ആവർത്തനപുസ്തകം 9:6-11
ആവർത്തനപുസ്തകം 9:6-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്ക് ആ നല്ല ദേശം അവകാശമായിത്തരുന്നതു നിന്റെ നീതി നിമിത്തം അല്ലെന്ന് അറിഞ്ഞുകൊൾക; നീ ദുശ്ശാഠ്യമുള്ള ജനമല്ലോ; നീ മരുഭൂമിയിൽവച്ചു നിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്ന് ഓർക്ക; മറന്നുകളയരുത്; മിസ്രയീംദേശത്തുനിന്ന് പുറപ്പെട്ട നാൾമുതൽ ഈ സ്ഥലത്തു വന്നതുവരെയും നിങ്ങൾ യഹോവയോടു മത്സരിക്കുന്നവരായിരുന്നു. ഹോറേബിലും നിങ്ങൾ യഹോവയെ കോപിപ്പിച്ചു; അതുകൊണ്ടു യഹോവ നിങ്ങളെ നശിപ്പിപ്പാൻ വിചാരിക്കുംവണ്ണം നിങ്ങളോടു കോപിച്ചു. യഹോവ നിങ്ങളോടു ചെയ്ത നിയമത്തിന്റെ പലകകളായ കല്പലകകളെ വാങ്ങുവാൻ ഞാൻ പർവതത്തിൽ കയറി നാല്പതു രാവും നാല്പതു പകലും പർവതത്തിൽ താമസിച്ചു; ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല. ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ രണ്ടു കല്പലക യഹോവ എന്റെ പക്കൽ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവതത്തിൽവച്ചു തീയുടെ നടുവിൽനിന്നു നിങ്ങളോട് അരുളിച്ചെയ്ത സകല വചനങ്ങളും അവയിൽ എഴുതിയിരുന്നു. നാല്പതു രാവും നാല്പതു പകലും കഴിഞ്ഞപ്പോഴായിരുന്നു യഹോവ എന്റെ പക്കൽ നിയമത്തിന്റെ പലകകളായ ആ രണ്ടു കല്പലക തന്നത്.
ആവർത്തനപുസ്തകം 9:6-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങളുടെ ധർമനിഷ്ഠ കൊണ്ടല്ല അവിടുന്നു ഫലഭൂയിഷ്ഠമായ ഈ ദേശം നിങ്ങൾക്കു നല്‌കുന്നത് എന്ന് അറിഞ്ഞുകൊള്ളുക; നിങ്ങൾ ദുശ്ശാഠ്യമുള്ള ജനതയാണല്ലോ. “മരുഭൂമിയിൽ വച്ചു നിങ്ങളുടെ ദൈവമായ സർവേശ്വരനെ നിങ്ങൾ കോപിപ്പിച്ചത് മറക്കാതെ ഓർത്തുകൊള്ളുക; ഈജിപ്തിൽനിന്നു പുറപ്പെട്ട ദിവസംമുതൽ ഇവിടെ എത്തുന്നതുവരെ നിങ്ങൾ അവിടുത്തോടു മത്സരിച്ചു. നിങ്ങളെ നശിപ്പിച്ചുകളയാൻ തോന്നുംവിധം സീനായ്മലയിൽവച്ചും നിങ്ങൾ സർവേശ്വരനെ പ്രകോപിപ്പിച്ചു. അവിടുന്നു നിങ്ങളോടു ചെയ്തിരുന്ന ഉടമ്പടിയുടെ കല്പലകകൾ സ്വീകരിക്കുന്നതിനു ഞാൻ പർവതത്തിൽ കയറി, നാല്പതുരാവും നാല്പതു പകലും അവിടെ കഴിച്ചുകൂട്ടി. ആ ദിവസങ്ങളിൽ ഞാൻ എന്തെങ്കിലും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്തില്ല. അപ്പോൾ സർവേശ്വരൻ കൈവിരൽകൊണ്ടു സ്വയം എഴുതിയ രണ്ടു കല്പലകകൾ എന്റെ കൈയിൽ തന്നു. നിങ്ങൾ ഒരുമിച്ചു കൂടിയ ദിവസം അവിടുന്നു പർവതത്തിൽ അഗ്നിയുടെ നടുവിൽ നിന്നുകൊണ്ട് അരുളിച്ചെയ്ത വചനങ്ങൾ അവയിൽ രേഖപ്പെടുത്തിയിരിക്കുന്നു. നാല്പതു രാവും നാല്പതു പകലും കഴിഞ്ഞാണ് ഉടമ്പടിയുടെ കല്പലകകൾ സർവേശ്വരൻ എന്നെ ഏല്പിച്ചത്.”
