സഭാപ്രസംഗി 2
2
അർഥശൂന്യമായ സുഖങ്ങൾ
1ഞാൻ എന്നോടുതന്നെ പറഞ്ഞു, “വരിക, എന്താണ് നല്ലത് എന്നത് സുഖലോലുപതകൊണ്ട് ഞാൻ നിന്നെ പരീക്ഷിക്കും.” എന്നാൽ അതും അർഥശൂന്യമെന്നു തെളിഞ്ഞിരിക്കുന്നു. 2“ചിരി വെറും മതിഭ്രമം; സുഖലോലുപതകൊണ്ട് എന്തുനേട്ടം,” ഞാൻ പറഞ്ഞു. 3മനുഷ്യർക്ക് അവരുടെ ചുരുങ്ങിയ നാളുകളിൽ ആകാശത്തിനുകീഴിൽ മൂല്യവത്തായുള്ളത് എന്തുണ്ടെന്നു മനസ്സിലാക്കാൻ, എന്റെ മനസ്സ് ജ്ഞാനപൂർവം എന്നെ നയിച്ചുകൊണ്ടിരുന്നു; അപ്പോഴും ഞാൻ വീഞ്ഞിൽ ആഹ്ലാദിക്കാനും ഭോഷത്വം ആലിംഗനം ചെയ്യാനും പരിശ്രമിച്ചു.
4ഞാൻ ബൃഹദ് പദ്ധതികൾ ആസൂത്രണംചെയ്തു: ഞാൻ എനിക്ക് അരമനകൾ പണിതു; മുന്തിരിത്തോപ്പുകൾ നട്ടുപിടിപ്പിച്ചു. 5ഞാൻ തോട്ടങ്ങളും പൂങ്കാവനങ്ങളും നിർമിക്കുകയും അവയിൽ എല്ലാവിധ ഫലവൃക്ഷങ്ങൾ നട്ടുണ്ടാക്കുകയും ചെയ്തു. 6തഴച്ചുവളരുന്ന വൃക്ഷങ്ങളുടെ തോട്ടങ്ങൾ നനയ്ക്കാൻ ജലാശയങ്ങൾ നിർമിച്ചു. 7ഞാൻ ദാസീദാസന്മാരെ വിലയ്ക്കുവാങ്ങി. എന്റെ ഭവനത്തിൽ ജനിച്ച മറ്റു ദാസരും എനിക്കുണ്ടായിരുന്നു. ജെറുശലേമിൽ ഉണ്ടായിരുന്ന എന്റെ മുൻഗാമികളിൽ ആരെക്കാളും കൂടുതൽ ആടുമാടുകളുടെ ഒരു വമ്പിച്ചശേഖരം എനിക്കു സ്വന്തമായിരുന്നു. 8ഞാൻ എനിക്കായി വെള്ളിയും സ്വർണവും സമാഹരിച്ചു. രാജാക്കന്മാരുടെയും പ്രവിശ്യകളുടെയും നിധികളും ഞാൻ ശേഖരിച്ചു. മാനവഹൃദയത്തിന് ആനന്ദംപകരുന്ന എല്ലാറ്റിനെയും—ഗായകന്മാരെയും ഗായികമാരെയും അന്തഃപുരസ്ത്രീകളെയും#2:8 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.—ഞാൻ സമ്പാദിച്ചു. 9എനിക്കുമുമ്പ് ജെറുശലേമിൽ വാണിരുന്ന ആരെക്കാളും ഞാൻ ധനികനായിത്തീർന്നു. ഇവയോടൊപ്പം എന്റെ ജ്ഞാനവും എന്നോടൊപ്പം വസിച്ചു.
10എന്റെ കണ്ണുകൾ അഭിലഷിച്ചതൊന്നും ഞാൻ എനിക്ക് വിലക്കിയില്ല;
എന്റെ ഹൃദയത്തിന് ആനന്ദംനൽകുന്ന യാതൊന്നിനോടും ഞാൻ വിമുഖതകാട്ടിയില്ല.
എന്റെ എല്ലാ പ്രവൃത്തികളിലും എന്റെ ഹൃദയം ആനന്ദിച്ചു,
ഇതായിരുന്നു എന്റെ എല്ലാ പ്രയത്നങ്ങളുടെയും പ്രതിഫലം.
11എന്നാൽ എന്റെ കരങ്ങൾ ചെയ്ത പ്രവൃത്തികളെല്ലാം;
ഞാൻ കരഗതമാക്കാൻ പരിശ്രമിച്ചതെല്ലാംതന്നെ പരിശോധിച്ചു.
സകലതും അർഥശൂന്യമായിരുന്നു, കാറ്റിനുപിന്നാലെയുള്ള ഓട്ടമായിരുന്നു;
സൂര്യനുകീഴേ ഒന്നും ഞാൻ നേടിയതുമില്ല.
ജ്ഞാനവും ഭോഷത്തവും അർഥശൂന്യം
12പിന്നീട്, എന്റെ ചിന്താഗതികൾ ജ്ഞാനം വിശകലനം ചെയ്യുന്നതിന് ഞാൻ തിരിച്ചുവിട്ടു,
മതിഭ്രമവും ഭോഷത്വവും അതിനോടൊപ്പം പരിഗണിച്ചു.
രാജാവിന്റെ അനന്തരഗാമിക്ക്
മുൻഗാമികളുടെ ചെയ്തികളെക്കാൾ എന്താണ് അധികമായി ചെയ്യാൻ കഴിയുക?
13ഭോഷത്വത്തെക്കാൾ ജ്ഞാനം നല്ലതെന്നു ഞാൻ കണ്ടു,
പ്രകാശം അന്ധകാരത്തെക്കാൾ നല്ലതായിരിക്കുന്നതുപോലെതന്നെ.
