സഭാപ്രസംഗി 8:14-17

സഭാപ്രസംഗി 8:14-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഭൂമിയിൽ നടക്കുന്ന ഒരു മായ ഉണ്ട്: നീതിമാന്മാർക്ക് ദുഷ്ടന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതു ഭവിക്കുന്നു; ദുഷ്ടന്മാർക്കു നീതിമാന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതും ഭവിക്കുന്നു; അതും മായയത്രേ എന്നു ഞാൻ പറഞ്ഞു. ആകയാൽ ഞാൻ സന്തോഷത്തെ പ്രശംസിച്ചു; തിന്നു കുടിച്ച് സന്തോഷിക്കുന്നതല്ലാതെ മനുഷ്യനു സൂര്യന്റെ കീഴിൽ മറ്റൊരു നന്മയുമില്ലല്ലോ; ദൈവം സൂര്യന്റെ കീഴിൽ അവനു നല്കുന്ന ആയുഷ്കാലത്ത് അവന്റെ പ്രയത്നത്തിൽ അവനോടുകൂടെ നിലനില്ക്കുന്നത് ഇതുമാത്രമേയുള്ളൂ. ഭൂമിയിൽ നടക്കുന്ന കാര്യം കാൺമാനും- മനുഷ്യന് രാവും പകലും കണ്ണിൽ ഉറക്കം വരുന്നില്ലല്ലോ-ജ്ഞാനം ഗ്രഹിപ്പാനും ഞാൻ മനസ്സുവച്ചപ്പോൾ സൂര്യന്റെ കീഴിൽ നടക്കുന്ന പ്രവൃത്തി ആരാഞ്ഞറിവാൻ മനുഷ്യന് കഴിവില്ല എന്നിങ്ങനെ ഞാൻ ദൈവത്തിന്റെ സകല പ്രവൃത്തിയെയും കണ്ടു; മനുഷ്യൻ എത്ര പ്രയാസപ്പെട്ട് അന്വേഷിച്ചാലും അതിനെ ഗ്രഹിക്കയില്ല; ഒരു ജ്ഞാനി തന്നെയും അതിനെ ഗ്രഹിപ്പാൻ നിരൂപിച്ചാൽ അവനു സാധിക്കയില്ല.

സഭാപ്രസംഗി 8:14-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഭൂമിയിൽ മറ്റൊരു മിഥ്യയുണ്ട്; നീതിമാന്മാർക്കു ദുർജനങ്ങളുടെ പ്രവൃത്തിക്കു യോജിച്ച അനുഭവവും ദുർജനങ്ങൾക്കു നീതിമാന്മാരുടെ പ്രവൃത്തിക്കു യോജിച്ച അനുഭവവും ഉണ്ടാകുന്നു. അതും മിഥ്യതന്നെ എന്നു ഞാൻ പറയുന്നു. അതുകൊണ്ട് ഉല്ലസിച്ചുകൊള്ളുക എന്നാണ് എന്റെ ഉപദേശം. തിന്നുകുടിച്ച് ഉല്ലസിക്കുന്നതിനെക്കാൾ ഉത്തമമായി മറ്റൊന്നും സൂര്യനു കീഴെ ഇല്ല. ഭൂമിയിൽ ദൈവം നല്‌കുന്ന ആയുസ്സിൽ മനുഷ്യനു തന്റെ പ്രയത്നത്തിനു പ്രതിഫലമായി വേറൊന്നും കിട്ടാനില്ല. ജ്ഞാനം നേടാനും ഭൂമിയിൽ നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കാനും ഞാൻ രാപ്പകൽ ഉറങ്ങാതെ പരിശ്രമിച്ചു. അപ്പോൾ ഞാൻ ദൈവത്തിന്റെ സകല പ്രവൃത്തികളും നോക്കിക്കണ്ടു. സൂര്യനു കീഴെ നടക്കുന്നതൊന്നും ഗ്രഹിക്കാൻ മനുഷ്യനു കഴിയുകയില്ല. എത്ര തേടിയലഞ്ഞാലും അതു കാണുകയില്ല. ജ്ഞാനി എന്ന് അവകാശപ്പെടുന്നവനും അത് അഗോചരമാണ്.

സഭാപ്രസംഗി 8:14-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഭൂമിയിൽ നടക്കുന്ന ഒരു മായ ഉണ്ട്: നീതിമാന്മാർക്ക് ദുഷ്ടന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതു ഭവിക്കുന്നു; ദുഷ്ടന്മാർക്കു നീതിമാന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതും ഭവിക്കുന്നു; അതും മായ തന്നെ എന്നു ഞാൻ പറഞ്ഞു. അതിനാൽ ഞാൻ സന്തോഷത്തെ പ്രശംസിച്ചു; തിന്നുകുടിച്ചു സന്തോഷിക്കുന്നതല്ലാതെ മനുഷ്യന് സൂര്യനുകീഴിൽ മറ്റൊരു നന്മയുമില്ലല്ലോ; ദൈവം സൂര്യനുകീഴിൽ അവന് നല്കുന്ന ആയുഷ്കാലത്ത് അവന്‍റെ പ്രയത്നത്തിൽ അവനോടുകൂടെ നിലനില്ക്കുന്നത് ഇതുമാത്രമേയുള്ളു. ഭൂമിയിൽ നടക്കുന്ന കാര്യം കാണുവാനും - മനുഷ്യന് രാവും പകലും കണ്ണിൽ ഉറക്കം വരുന്നില്ലല്ലോ - ജ്ഞാനം ഗ്രഹിക്കുവാനും ഞാൻ മനസ്സുവച്ചപ്പോൾ സൂര്യനുകീഴിൽ നടക്കുന്ന പ്രവൃത്തി ഗ്രഹിക്കുവാൻ മനുഷ്യന് കഴിവില്ല എന്നുള്ള ദൈവത്തിന്‍റെ പ്രവൃത്തിയെ ഞാൻ കണ്ടു; മനുഷ്യൻ എത്ര പ്രയാസപ്പെട്ട് അന്വേഷിച്ചാലും അതിനെ ഗ്രഹിക്കുകയില്ല; ഒരു ജ്ഞാനി തന്നെ അത് ഗ്രഹിക്കുവാൻ നിരൂപിച്ചാലും അവന് അത് സാധിക്കുകയില്ല.