ആവർത്തനപുസ്തകം 9:6-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്കു ആ നല്ലദേശം അവകാശമായി തരുന്നത് നിന്‍റെ നീതിനിമിത്തം അല്ലെന്ന് അറിഞ്ഞുകൊള്ളുക; നീ ദുശ്ശാഠ്യമുള്ള ജനമല്ലയോ. “നീ മരുഭൂമിയിൽവച്ച് നിന്‍റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്നു ഓർക്കുക; മറന്നുകളയരുത്; മിസ്രയീം ദേശത്തുനിന്ന് പുറപ്പെട്ട നാൾമുതൽ ഈ സ്ഥലത്ത് വന്നതുവരെ നിങ്ങൾ യഹോവയോട് മത്സരിക്കുന്നവരായിരുന്നു. ഹോരേബിലും നിങ്ങൾ യഹോവയെ കോപിപ്പിച്ചു; അതുകൊണ്ട് നിങ്ങളെ നശിപ്പിച്ചുകളയുവാൻ തോന്നും വിധം യഹോവ നിങ്ങളോട് കോപിച്ചു. യഹോവ നിങ്ങളോട് ചെയ്ത നിയമം എഴുതിയ കല്പലകകൾ വാങ്ങുവാൻ ഞാൻ പർവ്വതത്തിൽ കയറി, നാല്പത് രാവും നാല്പത് പകലും പർവ്വതത്തിൽ താമസിച്ചു; ഞാൻ ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല. ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ രണ്ടു കല്പലകകൾ യഹോവ എന്റെ പക്കൽ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവ്വതത്തിൽവച്ച് അഗ്നിയുടെ നടുവിൽനിന്ന് നിങ്ങളോട് അരുളിച്ചെയ്ത സകലവചനങ്ങളും അവയിൽ എഴുതിയിരുന്നു. നാല്പത് രാവും നാല്പത് പകലും കഴിഞ്ഞപ്പോഴായിരുന്നു യഹോവ എന്റെ പക്കൽ നിയമം എഴുതിയ ആ രണ്ടു കല്പലകകൾ തന്നത്.
ആവർത്തനപുസ്തകം 9:6-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്കു ആ നല്ലദേശം അവകാശമായി തരുന്നതു നിന്റെ നീതിനിമിത്തം അല്ലെന്നു അറിഞ്ഞുകൊൾക; നീ ദുശ്ശാഠ്യമുള്ള ജനമല്ലോ; നീ മരുഭൂമിയിൽവെച്ചു നിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്നു ഓർക്ക; മറന്നുകളയരുതു; മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഈ സ്ഥലത്തു വന്നതുവരെയും നിങ്ങൾ യഹോവയോടു മത്സരിക്കുന്നവരായിരുന്നു. ഹോരേബിലും നിങ്ങൾ യഹോവയെ കോപിപ്പിച്ചു; അതുകൊണ്ടു യഹോവ നിങ്ങളെ നശിപ്പിപ്പാൻ വിചാരിക്കുംവണ്ണം നിങ്ങളോടു കോപിച്ചു. യഹോവ നിങ്ങളോടു ചെയ്ത നിയമത്തിന്റെ പലകകളായ കല്പലകകളെ വാങ്ങുവാൻ ഞാൻ പർവ്വതത്തിൽ കയറി നാല്പതു രാവും നാല്പതു പകലും പർവ്വതത്തിൽ താമസിച്ചു: ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല. ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ രണ്ടു കല്പലക യഹോവ എന്റെ പക്കൽ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവ്വതത്തിൽവെച്ചു തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്ത സകലവചനങ്ങളും അവയിൽ എഴുതിയിരുന്നു. നാല്പതുരാവും നാല്പതുപകലും കഴിഞ്ഞപ്പോഴായിരുന്നു യഹോവ എന്റെ പക്കൽ നിയമത്തിന്റെ പലകകളായ ആ രണ്ടു കല്പലക തന്നതു.
ആവർത്തനപുസ്തകം 9:6-11 സമകാലിക മലയാളവിവർത്തനം (MCV)
അതുകൊണ്ട് ആ നല്ലദേശം യഹോവയായ ദൈവം നിനക്ക് അവകാശമായി നൽകുന്നതു നിന്റെ നീതികൊണ്ടല്ലെന്ന് നീ അറിയണം; നീ ദുശ്ശാഠ്യമുള്ള ജനതയാണല്ലോ. നിന്റെ ദൈവമായ യഹോവയെ മരുഭൂമിയിൽവെച്ച് നീ എങ്ങനെ പ്രകോപിപ്പിച്ചുവെന്നത് ഒരിക്കലും മറക്കാതെ ഓർക്കുക. ഈജിപ്റ്റിൽനിന്ന് യാത്രപുറപ്പെട്ട നാൾമുതൽ ഇവിടെ എത്തുന്നതുവരെ നിങ്ങൾ യഹോവയോടു മത്സരിക്കുന്നവരായിരുന്നു. ഹോരേബിൽവെച്ച് നിങ്ങൾ യഹോവയെ പ്രകോപിപ്പിച്ചു, അതുകൊണ്ട് നിങ്ങളെ നശിപ്പിക്കാൻ വിചാരിക്കത്തക്കവിധം യഹോവ കോപിച്ചു. യഹോവ നിങ്ങളോടു ചെയ്ത ഉടമ്പടിയുടെ ഫലകങ്ങളായ ശിലാഫലകങ്ങൾ സ്വീകരിക്കാൻ ഞാൻ പർവതത്തിൽ കയറിപ്പോയി. നാൽപ്പതുരാവും നാൽപ്പതുപകലും ഞാൻ പർവതത്തിൽ താമസിച്ചു. ഞാൻ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല. ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ രണ്ടു ശിലാഫലകങ്ങൾ യഹോവ എനിക്കു തന്നു. മഹാസമ്മേളനദിവസം പർവതത്തിൽ അഗ്നിയുടെ നടുവിൽനിന്ന് യഹോവ നിങ്ങളോടു വിളംബരംചെയ്ത കൽപ്പനകളെല്ലാം അവയിൽ ആലേഖനംചെയ്തിരുന്നു. നാൽപ്പതുരാവും നാൽപ്പതുപകലും കഴിഞ്ഞശേഷമാണ് ഉടമ്പടിയുടെ ഫലകങ്ങളായ ആ രണ്ടു ശിലാഫലകങ്ങൾ യഹോവ എനിക്കു നൽകിയത്.