എഫേസ്യർ 3:8-21

എഫേസ്യർ 3:8-21 MCV

ഞാൻ എല്ലാ വിശുദ്ധരിലും ഏറ്റവും ചെറിയവനാണ്. എങ്കിലും ഈ കൃപ എനിക്കു നൽകിയിരിക്കുന്നത് ക്രിസ്തുവിലുള്ള അപ്രമേയധനത്തെപ്പറ്റി യെഹൂദേതരരോട് അറിയിക്കാനും സകലതും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലംമുതൽ മറഞ്ഞിരുന്ന രഹസ്യത്തിന്റെ വ്യവസ്ഥ എന്തെന്ന് എല്ലാവരെയും ഗ്രഹിപ്പിക്കാനുമാണ്. ദൈവത്തിന്റെ ഉദ്ദേശ്യമോ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ അവിടന്നു പരിപൂർണമാക്കിയ നിത്യലക്ഷ്യത്തിനനുസൃതമായി അവിടത്തെ അപരിമേയജ്ഞാനം സ്വർഗത്തിലെ വാഴ്ചകൾക്കും അധികാരങ്ങൾക്കും ഇപ്പോൾ സഭയിലൂടെ വ്യക്തമാക്കുക എന്നതായിരുന്നു. ക്രിസ്തുവിലും ക്രിസ്തുവിലുള്ള വിശ്വാസത്താലും നമുക്ക് ദൈവത്തെ സ്വാതന്ത്ര്യത്തോടും ധൈര്യത്തോടും സമീപിക്കാം. അതുകൊണ്ട്, നിങ്ങൾക്കുവേണ്ടിയുള്ള എന്റെ കഷ്ടതകൾ നിങ്ങളുടെ മഹത്ത്വമാകയാൽ അവനിമിത്തം നിങ്ങൾ അധൈര്യപ്പെട്ടുപോകരുതെന്നു ഞാൻ അപേക്ഷിക്കുന്നു. ഇതിനാൽ, സ്വർഗത്തിലും ഭൂമിയിലുമുള്ള സകലകുടുംബങ്ങൾക്കും പേരു ലഭിക്കാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ ഞാൻ മുട്ടുമടക്കുന്നു. ഞാൻ പ്രാർഥിക്കുന്നത് ദൈവം അവിടത്തെ തേജസ്സേറിയ ധനത്തിന് അനുസൃതമായി അവിടത്തെ ആത്മാവിനാൽ നിങ്ങളുടെ ആന്തരിക വ്യക്തിത്വത്തെ ശക്തിപ്പെടുത്തണമെന്നും, വിശ്വാസത്താൽ ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളിൽ അധിവസിക്കാൻ വരം ലഭിക്കണമെന്നും, സ്നേഹത്തിൽ വേരുകൾ ആഴ്ന്നിറങ്ങി അതിൽത്തന്നെ അടിസ്ഥാനം ഇട്ടവരായി എല്ലാ ജ്ഞാനത്തിനും അതീതമായ ക്രിസ്തുസ്നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും എന്തെന്നു സകലവിശുദ്ധരോടുമൊപ്പം ഗ്രഹിക്കാൻ നിങ്ങൾക്കു ശക്തി ലഭിക്കണമെന്നും, ദൈവത്തിന്റെ സർവസമ്പൂർണതയാലും നിറയപ്പെടണം എന്നും ആണ്. എന്നാൽ, നമ്മിൽ വ്യാപരിക്കുന്ന അവിടത്തെ ശക്തിയാൽ നാം യാചിക്കുന്നതിനും ചിന്തിക്കുന്നതിനും അത്യന്തം അതീതമായി പ്രവർത്തിക്കാൻ കഴിയുന്ന ദൈവത്തിന് സഭയിലും ക്രിസ്തുയേശുവിലും തലമുറകൾതോറും എന്നെന്നേക്കും മഹത്ത്വം ഉണ്ടാകുമാറാകട്ടെ! ആമേൻ.