ആവർത്തനപുസ്തകം 9:13-21
ആവർത്തനപുസ്തകം 9:13-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ഈ ജനത്തെ ദുശ്ശാഠ്യമുള്ള ജനം എന്നു കാണുന്നു; എന്നെ വിടുക; ഞാൻ അവരെ നശിപ്പിച്ച് അവരുടെ പേർ ആകാശത്തിൻകീഴിൽനിന്നു മായിച്ചുകളയും; നിന്നെ അവരെക്കാൾ ബലവും വലിപ്പവുമുള്ള ജാതിയാക്കും എന്നും യഹോവ എന്നോട് അരുളിച്ചെയ്തു. അങ്ങനെ ഞാൻ തിരിഞ്ഞു പർവതത്തിൽനിന്ന് ഇറങ്ങി; പർവതം തീ കാളിക്കത്തുകയായിരുന്നു; നിയമത്തിന്റെ പലക രണ്ടും എന്റെ രണ്ടു കൈയിലും ഉണ്ടായിരുന്നു. ഞാൻ നോക്കിയാറെ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്ത് ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി യഹോവ നിങ്ങളോടു കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറിയിരുന്നതു കണ്ടു. അപ്പോൾ ഞാൻ പലക രണ്ടും എന്റെ രണ്ടു കൈയിൽനിന്നു നിങ്ങൾ കാൺകെ എറിഞ്ഞ് ഉടച്ചുകളഞ്ഞു. പിന്നെ യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം നിങ്ങൾ അവന് അനിഷ്ടമായി പ്രവർത്തിച്ച നിങ്ങളുടെ സകല പാപങ്ങളും നിമിത്തം ഞാൻ യഹോവയുടെ സന്നിധിയിൽ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും വീണുകിടന്നു; ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല. യഹോവ നിങ്ങളെ നശിപ്പിക്കുമാറു നിങ്ങളുടെ നേരേ കോപിച്ച കോപവും ക്രോധവും ഞാൻ ഭയപ്പെട്ടു; എന്നാൽ യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു. അഹരോനെ നശിപ്പിക്കുമാറ് അവന്റെ നേരേയും യഹോവ ഏറ്റവും കോപിച്ചു; എന്നാൽ ഞാൻ അന്ന് അഹരോനു വേണ്ടിയും അപേക്ഷിച്ചു. നിങ്ങൾ ഉണ്ടാക്കിയ നിങ്ങളുടെ പാപമായ കാളക്കുട്ടിയെ ഞാൻ എടുത്തു തീയിൽ ഇട്ടു ചുട്ടു നന്നായി അരച്ചു നേരിയ പൊടിയാക്കി പൊടി പർവതത്തിൽനിന്ന് ഇറങ്ങുന്ന തോട്ടിൽ ഇട്ടുകളഞ്ഞു.
