സഭാപ്രസംഗി 5:8-20
സഭാപ്രസംഗി 5:8-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരു സംസ്ഥാനത്ത് ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുത്; ഉന്നതനു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു. കൃഷിതല്പരനായിരിക്കുന്ന ഒരു രാജാവ് ദേശത്തിന് എല്ലാറ്റിലും ഉപകാരമായിരിക്കും. ദ്രവ്യപ്രിയന് ദ്രവ്യം കിട്ടീട്ടും ഐശ്വര്യപ്രിയന് ആദായം കിട്ടീട്ടും തൃപ്തിവരുന്നില്ല. അതും മായയത്രേ. വസ്തുവക പെരുകുമ്പോൾ അതുകൊണ്ട് ഉപജീവിക്കുന്നവരും പെരുകുന്നു; അതിന്റെ ഉടമസ്ഥന് കണ്ണുകൊണ്ടു കാണുകയല്ലാതെ മറ്റെന്തു പ്രയോജനം? വേല ചെയ്യുന്ന മനുഷ്യൻ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല. സൂര്യനു കീഴെ ഞാൻ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ട്: ഉടമസ്ഥൻ തനിക്ക് അനർഥത്തിനായിട്ടു സൂക്ഷിച്ചുവയ്ക്കുന്ന സമ്പത്തു തന്നെ. ആ സമ്പത്ത് നിർഭാഗ്യവശാൽ നശിച്ചുപോകുന്നു; അവന് ഒരു മകൻ ജനിച്ചാൽ അവന്റെ കൈയിൽ ഒന്നും ഉണ്ടാകയില്ല. അവൻ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നതുപോലെ നഗ്നനായിതന്നെ മടങ്ങിപ്പോകും; തന്റെ പ്രയത്നത്തിന്റെ ഫലമായിട്ട് അവൻ കൈയിൽ ഒരു വസ്തുവും കൊണ്ടുപോകയില്ല. അതും ഒരു വല്ലാത്ത തിന്മ തന്നെ; അവൻ വന്നതുപോലെ തന്നെ പോകുന്നു; അവന്റെ വൃഥാപ്രയത്നത്താൽ അവന് എന്തു പ്രയോജനം? അവന്റെ ജീവകാലമൊക്കെയും ഇരുട്ടിലും വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു. ഞാൻ ശുഭവും ഭംഗിയുമായി കണ്ടത്: ദൈവം ഒരുത്തനു കൊടുക്കുന്ന ആയുഷ്കാലമൊക്കെയും അവൻ തിന്നു കുടിച്ച് സൂര്യനു കീഴെ താൻ പ്രയത്നിക്കുന്ന തന്റെ സകല പ്രയത്നത്തിലും സുഖം അനുഭവിക്കുന്നതു തന്നെ; അതല്ലോ അവന്റെ ഓഹരി. ദൈവം ധനവും ഐശ്വര്യവും അത് അനുഭവിച്ചു തന്റെ ഓഹരി ലഭിച്ച് തന്റെ പ്രയത്നത്തിൽ സന്തോഷിപ്പാൻ അധികാരവും കൊടുത്തിരിക്കുന്ന ഏതു മനുഷ്യനും അതു ദൈവത്തിന്റെ ദാനം തന്നെ. ദൈവം അവന് ഹൃദയസന്തോഷം അരുളുന്നതുകൊണ്ട് അവൻ തന്റെ ആയുഷ്കാലം ഏറെ ഓർക്കുകയില്ല.