14ജ്ഞാനിക്ക് തന്റെ ശിരസ്സിൽ കണ്ണുകളുണ്ട്,
എന്നാൽ ഭോഷർ അന്ധകാരത്തിൽ നടക്കുന്നു;
എന്നാൽ വിധി രണ്ടുപേർക്കും ഒന്നുതന്നെയാണ്
എന്നു ഞാൻ മനസ്സിലാക്കി.
15ഞാൻ എന്നോടുതന്നെ പറഞ്ഞു,
“ഭോഷന്റെ അന്ത്യംതന്നെയാണ് എന്റെയും ഗതി
എങ്കിൽ ജ്ഞാനം ആർജിച്ചതുകൊണ്ട് എനിക്കെന്തു നേട്ടം?”
ഞാൻ എന്നോടുതന്നെ പറഞ്ഞു,
“ഇതും അർഥശൂന്യമത്രേ.”
16കാരണം ഭോഷനെക്കുറിച്ചെന്നതുപോലെ, ജ്ഞാനിയെക്കുറിച്ചും ദീർഘകാലസ്മരണകൾ നിലനിൽക്കുകയില്ല;
ഇരുവരും വിസ്മൃതിയിലാണ്ടുപോകുന്ന കാലം വന്നെത്തിയിരിക്കുന്നു.
ഭോഷനെപ്പോലെതന്നെ ജ്ഞാനിയും മരണത്തിനു കീഴടങ്ങണം!
അധ്വാനം അർഥശൂന്യം
17സൂര്യനുകീഴേയുള്ള സകലപ്രവൃത്തികളും എനിക്കു വ്യസനഹേതു ആയതുകൊണ്ട് ജീവിതത്തെ ഞാൻ വെറുത്തു. സകലതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടംമാത്രം. 18എന്റെ പിന്നാലെ വരുന്നവർക്കുവേണ്ടി എല്ലാം ഉപേക്ഷിച്ചുപോകണമെന്ന് ഓർത്തപ്പോൾ, സൂര്യനുകീഴിൽ ഞാൻ കഠിനാധ്വാനംചെയ്ത് സമ്പാദിച്ച എല്ലാറ്റിനെയും ഞാൻ വെറുത്തു. 19പിന്നാലെ വരുന്നവർ ജ്ഞാനികളോ ഭോഷരോ എന്നാരറിഞ്ഞു? എന്തായാലും സൂര്യനുകീഴേ ഞാൻ എന്റെ കഠിനാധ്വാനവും സാമർഥ്യവും അർപ്പിച്ച എല്ലാറ്റിന്റെയും കാര്യനിർവഹണാധികാരം അവരിലേക്കു ചെന്നുചേരുന്നു. ഇതും അർഥശൂന്യമത്രേ. 20അതുകൊണ്ട് സൂര്യനുകീഴിൽ അത്യധ്വാനംചെയ്ത് ഞാൻ നേടിയതിനെക്കുറിച്ചെല്ലാം എന്റെ ഹൃദയം നിരാശപ്പെടാൻ തുടങ്ങി. 21ഒരാൾ ജ്ഞാനത്തോടും വിവേകത്തോടും നൈപുണ്യത്തോടും തന്റെ വേല ചെയ്യുന്നു, പിന്നെ തനിക്കവകാശപ്പെട്ടതെല്ലാം അതിനായി ഒരു ചെറുവിരൽപോലും ചലിപ്പിക്കാത്ത മറ്റൊരാൾക്ക് വിട്ടുകൊടുക്കേണ്ടിവരുന്നു. ഇതും അർഥശൂന്യവും കടുത്ത ദൗർഭാഗ്യവുംതന്നെ. 22സൂര്യനുകീഴേയുള്ള സകലകഠിനപ്രയത്നംകൊണ്ടും ആകുലതകൊണ്ടും മനുഷ്യർക്ക് എന്തു കിട്ടും? 23എല്ലാ ദിവസവും അവരുടെ വേല വേദനാപൂർണവും ദുഃഖകരവും ആകുന്നു; രാത്രികാലങ്ങളിൽപോലും അവരുടെ മനസ്സിന് വിശ്രമം ലഭിക്കുന്നില്ല. ഇതും അർഥശൂന്യമത്രേ.
24ഭക്ഷിക്കുകയും പാനംചെയ്യുകയും തന്റെ പ്രവൃത്തിയിൽ സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്നതിനെക്കാൾ കൂടുതൽ ഒരു മനുഷ്യന് അഭികാമ്യമായിരിക്കുന്നത് മറ്റെന്താണ്? ഈ ആസ്വാദനങ്ങളും ദൈവകരത്തിൽനിന്നുള്ളതാണെന്ന് ഞാൻ അറിയുന്നു. 25അവിടത്തെക്കൂടാതെ ഭക്ഷിക്കാനും ആനന്ദം കണ്ടെത്താനും ആർക്കു കഴിയും? 26അവിടത്തെ പ്രസാദിപ്പിക്കുന്ന മനുഷ്യർക്ക് ദൈവം ജ്ഞാനവും പരിജ്ഞാനവും ആനന്ദവും നൽകുന്നു; എന്നാൽ പാപികൾക്ക്, ദൈവത്തെ പ്രസാദിപ്പിക്കുന്നവർക്കു നൽകുന്നതിനുള്ള ധനം സമ്പാദിക്കുന്നതിനും സ്വരൂപിക്കുന്നതിനുംമാത്രമുള്ള നിയോഗം നൽകുന്നു. ഇതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടമാകുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സഭാപ്രസംഗി 2: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.