DEUTERONOMY 9

9
അനുസരണക്കേട്
1“ഇസ്രായേൽജനമേ ശ്രദ്ധിക്കുക; നിങ്ങൾ ഇന്നു യോർദ്ദാൻനദി കടന്ന് നിങ്ങളുടേതിനെക്കാൾ വലുതും ശക്തവുമായ ജനതകളെയും ആകാശത്തോളം ഉയർന്ന കോട്ടകളാൽ വലയംചെയ്യപ്പെട്ട വലിയ നഗരങ്ങളെയും കൈവശമാക്കുവാൻ പോകുന്നു. 2അവിടെയുള്ള ജനം ദീർഘകായരും ബലവാന്മാരുമാണ്. നിങ്ങൾ കേട്ടിട്ടുള്ള അനാക്യരാണ് അവർ. ‘അനാക്യരെ നേരിടാൻ ആരുണ്ട്’ എന്ന ചൊല്ല് ഇവരെക്കുറിച്ചാണ്. 3അതുകൊണ്ട് ദഹിപ്പിക്കുന്ന അഗ്നിയായി ഇന്ന് നിങ്ങളുടെ മുമ്പിൽ നടക്കുന്നത് നിങ്ങളുടെ ദൈവമായ സർവേശ്വരനാണെന്ന് അറിഞ്ഞുകൊൾക. അവിടുന്ന് അവരെ നശിപ്പിക്കും; നിങ്ങളുടെ മുമ്പിൽ അവരെ കീഴടക്കും. അങ്ങനെ അവിടുന്നു നിങ്ങളോട് വാഗ്ദാനം ചെയ്തതുപോലെ നിങ്ങൾ അവരെ തുരത്തി നിശ്ശേഷം നശിപ്പിക്കും. 4“നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കുവേണ്ടി അവരെ തുരത്തിക്കഴിയുമ്പോൾ നിങ്ങളുടെ ധർമനിഷ്ഠ നിമിത്തമാണ് അവിടുന്നു നിങ്ങളെ കൂട്ടിക്കൊണ്ടുവന്ന് ദേശം കൈവശമാക്കിത്തന്നത് എന്നു നിങ്ങൾ ചിന്തിക്കരുത്. ആ ജനതകളുടെ ദുഷ്ടത നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയുന്നത്. 5നിങ്ങളുടെ ധർമിഷ്ഠതയോ ഹൃദയപരമാർഥതയോ, കൊണ്ടല്ല പിന്നെയോ, അവരുടെ ദുഷ്ടത നിമിത്തവും നിങ്ങളുടെ പിതാക്കന്മാരായ അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും അവിടുന്നു ചെയ്ത പ്രതിജ്ഞ നിമിത്തവും ആണു നിങ്ങൾ അവരുടെ ദേശം കൈവശമാക്കുവാൻ പോകുന്നത്. 6നിങ്ങളുടെ ധർമനിഷ്ഠ കൊണ്ടല്ല അവിടുന്നു ഫലഭൂയിഷ്ഠമായ ഈ ദേശം നിങ്ങൾക്കു നല്‌കുന്നത് എന്ന് അറിഞ്ഞുകൊള്ളുക; നിങ്ങൾ ദുശ്ശാഠ്യമുള്ള ജനതയാണല്ലോ. 7“മരുഭൂമിയിൽ വച്ചു നിങ്ങളുടെ ദൈവമായ സർവേശ്വരനെ നിങ്ങൾ കോപിപ്പിച്ചത് മറക്കാതെ ഓർത്തുകൊള്ളുക; ഈജിപ്തിൽനിന്നു പുറപ്പെട്ട ദിവസംമുതൽ ഇവിടെ എത്തുന്നതുവരെ നിങ്ങൾ അവിടുത്തോടു മത്സരിച്ചു. 8നിങ്ങളെ നശിപ്പിച്ചുകളയാൻ തോന്നുംവിധം സീനായ്മലയിൽവച്ചും നിങ്ങൾ സർവേശ്വരനെ പ്രകോപിപ്പിച്ചു. 