സഭാപ്രസംഗി 5:8-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരു ദേശത്തു ദരിദ്രൻ പീഡിപ്പിക്കപ്പെടുകയും നീതിയും ന്യായവും നിർദയം ലംഘിക്കപ്പെടുകയും ചെയ്യുന്നതു കണ്ടാൽ വിസ്മയിക്കേണ്ട; ഉന്നതോദ്യോഗസ്ഥനെ അവന്റെ അധികാരിയും അയാളെ അയാളുടെ മേലധികാരിയും നിരീക്ഷിക്കുന്നുണ്ട്. ഭൂമിയുടെ വിളവ് എല്ലാവർക്കും അവകാശപ്പെട്ടതാണ്. കാർഷികരാജ്യത്തിന് ഒരു രാജാവു വേണം. പണക്കൊതിയന് എത്ര കിട്ടിയാലും തൃപ്തി വരികയില്ല; ധനമോഹിക്ക് എത്ര സമ്പാദിച്ചാലും മതിവരികയില്ല. ഇതും മിഥ്യതന്നെ. വിഭവങ്ങൾ ഏറുമ്പോൾ അവകൊണ്ടു പോറ്റേണ്ടവരുടെ എണ്ണവും പെരുകുന്നു; കണ്ണുകൊണ്ടു കാണാമെന്നല്ലാതെ ഉടമസ്ഥന് അവകൊണ്ട് എന്തു പ്രയോജനം? അല്പമോ, അധികമോ ഭക്ഷിച്ചാലും അധ്വാനിക്കുന്നവനു സുഖനിദ്ര ലഭിക്കുന്നു; എന്നാൽ അമിതസമ്പത്തു സമ്പന്നന്റെ ഉറക്കം കെടുത്തുന്നു. ആകാശത്തിനു കീഴെ ശോചനീയമായ ഒരു വസ്തുത ഞാൻ കണ്ടിരിക്കുന്നു; സമ്പന്നൻ തന്റെ അനർഥത്തിനായി ധനം കാത്തുസൂക്ഷിക്കുന്നു. താൻ ഏർപ്പെട്ട സാഹസയത്നത്തിൽ അതു നഷ്ടപ്പെടുന്നു; തന്റെ പുത്രനു നല്‌കാൻ അയാളുടെ കൈയിൽ ഒന്നും അവശേഷിക്കുന്നില്ല. അമ്മയുടെ ഉദരത്തിൽനിന്നു പുറത്തുവന്നതുപോലെ അവൻ നഗ്നനായി മടങ്ങിപ്പോകും. അവന്റെ അധ്വാനഫലത്തിൽനിന്ന് ഒന്നും കൊണ്ടുപോകാൻ അവനു സാധ്യമല്ല. ഇതും വല്ലാത്ത കഷ്ടംതന്നെ; വന്നത് എങ്ങനെയോ അതേപടി തിരിച്ചു പോകുന്നു. അധ്വാനം വ്യർഥമെങ്കിൽ എന്തു നേട്ടം? അതു മാത്രമോ, അവന്റെ ആയുഷ്കാലം മുഴുവൻ അന്ധകാരത്തിലും ദുഃഖത്തിലും രോഗത്തിലും മനശ്ശല്യത്തിലും അസംതൃപ്തിയിലും കഴിയേണ്ടി വരുന്നു. ദൈവം നല്‌കിയ ഹ്രസ്വജീവിതം തിന്നുകുടിച്ചും അധ്വാനഫലം ആസ്വദിച്ചും കഴിയുന്നതാണു മനുഷ്യന് ഉചിതവും ഉത്തമവുമായി ഞാൻ കാണുന്നത്. അതാണല്ലോ അവന്റെ ഗതി. ധനവും ഐശ്വര്യവും അവ അനുഭവിക്കാനുള്ള കഴിവും ദൈവമാണു നല്‌കുന്നത്; അവ ലഭിച്ചവൻ ദൈവത്തിന്റെ അനുഗ്രഹം സ്വീകരിച്ചു തന്റെ പ്രയത്നങ്ങളിൽ ആനന്ദിക്കട്ടെ. അത് ദൈവത്തിന്റെ ദാനമാണ്. ദൈവം അവന്റെ ദിനങ്ങളെ ആനന്ദനിർഭരമാക്കിയിരിക്കുന്നതിനാൽ തന്റെ ആയുസ്സിന്റെ ദിനങ്ങൾ കൊഴിഞ്ഞുപോകുന്നത് അവൻ അറിയുകയേയില്ല.
