പുറപ്പാട് 14:10-22

പുറപ്പാട് 14:10-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഫറവോൻ അടുത്തുവരുമ്പോൾ യിസ്രായേൽമക്കൾ തല ഉയർത്തി മിസ്രയീമ്യർ പിന്നാലെ വരുന്നതു കണ്ട് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു. അവർ മോശെയോട്: മിസ്രയീമിൽ ശവക്കുഴിയില്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരുഭൂമിയിൽ മരിപ്പാൻ കൂട്ടിക്കൊണ്ടുവന്നത്? നീ ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചതിനാൽ ഞങ്ങളോട് ഈ ചെയ്തത് എന്ത്? മിസ്രയീമ്യർക്കു വേല ചെയ്‍വാൻ ഞങ്ങളെ വിടേണം എന്നു ഞങ്ങൾ മിസ്രയീമിൽവച്ചു നിന്നോടു പറഞ്ഞില്ലയോ? മരുഭൂമിയിൽ മരിക്കുന്നതിനെക്കാൾ മിസ്രയീമ്യർക്കു വേല ചെയ്യുന്നതായിരുന്നു ഞങ്ങൾക്കു നല്ലത് എന്നു പറഞ്ഞു. അതിനു മോശെ ജനത്തോട്: ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്‍വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ; നിങ്ങൾ ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല. യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു. അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്: നീ എന്നോടു നിലവിളിക്കുന്നത് എന്ത്? മുമ്പോട്ടുപോകുവാൻ യിസ്രായേൽമക്കളോടു പറക. വടി എടുത്തു നിന്റെ കൈ കടലിന്മേൽ നീട്ടി അതിനെ വിഭാഗിക്ക; യിസ്രായേൽമക്കൾ കടലിന്റെ നടുവേ ഉണങ്ങിയ നിലത്തുകൂടി കടന്നുപോകും. എന്നാൽ ഞാൻ മിസ്രയീമ്യരുടെ ഹൃദയത്തെ കഠിനമാക്കും; അവർ ഇവരുടെ പിന്നാലെ ചെല്ലും; ഞാൻ ഫറവോനിലും അവന്റെ സകല സൈന്യത്തിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്ത്വപ്പെടുത്തും. ഇങ്ങനെ ഞാൻ ഫറവോനിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്ത്വപ്പെടുത്തുമ്പോൾ ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയും. അനന്തരം യിസ്രായേല്യരുടെ സൈന്യത്തിനു മുമ്പായി നടന്ന ദൈവദൂതൻ അവിടെനിന്നു മാറി അവരുടെ പിന്നാലെ നടന്നു; മേഘസ്തംഭവും അവരുടെ മുമ്പിൽനിന്നു മാറി പിമ്പിൽ പോയി നിന്നു. രാത്രി മുഴുവനും മിസ്രയീമ്യരുടെ സൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മിൽ അടുക്കാതവണ്ണം അത് അവയുടെ മധ്യേ വന്നു; അവർക്കു മേഘവും അന്ധകാരവും ആയിരുന്നു; ഇവർക്കോ രാത്രിയെ പ്രകാശമാക്കിക്കൊടുത്തു. മോശെ കടലിന്മേൽ കൈ നീട്ടി; യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻകാറ്റുകൊണ്ടു കടലിനെ പിൻവാങ്ങിച്ച് ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മിൽ വേർപിരിഞ്ഞു. യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു. മിസ്രയീമ്യർ പിന്തുടർന്നു