9അവിടുന്നു നിങ്ങളോടു ചെയ്തിരുന്ന ഉടമ്പടിയുടെ കല്പലകകൾ സ്വീകരിക്കുന്നതിനു ഞാൻ പർവതത്തിൽ കയറി, നാല്പതുരാവും നാല്പതു പകലും അവിടെ കഴിച്ചുകൂട്ടി. ആ ദിവസങ്ങളിൽ ഞാൻ എന്തെങ്കിലും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്തില്ല. 10അപ്പോൾ സർവേശ്വരൻ കൈവിരൽകൊണ്ടു സ്വയം എഴുതിയ രണ്ടു കല്പലകകൾ എന്റെ കൈയിൽ തന്നു. നിങ്ങൾ ഒരുമിച്ചു കൂടിയ ദിവസം അവിടുന്നു പർവതത്തിൽ അഗ്നിയുടെ നടുവിൽ നിന്നുകൊണ്ട് അരുളിച്ചെയ്ത വചനങ്ങൾ അവയിൽ രേഖപ്പെടുത്തിയിരിക്കുന്നു. 11നാല്പതു രാവും നാല്പതു പകലും കഴിഞ്ഞാണ് ഉടമ്പടിയുടെ കല്പലകകൾ സർവേശ്വരൻ എന്നെ ഏല്പിച്ചത്.” 12സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “മലയിൽനിന്ന് ഉടനെ ഇറങ്ങിച്ചെല്ലുക. നീ ഈജിപ്തിൽനിന്നു വിമോചിപ്പിച്ചു കൊണ്ടുവന്ന നിന്റെ ജനം ദുഷ്ടത കാട്ടിയിരിക്കുന്നു; എന്റെ കല്പനകളിൽനിന്ന് അവർ വ്യതിചലിച്ചു; തങ്ങൾക്കുവേണ്ടി ഒരു വിഗ്രഹം അവർ വാർത്തുണ്ടാക്കിയിരിക്കുന്നു. 13“ഈ ജനം ദുശ്ശാഠ്യക്കാരാണെന്ന് ഞാൻ മനസ്സിലാക്കിയിരിക്കുന്നു; 14ഞാൻ അവരെ നശിപ്പിക്കും; എന്നെ തടയരുത്. ഞാൻ അവരെ സംബന്ധിച്ചുള്ള ഓർമപോലും ഭൂമുഖത്തുനിന്നു തുടച്ചുനീക്കും, അവരെക്കാൾ വലുതും ശക്തവുമായ ഒരു ജനതയെ ഞാൻ നിന്നിൽനിന്ന് ഉദ്ഭവിപ്പിക്കും.” 15“ഞാൻ പർവതത്തിൽനിന്ന് ഇറങ്ങി; ഉടമ്പടിയുടെ കല്പലകകൾ രണ്ടും എന്റെ കൈയിൽ ഉണ്ടായിരുന്നു. പർവതം അപ്പോഴും കത്തിയെരിഞ്ഞുകൊണ്ടിരുന്നു; 16നിങ്ങൾ ഒരു കാളക്കുട്ടിയുടെ വിഗ്രഹം വാർത്തുണ്ടാക്കി നിങ്ങളുടെ ദൈവമായ സർവേശ്വരനെതിരായി പാപം ചെയ്തിരിക്കുന്നുവെന്ന് ഞാൻ കണ്ടു. അവിടുന്ന് നിർദ്ദേശിച്ച മാർഗത്തിൽനിന്ന് നിങ്ങൾ എത്രവേഗം വ്യതിചലിച്ചു. 17അതിനാൽ നിങ്ങളുടെ കൺമുമ്പിൽ വച്ചുതന്നെ ആ കല്പലകകൾ രണ്ടും ഞാൻ എറിഞ്ഞുടച്ചുകളഞ്ഞു. 18ഞാൻ വീണ്ടും നാല്പതു പകലും നാല്പതു രാവും സർവേശ്വരന്റെ മുമ്പാകെ സാഷ്ടാംഗം നമസ്കരിച്ചുകിടന്നു; നിങ്ങൾ സർവേശ്വരനെതിരായി അവിടുത്തെ ദൃഷ്‍ടിയിൽ തിന്മ പ്രവർത്തിച്ച് പാപം ചെയ്ത് അവിടുത്തെ കോപിപ്പിച്ചതുകൊണ്ട് ആ ദിവസങ്ങളിൽ ഞാൻ ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്തില്ല. 19സർവേശ്വരന്റെ ഉഗ്രകോപത്തെ ഞാൻ ഭയപ്പെട്ടു; നിങ്ങളെ നശിപ്പിക്കാൻ തക്കവിധം അവിടുന്നു ക്രോധാവിഷ്ടനായിരുന്നു. എന്നാൽ അവിടുന്നു വീണ്ടും എന്റെ അപേക്ഷ കേട്ടു; 20അഹരോനെ സംഹരിക്കാൻ തക്കവിധം അയാളോടും കോപിച്ചു. അഹരോനുവേണ്ടിയും അപ്പോൾ ഞാൻ അപേക്ഷിച്ചു. 