സഭാപ്രസംഗി 5:8-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഒരു സംസ്ഥാനത്ത് ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുത്; ഉന്നതനു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു. കൃഷിതൽപരനായ രാജാവ് ദേശത്തിന് എല്ലാറ്റിലും ഉപകാരി ആയിരിക്കുന്നു. രാജാവുപോലും ആ വിളവിൽനിന്ന് ഭക്ഷണം കഴിക്കുന്നു. ദ്രവ്യപ്രിയന് ദ്രവ്യം കിട്ടിയിട്ടും തൃപ്തി വരുന്നില്ല. സമൃദ്ധിയിൽ കണ്ണുള്ളവന് ആദായം വർദ്ധിച്ചിട്ടും തൃപ്തി വരുന്നില്ല. അതും മായ തന്നെ. വസ്തുവക പെരുകുമ്പോൾ അതുകൊണ്ട് ഉപജീവിക്കുന്നവരും പെരുകുന്നു; അതിന്റെ ഉടമസ്ഥന് കണ്ണുകൊണ്ട് കാണുകയല്ലാതെ മറ്റെന്തു പ്രയോജനം? അദ്ധാനിക്കുന്ന മനുഷ്യൻ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല. സൂര്യനുകീഴിൽ ഞാൻ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ട്: ഉടമസ്ഥൻ തനിക്കു അനർത്ഥത്തിനായി സൂക്ഷിച്ചുവയ്ക്കുന്ന സമ്പത്ത് തന്നെ. ആ സമ്പത്ത് നിർഭാഗ്യവശാൽ നശിച്ചുപോകുന്നു; അവന് ഒരു മകൻ ജനിച്ചാൽ അവന്റെ കയ്യിൽ ഒന്നും ഉണ്ടാകുകയില്ല. അവൻ അമ്മയുടെ ഗർഭത്തിൽനിന്ന് പുറപ്പെട്ടുവന്നതുപോലെ നഗ്നനായി തന്നെ മടങ്ങിപ്പോകും; തന്റെ പ്രയത്നത്തിന്‍റെ ഫലമായി അവൻ കയ്യിൽ ഒരു വസ്തുവും കൊണ്ടുപോകയില്ല. അതും ഒരു വല്ലാത്ത തിന്മ തന്നെ; അവൻ വന്നതുപോലെ തന്നെ പോകുന്നു; അവന്റെ വൃഥാപ്രയത്നത്താൽ അവന് എന്ത് പ്രയോജനം? അവൻ ജീവകാലം എല്ലാം ഇരുട്ടിലും വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു. ഞാൻ ശുഭവും യോഗ്യവുമായി കണ്ടത്: ദൈവം ഒരുവന് കൊടുക്കുന്ന ആയുഷ്കാലമെല്ലാം അവൻ തിന്നുകുടിച്ച് സൂര്യനു കീഴിലുള്ള തന്‍റെ സകലപ്രയത്നത്തിലും സുഖം അനുഭവിക്കുന്നതു തന്നെ; അതാകുന്നു അവന്‍റെ ഓഹരി. ദൈവം ധനവും ഐശ്വര്യവും നല്കുകയും, അതനുഭവിച്ച് തന്‍റെ ഓഹരി ലഭിച്ച് തന്റെ പ്രയത്നത്തിൽ സന്തോഷിക്കുവാൻ അധികാരം കൊടുത്തിരിക്കുകയും ചെയ്യുന്ന ഏതു മനുഷ്യനും അത് ദൈവത്തിന്‍റെ ദാനം തന്നെ. ദൈവം അവന് ഹൃദയസന്തോഷം അരുളുന്നതുകൊണ്ട് അവൻ തന്‍റെ ആയുഷ്കാലത്തെപ്പറ്റി ഏറെ വിചാരപ്പെടുകയില്ല.
