സഭാപ്രസംഗി 3:1-11

സഭാപ്രസംഗി 3:1-11 MALOVBSI

എല്ലാറ്റിനും ഒരു സമയമുണ്ട്; ആകാശത്തിൻകീഴുള്ള സകല കാര്യത്തിനും ഒരു കാലം ഉണ്ട്. ജനിപ്പാൻ ഒരു കാലം, മരിപ്പാൻ ഒരു കാലം; നടുവാൻ ഒരു കാലം, നട്ടതു പറിപ്പാൻ ഒരു കാലം; കൊല്ലുവാൻ ഒരു കാലം, സൗഖ്യമാക്കുവാൻ ഒരു കാലം; ഇടിച്ചു കളവാൻ ഒരു കാലം, പണിവാൻ ഒരു കാലം; കരവാൻ ഒരു കാലം, ചിരിപ്പാൻ ഒരു കാലം; വിലപിപ്പാൻ ഒരു കാലം, നൃത്തം ചെയ്‍വാൻ ഒരു കാലം; കല്ല് പെറുക്കിക്കളവാൻ ഒരു കാലം, കല്ലു പെറുക്കിക്കൂട്ടുവാൻ ഒരു കാലം; ആലിംഗനം ചെയ്‍വാൻ ഒരു കാലം, ആലിംഗനം ചെയ്യാതിരിപ്പാൻ ഒരു കാലം; സമ്പാദിപ്പാൻ ഒരു കാലം, നഷ്ടമാവാൻ ഒരു കാലം; സൂക്ഷിച്ചുവയ്പാൻ ഒരു കാലം, എറിഞ്ഞുകളവാൻ ഒരു കാലം; കീറുവാൻ ഒരു കാലം, തുന്നുവാൻ ഒരു കാലം; മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം; സ്നേഹിപ്പാൻ ഒരു കാലം, ദ്വേഷിപ്പാൻ ഒരു കാലം; യുദ്ധത്തിന് ഒരു കാലവും സമാധാനത്തിന് ഒരു കാലവും ഉണ്ട്. പ്രയത്നിക്കുന്നവനു തന്റെ പ്രയത്നംകൊണ്ട് എന്തു ലാഭം? ദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ കൊടുത്തിരിക്കുന്ന കഷ്ടപ്പാടു ഞാൻ കണ്ടിട്ടുണ്ട്. അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.