പുറപ്പാട് 14:10-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഫറവോയും ഈജിപ്തുകാരും അണിയണിയായി തങ്ങൾക്കു നേരെ വരുന്നത് ഇസ്രായേല്യർ കണ്ടു. ഭയപരവശരായ അവർ സർവേശ്വരനെ വിളിച്ചുകരഞ്ഞു; അവർ മോശയോടു ചോദിച്ചു: “ഈജിപ്തിൽ ശവക്കുഴികളില്ലാഞ്ഞിട്ടാണോ മരിക്കാൻ ഈ മരുഭൂമിയിൽ ഞങ്ങളെ കൊണ്ടുവന്നത്? ഇപ്പോൾ ഞങ്ങളുടെ അവസ്ഥ നോക്കുക. ഞങ്ങളെ വെറുതെ വിട്ടേക്കുക; അടിമപ്പണി ചെയ്ത് ഞങ്ങൾ കഴിഞ്ഞുകൊള്ളാം എന്ന് ഈജിപ്തിൽവച്ച് പറഞ്ഞതല്ലേ? ഈ മരുഭൂമിയിൽവച്ച് മരിക്കുന്നതിലും ഭേദം ഈജിപ്തുകാർക്ക് അടിമവേല ചെയ്യുകയായിരുന്നു.” മോശ ജനത്തോടു പറഞ്ഞു: “ഭയപ്പെടാതെ ഉറച്ചുനില്‌ക്കുക; നിങ്ങളുടെ രക്ഷയ്‍ക്കുവേണ്ടി സർവേശ്വരൻ ഇന്ന് എന്തു ചെയ്യുമെന്നു കാണുക; ഇന്നു കാണുന്ന ഈജിപ്തുകാരെ നിങ്ങൾ ഇനി ഒരിക്കലും കാണുകയില്ല. അവിടുന്നു നിങ്ങൾക്കുവേണ്ടി പൊരുതും; ശാന്തരായിരിക്കുക.” സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നീ എന്നോടു നിലവിളിക്കുന്നതെന്ത്? മുമ്പോട്ടു നീങ്ങാൻ ഇസ്രായേൽജനത്തോടു പറയുക. കടലിനുനേരെ നീ വടി നീട്ടി അതിനെ വിഭജിക്കുക; ഇസ്രായേൽജനം അതിന്റെ നടുവേ ഉണങ്ങിയ നിലത്തിലൂടെ കടന്നുപോകട്ടെ. ഈജിപ്തുകാരെ ഞാൻ കഠിനഹൃദയരാക്കും; അവർ ഇസ്രായേല്യരെ പിന്തുടരും; ഫറവോയുടെയും രഥങ്ങളുടെയും കുതിരപ്പടയുടെയുംമേൽ ഞാൻ വിജയം കൈവരിക്കും. അപ്പോൾ ഞാനാണു സർവേശ്വരനെന്ന് ഈജിപ്തുകാർ അറിയും.” ഇസ്രായേല്യരുടെ മുമ്പിൽ സഞ്ചരിച്ചിരുന്ന ദൈവദൂതൻ അവരുടെ പിമ്പിലേക്കു വന്നു; മുമ്പിൽ പൊയ്‍ക്കൊണ്ടിരുന്ന മേഘസ്തംഭവും പിമ്പിലേക്കു നീങ്ങി, ഇസ്രായേല്യരുടെയും ഈജിപ്തുകാരുടെയും പാളയങ്ങൾക്കു മധ്യേ നിലയുറപ്പിച്ചു. മേഘം ഈജിപ്തുകാരുടെമേൽ ഇരുട്ടു വരുത്തി; ഇസ്രായേല്യർക്ക് വെളിച്ചം ലഭിക്കുകയും ചെയ്തു; അതുകൊണ്ട് അവർ തമ്മിൽ അടുക്കാനാകാതെ രാത്രി കഴിഞ്ഞു; മോശ കടലിന്റെ നേരേ കൈ നീട്ടി; രാത്രി മുഴുവനും സർവേശ്വരൻ ശക്തമായ ഒരു കിഴക്കൻകാറ്റ് അടിപ്പിച്ചു; കടൽ പിന്നോക്കം ഇറങ്ങി; വെള്ളം വിഭജിക്കപ്പെട്ടു; ഉണങ്ങിയ നിലം തെളിഞ്ഞു; ഇസ്രായേൽജനം കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടെ കടന്നുപോയി; അവരുടെ വലത്തും ഇടത്തും വെള്ളം മതിൽപോലെ നിന്നു.