സഭാപ്രസംഗി 5:8-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുതു; ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു. കൃഷിതല്പരനായിരിക്കുന്ന ഒരു രാജാവു ദേശത്തിന്നു എല്ലാറ്റിലും ഉപകാരമായിരിക്കും. ദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും ഐശ്വര്യപ്രിയന്നു ആദായം കിട്ടീട്ടും തൃപ്തിവരുന്നില്ല. അതും മായ അത്രേ. വസ്തുവക പെരുകുമ്പോൾ അതുകൊണ്ടു ഉപജീവിക്കുന്നവരും പെരുകുന്നു; അതിന്റെ ഉടമസ്ഥന്നു കണ്ണുകൊണ്ടു കാണുകയല്ലാതെ മറ്റെന്തു പ്രയോജനം? വേലചെയ്യുന്ന മനുഷ്യൻ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല. സൂര്യന്നുകീഴെ ഞാൻ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ടു: ഉടമസ്ഥൻ തനിക്കു അനർത്ഥത്തിന്നായിട്ടു സൂക്ഷിച്ചുവെക്കുന്ന സമ്പത്തു തന്നേ. ആ സമ്പത്തു നിർഭാഗ്യവശാൽ നശിച്ചു പോകുന്നു; അവന്നു ഒരു മകൻ ജനിച്ചാൽ അവന്റെ കയ്യിൽ ഒന്നും ഉണ്ടാകയില്ല. അവൻ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നതുപോലെ നഗ്നനായി തന്നേ മടങ്ങിപ്പോകും; തന്റെ പ്രയത്നത്തിന്റെ ഫലമായിട്ടു അവൻ കയ്യിൽ ഒരു വസ്തുവും കൊണ്ടുപോകയില്ല. അതും ഒരു വല്ലാത്ത തിന്മ തന്നേ; അവൻ വന്നതുപോലെ തന്നേ പോകുന്നു; അവന്റെ വൃഥാപ്രയത്നത്താൽ അവന്നു എന്തു പ്രയോജനം? അവന്റെ ജീവകാലം ഒക്കെയും ഇരുട്ടിലും വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു. ഞാൻ ശുഭവും ഭംഗിയുമായി കണ്ടതു: ദൈവം ഒരുത്തന്നു കൊടുക്കുന്ന ആയുഷ്കാലമൊക്കെയും അവൻ തിന്നു കുടിച്ചു സൂര്യന്നു കീഴെ താൻ പ്രയത്നിക്കുന്ന തന്റെ സകലപ്രയത്നത്തിലും സുഖം അനുഭവിക്കുന്നതു തന്നേ; അതല്ലോ അവന്റെ ഓഹരി. ദൈവം ധനവും ഐശ്വര്യവും അതു അനുഭവിച്ചു തന്റെ ഓഹരി ലഭിച്ചു തന്റെ പ്രയത്നത്തിൽ സന്തോഷിപ്പാൻ അധികാരവും കൊടുത്തിരിക്കുന്ന ഏതു മനുഷ്യന്നും അതു ദൈവത്തിന്റെ ദാനം തന്നേ. ദൈവം അവന്നു ഹൃദയസന്തോഷം അരുളുന്നതുകൊണ്ടു അവൻ തന്റെ ആയുഷ്കാലം ഏറെ ഓർക്കുകയില്ല.
