എഫെസ്യർ 3:8-21

എഫെസ്യർ 3:8-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു പ്രസംഗിപ്പാനും സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലംമുതൽ മറഞ്ഞുകിടന്ന മർമത്തിന്റെ വ്യവസ്ഥ ഇന്നതെന്ന് എല്ലാവർക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു. അങ്ങനെ ഇപ്പോൾ സ്വർഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം, അവൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിവർത്തിച്ച അനാദിനിർണയപ്രകാരം സഭ മുഖാന്തരം അറിയായ്‍വരുന്നു. അവനിൽ ആശ്രയിച്ചിട്ട് അവങ്കലുള്ള വിശ്വാസത്താൽ നമുക്കു ധൈര്യവും പ്രവേശനവും ഉണ്ട്. അതുകൊണ്ടു ഞാൻ നിങ്ങൾക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങൾ നിങ്ങളുടെ മഹത്ത്വമാകയാൽ അവ നിമിത്തം അധൈര്യപ്പെട്ടുപോകരുത് എന്നു ഞാൻ അപേക്ഷിക്കുന്നു. അതുനിമിത്തം ഞാൻ സ്വർഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിനും പേർ വരുവാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു. അവൻ തന്റെ മഹത്ത്വത്തിന്റെ ധനത്തിന് ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിനും ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിനും വരം നല്കേണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി വീതിയും നീളവും ഉയരവും ആഴവും എന്ത് എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർഥിക്കുന്നു. എന്നാൽ നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവനു സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്ത്വം ഉണ്ടാകട്ടെ. ആമേൻ.

പങ്ക് വെക്കു
എഫെസ്യർ 3 വായിക്കുക

എഫെസ്യർ 3:8-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

സകല വിശുദ്ധരിലും ഏറ്റവും ചെറിയവനായ എനിക്ക് ജാതികളോട് ക്രിസ്തുവിന്‍റെ അതിരറ്റ സമ്പന്നതയെക്കുറിച്ചു പ്രസംഗിക്കുവാനും സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിൻ്റെ വ്യവസ്ഥ ഇന്നതെന്ന് എല്ലാവർക്കും പ്രകാശിപ്പിക്കുവാനുമായി ഈ കൃപ എനിക്ക് നല്കിയിരിക്കുന്നു. അതിന്‍റെ ഫലമായി ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്‍റെ ബഹുവിധമായ ജ്ഞാനം, ദൈവം നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നിവർത്തിച്ച അനാദികാലം മുതലുള്ള നിർണ്ണയപ്രകാരം സഭ മുഖാന്തരം വെളിപ്പെട്ടുവരുന്നു. ക്രിസ്തുയേശുവിലുള്ള വിശ്വാസം നിമിത്തം അവനിൽ നമുക്കു ധൈര്യവും ദൈവത്തിങ്കലേക്കുള്ള പ്രവേശനവും ഉണ്ട്. അതുകൊണ്ട് ഞാൻ നിങ്ങൾക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങൾ നിങ്ങളുടെ മഹത്വമാകയാൽ എന്‍റെ കഷ്ടങ്ങളെ ഓർത്തു അധൈര്യപ്പെട്ടു പോകരുത് എന്നു ഞാൻ അപേക്ഷിക്കുന്നു. നിങ്ങൾക്കായുള്ള ഈ ദൈവികപ്രവൃത്തി നിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിനും പേർ വരുവാൻ കാരണമായ പിതാവിന്‍റെ സന്നിധിയിൽ മുട്ടുകുത്തുന്നു. അവൻ, തന്‍റെ മഹത്വത്തിന്‍റെ ധനത്തിന് ഒത്തവണ്ണം നിങ്ങളിലുള്ള അവിടുത്തെ ആത്മാവിനാൽ നിങ്ങളുടെ അകത്തെ മനുഷ്യൻ ശക്തിയോടെ ബലപ്പെടേണ്ടതിനും ക്രിസ്തു, വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിനും വരം നല്കേണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനമുള്ളവരായി ക്രിസ്തുവിന്‍റെ സ്നേഹത്തിൻ്റെ വീതിയും നീളവും ഉയരവും ആഴവും എന്ത് എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിക്കുവാനും പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്‍റെ സ്നേഹത്തെ അറിയുവാൻ പ്രാപ്തരാകയും, ദൈവത്തിന്‍റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു. എന്നാൽ നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാൻ നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ കഴിയുന്നവന് സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ. ആമേൻ.

