സഭാപ്രസംഗി 8:14-17

സഭാപ്രസംഗി 8:14-17 MCV

അർഥശൂന്യമായ മറ്റുചിലതും ഭൂമിയിൽ നടക്കുന്നുണ്ട്: ദുഷ്ടർക്ക് അർഹതപ്പെട്ടതു നീതിനിഷ്ഠർക്കു ലഭിക്കുന്നു, നീതിനിഷ്ഠർക്ക് അർഹതപ്പെട്ടതു ദുഷ്ടർക്കും ലഭിക്കുന്നു. ഇതും അർഥശൂന്യമെന്നു ഞാൻ പറയുന്നു. അതുകൊണ്ട് ജീവിതം ആസ്വദിക്കുക അതാണ് എന്റെ നിർദേശം; ഭക്ഷിക്കുക, പാനംചെയ്യുക, ആനന്ദിക്കുക എന്നതിനെക്കാൾ ശ്രേഷ്ഠമായ മറ്റൊന്നും സൂര്യനുകീഴിൽ മനുഷ്യന് ഇല്ലല്ലോ. അപ്പോൾ സൂര്യനുകീഴിൽ ദൈവം മനുഷ്യനു നൽകിയിരിക്കുന്ന ജീവിതനാളുകളിലെല്ലാം അയാളുടെ കഠിനാധ്വാനത്തിൽ ഈ ആത്മസംതൃപ്തി അദ്ദേഹത്തോടൊപ്പം ഉണ്ടാകും. ജ്ഞാനം അറിയുന്നതിനും ഭൂമിയിലെ മനുഷ്യരുടെ പ്രയത്നം നിരീക്ഷിക്കുന്നതിനുമായി ഞാൻ മനസ്സുവെച്ചപ്പോൾ—മനുഷ്യന്റെ കണ്ണുകൾ രാത്രിയും പകലും ഉറക്കമറിയുന്നില്ല— ദൈവം ചെയ്ത സകലപ്രവൃത്തികളും ഞാൻ കണ്ടു. സൂര്യനുകീഴേ നടക്കുന്നതു പൂർണമായി ഗ്രഹിക്കാൻ ആർക്കും കഴിയുകയില്ല. എല്ലാം കണ്ടെത്താൻ മനുഷ്യർ യത്നിക്കുന്നുണ്ടെങ്കിലും അവർക്ക് അതിന്റെ അർഥം കണ്ടെത്താൻ കഴിയുന്നില്ല. ജ്ഞാനി തനിക്കെല്ലാമറിയാം എന്ന് അവകാശപ്പെട്ടാലും, അവർക്കത് യഥാർഥത്തിൽ ഗ്രഹിക്കാൻ കഴിയുകയില്ല.