സഭാപ്രസംഗി 2:1-5

സഭാപ്രസംഗി 2:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ എന്നോടുതന്നെ പറഞ്ഞു: വരിക; ഞാൻ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊൾക. എന്നാൽ അതും മായ തന്നെ. ഞാൻ ചിരിയെക്കുറിച്ച് അത് ഭ്രാന്ത് എന്നും സന്തോഷത്തെക്കുറിച്ച് അതുകൊണ്ടെന്തു ഫലം എന്നും പറഞ്ഞു. മനുഷ്യർക്ക് ആകാശത്തിൻ കീഴെ ജീവപര്യന്തം ചെയ്‍വാൻ നല്ലത് ഏതെന്ന് ഞാൻ കാണുവോളം എന്റെ ഹൃദയം എന്നെ ജ്ഞാനത്തോടെ നടത്തിക്കൊണ്ടിരിക്കെ, ഞാൻ എന്റെ ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പിപ്പാനും ഭോഷത്തം പിടിച്ചുകൊൾവാനും എന്റെ മനസ്സിൽ നിരൂപിച്ചു. ഞാൻ മഹാപ്രവൃത്തികളെ ചെയ്തു; എനിക്ക് അരമനകളെ പണിതു; മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി. ഞാൻ തോട്ടങ്ങളെയും ഉദ്യാനങ്ങളെയും ഉണ്ടാക്കി; അവയിൽ സകലവിധ ഫലവൃക്ഷങ്ങളെയും നട്ടു.

സഭാപ്രസംഗി 2:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞാൻ എന്നോടുതന്നെ പറഞ്ഞു: “സുഖഭോഗങ്ങളിൽ ഞാൻ മുഴുകട്ടെ; അതിന്റെ ആനന്ദം അനുഭവിക്കട്ടെ.” എന്നാൽ അതും മിഥ്യതന്നെ; ചിരിയെ ഞാൻ ഭ്രാന്തെന്നു വിളിക്കുന്നു; സുഖഭോഗങ്ങളെ വ്യർഥതയെന്നും. വീഞ്ഞുകൊണ്ടു ശരീരത്തെ സുഖിപ്പിക്കുന്നതെങ്ങനെയെന്നു ഞാൻ നോക്കി; ഭോഷത്തത്തെ ഞാൻ പുണർന്നു. അപ്പോഴും ജ്ഞാനത്തെ ഞാൻ കൈവിട്ടുകളഞ്ഞില്ല. മനുഷ്യന്റെ ക്ഷണികജീവിതത്തിൽ ആകാശത്തിൻകീഴിൽ കരണീയമായെന്തുള്ളൂ എന്ന് അറിയാനാണു ഞാൻ പരിശ്രമിച്ചത്. ഞാൻ മഹാകാര്യങ്ങൾ ചെയ്തു; എനിക്കുവേണ്ടി മന്ദിരങ്ങൾ നിർമ്മിച്ചു; മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി. എനിക്കുവേണ്ടി പൂന്തോപ്പുകളും ഉപവനങ്ങളും ഉണ്ടാക്കി. അവയിൽ എല്ലായിനം ഫലവൃക്ഷങ്ങളും നട്ടു.

സഭാപ്രസംഗി 2:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഞാൻ എന്നോട് തന്നെ പറഞ്ഞു: “വരിക; ഞാൻ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊള്ളുക.” എന്നാൽ അതും മായ തന്നെ. ഞാൻ ചിരിയെക്കുറിച്ച് “അത് ഭ്രാന്ത്” എന്നും സന്തോഷത്തെക്കുറിച്ച് “അതുകൊണ്ട് എന്ത് ഫലം?” എന്നും പറഞ്ഞു. മനുഷ്യർക്ക് ആകാശത്തിൻ കീഴിൽ ജീവപര്യന്തം ചെയ്യുവാൻ നല്ലത് ഏതെന്നു ഞാൻ കാണുവോളം എന്‍റെ ഹൃദയത്തെ ജ്ഞാനത്തിൽ സൂക്ഷിച്ചുകൊണ്ട്, എന്‍റെ ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പിക്കുവാനും ഭോഷത്തം പിടിച്ചു കൊള്ളുവാനും എന്‍റെ മനസ്സിൽ നിരൂപിച്ചു. ഞാൻ എന്‍റെ പ്രവർത്തികളെ മഹത്തരമാക്കി; എനിക്കുവേണ്ടി അരമനകൾ പണിതു; മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി. ഞാൻ തോട്ടങ്ങളും ഉദ്യാനങ്ങളും ഉണ്ടാക്കി; അവയിൽ സകലവിധ ഫലവൃക്ഷങ്ങളും നട്ടു.

