സഭാപ്രസംഗി 3:1-11
സഭാപ്രസംഗി 3:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എല്ലാറ്റിനും ഒരു സമയമുണ്ട്; ആകാശത്തിൻകീഴുള്ള സകല കാര്യത്തിനും ഒരു കാലം ഉണ്ട്. ജനിപ്പാൻ ഒരു കാലം, മരിപ്പാൻ ഒരു കാലം; നടുവാൻ ഒരു കാലം, നട്ടതു പറിപ്പാൻ ഒരു കാലം; കൊല്ലുവാൻ ഒരു കാലം, സൗഖ്യമാക്കുവാൻ ഒരു കാലം; ഇടിച്ചു കളവാൻ ഒരു കാലം, പണിവാൻ ഒരു കാലം; കരവാൻ ഒരു കാലം, ചിരിപ്പാൻ ഒരു കാലം; വിലപിപ്പാൻ ഒരു കാലം, നൃത്തം ചെയ്വാൻ ഒരു കാലം; കല്ല് പെറുക്കിക്കളവാൻ ഒരു കാലം, കല്ലു പെറുക്കിക്കൂട്ടുവാൻ ഒരു കാലം; ആലിംഗനം ചെയ്വാൻ ഒരു കാലം, ആലിംഗനം ചെയ്യാതിരിപ്പാൻ ഒരു കാലം; സമ്പാദിപ്പാൻ ഒരു കാലം, നഷ്ടമാവാൻ ഒരു കാലം; സൂക്ഷിച്ചുവയ്പാൻ ഒരു കാലം, എറിഞ്ഞുകളവാൻ ഒരു കാലം; കീറുവാൻ ഒരു കാലം, തുന്നുവാൻ ഒരു കാലം; മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം; സ്നേഹിപ്പാൻ ഒരു കാലം, ദ്വേഷിപ്പാൻ ഒരു കാലം; യുദ്ധത്തിന് ഒരു കാലവും സമാധാനത്തിന് ഒരു കാലവും ഉണ്ട്. പ്രയത്നിക്കുന്നവനു തന്റെ പ്രയത്നംകൊണ്ട് എന്തു ലാഭം? ദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ കൊടുത്തിരിക്കുന്ന കഷ്ടപ്പാടു ഞാൻ കണ്ടിട്ടുണ്ട്. അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.
സഭാപ്രസംഗി 3:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഓരോന്നിനും ഓരോ കാലമുണ്ട്, ആകാശത്തിൻ കീഴിലുള്ള എല്ലാറ്റിനും അതതിന്റെ സമയമുണ്ട്. ജനിക്കാൻ ഒരു സമയം, മരിക്കാൻ ഒരു സമയം; നടാൻ ഒരു സമയം, നട്ടതു പറിച്ചെടുക്കാൻ ഒരു സമയം; കൊല്ലുവാൻ ഒരു സമയം, സുഖപ്പെടുത്താൻ ഒരു സമയം; പൊളിച്ചുകളയാൻ ഒരു സമയം, പണിയാൻ ഒരു സമയം; കരയാൻ ഒരു സമയം, ചിരിക്കാൻ ഒരു സമയം; വിലപിക്കാൻ ഒരു സമയം, നൃത്തംചെയ്യാൻ ഒരു സമയം; കല്ലു പെറുക്കിക്കളയാൻ ഒരു സമയം, കല്ലു പെറുക്കിക്കൂട്ടാൻ ഒരു സമയം; ആലിംഗനം ചെയ്യാൻ ഒരു സമയം, ആലിംഗനം ചെയ്യാതിരിക്കാൻ ഒരു സമയം; നേടാൻ ഒരു സമയം, നഷ്ടപ്പെടുത്താൻ ഒരു സമയം; സൂക്ഷിച്ചുവയ്‍ക്കാൻ ഒരു സമയം, എറിഞ്ഞുകളയാൻ ഒരു സമയം; കീറാൻ ഒരു സമയം, തുന്നാൻ ഒരു സമയം; നിശബ്ദമായിരിക്കാൻ ഒരു സമയം, സംസാരിക്കാൻ ഒരു സമയം; സ്നേഹിക്കാൻ ഒരു സമയം, ദ്വേഷിക്കാൻ ഒരു സമയം; യുദ്ധത്തിന് ഒരു സമയം, സമാധാനത്തിന് ഒരു സമയം; പ്രയത്നിക്കുന്നവനു തന്റെ പ്രയത്നംകൊണ്ട് എന്തു ലാഭം? ദൈവം മനുഷ്യനു നല്‌കിയ ക്ലേശകരമായ ജോലി ഞാൻ കണ്ടു. ദൈവം ഓരോന്നിനെയും അതതിന്റെ സമയത്തു മനോഹരമായി സൃഷ്‍ടിച്ചിരിക്കുന്നു; മനുഷ്യമനസ്സിൽ നിത്യതയെക്കുറിച്ചുള്ള ബോധവും പ്രതിഷ്ഠിച്ചു. എന്നിട്ടും ദൈവത്തിന്റെ പ്രവൃത്തികൾ ആദ്യന്തം ഗ്രഹിക്കാൻ അവനു കഴിയുന്നില്ല.
