ആവർത്തനപുസ്തകം 7:6-10
ആവർത്തനപുസ്തകം 7:6-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ദൈവമായ യഹോവയ്ക്ക് നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകല ജാതികളിലുംവച്ച് നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിനു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു. നിങ്ങൾ സംഖ്യയിൽ സകല ജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ട് തിരഞ്ഞെടുത്തത്; നിങ്ങൾ സകല ജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നത്. യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോട് താൻ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കൈയാൽ പുറപ്പെടുവിച്ച് അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്റെ കൈയിൽനിന്നു വീണ്ടെടുത്തത്. ആകയാൽ നിന്റെ ദൈവമായ യഹോവ തന്നെ ദൈവം; അവൻ തന്നെ സത്യദൈവം എന്നു നീ അറിയേണം: അവൻ തന്നെ സ്നേഹിച്ച് തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു. തന്നെ പകയ്ക്കുന്നവരെ നശിപ്പിപ്പാൻ അവർക്ക് നേരിട്ട് പകരം കൊടുക്കുന്നു; തന്നെ പകയ്ക്കുന്നവന് അവൻ താമസിയാതെ നേരിട്ട് പകരം കൊടുക്കും.
ആവർത്തനപുസ്തകം 7:6-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങളുടെ ദൈവമായ സർവേശ്വരന് നിങ്ങൾ വേർതിരിക്കപ്പെട്ട ജനമാണ്. നിങ്ങളുടെ ദൈവമായ സർവേശ്വരനു സ്വന്തജനമായിരിക്കാൻ ഭൂമിയിലെ സകല ജനതകളിൽനിന്നും നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു; മറ്റു ജനതകളെക്കാൾ സംഖ്യാബലം കൂടുതലുണ്ടായിരുന്നതുകൊണ്ടല്ല സർവേശ്വരൻ നിങ്ങളെ സ്നേഹിച്ചു തിരഞ്ഞെടുത്തത്. ഭൂമിയിലുള്ള സകല ജനതകളിലും വച്ചു നിങ്ങൾ എണ്ണത്തിൽ കുറവായിരുന്നു. എന്നാൽ അവിടുന്നു നിങ്ങളെ സ്നേഹിച്ചു; നിങ്ങളുടെ പൂർവപിതാക്കന്മാരോടു ചെയ്ത വാഗ്ദാനം പാലിക്കുകയും ചെയ്തു; അതുകൊണ്ടാണ് അവിടുന്നു തന്റെ മഹാശക്തി ഉപയോഗിച്ച് ഈജിപ്തിലെ രാജാവായ ഫറവോയുടെ അടിമത്തത്തിൽനിന്നു നിങ്ങളെ മോചിപ്പിച്ചത്. നിങ്ങളുടെ ദൈവമായ സർവേശ്വരൻ തന്നെയാണു ദൈവം എന്ന് അറിഞ്ഞുകൊൾക. അവിടുത്തെ സ്നേഹിക്കുകയും അവിടുത്തെ കല്പനകൾ അനുസരിക്കുകയും ചെയ്യുന്നവരോട് അവിടുന്ന് ആയിരം തലമുറവരെ തന്റെ ഉടമ്പടി പാലിക്കുകയും തന്റെ സുസ്ഥിരസ്നേഹം പ്രദർശിപ്പിക്കുകയും ചെയ്യും. എന്നാൽ അവിടുന്നു തന്നെ വെറുക്കുന്നവരെ നശിപ്പിച്ച് പ്രതികാരം ചെയ്യും. അതിന് അവിടുന്ന് ഒരിക്കലും മടിക്കുകയില്ല.
