്ന് മോശയ്‍ക്ക് ഇരിക്കാൻ ഒരു കല്ല് കൊണ്ടുവന്നു; മോശ അതിൽ ഇരുന്നു. അവർ മോശയുടെ കൈകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഇരുവശങ്ങളിലും നിന്നു. അങ്ങനെ സന്ധ്യവരെ മോശയുടെ കൈകൾ ഉയർന്നുനിന്നു. യോശുവ അമാലേക്യരെ വാളുകൊണ്ട് അരിഞ്ഞുവീഴ്ത്തി. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇതിന്റെ ഓർമ നിലനില്‌ക്കാനായി ഈ വിവരം ഒരു പുസ്തകത്തിലെഴുതി വയ്‍ക്കുക; യോശുവയെ അതു വായിച്ചു കേൾപ്പിക്കണം; അമാലേക്യരെക്കുറിച്ചുള്ള ഓർമപോലും ഞാൻ ഭൂമിയിൽനിന്നു മായിച്ചുകളയും.

പുറപ്പാട് 17:8-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

രെഫീദീമിൽവെച്ച് അമാലേക്ക് വന്ന് യിസ്രായേലിനോട് യുദ്ധംചെയ്തു. അപ്പോൾ മോശെ യോശുവയോട്: “നീ ആളുകളെ തിരഞ്ഞെടുത്ത് നാളെ ചെന്നു അമാലേക്കിനോടു യുദ്ധം ചെയ്യുക; ഞാൻ നാളെ കുന്നിൻമുകളിൽ ദൈവത്തിന്‍റെ വടി കയ്യിൽ പിടിച്ചുംകൊണ്ട് നില്ക്കും” എന്നു പറഞ്ഞു. മോശെ തന്നോട് പറഞ്ഞതുപോലെ യോശുവ ചെയ്തു, അമാലേക്കിനോട് പൊരുതി; എന്നാൽ മോശെയും അഹരോനും ഹൂരും കുന്നിൻമുകളിൽ കയറി. മോശെ കൈ ഉയർത്തിയിരിക്കുമ്പോൾ യിസ്രായേൽ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോൾ അമാലേക്ക് ജയിക്കും. എന്നാൽ മോശെയുടെ കൈയ്ക്ക് ഭാരം തോന്നിയപ്പോൾ അവർ ഒരു കല്ല് എടുത്തുവച്ചു, അവൻ അതിന്മേൽ ഇരുന്നു; അഹരോനും ഹൂരും ഒരുവൻ ഇപ്പുറത്തും ഒരുവൻ അപ്പുറത്തും നിന്ന് അവന്‍റെ കൈ താങ്ങി; അങ്ങനെ അവന്‍റെ കൈ സൂര്യൻ അസ്തമിക്കുംവരെ ഉയർന്നുനിന്നു. യോശുവ അമാലേക്കിനെയും അവന്‍റെ ജനത്തെയും വാൾകൊണ്ട് തോല്പിച്ചു. യഹോവ മോശെയോട്: “നീ ഇത് ഓർമ്മയ്ക്കായിട്ട് ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്കുക; ഞാൻ അമാലേക്കിൻ്റെ ഓർമ്മ ആകാശത്തിന്‍റെ കീഴിൽനിന്ന് അശേഷം മായിച്ചുകളയും” എന്നു കല്പിച്ചു.