പങ്ക് വെക്കു
എഫെസ്യർ 3 വായിക്കുക

എഫെസ്യർ 3:8-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു പ്രസംഗിപ്പാനും സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവർക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു. അങ്ങനെ ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം, അവൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിവർത്തിച്ച അനാദിനിർണ്ണയപ്രകാരം സഭമുഖാന്തരം അറിയായ്‌വരുന്നു. അവനിൽ ആശ്രയിച്ചിട്ടു അവങ്കലുള്ള വിശ്വാസത്താൽ നമുക്കു ധൈര്യവും പ്രവേശനവും ഉണ്ടു. അതുകൊണ്ടു ഞാൻ നിങ്ങൾക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങൾ നിങ്ങളുടെ മഹത്വമാകയാൽ അവനിമിത്തം അധൈര്യപ്പെട്ടുപോകരുതു എന്നു ഞാൻ അപേക്ഷിക്കുന്നു. അതുനിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും പേർ വരുവാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു. അവൻ തന്റെ മഹത്വത്തിന്റെ ധനത്തിന്നു ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിന്നും ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിന്നും വരം നല്കേണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി വീതിയും നീളവും ഉയരവും ആഴവും എന്തു എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു. എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‌വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ. ആമേൻ.

പങ്ക് വെക്കു
എഫെസ്യർ 3 വായിക്കുക

എഫെസ്യർ 3:8-21 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ എല്ലാ വിശുദ്ധരിലും ഏറ്റവും ചെറിയവനാണ്. എങ്കിലും ഈ കൃപ എനിക്കു നൽകിയിരിക്കുന്നത് ക്രിസ്തുവിലുള്ള അപ്രമേയധനത്തെപ്പറ്റി യെഹൂദേതരരോട് അറിയിക്കാനും സകലതും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലംമുതൽ മറഞ്ഞിരുന്ന രഹസ്യത്തിന്റെ വ്യവസ്ഥ എന്തെന്ന് എല്ലാവരെയും ഗ്രഹിപ്പിക്കാനുമാണ്. ദൈവത്തിന്റെ ഉദ്ദേശ്യമോ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ അവിടന്നു പരിപൂർണമാക്കിയ നിത്യലക്ഷ്യത്തിനനുസൃതമായി അവിടത്തെ അപരിമേയജ്ഞാനം സ്വർഗത്തിലെ വാഴ്ചകൾക്കും അധികാരങ്ങൾക്കും ഇപ്പോൾ സഭയിലൂടെ വ്യക്തമാക്കുക എന്നതായിരുന്നു. ക്രിസ്തുവിലും ക്രിസ്തുവിലുള്ള വിശ്വാസത്താലും നമുക്ക് ദൈവത്തെ സ്വാതന്ത്ര്യത്തോടും ധൈര്യത്തോടും സമീപിക്കാം. അതുകൊണ്ട്, നിങ്ങൾക്കുവേണ്ടിയുള്ള എന്റെ കഷ്ടതകൾ നിങ്ങളുടെ മഹത്ത്വമാകയാൽ അവനിമിത്തം നിങ്ങൾ അധൈര്യപ്പെട്ടുപോകരുതെന്നു ഞാൻ അപേക്ഷിക്കുന്നു. ഇതിനാൽ, സ്വർഗത്തിലും ഭൂമിയിലുമുള്ള സകലകുടുംബങ്ങൾക്കും പേരു ലഭിക്കാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ ഞാൻ മുട്ടുമടക്കുന്നു. ഞാൻ പ്രാർഥിക്കുന്നത് ദൈവം അവിടത്തെ തേജസ്സേറിയ ധനത്തിന് അനുസൃതമായി അവിടത്തെ ആത്മാവിനാൽ നിങ്ങളുടെ ആന്തരിക വ്യക്തിത്വത്തെ ശക്തിപ്പെടുത്തണമെന്നും, വിശ്വാസത്താൽ ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളിൽ അധിവസിക്കാൻ വരം ലഭിക്കണമെന്നും, സ്നേഹത്തിൽ വേരുകൾ ആഴ്ന്നിറങ്ങി അതിൽത്തന്നെ അടിസ്ഥാനം ഇട്ടവരായി എല്ലാ ജ്ഞാനത്തിനും അതീതമായ ക്രിസ്തുസ്നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും എന്തെന്നു സകലവിശുദ്ധരോടുമൊപ്പം ഗ്രഹിക്കാൻ നിങ്ങൾക്കു ശക്തി ലഭിക്കണമെന്നും, ദൈവത്തിന്റെ സർവസമ്പൂർണതയാലും നിറയപ്പെടണം എന്നും ആണ്. എന്നാൽ, നമ്മിൽ വ്യാപരിക്കുന്ന അവിടത്തെ ശക്തിയാൽ നാം യാചിക്കുന്നതിനും ചിന്തിക്കുന്നതിനും അത്യന്തം അതീതമായി പ്രവർത്തിക്കാൻ കഴിയുന്ന ദൈവത്തിന് സഭയിലും ക്രിസ്തുയേശുവിലും തലമുറകൾതോറും എന്നെന്നേക്കും മഹത്ത്വം ഉണ്ടാകുമാറാകട്ടെ! ആമേൻ.

പങ്ക് വെക്കു
എഫെസ്യർ 3 വായിക്കുക