ആവർത്തനപുസ്തകം 7:6-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിന്‍റെ ദൈവമായ യഹോവയ്ക്ക് നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകല ജനതകളിലും വച്ച് നിന്നെ സ്വന്തജനമായിരിക്കേണ്ടതിന് നിന്‍റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു. “നിങ്ങൾ എണ്ണത്തിൽ സകലജാതികളെക്കാളും പെരുപ്പമുള്ളവരായതു കൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ട് തിരഞ്ഞെടുത്തത്; നിങ്ങൾ സകലജാതികളെക്കാളും എണ്ണത്തിൽ കുറഞ്ഞവരായിരുന്നുവല്ലോ. യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോട് താൻ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ നിങ്ങളെ ബലമുള്ള കയ്യാൽ പുറപ്പെടുവിച്ച് നിങ്ങള്‍ അടിമകളായിരുന്ന മിസ്രയീമിലെ രാജാവായ ഫറവോന്‍റെ കയ്യിൽനിന്ന് വീണ്ടെടുത്തത്. ആകയാൽ നിന്റെ ദൈവമായ യഹോവ തന്നെ ദൈവം; അവൻ തന്നെ സത്യദൈവം എന്നു നീ അറിയണം; അവൻ, തന്നെ സ്നേഹിച്ച് തന്റെ കല്പനകളെ പ്രമാണിക്കുന്നവരോട് ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു. തന്നെ പകയ്ക്കുന്നവരെ നശിപ്പിക്കുവാൻ അവർക്ക് നേരിട്ട് പകരം കൊടുക്കുന്നു; തന്നെ പകക്കുന്ന ഏവനും അവൻ താമസിയാതെ നേരിട്ട് പകരം കൊടുക്കും.
ആവർത്തനപുസ്തകം 7:6-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു. നിങ്ങൾ സംഖ്യയിൽ സകലജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ടു തിരഞ്ഞെടുത്തതു; നിങ്ങൾ സകലജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നതു. യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു താൻ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കയ്യാൽ പുറപ്പെടുവിച്ചു അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്റെ കയ്യിൽനിന്നു വീണ്ടെടുത്തതു. ആകയാൽ നിന്റെ ദൈവമായ യഹോവ തന്നേ ദൈവം; അവൻ തന്നേ സത്യദൈവം എന്നു നീ അറിയേണം: അവൻ തന്നെ സ്നേഹിച്ചു തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു. തന്നെ പകെക്കുന്നവരെ നശിപ്പിപ്പാൻ അവർക്കു നേരിട്ടു പകരം കൊടുക്കുന്നു; തന്നെ പകെക്കുന്നവന്നു അവൻ താമസിയാതെ നേരിട്ടു പകരം കൊടുക്കും.
ആവർത്തനപുസ്തകം 7:6-10 സമകാലിക മലയാളവിവർത്തനം (MCV)
കാരണം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു നിങ്ങൾ ഒരു വിശുദ്ധജനമാണ്. തനിക്കു ജനമായി, അവിടത്തെ അമൂല്യമായ അവകാശമായിരിക്കേണ്ടതിനു, ഭൂപരപ്പിലെ സകലജനതകളിലുംനിന്ന് നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ തെരഞ്ഞെടുത്തിരിക്കുന്നു. നിങ്ങൾ സകലജനതകളിലുംവെച്ച് അസംഖ്യമായതുകൊണ്ടല്ല യഹോവ നിങ്ങളിൽ പ്രസാദിച്ച് നിങ്ങളെ തെരഞ്ഞെടുത്തത്. നിങ്ങൾ സകലജനതകളിലുംവെച്ച് എണ്ണത്തിൽ കുറവുള്ളവരായിരുന്നല്ലോ. നിങ്ങളെ യഹോവ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനം പാലിക്കുന്നതുകൊണ്ടുമാണ് യഹോവ നിങ്ങളെ ശക്തിയുള്ള കൈകൊണ്ടു വിടുവിച്ച് അടിമവീടായ ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ അധീനതയിൽനിന്നു വീണ്ടെടുത്തത്. അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവ, ദൈവം ആകുന്നു എന്നും അവിടത്തെ സ്നേഹിക്കുകയും അവിടത്തെ കൽപ്പനകൾ പാലിക്കുകയും ചെയ്യുന്നവർക്ക് ആയിരം തലമുറവരെ സ്നേഹത്തിന്റെ ഉടമ്പടി ഉറപ്പിക്കുന്ന വിശ്വസ്തനായ ദൈവമാണ് യഹോവ എന്നും നിങ്ങൾ അറിയണം. എന്നാൽ, തന്നെ തിരസ്കരിക്കുന്നവരെ അവിടന്നുതന്നെ നശിപ്പിച്ച് പകരംവീട്ടും; തന്നെ വെറുക്കുന്നവനോട് അവിടന്ന് പ്രതികാരംചെയ്യാൻ താമസിക്കുകയുമില്ല.