പുറപ്പാട് 17:8-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

രെഫീദീമിൽവെച്ചു അമാലേക്ക് വന്നു യിസ്രായേലിനോടു യുദ്ധംചെയ്തു. അപ്പോൾ മോശെ യോശുവയോടു: നീ ആളുകളെ തിരഞ്ഞെടുത്തു പുറപ്പെട്ടു അമാലേക്കിനോടു യുദ്ധം ചെയ്ക; ഞാൻ നാളെ കുന്നിൻ മുകളിൽ ദൈവത്തിന്റെ വടി കയ്യിൽ പിടിച്ചുംകൊണ്ടു നില്ക്കും എന്നു പറഞ്ഞു. മോശെ തന്നോടു പറഞ്ഞതുപോലെ യോശുവ ചെയ്തു, അമാലേക്കിനോടു പൊരുതു; എന്നാൽ മോശെയും അഹരോനും ഹൂരും കുന്നിൻമുകളിൽ കയറി. മോശെ കൈ ഉയർത്തിയിരിക്കുമ്പോൾ യിസ്രായേൽ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോൾ അമാലേക്ക് ജയിക്കും. എന്നാൽ മോശെയുടെ കൈ ഭാരം തോന്നിയപ്പോൾ അവർ ഒരു കല്ലു എടുത്തുവെച്ചു, അവൻ അതിന്മേൽ ഇരുന്നു; അഹരോനും ഹൂരും ഒരുത്തൻ ഇപ്പുറത്തും ഒരുത്തൻ അപ്പുറത്തും നിന്നു അവന്റെ കൈ താങ്ങി; അങ്ങനെ അവന്റെ കൈ സൂര്യൻ അസ്തമിക്കുംവരെ ഉറെച്ചുനിന്നു. യോശുവ അമാലേക്കിനെയും അവന്റെ ജനത്തെയും വാളിന്റെ വായ്ത്തലയാൽ തോല്പിച്ചു. യഹോവ മോശെയോടു: നീ ഇതു ഓർമ്മെക്കായിട്ടു ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്ക; ഞാൻ അമാലേക്കിന്റെ ഓർമ്മ ആകാശത്തിന്റെ കീഴിൽനിന്നു അശേഷം മായിച്ചുകളയും എന്നു കല്പിച്ചു.

പുറപ്പാട് 17:8-14 സമകാലിക മലയാളവിവർത്തനം (MCV)

അമാലേക്യർ വന്ന് രെഫീദീമിൽവെച്ച് ഇസ്രായേല്യരെ ആക്രമിച്ചു. മോശ യോശുവയോട്, “നമ്മുടെ പുരുഷന്മാരിൽ ചിലരെ തെരഞ്ഞെടുത്തുകൊണ്ട് അമാലേക്യരോടു പൊരുതാൻ പുറപ്പെടുക. ദൈവത്തിന്റെ വടി കൈയിൽ പിടിച്ചുകൊണ്ടു നാളെ ഞാൻ കുന്നിൻമുകളിൽ നിൽക്കും” എന്നു പറഞ്ഞു. മോശ ആജ്ഞാപിച്ചതനുസരിച്ചു യോശുവ അമാലേക്യരോടു പോരാടി. മോശയും അഹരോനും ഹൂരും കുന്നിൻമുകളിലേക്കു പോയി. മോശ തന്റെ കൈ ഉയർത്തിപ്പിടിക്കുമ്പോൾ ഇസ്രായേല്യർ ജയിക്കും; കൈ താഴ്ത്തുമ്പോൾ അമാലേക്യർ ജയിക്കും. മോശയുടെ കൈകൾ കുഴഞ്ഞപ്പോൾ അവർ ഒരു കല്ല് അദ്ദേഹത്തിന്റെ അടുക്കൽ വെക്കുകയും അദ്ദേഹം അതിൽ ഇരിക്കുകയും ചെയ്തു. അഹരോനും ഹൂരും—ഒരാൾ ഒരുവശത്തും മറ്റേയാൾ മറ്റേവശത്തും നിന്ന്—അദ്ദേഹത്തിന്റെ കൈകളെ ഉയർത്തിപ്പിടിച്ചു; അങ്ങനെ, സൂര്യാസ്തമയംവരെ അദ്ദേഹത്തിന്റെ കൈകൾ നേരേ നിന്നു. യോശുവ അമാലേക്യസൈന്യത്തെ വാൾകൊണ്ടു കീഴടക്കി. ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു: “ഞാൻ അമാലേക്യരുടെ ഓർമ ആകാശത്തിൻകീഴിൽനിന്ന് നിശ്ശേഷം മായിച്ചുകളയും. അതുകൊണ്ടു നീ അവിസ്മരണീയമായ ഒരു കാര്യം എന്ന നിലയ്ക്ക് ഇത് ഒരു ചുരുളിൽ എഴുതിവെക്കണം; യോശുവ അതു നിശ്ചയമായും കേൾക്കുകയും വേണം.”