ആവർത്തനം 7:1-6

ആവർത്തനം 7:1-6 MCV

നിങ്ങൾ അവകാശമാക്കാൻപോകുന്ന ദേശത്തേക്ക് നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ കൊണ്ടുവരും. നിങ്ങളെക്കാൾ വലുപ്പവും ശക്തിയുമുള്ള ജനതകളായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴുകൂട്ടരെ നിങ്ങളുടെമുമ്പിൽനിന്ന് ഓടിച്ചുകളയും. അവരെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കും. അപ്പോൾ നിങ്ങൾ അവരെ തോൽപ്പിച്ച് പൂർണമായി നശിപ്പിക്കണം. അവരോട് സമാധാനയുടമ്പടി ചെയ്യുകയോ കരുണകാണിക്കുകയോ ചെയ്യരുത്. അവരുമായി മിശ്രവിവാഹബന്ധം അരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കുകയോ അവരുടെ പുത്രന്മാരെ നിങ്ങളുടെ പുത്രിമാർക്ക് എടുക്കുകയോ ചെയ്യരുത്. കാരണം അന്യദേവന്മാരെ സേവിക്കേണ്ടതിനു നിങ്ങളുടെ മക്കളെ അവർ എന്നിൽനിന്ന് അകറ്റും. അങ്ങനെ യഹോവയുടെ കോപം നിങ്ങളുടെമേൽ വരികയും അവിടന്ന് നിങ്ങളെ വേഗത്തിൽ ഉന്മൂലനംചെയ്യുകയും ചെയ്യും. അതുകൊണ്ട് നിങ്ങൾ അവരോടു ചെയ്യേണ്ടത് ഇപ്രകാരമാണ്: അവരുടെ ബലിപീഠങ്ങൾ തകർക്കണം, അവരുടെ ആചാരസ്തൂപങ്ങൾ ഉടച്ചുകളയണം, അവരുടെ അശേരാപ്രതിഷ്ഠകൾ വെട്ടിക്കളയണം, അവരുടെ പ്രതിമകൾ തീയിൽ ചുട്ടുകളയണം. കാരണം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു നിങ്ങൾ ഒരു വിശുദ്ധജനമാണ്. തനിക്കു ജനമായി, അവിടത്തെ അമൂല്യമായ അവകാശമായിരിക്കേണ്ടതിനു, ഭൂപരപ്പിലെ സകലജനതകളിലുംനിന്ന് നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ തെരഞ്ഞെടുത്തിരിക്കുന്നു.