സഭാപ്രസംഗി 5:8-20 സമകാലിക മലയാളവിവർത്തനം (MCV)
ഒരു പ്രവിശ്യയിൽ ദരിദ്രർ പീഡിപ്പിക്കപ്പെടുകയും അവരുടെ നീതിയും അവകാശങ്ങളും നിഷേധിക്കപ്പെടുകയും ചെയ്യുന്നത് നീ കാണുന്നെങ്കിൽ, അത്ഭുതപ്പെടരുത്, കാരണം ഒരു അധികാരി ഒരു ഉന്നതാധികാരിയാൽ നിരീക്ഷിക്കപ്പെടുന്നു. അവർക്കിരുവർക്കുംമുകളിലും ഉന്നതരുണ്ട്. ദേശത്തിന്റെ സമൃദ്ധിയുടെ ഗുണഭോക്താക്കൾ ആ ദേശവാസികളെല്ലാമാണ്; രാജാവുതന്നെയും കൃഷിയിടങ്ങളിലെ സമൃദ്ധിയിൽ പങ്കുചേരുന്നു. പണത്തെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും മതിയാകുംവരെ പണം ഉണ്ടാകുകയില്ല; സമ്പത്തിനെ സ്നേഹിക്കുന്നവർക്ക് അവരുടെ വരുമാനംകൊണ്ട് ഒരിക്കലും തൃപ്തിവരികയുമില്ല. ഇതും അർഥശൂന്യം. വിഭവങ്ങൾ പെരുകുന്നതനുസരിച്ച് അവയുടെ ഗുണഭോക്താക്കളും പെരുകുന്നു. അതുകണ്ടു കണ്ണിനു വിരുന്നാകുമെന്നതല്ലാതെ അതിന്റെ ഉടമസ്ഥന് എന്തു പ്രയോജനമാണു ലഭിക്കുന്നത്? വേലക്കാർ ഭക്ഷിക്കുന്നത് അൽപ്പമോ അധികമോ ആയാലും അവരുടെ ഉറക്കം സുഖകരമാണ്, എന്നാൽ, സമ്പന്നരുടെ സമൃദ്ധി അവരുടെ ഉറക്കം കെടുത്തുന്നു. സൂര്യനുകീഴിൽ ഒരു കഠിനതിന്മ ഞാൻ കണ്ടു: ഉടമസ്ഥർക്ക് അനർഥമാകുമാറു കൂട്ടിവെക്കുന്ന സമ്പത്തുതന്നെ. ദൗർഭാഗ്യവശാൽ ആ സമ്പത്ത് നഷ്ടപ്പെട്ടുപോകുന്നു, അവർക്ക് മക്കളുണ്ടാകുമ്പോൾ അവകാശമായി നൽകാൻ യാതൊന്നും ശേഷിക്കുന്നില്ല. അമ്മയുടെ ഗർഭത്തിൽനിന്ന് സകലരും നഗ്നരായി വരുന്നു, സകലരും വരുന്നതുപോലെതന്നെ മടങ്ങിപ്പോകുന്നു. തങ്ങളുടെ അധ്വാനത്തിൽനിന്ന് ഒന്നുംതന്നെ അവരുടെ കൈയിൽ കൊണ്ടുപോകുകയുമില്ല. ഇതും കഠിനതിന്മതന്നെ: സകലമനുഷ്യരും വരുന്നതുപോലെതന്നെ മടങ്ങുന്നു, കാറ്റിനെ പിടിക്കുന്നതിനായുള്ള പരക്കംപാച്ചിലുകൊണ്ട് അവർ എന്തു നേടുന്നു? തങ്ങളുടെ ജീവകാലമെല്ലാം അവർ ഇരുട്ടിൽ കഴിയുന്നു; വലിയ വ്യസനത്തോടും നിരാശയോടും ക്രോധത്തോടുംതന്നെ. തനിക്കു ദൈവം നൽകിയ ഹ്രസ്വജീവിതകാലത്ത് ഭക്ഷിച്ച് പാനംചെയ്ത്, സൂര്യനുകീഴേയുള്ള തന്റെ അധ്വാനത്തിൽ സംതൃപ്തി കണ്ടെത്തുന്നതാണ് ഒരു മനുഷ്യന് ഉത്തമവും ഉചിതവുമായ കാര്യമെന്ന് എനിക്കു ബോധ്യമായി—അതാണല്ലോ അവരുടെ ഓഹരി. മാത്രവുമല്ല, ദൈവം നൽകിയ ധനസമ്പത്തുക്കൾ ആസ്വദിച്ച് തന്റെ പ്രയത്നത്തിൽ ആനന്ദിക്കാൻ ദൈവം ഒരാൾക്ക് ഇടയാക്കുന്നു—അതും ദൈവത്തിന്റെ ദാനം. ആനന്ദാതിരേകത്താൽ അവരുടെ ഹൃദയം നിറച്ചുകൊണ്ട് ദൈവം അവരെ കർത്തവ്യനിരതരാക്കുമ്പോൾ ജീവിതത്തിലെ കഴിഞ്ഞുപോയ ദിനങ്ങളെക്കുറിച്ച് അവർ ചിന്തിക്കാറേയില്ല.