സഭാപ്രസംഗി 2:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ എന്നോടു തന്നേ പറഞ്ഞു: വരിക; ഞാൻ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊൾക. എന്നാൽ അതും മായ തന്നേ. ഞാൻ ചിരിയെക്കുറിച്ചു അതു ഭ്രാന്തു എന്നും സന്തോഷത്തെക്കുറിച്ചു അതുകൊണ്ടെന്തു ഫലം എന്നും പറഞ്ഞു. മനുഷ്യർക്കു ആകാശത്തിൻ കീഴെ ജീവപര്യന്തം ചെയ്‌വാൻ നല്ലതു ഏതെന്നു ഞാൻ കാണുവോളം എന്റെ ഹൃദയം എന്നെ ജ്ഞാനത്തോടെ നടത്തിക്കൊണ്ടിരിക്കെ, ഞാൻ എന്റെ ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പിപ്പാനും ഭോഷത്വം പിടിച്ചു കൊൾവാനും എന്റെ മനസ്സിൽ നിരൂപിച്ചു. ഞാൻ മഹാപ്രവൃത്തികളെ ചെയ്തു; എനിക്കു അരമനകളെ പണിതു; മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി. ഞാൻ തോട്ടങ്ങളെയും ഉദ്യാനങ്ങളെയും ഉണ്ടാക്കി; അവയിൽ സകലവിധ ഫലവൃക്ഷങ്ങളെയും നട്ടു.

സഭാപ്രസംഗി 2:1-5 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ എന്നോടുതന്നെ പറഞ്ഞു, “വരിക, എന്താണ് നല്ലത് എന്നത് സുഖലോലുപതകൊണ്ട് ഞാൻ നിന്നെ പരീക്ഷിക്കും.” എന്നാൽ അതും അർഥശൂന്യമെന്നു തെളിഞ്ഞിരിക്കുന്നു. “ചിരി വെറും മതിഭ്രമം; സുഖലോലുപതകൊണ്ട് എന്തുനേട്ടം,” ഞാൻ പറഞ്ഞു. മനുഷ്യർക്ക് അവരുടെ ചുരുങ്ങിയ നാളുകളിൽ ആകാശത്തിനുകീഴിൽ മൂല്യവത്തായുള്ളത് എന്തുണ്ടെന്നു മനസ്സിലാക്കാൻ, എന്റെ മനസ്സ് ജ്ഞാനപൂർവം എന്നെ നയിച്ചുകൊണ്ടിരുന്നു; അപ്പോഴും ഞാൻ വീഞ്ഞിൽ ആഹ്ലാദിക്കാനും ഭോഷത്വം ആലിംഗനം ചെയ്യാനും പരിശ്രമിച്ചു. ഞാൻ ബൃഹദ് പദ്ധതികൾ ആസൂത്രണംചെയ്തു: ഞാൻ എനിക്ക് അരമനകൾ പണിതു; മുന്തിരിത്തോപ്പുകൾ നട്ടുപിടിപ്പിച്ചു. ഞാൻ തോട്ടങ്ങളും പൂങ്കാവനങ്ങളും നിർമിക്കുകയും അവയിൽ എല്ലാവിധ ഫലവൃക്ഷങ്ങൾ നട്ടുണ്ടാക്കുകയും ചെയ്തു.