സഭാപ്രസംഗി 3:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എല്ലാറ്റിനും ഒരു സമയമുണ്ട്; ആകാശത്തിൻ കീഴിലുള്ള സകല കാര്യത്തിനും ഒരു കാലം ഉണ്ട്. ജനിക്കുവാൻ ഒരു കാലം, മരിക്കുവാൻ ഒരു കാലം; നടുവാൻ ഒരു കാലം, നട്ടതു പറിക്കുവാൻ ഒരു കാലം; കൊല്ലുവാൻ ഒരു കാലം, സൗഖ്യമാക്കുവാൻ ഒരു കാലം; ഇടിച്ചുകളയുവാൻ ഒരു കാലം, പണിയുവാൻ ഒരു കാലം, കരയുവാൻ ഒരു കാലം ചിരിക്കുവാൻ ഒരു കാലം; വിലപിക്കുവാൻ ഒരു കാലം, നൃത്തം ചെയ്യുവാൻ ഒരു കാലം; കല്ല് പെറുക്കിക്കളയുവാൻ ഒരു കാലം, കല്ല് പെറുക്കിക്കൂട്ടുവാൻ ഒരു കാലം; ആലിംഗനം ചെയ്യുവാൻ ഒരു കാലം, ആലിംഗനം ചെയ്യാതിരിക്കുവാൻ ഒരു കാലം; സമ്പാദിക്കുവാൻ ഒരു കാലം, നഷ്ടമാകുവാൻ ഒരു കാലം; സൂക്ഷിച്ചുവയ്ക്കുവാൻ ഒരു കാലം, എറിഞ്ഞുകളയുവാൻ ഒരു കാലം; കീറുവാൻ ഒരു കാലം, തുന്നിച്ചേർക്കുവാൻ ഒരു കാലം; മിണ്ടാതിരിക്കുവാൻ ഒരു കാലം, സംസാരിക്കുവാൻ ഒരു കാലം; സ്നേഹിക്കുവാൻ ഒരു കാലം, ദ്വേഷിക്കുവാൻ ഒരു കാലം; യുദ്ധത്തിന് ഒരു കാലവും സമാധാനത്തിന് ഒരു കാലവും ഉണ്ട്. പ്രയത്നിക്കുന്നവന് തന്‍റെ പ്രയത്നംകൊണ്ട് എന്ത് ലാഭം? ദൈവം മനുഷ്യർക്ക് കൊടുത്തിരിക്കുന്ന കഷ്ടപ്പാട് ഞാൻ കണ്ടിട്ടുണ്ട്. അവൻ സകലവും അതതിന്‍റെ സമയത്ത് ഭംഗിയായി ചെയ്തു, നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തി എന്തെന്ന് ഗ്രഹിക്കുവാൻ അവർക്ക് കഴിവില്ല.