പുറപ്പാട് 14:10-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഫറവോൻ അടുത്തുവരുമ്പോൾ യിസ്രായേൽ മക്കൾ തല ഉയർത്തി മിസ്രയീമ്യർ പിന്നാലെ വരുന്നത് കണ്ടു ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചു. അവർ മോശെയോട്: “മിസ്രയീമിൽ ശവക്കുഴിയില്ലാഞ്ഞിട്ടാണോ നീ ഞങ്ങളെ മരുഭൂമിയിൽ മരിക്കുവാൻ കൂട്ടിക്കൊണ്ടുവന്നത്? നീ ഞങ്ങളെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചതിനാൽ ഞങ്ങളോട് ഈ ചെയ്തത് എന്താണ്? മിസ്രയീമ്യർക്ക് വേലചെയ്യുവാൻ ഞങ്ങളെ വിടണം എന്നു ഞങ്ങൾ മിസ്രയീമിൽ വച്ച് നിന്നോട് പറഞ്ഞില്ലയോ? മരുഭൂമിയിൽ മരിക്കുന്നതിനേക്കാൾ മിസ്രയീമ്യർക്ക് വേല ചെയ്യുന്നതായിരുന്നു ഞങ്ങൾക്ക് നല്ലത്” എന്നു പറഞ്ഞു. അതിന് മോശെ ജനത്തോട്: “ഭയപ്പെടണ്ടാ; ഉറച്ചുനില്ക്കുവിൻ; യഹോവ ഇന്ന് നിങ്ങൾക്ക് ചെയ്യുവാനിരിക്കുന്ന രക്ഷ കണ്ടുകൊള്ളുവിൻ; നിങ്ങൾ ഇന്ന് കണ്ട മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല. യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും; നിങ്ങൾ നിശ്ശബ്ദരായിരിക്കുവിൻ” എന്നു പറഞ്ഞു. അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തു: “നീ എന്നോട് നിലവിളിക്കുന്നത് എന്തിന്? മുമ്പോട്ടു പോകുവാൻ യിസ്രായേൽ മക്കളോടു പറയുക. വടി എടുത്ത് നിന്‍റെ കൈ കടലിന്മേൽ നീട്ടി അതിനെ വിഭാഗിക്കുക; യിസ്രായേൽ മക്കൾ കടലിന്‍റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോകും. എന്നാൽ ഞാൻ മിസ്രയീമ്യരുടെ ഹൃദയം കഠിനമാക്കും; അവർ യിസ്രായേൽ മക്കളുടെ പിന്നാലെ ചെല്ലും; ഞാൻ ഫറവോനിലും അവന്‍റെ സകല സൈന്യത്തിലും അവന്‍റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെ തന്നെ മഹത്വപ്പെടുത്തും. ഇങ്ങനെ ഞാൻ ഫറവോനിലും അവന്‍റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്വപ്പെടുത്തുമ്പോൾ ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയും.” അതിനുശേഷം യിസ്രായേല്യരുടെ സൈന്യത്തിനു മുമ്പായി നടന്ന ദൈവദൂതൻ അവിടെനിന്ന് മാറി, അവരുടെ പിന്നാലെ നടന്നു; മേഘസ്തംഭവും അവരുടെ മുമ്പിൽനിന്ന് മാറി അവരുടെ പിമ്പിൽ പോയി നിന്നു. രാത്രിമുഴുവനും മിസ്രയീമ്യരുടെ സൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മിൽ അടുക്കാത്തവിധം അത് അവരുടെ മദ്ധ്യേ വന്നു; മിസ്രയീമ്യർക്ക് മേഘവും അന്ധകാരവും ആയിരുന്നു; യിസ്രായേല്യർക്കോ രാത്രിയെ പ്രകാശമാക്കിക്കൊടുത്തു. മോശെ കടലിന്മേൽ കൈ നീട്ടി; യഹോവ അന്നു രാത്രിമുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻ കാറ്റുകൊണ്ട് കടലിനെ പുറകിലേക്ക് മാറ്റി ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മിൽ വേർപിരിഞ്ഞു. യിസ്രായേൽ മക്കൾ കടലിന്‍റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു.

പുറപ്പാട് 14:10-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഫറവോൻ അടുത്തുവരുമ്പോൾ യിസ്രായേൽമക്കൾ തല ഉയർത്തി മിസ്രയീമ്യർ പിന്നാലെ വരുന്നതു കണ്ടു ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു. അവർ മോശെയോടു: മിസ്രയീമിൽ ശവക്കുഴിയില്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരുഭൂമിയിൽ മരിപ്പാൻ കൂട്ടിക്കൊണ്ടുവന്നതു? നീ ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചതിനാൽ ഞങ്ങളോടു ഈ ചെയ്തതു എന്തു? മിസ്രയീമ്യർക്കു വേല ചെയ്‌വാൻ ഞങ്ങളെ വിടേണം എന്നു ഞങ്ങൾ മിസ്രയീമിൽവെച്ചു നിന്നോടു പറഞ്ഞില്ലയോ? മരുഭൂമിയിൽ മരിക്കുന്നതിനെക്കാൾ മിസ്രയീമ്യർക്കു വേല ചെയ്യുന്നതായിരുന്നു ഞങ്ങൾക്കു നല്ലതു എന്നു പറഞ്ഞു. അതിന്നു മോശെ ജനത്തോടു: ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്‌വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ; നിങ്ങൾ ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല. യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു. അപ്പോൾ യഹോവ മോശെയോടു അരുളിച്ചെയ്തതു: നീ എന്നോടു നിലവിളിക്കുന്നതു എന്തു? മുമ്പോട്ടു പോകുവാൻ യിസ്രായേൽമക്കളോടു പറക. വടി എടുത്തു നിന്റെ കൈ കടലിന്മേൽ നീട്ടി അതിനെ വിഭാഗിക്ക; യിസ്രായേൽമക്കൾ കടലിന്റെ നടുവെ ഉണങ്ങിയ നിലത്തുകൂടി കടന്നുപോകും. എന്നാൽ ഞാൻ മിസ്രയീമ്യരുടെ ഹൃദയത്തെ കഠിനമാക്കും; അവർ ഇവരുടെ പിന്നാലെ ചെല്ലും; ഞാൻ ഫറവോനിലും അവന്റെ സകല സൈന്യത്തിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെ തന്നെ മഹത്വപ്പെടുത്തും. ഇങ്ങനെ ഞാൻ ഫറവോനിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നേ മഹത്വപ്പെടുത്തുമ്പോൾ ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയും. അനന്തരം യിസ്രായേല്യരുടെ സൈന്യത്തിന്നു മുമ്പായി നടന്ന ദൈവദൂതൻ അവിടെനിന്നു മാറി, അവരുടെ പിന്നാലെ നടന്നു; മേഘസ്തംഭവും അവരുടെ മുമ്പിൽ നിന്നു മാറി അവരുടെ പിമ്പിൽ പോയി നിന്നു. രാത്രി മുഴുവനും മിസ്രയീമ്യരുടെ സൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മിൽ അടുക്കാതവണ്ണം അതു അവയുടെ മദ്ധ്യേ വന്നു; അവർക്കു മേഘവും അന്ധകാരവും ആയിരുന്നു; ഇവർക്കോ രാത്രിയെ പ്രകാശമാക്കിക്കൊടുത്തു. മോശെ കടലിന്മേൽ കൈനീട്ടി; യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻകാറ്റുകൊണ്ടു കടലിനെ പിൻവാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മിൽ വേർപിരിഞ്ഞു. യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു.