ആവർത്തനപുസ്തകം 9:13-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഈ ജനം ദുശ്ശാഠ്യക്കാരാണെന്ന് ഞാൻ മനസ്സിലാക്കിയിരിക്കുന്നു; ഞാൻ അവരെ നശിപ്പിക്കും; എന്നെ തടയരുത്. ഞാൻ അവരെ സംബന്ധിച്ചുള്ള ഓർമപോലും ഭൂമുഖത്തുനിന്നു തുടച്ചുനീക്കും, അവരെക്കാൾ വലുതും ശക്തവുമായ ഒരു ജനതയെ ഞാൻ നിന്നിൽനിന്ന് ഉദ്ഭവിപ്പിക്കും.” “ഞാൻ പർവതത്തിൽനിന്ന് ഇറങ്ങി; ഉടമ്പടിയുടെ കല്പലകകൾ രണ്ടും എന്റെ കൈയിൽ ഉണ്ടായിരുന്നു. പർവതം അപ്പോഴും കത്തിയെരിഞ്ഞുകൊണ്ടിരുന്നു; നിങ്ങൾ ഒരു കാളക്കുട്ടിയുടെ വിഗ്രഹം വാർത്തുണ്ടാക്കി നിങ്ങളുടെ ദൈവമായ സർവേശ്വരനെതിരായി പാപം ചെയ്തിരിക്കുന്നുവെന്ന് ഞാൻ കണ്ടു. അവിടുന്ന് നിർദ്ദേശിച്ച മാർഗത്തിൽനിന്ന് നിങ്ങൾ എത്രവേഗം വ്യതിചലിച്ചു. അതിനാൽ നിങ്ങളുടെ കൺമുമ്പിൽ വച്ചുതന്നെ ആ കല്പലകകൾ രണ്ടും ഞാൻ എറിഞ്ഞുടച്ചുകളഞ്ഞു. ഞാൻ വീണ്ടും നാല്പതു പകലും നാല്പതു രാവും സർവേശ്വരന്റെ മുമ്പാകെ സാഷ്ടാംഗം നമസ്കരിച്ചുകിടന്നു; നിങ്ങൾ സർവേശ്വരനെതിരായി അവിടുത്തെ ദൃഷ്‍ടിയിൽ തിന്മ പ്രവർത്തിച്ച് പാപം ചെയ്ത് അവിടുത്തെ കോപിപ്പിച്ചതുകൊണ്ട് ആ ദിവസങ്ങളിൽ ഞാൻ ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്തില്ല. സർവേശ്വരന്റെ ഉഗ്രകോപത്തെ ഞാൻ ഭയപ്പെട്ടു; നിങ്ങളെ നശിപ്പിക്കാൻ തക്കവിധം അവിടുന്നു ക്രോധാവിഷ്ടനായിരുന്നു. എന്നാൽ അവിടുന്നു വീണ്ടും എന്റെ അപേക്ഷ കേട്ടു; അഹരോനെ സംഹരിക്കാൻ തക്കവിധം അയാളോടും കോപിച്ചു. അഹരോനുവേണ്ടിയും അപ്പോൾ ഞാൻ അപേക്ഷിച്ചു. ആ നിന്ദ്യവസ്തുവിനെ, നിങ്ങൾ വാർത്തുണ്ടാക്കിയ ആ കാളക്കുട്ടിയെ ഞാൻ തീയിൽ ഇട്ടു ചുട്ടു. ഞാൻ അത് ഇടിച്ചുപൊടിച്ചു നേർത്ത പൊടിയാക്കി പർവതത്തിൽനിന്നു പുറപ്പെടുന്ന അരുവിയിൽ ഒഴുക്കിക്കളഞ്ഞു.
ആവർത്തനപുസ്തകം 9:13-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ഈ ജനത ദുശ്ശാഠ്യമുള്ളവർ എന്നു ഞാൻ കാണുന്നു; “എന്നെ വിടുക; ഞാൻ അവരെ നശിപ്പിച്ച് അവരുടെ പേര് ആകാശത്തിൻ കീഴിൽനിന്ന് മായിച്ചുകളയും; നിന്നെ അവരെക്കാൾ ബലവും വലിപ്പവുമുള്ള ജനതയാക്കും” എന്നും യഹോവ എന്നോട് അരുളിച്ചെയ്തു. “അങ്ങനെ ഞാൻ തിരിഞ്ഞ് പർവ്വതത്തിൽനിന്ന് ഇറങ്ങി; പർവ്വതത്തിൽ അഗ്നി ആളിക്കത്തുകയായിരുന്നു; നിയമത്തിന്‍റെ രണ്ടു പലകകളും എന്‍റെ കയ്യിൽ ഉണ്ടായിരുന്നു. ഞാൻ നോക്കിയപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോട് പാപംചെയ്ത് ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി, യഹോവ നിങ്ങളോട് കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറിയിരുന്നത് കണ്ടു. അപ്പോൾ ഞാൻ രണ്ടു പലകകളും എന്‍റെ കയ്യിൽനിന്ന് നിങ്ങൾ കാൺകെ എറിഞ്ഞ് ഉടച്ചുകളഞ്ഞു. “പിന്നെ യഹോവയെ കോപിപ്പിക്കുവാൻ തക്കവണ്ണം നിങ്ങൾ അവനു അനിഷ്ടമായി പ്രവർത്തിച്ച നിങ്ങളുടെ സകലപാപങ്ങളും നിമിത്തം ഞാൻ യഹോവയുടെ സന്നിധിയിൽ മുമ്പിലത്തെപ്പോലെ നാല്പത് രാവും നാല്പത് പകലും വീണ് കിടന്നു; ഞാൻ ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല. നിങ്ങളെ നശിപ്പിക്കും വിധം നിങ്ങളുടെനേരെ ജ്വലിച്ച യഹോവയുടെ കോപവും ക്രോധവും കണ്ടു ഞാൻ ഭയപ്പെട്ടു; എന്നാൽ യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു. അഹരോനെ നശിപ്പിക്കുവാൻ തക്കവണ്ണം അവന്‍റെ നേരെയും യഹോവ ഏറ്റവും കോപിച്ചു; എന്നാൽ ഞാൻ അന്നു അഹരോനുവേണ്ടിയും അപേക്ഷിച്ചു. നിങ്ങൾ ഉണ്ടാക്കിയ, നിങ്ങൾക്ക് പാപകാരണമായ, കാളക്കുട്ടിയെ ഞാൻ എടുത്ത് തീയിൽ ഇട്ടു ചുട്ട് നന്നായി അരച്ച് നേരിയ പൊടിയാക്കി, ആ പൊടി പർവ്വതത്തിൽനിന്ന് പുറപ്പെടുന്ന തോട്ടിൽ വിതറി.
ആവർത്തനപുസ്തകം 9:13-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ ഈ ജനത്തെ ദുശ്ശാഠ്യമുള്ള ജനം എന്നു കാണുന്നു; എന്നെ വിടുക; ഞാൻ അവരെ നശിപ്പിച്ചു അവരുടെ പേർ ആകാശത്തിൻകീഴിൽനിന്നു മായിച്ചുകളയും; നിന്നെ അവരെക്കാൾ ബലവും വലിപ്പവുമുള്ള ജാതിയാക്കും എന്നും യഹോവ എന്നോടു അരുളിച്ചെയ്തു. അങ്ങനെ ഞാൻ തിരിഞ്ഞു പർവ്വതത്തിൽനിന്നു ഇറങ്ങി; പർവ്വതം തീ കാളിക്കത്തുകയായിരുന്നു; നിയമത്തിന്റെ പലക രണ്ടും എന്റെ രണ്ടുകയ്യിലും ഉണ്ടായിരുന്നു. ഞാൻ നോക്കിയാറെ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തു ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി യഹോവ നിങ്ങളോടു കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറിയിരുന്നതു കണ്ടു. അപ്പോൾ ഞാൻ പലക രണ്ടും എന്റെ രണ്ടുകയ്യിൽനിന്നു നിങ്ങൾ കാൺകെ എറിഞ്ഞു ഉടെച്ചുകളഞ്ഞു. പിന്നെ യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം നിങ്ങൾ അവന്നു അനിഷ്ടമായി പ്രവർത്തിച്ച നിങ്ങളുടെ സകലപാപങ്ങളും നിമിത്തം ഞാൻ യഹോവയുടെ സന്നിധിയിൽ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും വീണു കിടന്നു; ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല. യഹോവ നിങ്ങളെ നശിപ്പിക്കുമാറു നിങ്ങളുടെ നേരെ കോപിച്ച കോപവും ക്രോധവും ഞാൻ ഭയപ്പെട്ടു; എന്നാൽ യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു. അഹരോനെ നശിപ്പിക്കുമാറു അവന്റെ നേരെയും യഹോവ ഏറ്റവും കോപിച്ചു; എന്നാൽ ഞാൻ അന്നു അഹരോന്നുവേണ്ടിയും അപേക്ഷിച്ചു. നിങ്ങൾ ഉണ്ടാക്കിയ നിങ്ങളുടെ പാപമായ കാളക്കുട്ടിയെ ഞാൻ എടുത്തു തീയിൽ ഇട്ടു ചുട്ടു നന്നായി അരെച്ചു നേരിയ പൊടിയാക്കി പൊടി പർവ്വതത്തിൽനിന്നു ഇറങ്ങുന്ന തോട്ടിൽ ഇട്ടുകളഞ്ഞു.
