ആവർത്തനം 7:6-10

ആവർത്തനം 7:6-10 MCV

കാരണം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു നിങ്ങൾ ഒരു വിശുദ്ധജനമാണ്. തനിക്കു ജനമായി, അവിടത്തെ അമൂല്യമായ അവകാശമായിരിക്കേണ്ടതിനു, ഭൂപരപ്പിലെ സകലജനതകളിലുംനിന്ന് നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ തെരഞ്ഞെടുത്തിരിക്കുന്നു. നിങ്ങൾ സകലജനതകളിലുംവെച്ച് അസംഖ്യമായതുകൊണ്ടല്ല യഹോവ നിങ്ങളിൽ പ്രസാദിച്ച് നിങ്ങളെ തെരഞ്ഞെടുത്തത്. നിങ്ങൾ സകലജനതകളിലുംവെച്ച് എണ്ണത്തിൽ കുറവുള്ളവരായിരുന്നല്ലോ. നിങ്ങളെ യഹോവ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനം പാലിക്കുന്നതുകൊണ്ടുമാണ് യഹോവ നിങ്ങളെ ശക്തിയുള്ള കൈകൊണ്ടു വിടുവിച്ച് അടിമവീടായ ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ അധീനതയിൽനിന്നു വീണ്ടെടുത്തത്. അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവ, ദൈവം ആകുന്നു എന്നും അവിടത്തെ സ്നേഹിക്കുകയും അവിടത്തെ കൽപ്പനകൾ പാലിക്കുകയും ചെയ്യുന്നവർക്ക് ആയിരം തലമുറവരെ സ്നേഹത്തിന്റെ ഉടമ്പടി ഉറപ്പിക്കുന്ന വിശ്വസ്തനായ ദൈവമാണ് യഹോവ എന്നും നിങ്ങൾ അറിയണം. എന്നാൽ, തന്നെ തിരസ്കരിക്കുന്നവരെ അവിടന്നുതന്നെ നശിപ്പിച്ച് പകരംവീട്ടും; തന്നെ വെറുക്കുന്നവനോട് അവിടന്ന് പ്രതികാരംചെയ്യാൻ താമസിക്കുകയുമില്ല.