പുറപ്പാട് 14:10-22 സമകാലിക മലയാളവിവർത്തനം (MCV)

ഫറവോൻ സമീപിച്ചപ്പോൾ ഇസ്രായേല്യർ തലയുയർത്തിനോക്കി. ഈജിപ്റ്റുകാർ അവർക്കു പിന്നാലെ വരുന്നതു കണ്ടു. ഇസ്രായേൽമക്കൾ ഭയപ്പെട്ട് യഹോവയോടു നിലവിളിച്ചു. അവർ മോശയോട്, “ഈജിപ്റ്റിൽ ശവക്കുഴികൾ ഇല്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരിക്കാൻ മരുഭൂമിയിൽ കൊണ്ടുവന്നത്? ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചിട്ട്, നീ ഞങ്ങളോട് ഈ ചെയ്തതെന്ത്? ‘ഞങ്ങളെ വെറുതേവിട്ടേക്കുക, ഞങ്ങൾ ഈജിപ്റ്റുകാരെ സേവിച്ചുകൊള്ളാം’ എന്ന് ഈജിപ്റ്റിൽവെച്ചു നിന്നോടു ഞങ്ങൾ പറഞ്ഞില്ലേ? മരുഭൂമിയിൽ മരിക്കുന്നതിനെക്കാൾ ഈജിപ്റ്റുകാർക്കുവേണ്ടി പണിയെടുക്കുന്നതായിരുന്നു ഞങ്ങൾക്കു നല്ലത്” എന്നു പറഞ്ഞു. അതിന് മോശ ജനത്തോട് ഇങ്ങനെ ഉത്തരം പറഞ്ഞു, “ഭയപ്പെടരുത്, സ്ഥിരതയോടെ നിൽക്കുക. യഹോവ ഇന്നു നിങ്ങൾക്കു നൽകുന്ന വിടുതൽ കണ്ടുകൊള്ളുക. നിങ്ങൾ ഇന്നു കാണുന്ന ഈജിപ്റ്റുകാരെ ഇനിയൊരിക്കലും കാണുകയില്ല. യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ ശാന്തരായിരിക്കുക.” ഇതിനെത്തുടർന്ന് യഹോവ മോശയോട് അരുളിച്ചെയ്തത്, “നീ എന്നോടു നിലവിളിക്കുന്നതെന്ത്? മുമ്പോട്ടുപോകാൻ ജനങ്ങളോടു പറയുക. ഇസ്രായേൽമക്കൾക്കു സമുദ്രത്തിന്റെ ഉണങ്ങിയ നിലത്തുകൂടി പോകാൻ സാധിക്കത്തക്കവണ്ണം നിന്റെ വടി ഉയർത്തി കടലിന്മേൽ കൈനീട്ടി വെള്ളത്തെ വിഭജിക്കുക. ഞാൻ ഈജിപ്റ്റുകാരുടെ ഹൃദയം കഠിനമാക്കുകയും അവർ അവരുടെ പിന്നാലെ ചെല്ലുകയും ചെയ്യും. ഫറവോനിലൂടെയും അവന്റെ സൈന്യത്തിലൂടെയും രഥങ്ങളിലൂടെയും കുതിരപ്പടയിലൂടെയും ഞാൻ മഹത്ത്വം നേടുമ്പോൾ, ഞാൻ യഹോവ എന്ന് ഈജിപ്റ്റുകാർ അറിയും.” ഇസ്രായേലിന്റെ സൈന്യത്തിനുമുമ്പിൽ സഞ്ചരിച്ചിരുന്ന ദൈവദൂതൻ അപ്പോൾ പിൻവാങ്ങി അവരുടെ പിന്നിൽ നടന്നു. മേഘസ്തംഭവും അവരുടെമുമ്പിൽനിന്ന് പിന്നിലേക്കു നീങ്ങി. അത് ഈജിപ്റ്റിന്റെ സൈന്യത്തിനും ഇസ്രായേലിന്റെ സൈന്യത്തിനും ഇടയിൽവന്നു നിലകൊണ്ടു. രാത്രിമുഴുവൻ ഇസ്രായേല്യരുടെ സൈന്യവും ഈജിപ്റ്റുകാരുടെ സൈന്യവുംതമ്മിൽ അടുക്കാത്തവണ്ണം അത് അവരുടെ മധ്യേനിന്നു. ഈജിപ്റ്റുകാർക്ക് അതു മേഘവും അന്ധകാരവും ഇസ്രായേല്യർക്കു പ്രകാശവും ആയിരുന്നു. പിന്നെ മോശ കടലിന്മേൽ കൈനീട്ടി; യഹോവ അന്നു രാത്രിമുഴുവൻ ശക്തമായ ഒരു കിഴക്കൻകാറ്റ് അടിപ്പിച്ചു. കടൽ പിൻവാങ്ങി ഉണങ്ങിയ നിലം ആയിത്തീർന്നു; വെള്ളം വേർപിരിഞ്ഞു. ഇസ്രായേല്യർ സമുദ്രത്തിൽ ഉണങ്ങിയ നിലത്തുകൂടി നടന്നു; വെള്ളം അവരുടെ വലത്തും ഇടത്തും മതിലായി നിന്നു.