ആവർത്തനപുസ്തകം 7:1-6
ആവർത്തനപുസ്തകം 7:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നെ കടത്തുകയും നിന്നെക്കാൾ പെരുപ്പവും ബലവുമുള്ള ജാതികളായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴു മഹാജാതികളെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളകയും നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കൈയിൽ ഏല്പിക്കയും നീ അവരെ തോല്പിക്കയും ചെയ്യുമ്പോൾ അവരെ നിർമ്മൂലമാക്കിക്കളയേണം; അവരോട് ഉടമ്പടി ചെയ്കയോ കൃപ കാണിക്കയോ അരുത്. അവരുമായി വിവാഹസംബന്ധം ചെയ്യരുത്; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്ക് എടുക്കയോ ചെയ്യരുത്. അന്യദൈവങ്ങളെ സേവിപ്പാൻ തക്കവണ്ണം അവർ നിന്റെ പുത്രന്മാരെ എന്നോട് അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്കു വിരോധമായി ജ്വലിച്ച് നിങ്ങളെ വേഗത്തിൽ നശിപ്പിക്കും. ആകയാൽ നിങ്ങൾ അവരോട് ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങൾ ഇടിക്കേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരാപ്രതിഷ്ഠകളെ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയേണം. നിന്റെ ദൈവമായ യഹോവയ്ക്ക് നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകല ജാതികളിലുംവച്ച് നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിനു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.
ആവർത്തനപുസ്തകം 7:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങൾ കൈവശപ്പെടുത്താൻ പോകുന്ന ദേശത്തേക്കു സർവേശ്വരൻ നിങ്ങളെ നയിക്കുമ്പോൾ അവിടുന്ന് നിങ്ങളെക്കാൾ സംഖ്യാബലമുള്ളവരും ശക്തരുമായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴു ജനതകളെ നിങ്ങളുടെ മുമ്പിൽനിന്നു നിഷ്കാസനം ചെയ്യും. നിങ്ങളുടെ ദൈവമായ സർവേശ്വരൻ അവരെ നിങ്ങളുടെ കൈയിൽ ഏല്പിക്കുകയും നിങ്ങൾ അവരോട് ഏറ്റുമുട്ടുകയും ചെയ്യുമ്പോൾ നിങ്ങൾ അവരെ നിശ്ശേഷം സംഹരിക്കണം; അവരോടു കരുണ കാണിക്കുകയോ അവരുമായി ഉടമ്പടി ചെയ്യുകയോ അരുത്. അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെടരുത്; നിങ്ങളുടെ പുത്രിമാരെ അവർക്കു വിവാഹം ചെയ്തുകൊടുക്കുകയോ അവരുടെ പുത്രിമാരിൽനിന്നു നിങ്ങളുടെ പുത്രന്മാർക്ക് ഭാര്യമാരെ സ്വീകരിക്കുകയോ അരുത്. അങ്ങനെ ചെയ്താൽ നിങ്ങളുടെ മക്കളെ അവർ സർവേശ്വരനിൽനിന്ന് അകറ്റുകയും അവർ അന്യദേവന്മാരെ ആരാധിക്കാൻ ഇടയാകുകയും ചെയ്യും. അപ്പോൾ അവിടുത്തെ കോപം നിങ്ങളുടെ നേരേ ജ്വലിക്കും. അവിടുന്നു നിങ്ങളെ നശിപ്പിക്കും. അതുകൊണ്ട് നിങ്ങൾ അവരുടെ യാഗപീഠങ്ങൾ ഇടിച്ചുനിരത്തണം; അവരുടെ ബിംബങ്ങൾ തകർക്കണം; അവരുടെ അശേരാപ്രതിഷ്ഠകളെ വെട്ടി വീഴ്ത്തണം; അവരുടെ വിഗ്രഹങ്ങളെല്ലാം തീയിൽ ചുട്ടുകളയണം. നിങ്ങളുടെ ദൈവമായ സർവേശ്വരന് നിങ്ങൾ വേർതിരിക്കപ്പെട്ട ജനമാണ്. നിങ്ങളുടെ ദൈവമായ സർവേശ്വരനു സ്വന്തജനമായിരിക്കാൻ ഭൂമിയിലെ സകല ജനതകളിൽനിന്നും നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു
ആവർത്തനപുസ്തകം 7:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തേക്ക് യഹോവ നിന്നെ കൊണ്ടുപോകുകയും നിന്നെക്കാൾ എണ്ണവും ബലവുമുള്ള ഹിത്യർ, ഗിർഗ്ഗശ്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴു ജനതകളെ നിന്‍റെ മുമ്പിൽനിന്ന് നീക്കിക്കളയുകയും ചെയ്യും. നിന്‍റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കുയും നീ അവരെ തോല്പിക്കുകയും ചെയ്യുമ്പോൾ അവരെ നിർമ്മൂലമാക്കിക്കളയേണം; അവരോട് ഉടമ്പടി ചെയ്യുകയോ കൃപ കാണിക്കുകയോ അരുത്. അവരുമായി വിവാഹബന്ധം അരുത്; നിന്‍റെ പുത്രിമാരെ അവരുടെ പുത്രന്മാർക്ക് കൊടുക്കുകയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്ക് എടുക്കുകയോ ചെയ്യരുത്. അന്യദൈവങ്ങളെ സേവിക്കുവാൻ തക്കവണ്ണം അവർ നിന്‍റെ മക്കളെ എന്നോട് അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്ക് വിരോധമായി ജ്വലിച്ച് നിങ്ങളെ വേഗത്തിൽ നശിപ്പിക്കും. ആകയാൽ നിങ്ങൾ അവരോട് ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങൾ ഇടിക്കേണം; അവരുടെ ബിംബങ്ങൾ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകൾ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങൾ തീയിൽ ഇട്ടു ചുട്ടുകളയേണം. നിന്റെ ദൈവമായ യഹോവയ്ക്ക് നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകല ജനതകളിലും വച്ച് നിന്നെ സ്വന്തജനമായിരിക്കേണ്ടതിന് നിന്‍റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.
ആവർത്തനപുസ്തകം 7:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നെ കടത്തുകയും നിന്നെക്കാൾ പെരുപ്പവും ബലവുമുള്ള ജാതികളായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴു മഹാജാതികളെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളകയും നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും നീ അവരെ തോല്പിക്കയും ചെയ്യുമ്പോൾ അവരെ നിർമ്മൂലമാക്കിക്കളയേണം; അവരോടു ഉടമ്പടി ചെയ്കയോ കൃപ കാണിക്കയോ അരുതു. അവരുമായി വിവാഹസംബന്ധം ചെയ്യരുതു; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്കു എടുക്കയോ ചെയ്യരുതു. അന്യദൈവങ്ങളെ സേവിപ്പാൻ തക്കവണ്ണം അവർ നിന്റെ പുത്രന്മാരെ എന്നോടു അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്കു വിരോധമായി ജ്വലിച്ചു നിങ്ങളെ വേഗത്തിൽ നശിപ്പിക്കും. ആകയാൽ നിങ്ങൾ അവരോടു ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങൾ ഇടിക്കേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയേണം. നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.
ആവർത്തനപുസ്തകം 7:1-6 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങൾ അവകാശമാക്കാൻപോകുന്ന ദേശത്തേക്ക് നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ കൊണ്ടുവരും. നിങ്ങളെക്കാൾ വലുപ്പവും ശക്തിയുമുള്ള ജനതകളായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴുകൂട്ടരെ നിങ്ങളുടെമുമ്പിൽനിന്ന് ഓടിച്ചുകളയും. അവരെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കും. അപ്പോൾ നിങ്ങൾ അവരെ തോൽപ്പിച്ച് പൂർണമായി നശിപ്പിക്കണം. അവരോട് സമാധാനയുടമ്പടി ചെയ്യുകയോ കരുണകാണിക്കുകയോ ചെയ്യരുത്. അവരുമായി മിശ്രവിവാഹബന്ധം അരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കുകയോ അവരുടെ പുത്രന്മാരെ നിങ്ങളുടെ പുത്രിമാർക്ക് എടുക്കുകയോ ചെയ്യരുത്. കാരണം അന്യദേവന്മാരെ സേവിക്കേണ്ടതിനു നിങ്ങളുടെ മക്കളെ അവർ എന്നിൽനിന്ന് അകറ്റും. അങ്ങനെ യഹോവയുടെ കോപം നിങ്ങളുടെമേൽ വരികയും അവിടന്ന് നിങ്ങളെ വേഗത്തിൽ ഉന്മൂലനംചെയ്യുകയും ചെയ്യും. അതുകൊണ്ട് നിങ്ങൾ അവരോടു ചെയ്യേണ്ടത് ഇപ്രകാരമാണ്: അവരുടെ ബലിപീഠങ്ങൾ തകർക്കണം, അവരുടെ ആചാരസ്തൂപങ്ങൾ ഉടച്ചുകളയണം, അവരുടെ അശേരാപ്രതിഷ്ഠകൾ വെട്ടിക്കളയണം, അവരുടെ പ്രതിമകൾ തീയിൽ ചുട്ടുകളയണം. കാരണം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു നിങ്ങൾ ഒരു വിശുദ്ധജനമാണ്. തനിക്കു ജനമായി, അവിടത്തെ അമൂല്യമായ അവകാശമായിരിക്കേണ്ടതിനു, ഭൂപരപ്പിലെ സകലജനതകളിലുംനിന്ന് നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ തെരഞ്ഞെടുത്തിരിക്കുന്നു.