21ആ നിന്ദ്യവസ്തുവിനെ, നിങ്ങൾ വാർത്തുണ്ടാക്കിയ ആ കാളക്കുട്ടിയെ ഞാൻ തീയിൽ ഇട്ടു ചുട്ടു. ഞാൻ അത് ഇടിച്ചുപൊടിച്ചു നേർത്ത പൊടിയാക്കി പർവതത്തിൽനിന്നു പുറപ്പെടുന്ന അരുവിയിൽ ഒഴുക്കിക്കളഞ്ഞു. 22നിങ്ങൾ തബേരയിലും മസ്സായിലും കിബ്രോത്ത്-ഹത്താവയിലും വച്ചു സർവേശ്വരനെ കോപിപ്പിച്ചു. 23‘ഞാൻ നിങ്ങൾക്കു നല്‌കിയിട്ടുള്ള ദേശം കൈവശമാക്കുക’ എന്നു കല്പിച്ച് അവിടുന്നു നിങ്ങളെ കാദേശ്-ബർന്നേയയിൽനിന്ന് അയച്ചു. എന്നാൽ നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ കല്പന ധിക്കരിച്ച് അവിടുത്തോട് നിങ്ങൾ മത്സരിച്ചു. നിങ്ങൾ അവിടുത്തെ വിശ്വസിച്ചില്ല; അവിടുത്തെ വാക്കുകൾ അനുസരിച്ചുമില്ല. 24ഞാൻ നിങ്ങളെ അറിയാൻ തുടങ്ങിയ നാൾമുതൽ നിങ്ങൾ സർവേശ്വരനോടു മത്സരിച്ചുകൊണ്ടിരിക്കുന്നവരാണ്. 25“നിങ്ങളെ സംഹരിക്കുമെന്നു സർവേശ്വരൻ അറിയിച്ചിരുന്നതിനാൽ ആ നാല്പതു പകലും നാല്പതു രാവും അവിടുത്തെ മുമ്പാകെ ഞാൻ സാഷ്ടാംഗം നമസ്കരിച്ചു കിടന്നു. 26ഞാൻ അവിടുത്തോട് പ്രാർഥിച്ചു: “ദൈവമായ സർവേശ്വരാ, അവിടുത്തെ മഹത്ത്വത്താലും ശക്തിയാലും ഈജിപ്തിൽനിന്നു വിമോചിപ്പിച്ചു കൊണ്ടുവന്ന അവിടുത്തെ അവകാശവും സ്വന്തജനവും ആയവരെ സംഹരിച്ചുകളയരുതേ. 27അവിടുത്തെ ദാസന്മാരായ അബ്രഹാമിനെയും ഇസ്ഹാക്കിനെയും യാക്കോബിനെയും ഓർക്കണമേ. ഈ ജനത്തിന്റെ ദുശ്ശാഠ്യവും അകൃത്യവും പാപവും കണക്കാക്കരുതേ. 28അവർക്കു നല്‌കുമെന്നു വാഗ്ദാനം ചെയ്ത ദേശത്തേക്ക് അവരെ നയിക്കാൻ അവിടുത്തേക്കു കഴിവില്ലെന്ന് ഈജിപ്തുകാർ പറയാനിടവരും. മാത്രമല്ല, അവിടുന്ന് അവരെ ദ്വേഷിച്ചിരുന്നതുകൊണ്ട് കൊന്നൊടുക്കാനാണ് മരുഭൂമിയിലേക്ക് അവരെ കൊണ്ടുപോയതെന്നും അവർ പറയും. 29ഇസ്രായേൽ അവിടുത്തെ ജനവും അവകാശവും ആണ്. അങ്ങയുടെ മഹാശക്തിയും നീട്ടിയ ഭുജവും കൊണ്ടാണല്ലോ അവിടുന്ന് അവരെ വിമോചിപ്പിച്ചത്.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

DEUTERONOMY 9: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക