പുറ. 17
17
പാറയിൽനിന്ന് വെള്ളം
1അതിനുശേഷം യിസ്രായേൽ മക്കളുടെ സംഘം എല്ലാം യഹോവയുടെ കല്പനപ്രകാരം സീൻമരുഭൂമിയിൽനിന്ന് പുറപ്പെട്ടു. അവർ രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന് കുടിക്കുവാൻ വെള്ളമില്ലായിരുന്നു. 2അതുകൊണ്ട് ജനം മോശെയോട്: “ഞങ്ങൾക്ക് കുടിക്കുവാൻ വെള്ളം തരിക” എന്നു കലഹിച്ചു പറഞ്ഞതിന്
മോശെ അവരോട്: “നിങ്ങൾ എന്നോട് എന്തിന് കലഹിക്കുന്നു? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നത് എന്ത്?” എന്നു പറഞ്ഞു.
3ജനത്തിന് അവിടെവച്ച് വളരെ ദാഹിച്ചതുകൊണ്ട് ജനം മോശെയുടെ നേരെ പിറുപിറുത്തു: “ഞങ്ങളും മക്കളും ഞങ്ങളുടെ മൃഗങ്ങളും ദാഹംകൊണ്ട് ചാകേണ്ടതിന് നീ ഞങ്ങളെ മിസ്രയീമിൽ നിന്ന് കൊണ്ടുവന്നത് എന്തിന്?” എന്നു പറഞ്ഞു.
4മോശെ യഹോവയോട് നിലവിളിച്ചു: “ഈ ജനത്തോട് ഞാൻ എന്താണ് ചെയ്യേണ്ടത്? അവർ എന്നെ കല്ലെറിയുവാൻ പോകുന്നുവല്ലോ” എന്നു പറഞ്ഞു.
5യഹോവ മോശെയോട്: “യിസ്രായേൽമൂപ്പന്മാരിൽ ചിലരെ കൂട്ടിക്കൊണ്ട് നീ നദിയെ അടിച്ച വടിയും കയ്യിൽ എടുത്ത് ജനത്തിന്‍റെ മുമ്പാകെ കടന്നുപോകുക. 6ഞാൻ ഹോരേബിൽ നിന്‍റെ മുമ്പിൽ പാറയുടെ മേൽ നില്ക്കും; നീ പാറയെ അടിക്കേണം; ഉടനെ ജനത്തിന് കുടിക്കുവാൻ വെള്ളം അതിൽനിന്ന് പുറപ്പെടും” എന്നു കല്പിച്ചു. യിസ്രായേൽമൂപ്പന്മാർ കാൺകെ മോശെ അങ്ങനെ ചെയ്തു.
7യിസ്രായേൽ മക്കൾ കലഹിച്ചതിനാലും “യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ” എന്നു അവർ യഹോവയെ പരീക്ഷിച്ചതിനാലും അവൻ ആ സ്ഥലത്തിന് മസ്സാ#17:7 മസ്സാ പരീക്ഷ എന്നും മെരീബാ#17:7 മെരീബാ കലഹം എന്നും പേരിട്ടു.
8രെഫീദീമിൽവെച്ച് അമാലേക്ക് വന്ന് യിസ്രായേലിനോട് യുദ്ധംചെയ്തു. 9അപ്പോൾ മോശെ യോശുവയോട്#17:9 യോശുവയോട് യിസ്രായേലിന്‍റെ സേനാനായകന്‍, പുറപ്പാട് 33:11 നോക്കുക : “നീ ആളുകളെ തിരഞ്ഞെടുത്ത് നാളെ ചെന്നു അമാലേക്കിനോടു യുദ്ധം ചെയ്യുക; ഞാൻ നാളെ കുന്നിൻമുകളിൽ ദൈവത്തിന്‍റെ വടി കയ്യിൽ പിടിച്ചുംകൊണ്ട് നില്ക്കും” എന്നു പറഞ്ഞു.
10മോശെ തന്നോട് പറഞ്ഞതുപോലെ യോശുവ ചെയ്തു, അമാലേക്കിനോട് പൊരുതി; എന്നാൽ മോശെയും അഹരോനും ഹൂരും കുന്നിൻമുകളിൽ കയറി. 11മോശെ കൈ ഉയർത്തിയിരിക്കുമ്പോൾ യിസ്രായേൽ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോൾ അമാലേക്ക് ജയിക്കും. 12എന്നാൽ മോശെയുടെ കൈയ്ക്ക് ഭാരം തോന്നിയപ്പോൾ അവർ ഒരു കല്ല് എടുത്തുവച്ചു, അവൻ അതിന്മേൽ ഇരുന്നു; അഹരോനും ഹൂരും ഒരുവൻ ഇപ്പുറത്തും ഒരുവൻ അപ്പുറത്തും നിന്ന് അവന്‍റെ കൈ താങ്ങി; അങ്ങനെ അവന്‍റെ കൈ സൂര്യൻ അസ്തമിക്കുംവരെ ഉയർന്നുനിന്നു. 13യോശുവ അമാലേക്കിനെയും അവന്‍റെ ജനത്തെയും വാൾകൊണ്ട് തോല്പിച്ചു.
14യഹോവ മോശെയോട്: “നീ ഇത് ഓർമ്മയ്ക്കായിട്ട് ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്കുക; ഞാൻ അമാലേക്കിൻ്റെ ഓർമ്മ ആകാശത്തിന്‍റെ കീഴിൽനിന്ന് അശേഷം മായിച്ചുകളയും” എന്നു കല്പിച്ചു.
15പിന്നെ മോശെ ഒരു യാഗപീഠം പണിതു. അതിന് യഹോവ നിസ്സി#17:15 യഹോവ നിസ്സി യഹോവ എന്‍റെ കൊടി എന്നു പേരിട്ടു. 16അമാലേക്കിൻ്റെ കൈ യഹോവയുടെ സിംഹസനത്തിനെതിരായി ഉയര്‍ന്നിട്ടുണ്ട് എന്നു യഹോവ ആണയിട്ടിട്ടുണ്ട്#17:16 അമാലേക്കിൻ്റെ കൈ യഹോവയുടെ സിംഹസനത്തിനെതിരായി ഉയര്‍ന്നിട്ടുണ്ട് എന്നു യഹോവ ആണയിട്ടിട്ടുണ്ട് എന്തെന്നാൽ “യഹോവയ്ക്ക് അമാലേക്കിനോട് തലമുറതലമുറയായി യുദ്ധം ഉണ്ട് എന്നു യഹോവ ആണയിട്ടിട്ടുണ്ട്” എന്നു മോശെ പറഞ്ഞു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
പുറ. 17: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.