സഭാപ്രസംഗി 3:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എല്ലാറ്റിന്നും ഒരു സമയമുണ്ടു; ആകാശത്തിൻ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു. ജനിപ്പാൻ ഒരു കാലം, മരിപ്പാൻ ഒരു കാലം; നടുവാൻ ഒരു കാലം, നട്ടതു പറിപ്പാൻ ഒരു കാലം; കൊല്ലുവാൻ ഒരു കാലം, സൗഖ്യമാക്കുവാൻ ഒരു കാലം; ഇടിച്ചുകളവാൻ ഒരു കാലം, പണിവാൻ ഒരുകാലം, കരവാൻ ഒരു കാലം ചിരിപ്പാൻ ഒരുകാലം; വിലപിപ്പാൻ ഒരു കാലം, നൃത്തം ചെയ്വാൻ ഒരു കാലം; കല്ലു പെറുക്കിക്കളവാൻ ഒരു കാലം, കല്ലു പെറുക്കിക്കൂട്ടുവാൻ ഒരു കാലം; ആലിംഗനം ചെയ്വാൻ ഒരു കാലം, ആലിംഗനം ചെയ്യാതിരിപ്പാൻ ഒരു കാലം; സമ്പാദിപ്പാൻ ഒരു കാലം, നഷ്ടമാവാൻ ഒരു കാലം; സൂക്ഷിച്ചുവെപ്പാൻ ഒരു കാലം, എറിഞ്ഞുകളവാൻ ഒരു കാലം; കീറുവാൻ ഒരു കാലം, തുന്നുവാൻ ഒരു കാലം; മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം; സ്നേഹിപ്പാൻ ഒരു കാലം, ദ്വേഷിപ്പാൻ ഒരു കാലം; യുദ്ധത്തിന്നു ഒരു കാലവും സമാധാനത്തിന്നു ഒരു കാലവും ഉണ്ടു. പ്രയത്നിക്കുന്നവന്നു തന്റെ പ്രയത്നംകൊണ്ടു എന്തു ലാഭം? ദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ കൊടുത്തിരിക്കുന്ന കഷ്ടപ്പാടു ഞാൻ കണ്ടിട്ടുണ്ടു. അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.
സഭാപ്രസംഗി 3:1-11 സമകാലിക മലയാളവിവർത്തനം (MCV)
എല്ലാറ്റിനും ഒരു സമയമുണ്ട്, ആകാശത്തിനുകീഴേയുള്ള ഓരോ പ്രവൃത്തിക്കും ഒരു നിശ്ചിതകാലവുമുണ്ട്. ജനനത്തിനൊരു കാലം, മരണത്തിനൊരു കാലം, നടുന്നതിനൊരു കാലം, വിളവെടുക്കുന്നതിനൊരു കാലം, കൊല്ലുന്നതിനൊരു കാലം, സൗഖ്യമാക്കുന്നതിനൊരു കാലം, ഇടിച്ചുനിരത്തുന്നതിനൊരു കാലം, പണിതുയർത്തുന്നതിനൊരു കാലം. കരയുന്നതിനൊരു കാലം, ചിരിക്കുന്നതിനൊരു കാലം, വിലപിക്കുന്നതിനൊരു കാലം, നൃത്തംചെയ്യുന്നതിനൊരു കാലം. കല്ലുകൾ ചിതറിക്കുന്നതിനൊരു കാലം, അവ ശേഖരിക്കുന്നതിനൊരു കാലം, ആലിംഗനം ചെയ്യുന്നതിനൊരു കാലം, അകന്നിരിക്കുന്നതിനൊരു കാലം, അന്വേഷിക്കുന്നതിനൊരു കാലം, ഉപേക്ഷിക്കുന്നതിനൊരു കാലം, സൂക്ഷിക്കുന്നതിനൊരു കാലം, എറിഞ്ഞുകളയുന്നതിനൊരു കാലം, കീറുന്നതിനൊരു കാലം, തുന്നിച്ചേർക്കുന്നതിനൊരു കാലം, മൗനമായിരിക്കുന്നതിനൊരു കാലം, സംസാരിക്കുന്നതിനൊരു കാലം, സ്നേഹിക്കുന്നതിനൊരു കാലം, വെറുക്കുന്നതിനൊരു കാലം, യുദ്ധംചെയ്യുന്നതിനൊരു കാലം, സമാധാനത്തിനൊരു കാലം. അധ്വാനിക്കുന്ന വേലക്കാർ തന്റെ അധ്വാനത്തിൽനിന്ന് എന്തു നേടുന്നു? ദൈവം മനുഷ്യരുടെമേൽ വെച്ചിരിക്കുന്ന ഭാരം ഞാൻ കണ്ടിട്ടുണ്ട്. അവിടന്ന് ഓരോന്നും അതതുകാലത്തു മനോഹരമായി ചെയ്തിരിക്കുന്നു; മനുഷ്യഹൃദയങ്ങളിൽ അവിടന്ന് നിത്യതയും വെച്ചിരിക്കുന്നു. എന്നാൽ ദൈവം ആരംഭംമുതൽ അവസാനംവരെ എന്തു ചെയ്തിരിക്കുന്നു എന്നതിന്റെ വ്യാപ്തി ഗ്രഹിക്കാൻ അവർക്കാർക്കും കഴിയുന്നതുമല്ല.