ആവർത്തനപുസ്തകം 9:13-21 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ വീണ്ടും എന്നോട് അരുളിച്ചെയ്തു: “ഞാൻ ഈ ജനത്തെ ദുശ്ശാഠ്യക്കാരായി കണ്ടിരിക്കുന്നു! എന്നെ വിടുക. അവരെ നശിപ്പിച്ച് ആകാശത്തിനുകീഴേനിന്ന് അവരുടെ നാമം ഞാൻ മായിച്ചുകളയും. അതിനുശേഷം നിന്നെ ഞാൻ അവരെക്കാൾ ശക്തിയും അസംഖ്യവുമായ ഒരു ജനതയാക്കും.” അങ്ങനെ ഞാൻ തിരിഞ്ഞ് പർവതത്തിൽനിന്ന് ഇറങ്ങിവന്നു. അപ്പോൾ പർവതത്തിൽ തീ കത്തിക്കൊണ്ടിരുന്നു. ഉടമ്പടിയുടെ പലക രണ്ടും എന്റെ കൈകളിൽ ഉണ്ടായിരുന്നു. ഞാൻ നോക്കിയപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിരോധമായി പാപംചെയ്ത്; നിങ്ങൾക്കുവേണ്ടി ഒരു കാളക്കിടാവിന്റെ രൂപം വാർത്തുണ്ടാക്കി. യഹോവ കൽപ്പിച്ച വഴിയിൽനിന്ന് എത്രവേഗത്തിലാണ് നിങ്ങൾ വ്യതിചലിച്ചുപോയിരിക്കുന്നത്. അപ്പോൾ ഞാൻ നിങ്ങളുടെ കണ്മുമ്പിൽവെച്ച് ആ രണ്ടു ഫലകങ്ങളും എടുത്ത് എറിഞ്ഞു പൊട്ടിച്ചുകളഞ്ഞു. പിന്നെ ഞാൻ ആദ്യം ചെയ്തതുപോലെ നാൽപ്പതുരാവും നാൽപ്പതുപകലും യഹോവയുടെ സന്നിധിയിൽ സാഷ്ടാംഗം വീണുകിടന്നു. യഹോവയെ പ്രകോപിപ്പിക്കാൻ തക്കവിധം നിങ്ങൾ അവിടത്തെ ദൃഷ്ടിയിൽ തിന്മയായി ചെയ്ത സകലപാപങ്ങളും ഹേതുവായി ഞാൻ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല. യഹോവ നിങ്ങളെ നശിപ്പിക്കുംവിധം നിങ്ങളുടെനേരേ യഹോവയ്ക്കുണ്ടായ കോപവും ക്രോധവും എന്നെ ഭയപ്പെടുത്തി. എന്നാൽ യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു. അഹരോനെ നശിപ്പിക്കുംവിധം യഹോവ അവനോടും വളരെയധികം കോപിച്ചു. അപ്പോൾ ഞാൻ അവനുവേണ്ടിയും അപേക്ഷിച്ചു. നിങ്ങൾ ഉണ്ടാക്കിയ നിങ്ങളുടെ പാപമായ കാളക്കിടാവിനെ ഞാൻ എടുത്ത് തീയിൽ ഇട്ടു ചുട്ടുകളഞ്ഞു. അത് അരച്ചു നേരിയ പൊടിയാക്കി. തുടർന്ന് ആ പൊടി പർവതത്തിൽനിന്നും ഒഴുകിവരുന്ന അരുവിയിൽ എറിഞ്ഞു.