സഭാപ്രസംഗി 8:14-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഭൂമിയിൽ നടക്കുന്ന ഒരു മായ ഉണ്ടു: നീതിമാന്മാർക്കു ദുഷ്ടന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതു ഭവിക്കുന്നു; ദുഷ്ടന്മാർക്കു നീതിമാന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതും ഭവിക്കുന്നു; അതും മായ അത്രേ എന്നു ഞാൻ പറഞ്ഞു. ആകയാൽ ഞാൻ സന്തോഷത്തെ പ്രശംസിച്ചു; തിന്നു കുടിച്ചു സന്തോഷിക്കുന്നതല്ലാതെ മനുഷ്യന്നു സൂര്യന്റെ കീഴിൽ മറ്റൊരു നന്മയുമില്ലല്ലോ; ദൈവം സൂര്യന്റെ കീഴിൽ അവന്നു നല്കുന്ന ആയുഷ്കാലത്തു അവന്റെ പ്രയത്നത്തിൽ അവനോടുകൂടെ നിലനില്ക്കുന്നതു ഇതുമാത്രമേയുള്ളു. ഭൂമിയിൽ നടക്കുന്ന കാര്യം കാണ്മാനും - മനുഷ്യന്നു രാവും പകലും കണ്ണിൽ ഉറക്കം വരുന്നില്ലല്ലോ - ജ്ഞാനം ഗ്രഹിപ്പാനും ഞാൻ മനസ്സുവെച്ചപ്പോൾ സൂര്യന്റെ കീഴിൽ നടക്കുന്ന പ്രവൃത്തി ആരാഞ്ഞറിവാൻ മനുഷ്യന്നു കഴിവില്ല എന്നിങ്ങനെ ഞാൻ ദൈവത്തിന്റെ സകല പ്രവൃത്തിയെയും കണ്ടു; മനുഷ്യൻ എത്ര പ്രയാസപ്പെട്ടു അന്വേഷിച്ചാലും അതിനെ ഗ്രഹിക്കയില്ല; ഒരു ജ്ഞാനി തന്നേയും അതിനെ ഗ്രഹിപ്പാൻ നിരൂപിച്ചാൽ അവന്നു സാധിക്കയില്ല.

സഭാപ്രസംഗി 8:14-17 സമകാലിക മലയാളവിവർത്തനം (MCV)

അർഥശൂന്യമായ മറ്റുചിലതും ഭൂമിയിൽ നടക്കുന്നുണ്ട്: ദുഷ്ടർക്ക് അർഹതപ്പെട്ടതു നീതിനിഷ്ഠർക്കു ലഭിക്കുന്നു, നീതിനിഷ്ഠർക്ക് അർഹതപ്പെട്ടതു ദുഷ്ടർക്കും ലഭിക്കുന്നു. ഇതും അർഥശൂന്യമെന്നു ഞാൻ പറയുന്നു. അതുകൊണ്ട് ജീവിതം ആസ്വദിക്കുക അതാണ് എന്റെ നിർദേശം; ഭക്ഷിക്കുക, പാനംചെയ്യുക, ആനന്ദിക്കുക എന്നതിനെക്കാൾ ശ്രേഷ്ഠമായ മറ്റൊന്നും സൂര്യനുകീഴിൽ മനുഷ്യന് ഇല്ലല്ലോ. അപ്പോൾ സൂര്യനുകീഴിൽ ദൈവം മനുഷ്യനു നൽകിയിരിക്കുന്ന ജീവിതനാളുകളിലെല്ലാം അയാളുടെ കഠിനാധ്വാനത്തിൽ ഈ ആത്മസംതൃപ്തി അദ്ദേഹത്തോടൊപ്പം ഉണ്ടാകും. ജ്ഞാനം അറിയുന്നതിനും ഭൂമിയിലെ മനുഷ്യരുടെ പ്രയത്നം നിരീക്ഷിക്കുന്നതിനുമായി ഞാൻ മനസ്സുവെച്ചപ്പോൾ—മനുഷ്യന്റെ കണ്ണുകൾ രാത്രിയും പകലും ഉറക്കമറിയുന്നില്ല— ദൈവം ചെയ്ത സകലപ്രവൃത്തികളും ഞാൻ കണ്ടു. സൂര്യനുകീഴേ നടക്കുന്നതു പൂർണമായി ഗ്രഹിക്കാൻ ആർക്കും കഴിയുകയില്ല. എല്ലാം കണ്ടെത്താൻ മനുഷ്യർ യത്നിക്കുന്നുണ്ടെങ്കിലും അവർക്ക് അതിന്റെ അർഥം കണ്ടെത്താൻ കഴിയുന്നില്ല. ജ്ഞാനി തനിക്കെല്ലാമറിയാം എന്ന് അവകാശപ്പെട്ടാലും, അവർക്കത് യഥാർഥത്തിൽ ഗ്രഹിക്കാൻ കഴിയുകയില്ല.