ആവർത്തനപുസ്തകം 6:4-12

ആവർത്തനപുസ്തകം 6:4-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻതന്നെ. നിന്റെ ദൈവമായ യഹോവയെ നീ പൂർണഹൃദയത്തോടും പൂർണമനസ്സോടും പൂർണശക്തിയോടും കൂടെ സ്നേഹിക്കേണം. ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്ക് ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം. അവയെ അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്റെ കണ്ണുകൾക്കു മധ്യേ പട്ടമായി ഇരിക്കേണം. അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതേണം. നിന്റെ ദൈവമായ യഹോവ നിനക്കു തരുമെന്ന് അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു നിന്നെ കൊണ്ടുചെന്നു നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും നീ നിറയ്ക്കാതെ സകല സമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും നീ കുഴിക്കാത്ത കിണറുകളും നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവു തോട്ടങ്ങളും നിനക്കു തരികയും നീ തിന്നു തൃപ്തിപ്രാപിക്കയും ചെയ്യുമ്പോൾ നിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.

ആവർത്തനപുസ്തകം 6:4-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേൽജനമേ, കേൾക്കുക, നമ്മുടെ ദൈവമായ സർവേശ്വരനാണ് ഏക കർത്താവ്; നിങ്ങളുടെ ദൈവമായ സർവേശ്വരനെ പൂർണഹൃദയത്തോടും, പൂർണമനസ്സോടും, പൂർണശക്തിയോടും കൂടി സ്നേഹിക്കണം. ഞാൻ ഇന്നു നിങ്ങൾക്കു നല്‌കുന്ന കല്പനകൾ നിങ്ങൾ ഒരിക്കലും മറക്കരുത്; അവ നിങ്ങളുടെ മക്കളെ പൂർണശ്രദ്ധയോടെ പഠിപ്പിക്കണം. വീട്ടിൽ ആയിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ച് സംസാരിക്കണം. നിങ്ങൾക്ക് ഒരു അടയാളമായി അവ എഴുതി കൈയിൽ കെട്ടുക; അവ നിങ്ങൾ നെറ്റിപ്പട്ടമായി അണിയുകയും വേണം; അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും എഴുതുക. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കുമെന്നു നിങ്ങളുടെ പിതാക്കന്മാരായ അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും വാഗ്ദാനം ചെയ്തിരുന്ന ദേശത്തു നിങ്ങളെ കൊണ്ടുവരും. അവിടെ നിങ്ങൾ നിർമ്മിക്കാത്ത വലുതും മനോഹരവുമായ പട്ടണങ്ങളും നിങ്ങൾ നിറയ്‍ക്കാതെതന്നെ വിശിഷ്ട സമ്പത്തുകൾകൊണ്ടു നിറഞ്ഞിരിക്കുന്ന വീടുകളും നിങ്ങൾ കുഴിക്കാത്ത കിണറുകളും നിങ്ങൾ നട്ടു വളർത്താത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിങ്ങൾക്കു ലഭിക്കും. നിങ്ങൾ ഭക്ഷിച്ച് സംതൃപ്തരാകും. അപ്പോൾ അടിമവീടായ ഈജിപ്തിൽനിന്നു നിങ്ങളെ വിമോചിപ്പിച്ചു കൊണ്ടുവന്ന സർവേശ്വരനെ മറക്കരുത്.

ആവർത്തനപുസ്തകം 6:4-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

“യിസ്രായേലേ, കേൾക്കുക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നെ. നിന്‍റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം. ഇന്ന് ഞാൻ നിന്നോട് കല്പിക്കുന്ന ഈ വചനങ്ങൾ നിന്‍റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്‍റെ മക്കൾക്ക് ഉപദേശിച്ചുകൊടുക്കുകയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ച് സംസാരിക്കുകയും വേണം. അവ അടയാളമായി നിന്‍റെ കൈമേൽ കെട്ടേണം; അവ നിന്‍റെ കണ്ണുകൾക്ക് മദ്ധ്യേ നെറ്റിപ്പട്ടമായി ധരിക്കേണം. അവ നിന്‍റെ വീടിന്‍റെ കട്ടിളകളിലും പടിവാതിലുകളിലും എഴുതേണം. “നിന്‍റെ ദൈവമായ യഹോവ നിനക്കു തരുമെന്ന് അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്, എന്നീ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്തേക്ക് നിന്നെ കൊണ്ടുചെന്ന്, നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും, നീ നിറക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും, നീ കുഴിക്കാത്ത കിണറുകളും, നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും, നിനക്കു തരുകയും നീ തിന്ന് തൃപ്തി പ്രാപിക്കുകയും ചെയ്യുമ്പോൾ നിന്നെ അടിമവീടായ മിസ്രയീം ദേശത്തുനിന്ന് കൊണ്ടുവന്ന യഹോവയെ മറക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക.

ആവർത്തനപുസ്തകം 6:4-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം. ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം. അവയെ അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്റെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായി ഇരിക്കേണം. അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻമേലും പടിവാതിലുകളിലും എഴുതേണം. നിന്റെ ദൈവമായ യഹോവ നിനക്കു തരുമെന്നു അബ്രാഹാം, യിസ്ഹാക്, യാക്കോബ്, എന്ന നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു നിന്നെ കൊണ്ടുചെന്നു നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും നീ നിറെക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും നീ കുഴിക്കാത്ത കിണറുകളും നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിനക്കു തരികയും നീ തിന്നു തൃപ്തിപ്രാപിക്കയും ചെയ്യുമ്പോൾ നിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.

ആവർത്തനപുസ്തകം 6:4-12 സമകാലിക മലയാളവിവർത്തനം (MCV)

ഇസ്രായേലേ, കേൾക്കുക, യഹോവ നമ്മുടെ ദൈവം, യഹോവ ഏകൻതന്നെ. നിന്റെ ദൈവമായ യഹോവയെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം. നിങ്ങളോട് ഇന്നു ഞാൻ കൽപ്പിക്കുന്ന ഈ വചനങ്ങൾ നിങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച് അവ നീ നിങ്ങളുടെ മക്കളോട് വീണ്ടും വീണ്ടും ഉപദേശിക്കണം. നിങ്ങൾ വീട്ടിൽ ഇരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും വേണം. അവ ഒരു ചിഹ്നമായി നിങ്ങളുടെ കൈയിൽ കെട്ടണം. അവ നിങ്ങളുടെ നെറ്റിയിൽ ഒരു പട്ടമായി ധരിക്കണം. അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും ആലേഖനംചെയ്യണം. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുമെന്നു നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരോടു വാഗ്ദാനംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നശേഷം നിങ്ങൾ പണിതിട്ടില്ലാത്ത വലുതും സമ്പന്നവുമായ പട്ടണങ്ങളും നിങ്ങൾ നിറയ്ക്കാതെതന്നെ സകലസമ്പന്നതയും നിറഞ്ഞിരിക്കുന്ന വീടുകളും കുഴിക്കാത്ത കിണറുകളും നട്ടുവളർത്താത്ത മുന്തിരിത്തോപ്പുകളും ഒലിവുതോട്ടങ്ങളും നിങ്ങൾക്കു നൽകും. നിങ്ങൾ ഭക്ഷിച്ചു സംതൃപ്തരാകുമ്പോൾ നിങ്ങളെ അടിമവീടായ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന യഹോവയെ മറക്കാതിരിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക.

ആവർത്തനപുസ്തകം 6:4-12

ആവർത്തനപുസ്തകം 6:4-12 MALOVBSIആവർത്തനപുസ്തകം 6:4-12 MALOVBSIആവർത്തനപുസ്തകം 6:4-12 MALOVBSI