EXODUS 14
14
ചെങ്കടൽ കടക്കുന്നു
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2“തിരിച്ചു പോയി മിഗ്ദോലിനും കടലിനുമിടയ്‍ക്ക് ബാൽസെഫോനു മുമ്പിലായി പിഹഹിരോത്തിനു സമീപം #14:2 കടൽത്തീരം = യാംസൂഫ് (ഞാങ്ങണക്കടൽ) എന്നറിയപ്പെടുന്ന ചെങ്കടലിന്റെ ഭാഗംകടൽത്തീരത്തു പാളയമടിക്കാൻ ഇസ്രായേൽജനത്തോടു പറയുക.” 3അപ്പോൾ ഫറവോ, “ഇതാ ഇസ്രായേൽജനം അലഞ്ഞു തിരിയുന്നു. അവർ മരുഭൂമിയിൽ കുടുങ്ങിയിരിക്കുന്നു” എന്ന് വിചാരിക്കും. 4ഫറവോയുടെ ഹൃദയം ഞാൻ കഠിനമാക്കും; അവൻ അവരെ പിന്തുടരും. ഫറവോയുടെയും അവന്റെ സകല സൈന്യങ്ങളുടെയുംമേൽ ഞാൻ മഹത്ത്വം കൈവരിക്കും. അപ്പോൾ ഞാനാണ് സർവേശ്വരൻ എന്ന് ഈജിപ്തുകാർ അറിയും.” സർവേശ്വരൻ കല്പിച്ചതുപോലെ ഇസ്രായേൽജനം ചെയ്തു. 5ഇസ്രായേൽജനം നാടുവിട്ടു എന്ന് അറിഞ്ഞപ്പോൾ ഈജിപ്തിലെ ഫറവോയുടെയും സേവകരുടെയും മനസ്സു മാറി. “നാം എന്താണു ചെയ്തത്? നമ്മുടെ അടിമകളെ നാം വിട്ടയച്ചുകളഞ്ഞല്ലോ” എന്നവർ പരിതപിച്ചു. 6ഇസ്രായേല്യരെ പിന്തുടരാൻ ഫറവോ രഥങ്ങളെയും സൈന്യത്തെയും സജ്ജമാക്കി. 7മികച്ച അറുനൂറു രഥങ്ങൾ ഉൾപ്പെടെ അനേകം രഥങ്ങളും പടനായകന്മാരും അടങ്ങിയ സൈന്യം പുറപ്പെട്ടു. 8ഈജിപ്തിലെ രാജാവായ ഫറവോയുടെ ഹൃദയം സർവേശ്വരൻ കഠിനമാക്കി; വിജയാഹ്ലാദത്തോടെ യാത്രയായ ഇസ്രായേല്യരെ ഫറവോ പിന്തുടർന്നു. 9ഫറവോയുടെ സൈന്യം കുതിരകളും രഥങ്ങളും തേരാളികളുമായി ഇസ്രായേൽജനത്തെ പിന്തുടർന്നു. അവർ ബാൽസെഫോന് അഭിമുഖമായി പിഹഹിരോത്തിനു സമീപം കടൽത്തീരത്തു പാളയമടിച്ചിരുന്ന ഇസ്രായേല്യരുടെ അടുത്തെത്തി. 10ഫറവോയും ഈജിപ്തുകാരും അണിയണിയായി തങ്ങൾക്കു നേരെ വരുന്നത് ഇസ്രായേല്യർ കണ്ടു. ഭയപരവശരായ അവർ സർവേശ്വരനെ വിളിച്ചുകരഞ്ഞു; അവർ മോശയോടു ചോദിച്ചു: 11“ഈജിപ്തിൽ ശവക്കുഴികളില്ലാഞ്ഞിട്ടാണോ മരിക്കാൻ ഈ മരുഭൂമിയിൽ ഞങ്ങളെ കൊണ്ടുവന്നത്? ഇപ്പോൾ ഞങ്ങളുടെ അവസ്ഥ നോക്കുക. ഞങ്ങളെ വെറുതെ വിട്ടേക്കുക; 12അടിമപ്പണി ചെയ്ത് ഞങ്ങൾ കഴിഞ്ഞുകൊള്ളാം എന്ന് ഈജിപ്തിൽവച്ച് പറഞ്ഞതല്ലേ? ഈ മരുഭൂമിയിൽവച്ച് മരിക്കുന്നതിലും ഭേദം ഈജിപ്തുകാർക്ക് അടിമവേല ചെയ്യുകയായിരുന്നു.” 13മോശ ജനത്തോടു പറഞ്ഞു: “ഭയപ്പെടാതെ ഉറച്ചുനില്‌ക്കുക; നിങ്ങളുടെ രക്ഷയ്‍ക്കുവേണ്ടി സർവേശ്വരൻ ഇന്ന് എന്തു ചെയ്യുമെന്നു കാണുക; ഇന്നു കാണുന്ന ഈജിപ്തുകാരെ നിങ്ങൾ ഇനി ഒരിക്കലും കാണുകയില്ല. 14അവിടുന്നു നിങ്ങൾക്കുവേണ്ടി പൊരുതും; ശാന്തരായിരിക്കുക.”
15സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നീ എന്നോടു നിലവിളിക്കുന്നതെന്ത്? മുമ്പോട്ടു നീങ്ങാൻ ഇസ്രായേൽജനത്തോടു പറയുക. 16കടലിനുനേരെ നീ വടി നീട്ടി അതിനെ വിഭജിക്കുക; ഇസ്രായേൽജനം അതിന്റെ നടുവേ ഉണങ്ങിയ നിലത്തിലൂടെ കടന്നുപോകട്ടെ. 17ഈജിപ്തുകാരെ ഞാൻ കഠിനഹൃദയരാക്കും; അവർ ഇസ്രായേല്യരെ പിന്തുടരും; ഫറവോയുടെയും രഥങ്ങളുടെയും കുതിരപ്പടയുടെയുംമേൽ ഞാൻ വിജയം കൈവരിക്കും. 18അപ്പോൾ ഞാനാണു സർവേശ്വരനെന്ന് ഈജിപ്തുകാർ അറിയും.” 19ഇസ്രായേല്യരുടെ മുമ്പിൽ സഞ്ചരിച്ചിരുന്ന ദൈവദൂതൻ അവരുടെ പിമ്പിലേക്കു വന്നു; മുമ്പിൽ പൊയ്‍ക്കൊണ്ടിരുന്ന മേഘസ്തംഭവും പിമ്പിലേക്കു നീങ്ങി, 20ഇസ്രായേല്യരുടെയും ഈജിപ്തുകാരുടെയും പാളയങ്ങൾക്കു മധ്യേ നിലയുറപ്പിച്ചു. മേഘം ഈജിപ്തുകാരുടെമേൽ ഇരുട്ടു വരുത്തി; ഇസ്രായേല്യർക്ക് വെളിച്ചം ലഭിക്കുകയും ചെയ്തു; അതുകൊണ്ട് അവർ തമ്മിൽ അടുക്കാനാകാതെ രാത്രി കഴിഞ്ഞു; 21മോശ കടലിന്റെ നേരേ കൈ നീട്ടി; രാത്രി മുഴുവനും സർവേശ്വരൻ ശക്തമായ ഒരു കിഴക്കൻകാറ്റ് അടിപ്പിച്ചു; കടൽ പിന്നോക്കം ഇറങ്ങി; വെള്ളം വിഭജിക്കപ്പെട്ടു; ഉണങ്ങിയ നിലം തെളിഞ്ഞു; 22ഇസ്രായേൽജനം കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടെ കടന്നുപോയി; അവരുടെ വലത്തും ഇടത്തും വെള്ളം മതിൽപോലെ നിന്നു. 23ഈജിപ്തുകാർ അവരെ പിന്തുടർന്നു. ഫറവോയുടെ കുതിരപ്പടയും രഥങ്ങളും കടലിന്റെ നടുവിലെത്തി. 24സൂര്യോദയത്തിനുമുമ്പു സർവേശ്വരൻ മേഘസ്തംഭത്തിലും അഗ്നിസ്തംഭത്തിലും നിന്നുകൊണ്ട് ഈജിപ്തുകാരുടെ സൈന്യങ്ങളെ നോക്കി അവരെ പരിഭ്രാന്തരാക്കി. 25അവരുടെ രഥചക്രങ്ങൾ മണ്ണിൽ പുതഞ്ഞുപോയതിനാൽ അവർക്കു മുമ്പോട്ടു പോകാൻ കഴിഞ്ഞില്ല. ഈജിപ്തുകാർ പറഞ്ഞു: “സർവേശ്വരൻ അവർക്കുവേണ്ടി നമുക്കെതിരെ പൊരുതുകയാണ്; നമുക്ക് ഓടി രക്ഷപെടാം.”
26സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നീ കടലിന്റെ നേരേ കൈ നീട്ടുക; വെള്ളം മടങ്ങിവന്ന് ഈജിപ്തുകാരുടെ രഥങ്ങളെയും കുതിരപ്പടയെയും അവരുടെ സർവസൈന്യത്തെയും മൂടട്ടെ.” 27മോശ കടലിന്റെ നേരേ കൈ നീട്ടി; പിറ്റേന്നു പ്രഭാതമായപ്പോഴേക്കും വെള്ളം പൂർവസ്ഥിതിയിലെത്തി; ഈജിപ്തുകാർ രക്ഷപെടാൻ ശ്രമിച്ചെങ്കിലും സർവേശ്വരൻ അവരെ കടലിന്റെ നടുവിൽ ആഴ്ത്തിക്കളഞ്ഞു. 28മടങ്ങിവന്ന വെള്ളം രഥങ്ങളെയും കുതിരപ്പടയെയും ഇസ്രായേല്യരെ പിന്തുടർന്ന ഫറവോയുടെ സർവസൈന്യത്തെയും മൂടിക്കളഞ്ഞു; അവരിൽ ആരും ശേഷിച്ചില്ല. 29വെള്ളം ഇരുവശങ്ങളിലും മതിൽപോലെ നിന്നതുകൊണ്ട് ഇസ്രായേല്യർ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി. 30അങ്ങനെ സർവേശ്വരൻ ഇസ്രായേല്യരെ ഈജിപ്തുകാരിൽനിന്നു രക്ഷിച്ചു; ഈജിപ്തുകാരുടെ ശവശരീരങ്ങൾ കടൽത്തീരത്ത് അടിഞ്ഞുകിടക്കുന്നത് ഇസ്രായേല്യർ കണ്ടു. 31അവർക്കെതിരായി അവിടുന്നു ചെയ്ത മഹാദ്ഭുതം ഇസ്രായേൽജനം ഗ്രഹിച്ചു; അവർ ഭയഭക്തിമൂലം സർവേശ്വരനിലും അവിടുത്തെ ദാസനായ മോശയിലും വിശ്വസിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
EXODUS 14: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.